പ്രണയിനിയെ കയറ്റി യാത്രയാകുന്ന അവസാന ബസിനെ പോലെ ഡിസംബര്‍ മഞ്ഞിനിടയില്‍ മറയാന്‍ പോകുന്നു.. പുലര്കാലങ്ങളില്‍ എന്നും അവള്‍ക്ക് ജനുവരി യുടെ സൌരഭ്യം ആയിരുന്നു..ഉച്ചയ്ക്ക് അവളുടെ കഴുത്തില്‍ പൊടിഞ്ഞ വിയര്‍പ്പ് ചുണ്ടുകളില്‍ ഒപ്പിയെടുക്കുമ്പോള്‍ ഏപ്രില്‍ മാസത്തിലെ ഉഷ്ണവും സന്ധ്യക്ക് കൈകള്‍ കോര്‍ക്കുമ്പോള്‍ വരാന്‍ പോകുന്ന വിരഹത്തെ ഓര്‍ത്തു കൈകളില്‍ നിറയുന്ന മഴക്കാല തണുപ്പും .. അവസാനം അടുത്ത കൂടിക്കാഴ്ചയ്ക്ക് മുന്‍പുള്ള ആ യാത്ര പറച്ചിലും...ഇനിയും കാണുമെന്നു അറിയാമെങ്കിലും ഞങ്ങളില്‍ എന്നും ഒരു തുള്ളി കണ്ണീര്‍ അത് വീഴ്ത്തിയിരുന്നു... എന്തിനോ , വിരഹ വേദന അനുഭവിക്കുമ്പോള്‍ ഒക്കെ അവളെ ഞാന്‍ ഡിസംബര്‍ എന്ന് വിളിക്കുമായിരുന്നു.....ഓരോ വട്ടം കണ്ട് പിരിയുമ്പോഴും അവള്‍ കണ്ണ് നിറയ്ക്കും , ഞാന്‍ എന്റെ കണ്ണീര്‍ ഒളിപ്പിക്കാനും ..അപ്പോഴൊക്കെ ഞങ്ങളെ പൊതിഞ്ഞിരിക്കുന്ന ഡിസംബറിലെ മഞ്ഞ് ഞങ്ങള്‍ക്ക് എന്നും ഒരു അനുഗ്രഹമായിരുന്നു .
ഡിസംബര്‍ കടന്നു പോകുമ്പോള്‍ എന്തൊക്കെ വിചാരങ്ങളിലൂടെയാവും മനുഷ്യ മനസ് കടന്നു പോവുക ? ഏതൊക്കെ ഓര്‍മ്മകള്‍ ആയിരിക്കും മനസ്സില്‍ കോട മഞ്ഞു മൂടുന്നത് പോലെ വന്നു നിറയുന്നത് ???
കുറെ മുഖങ്ങള്‍... സന്തോഷിപ്പിച്ചവര്‍, കരയിപ്പിച്ചവര്‍, കൂടെ നടന്നവര്‍, അകന്നു പോയവര്‍, ഒരിക്കലും തിരിച്ച വരാത്ത യാത്രയ്ക്ക് പോയവര്‍ ...
പൊട്ടിചിരിക്കവസാനം കണ്ണീര്‍ വരുന്ന തരത്തിലുള്ള നിമിഷങ്ങള്‍, വിങ്ങി വിങ്ങി കരയാതെ കരഞ്ഞ നിമിഷങ്ങള്‍, വിജയാഹ്ലാദങ്ങള്‍ , പരാജയത്തിന്റെ നിരാശ , സ്വപ്നം കൈകളില്‍ നിന്നും ഊര്‍ന്നു പോയ , സ്വപ്നങ്ങളെ കയ്യടക്കിയ സന്ദര്‍ഭങ്ങള്‍...
ആദ്യമായി ഒരാള്‍ ഇഷ്ട്ടപ്പെട്ട...
ആദ്യമായി നിങ്ങള്‍ സമ്പാദിച്ച
ആദ്യമായി നിങ്ങള്‍ ചുമ്പിച്ച...
ആദ്യമായി നിങ്ങള്‍ തല ഉയര്‍ത്തി നിന്ന..
ആദ്യമായി നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങളും ഏതെങ്കിലും ഒരു വര്‍ഷത്തിനു അവകാശപ്പെട്ടതായിരിക്കും...ആ കാര്യം അത് എന്തും ആവട്ടെ ഡിസംബര്‍ മാസത്തെ അവസാന രാത്രിയില്‍ , നിങ്ങള്‍ പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ നിങ്ങള്‍ അത് ഓര്‍ക്കും.. മനസ് കൊണ്ടെങ്കിലും ഈ വര്ഷം തീരാതെ പോയിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചിരിക്കും...കൊതിച്ചിരിക്കും ...
ഒരു പക്ഷെ ആ സമയത്ത് നിങ്ങള്‍ ഡിസംബറിനെ കുറ്റം പറഞ്ഞേക്കാം ,എന്നിരുന്നാലും ഡിസംബറിനെ നിങ്ങള്‍ക്ക് വെറുക്കാനാവില്ല...
ഡിസംബര്‍ ഒരു മാലിന്യ കൂമ്പാരമാണ്... നിങ്ങളുടെ പാപങ്ങള്‍ എല്ലാം ഏറ്റു പറഞ്ഞ് , ഇറക്കി വെച് ഇനി മുതല്‍ പുതിയൊരു മനുഷ്യന്‍ ആയിരിക്കും എന്ന് നിങ്ങള്‍ ചെയ്യുന്ന കള്ള പ്രതിന്ജ, അതിനു മൂക സാക്ഷി ആവാനുള്ള വിധിയും ഡിസംബറിനു തന്നെയാണ്..ഒരു കറക്കം കറങ്ങി തിരിഞ്ഞു വീണ്ടും ഒരു ഡിസംബര്‍ എത്തുമ്പോള്‍ ഡിസംബര്‍ വീണ്ടും നിങ്ങളുടെ ചെവിയില്‍ മന്ത്രിക്കാന്‍ കൊതിക്കുന്നുണ്ടാകും , ദയവായി കള്ള പ്രതിന്ജ എടുക്കരുത് എന്ന് , എന്നിരുന്നാലും കുമ്പസാരിക്കാന്‍ വീണ്ടും വീണ്ടും വരുന്ന കള്ളനെ ആര്‍ക്കും കാണിച് കൊടുക്കാതെ കുമ്പസാര രഹസ്യം രഹസ്യമായി സൂക്ഷിക്കുന്ന പള്ളീലച്ചനെ പോലെ ഡിസംബര്‍ വേദനകള്‍ സ്വയം ഏറ്റു വാങ്ങി പിടയുന്നുണ്ടാവില്ലേ ???
യാത്ര പറയുന്നകലുന്ന ഒരു വര്‍ഷത്തെ വികാര്‍ദ്രമാക്കാന്‍ വേണ്ടിയാവണം സമയവും കാലവും നിശ്ചയിച്ചവര്‍ ഡിസംബറിനെ മഞ്ഞ് കാലത്ത് തന്നെ ആക്കിയത്, അല്ലെങ്കില്‍ മഞ്ഞില്‍ കുതിര്‍ന്ന ഒരു ഓര്‍മയുമായി ഒരു വര്‍ഷാവസാനം നമുക്ക് ഉണ്ടാവില്ലായിരുന്നു..... മഴവെള്ളത്തില്‍ കുതിര്‍ന്ന , അല്ലെങ്കില്‍ ഉഷ്ണത്തില്‍ വിയര്‍ത് ഒലിച്ച ഒരു വര്‍ഷാവസാനം ആണ് നമുക്ക് ഉണ്ടായിരുന്നതെങ്കില്‍ ...എന്തായാലും അത് ഒരിക്കലും ഈ മഞ്ഞിന്റെ സൌരഭ്യതോളം വരില്ലാ എന്നുറപ്പ്...
ഡിസംബര്‍ എന്നും ഒരു കവാടമാണ്.. മഞ്ഞില്‍ പൊതിഞ്ഞ ഒരു കവാടം...ആ കവാടം കടന്നു നമ്മള്‍ പോകുന്നത് ഒരു പുതു ജീവിതതിലേക്കാണ്.. പുതിയ സ്വപ്നങ്ങളുമായി, പ്രതീക്ഷകളുമായി ..അപ്പോഴൊക്കെ നേര്‍ത്ത മഞ്ഞു നിങ്ങളെ പൊതിഞ്ഞു , നിങ്ങളെ ചുറ്റി പൊതിയുന്നുണ്ടാകാം...ആ മഞ്ഞു ഒരു പ്രതീകമാണ് ..ഒരു വര്‍ഷത്തിന്റെ ഓര്‍മകളുടെ പ്രതീകം. നല്ലതിനെ ഹൃദയത്തില്‍ ചേര്‍ത്ത് വെച്ചും മോശം അനുഭവങ്ങളെ മറന്നും യാത്ര തുടരാന്‍ ആ മഞ്ഞു നമ്മളെ പ്രചോദിപ്പിക്കും...
യാത്ര തുടരുക....
വെയിലും മഴയും കൊണ്ട് നീണ്ട വഴിത്താരയിലൂടെ യാത്ര തുടരുക...
മറ്റു മാസങ്ങള്‍ നിങ്ങളെ നിഷ്ക്കുരണം പിന്തള്ളി കടന്നു പോകുമ്പോള്‍
നിങ്ങളെ കാണാന്‍ ,
നിങ്ങളുടെ വേദനയില്‍ കൂടെ കരയാന്‍
സന്തോഷത്തില്‍ പങ്ക് ചേരാന്‍....
അമ്മയെ പോലെ..
ആത്മാര്‍ത്ഥ സുഹൃത്തിനെ പോലെ ,
കാമുകിയെ പോലെ,
ഡിസംബര്‍ വഴിയുടെ അറ്റത്ത് ഒരു കുമ്പിള്‍ മഞ്ഞുമായി നിങ്ങളെയും കാത്ത് നില്‍പ്പുണ്ടാകും....
ഇന്ത്യന്‍ റുപീ കണ്ടു..യുവത്വത്തിന്റെ കഥ തന്നെയാണിത്. ഒരു പാട് സ്വപ്‌നങ്ങള്‍ കാണുന്ന , ഒരുപാട് ആശിക്കുന്ന , ആശിച്ചത് നേടി എടുക്കാന്‍ എന്തും ചെയ്യുന്ന യുവത്വത്തിന്റെ കഥ. സിനിമയിലെ നായകനെ പോലെ തന്നെയാണ് ഒട്ടുമിക്ക ചെറുപ്പക്കാരുടെയും കഥ. അവസാനം കുടുംബം തന്നെയാണ് വലുത് , കുടുംബത്തിനു വേണ്ടി , കുടുംബത്തോടൊപ്പം , കുടുംബത്തിന്റെ കുഞ്ഞു ലോകത്ത് ജീവിച്ചാല്‍ മതി എന്ന് പറയുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയാണ് ഇതിലെ നായകന്‍.
സിനിമ കാണുമ്പോള്‍ പല സ്ഥലങ്ങളിലും എനിക്ക് എന്നെ തന്നെ കാണാന്‍ കഴിഞ്ഞു. അത് തന്നെയാണ് ഒരു സിനിമയുടെ വിജയവും. ഒരു സിനിമ വിജയിക്കുന്നത് , സിനിമയിലെ ഒരു കഥാ പാത്രമെങ്കിലും ഞാന്‍ തന്നെയാണ് എന്ന ഒരു ഫീലിംഗ് പ്രേക്ഷകന് ലഭിക്കുമ്പോഴാണ്. ആ അര്‍ത്ഥത്തില്‍ ഈ സിനിമ എന്നേ വിജയിച്ചിരിക്കുന്നു.
രഞ്ജിത് തന്റെ പ്രതിഭയോട് എന്നത്തേയും പോലെ നീതി പുലര്‍ത്തി. എല്ലാവരും കൂടി നായകനെ ഒതുക്കാന്‍ നോക്കുമ്പോള്‍ , ജെ .പി (പ്രിത്വിരാജ് ) അവരോട മറുപടി പറയുന്ന ഒരു സീന്‍ ഉണ്ട്. അവിടെ ഞാന്‍ ഒരു രാവണപ്രഭുവോ , നരസിംഹമോ ,വല്ല്യേ ട്ടനെയൊക്കെ പ്രതീക്ഷിച്ചതാണ്. പക്ഷെ അത് ഉണ്ടായില്ല. മൊത്തത്തില്‍ മനോഹരമായ ഒരു സിനിമ.പിന്നെ പണം സഞ്ചരിക്കുന്ന വഴി കാണിച്ച തന്നിരിക്കുന്നു. രേവതിയുടെ കഥാപാത്രത്തിനെ പറ്റിച് ജെ.പി കൈക്കലാക്കിയ പണം ,കറങ്ങി തിരിഞ്ഞു അവസാനം അത് അവിടേക്ക് തന്നെ എത്തുന്നു.
മലയാള സിനിമയുടെ കാരണവര്‍ ഞാന്‍ തന്നെയാണ് എന്ന് വീണ്ടും വീണ്ടും തിലകന്‍ തെളിയിച് കൊണ്ടിരിക്കുന്നു. വിലക്കാന്‍ നോക്കിയാ എല്ലാ ജാഡ തെണ്ടികളുടെയും മുഖത്തേക്ക് ഒരു പുഞ്ചിരിയുമായി തിരിച് വരാന്‍ തിലകന്റെ കൈ പിടിച്ച രഞ്ജിത് താന്‍ ശരിക്കും ഒരു പ്രാഞ്ചിയെട്ടന്‍ ആണെന്ന് തെളിയിച്ചിരിക്കുന്നു.
മലയാള സിനിമയുടെ ഉപ്പ് , ശ്രീ ജഗതിയെ കുറിച് എന്ത് പറയാന്‍ ? എനിക്ക് വാക്കുകളില്ല , ആ പ്രതിഭയെ മനസാ നമിച് നമിച് ഇപ്പോള്‍ അദ്ദേഹത്തെ സ്ക്രീനില്‍ കാണുമ്പോഴേ ബഹുമാനം കൊണ്ട് തല താഴുന്നു.
പ്രിത്വിരാജ്, തന്റെ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ട് ജെ. പിയെ അദ്ദേഹം ഉഗ്രനാക്കി. ഫ്ലെക്സിബിലിറ്റി ഇല്ലായ്മ അദ്ദേഹത്തെ അലട്ടുന്നുണ്ട്. അമാനുഷ കഥാപാത്രങ്ങളില്‍ നിന്നും ഒഴിഞ്ഞ് ഇത് പോലുള്ള സിനിമകള്‍ ഇനിയും ഒരു അഞ്ച് വര്ഷം കൂടി അവതരിപ്പിക്കുക. എങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഭാവിയില്‍ ഇന്ത്യയിലെ തന്നെ ഒന്നാം കിട താരങ്ങളില്‍ ഒരാള്‍ ആകും. പിന്നെ മുഖം കോടിയുള്ള ആ ചിരി , അത് അദ്ദേഹത്തിന്റെ ജന്മ്മാവകാശം ആയിരിക്കും, അതും കൂടെ മാറ്റിയാല്‍ താങ്കളെ പുചിക്കുന്ന എല്ലാ തെണ്ടികളും നിങ്ങളുടെ ആരാധകര്‍ ആയി മാറും വീണ്ടും. ആദ്യ സീനില്‍ പ്രിത്വിയെ കണ്ടപ്പോള്‍ കൂവിയ , എന്റെ അടുത്തിരുന്ന പ്രേക്ഷകര്‍ പിന്നീട് ഉള്ള സീനുകളില്‍ കൈയടിച്ചതും അതാണ് സൂചിപ്പിക്കുന്നത്. ഗുഡ് ലക്ക് പ്രിത്വി.
ടിനി ടോം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു . ബാബുരാജ് സോള്‍ട്ട് ആന്‍ഡ് പെ പ്പറില്‍ തന്ന ഷോക്ക് വീണ്ടും ആവര്‍ത്തിക്കുന്നു ടിനിയിലൂടെ.. നമ്മുടെ മലയാളി നടീ നടന്മ്മാര്‍ അപാര കഴിവുള്ളവര്‍ തന്നെ. ടിനി ഇനിയും പ്രതീക്ഷിക്കുന്നു.
റീമ കല്ലിങ്കല്‍ നന്നായിട്ടുണ്ട്.
സുരാജ് ,ബിജുക്കുട്ടന്‍ എന്നിവരില്ല...
ആക്ഷന്‍ രംഗങ്ങളില്ലബോറടിപ്പിക്കുന്ന ഒരു സീന്‍ പോലുമില്ല എന്നതൊക്കെ ഈ സിനിമയുടെ നേട്ടങ്ങളാണ്..
കല്ലുകടികള്‍ :1 കോടികള്‍ കൈമാറി കളിക്കുന്ന പാപ്പച്ചന്റെ വീട്ടില്‍ പണം എന്നാണുള്ള മെഷീന്‍ ഇല്ലാത്തത് മോശമായി പോയി. അത് ഉണ്ടായാല്‍ കള്ളനോട്ട് കൈ മാറുമ്പോള്‍ തന്നെ ജെ.പിയെ അദ്ദേഹത്തിനു പിടിക്കാമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.ആകെ മൊത്തം കണ്ടിരിക്കാവുന്ന നല്ലൊരു സിനിമയാണ് ഇന്ത്യന്‍ റുപീ..
അണ്ണാന്‍ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണ്ടാ എന്നാ പഴം ചൊല്ല് ശരിയാണെന്ന് തെളിയിച് കൊണ്ട് എനിക്ക് മൂന്നാം ക്ലാസില്‍ നിന്നും അവളോട് ഒരു ഇഷ്ട്ടം ( പ്രണയം ?) തോന്നി. അവളുടെ പേര് ജയഭാരതിയിലുണ്ട്, ഷീലയില്‍ ഇല്ല. ക്ലാസിലെ പഠിപ്പിസ്റ്റ് ആയിരുന്ന എനിക്ക് എന്റെ മുഖ്യ ശത്രുവിനോട് തോന്നിയ ഒരു തരം ഇഷ്ട്ടം ആയിരുന്നു അത്. മുടി ചീകി ഒതുക്കി , തലയില്‍ "റ " യും വെച് മുടി ഒതുക്കി , കണ്ണെഴുതി , പൊട്ടു തൊട്ട് ,അലുമിനിയം കൊണ്ട് ഉണ്ടാക്കിയ ഒരു പെട്ടിയും തൂക്കി ആയിരുന്നു അവള്‍ സ്കൂളിലേക്ക് വന്നിരുന്നത്. മിക്കവാറും അവളുടെ വായില്‍ എന്തെങ്കിലും കാണും . മിട്ടായി , നെല്ലിക്ക , ചുട്ട പുളിങ്കുരു , അതും ഇല്ലെങ്കില്‍ തുണി എങ്കിലും അവള്‍ കടിച് കൊണ്ടിരിക്കും.
ചന്ദ്രനും , സുധാകരനും ശ്രീജിത്തുമൊക്കെ അവളുടെ കൂടെ കളിക്കുമ്പോള്‍ എനിക്ക് കുശുംബ് അനുഭവപ്പെട്ടു . ഒരു തരം പിടച്ചില്‍ എന്റെ ചങ്കില്‍ അപ്പോഴൊക്കെ ഉണ്ടായിരുന്നു. അതൊക്കെ ആരോടും പറയാതെ ഞാന്‍ അനുഭവിച് തീര്‍ത്തു. അവളുടെ മുന്‍പില്‍ ആളാകാന്‍ ഞാന്‍ ചന്തയില്‍ നിന്നും വാങ്ങിയ നീല നിറമുള്ള കൂളിംഗ് ഗ്ലാസ് ഇട്ടു നടന്നിട്ടുണ്ട്. ജീന്‍സ് പാന്റ് അച്ഛനോട് വഴക്കിട്ടു വാങ്ങി ച്ചിട്ടുണ്ട്. രാംജി റാവു സ്പീകിംഗ് , ചിത്രം എന്നിവയിലെ പാട്ടുകള്‍ പാടി നടന്നിട്ടുണ്ട്.. കിലുക്കം സിനിമയില്‍ ലാലേട്ടന്‍ നിലത്ത് കിടന്നു , വടിയും പിടിച് കറങ്ങി കൊണ്ട് , ഗുണ്ടകളെ അടിക്കുന്ന സീന്‍ അഭിനയിച് കാണിച്ചിട്ടുണ്ട്.. അവള്‍ മിണ്ടിയാല്‍ മനപൂര്‍വം ക്ലാസ് ലീഡര്‍ ആയ ഞാന്‍ അവളുടെ പേര് എഴുതാതെ ഇരുന്നിട്ടുണ്ട്.. എന്നും തീപ്പെട്ടി ചിത്രങ്ങള്‍ കുറെ ശേഖരിച് ആളായിട്ടു ണ്ട് കഞ്ഞി ക്കുള്ള ക്യൂവില്‍ എല്ലാവരും തിരക്ക് പിടിച് അടി കൂടുമ്പോള്‍ ഞാന്‍ മാത്രം മാന്യനായി ക്യൂവില്‍ പുറകില്‍ നിന്നിട്ടുണ്ട്.. എന്നും ചിരട്ട കത്തിച്ച് ,വസ്ത്രം ഇസ്തിരി ഇട്ടു , ധരിച് സ്കൂളിലേക്ക് വന്നിട്ടുണ്ട്.. അവള്‍ പോകുന്ന വഴിയിലുള്ള അമ്മയുടെ (ശരിക്കും എന്റെ മാമിയാണ്. അച്ഛന്‍ പെങ്ങള്‍. പക്ഷെ ഞാന്‍ അമ്മ എന്നാണു വിളിക്കാറ് ) വീട്ടിലേക്ക് ഇഷ്ട്ടമില്ലാഞ്ഞിട്ടും ഇടയ്ക്കിടെ പോയിട്ടുണ്ട്. പക്ഷെ എന്റെ പ്രാന്തര്‍കാവ് സ്കൂള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ മിണ്ടിയിട്ടില്ല.., സ്കൂള്‍ പോയിട്ട്, ഇന്നേ വരെ ഞാന്‍ അവളോട് മിണ്ടിയിട്ടില്ല..
ഒരിക്കല്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ സ്കൂളിന്റെ പുറകിലുള്ള കുഞ്ഞു ചാലില്‍ നിന്നും പാത്രം കഴുകി ഞാന്‍ നടന്നു വരികയായിരുന്നു. ചരുമ്പ പുല്ല് (ദര്‍ഭ പുല്ല് ? ) ഒരു പാട് വളര്‍ന്നു കിടക്കുന്ന വഴി ആണ് അത്. പുളി മാവ് കടന്നു വരുമ്പോള്‍ നിലത്ത് വീണു കിടക്കുന്ന പഴുത്ത ഒരു പുളി എടുത്ത് അത് വായിലിട്ടു നുണഞ്ഞു കൊണ്ട് നടക്കുകയായിരുന്നു ഞാന്‍ . അവിടുത്തെ പുളിയുടെയും സ്കൂള്‍ മുറ്റത്തുള്ള കാട്ടു മാങ്ങയുടെയും രുചി ഓര്‍ക്കുമ്പോള്‍ അറിയാതെ ഞാന്‍ ആ പഴയ മുന്നയന്‍ ആകാറുണ്ട്. അന്ന് അങ്ങനെ പുളിയും നുണഞ്ഞു കൊണ്ട് വരുമ്പോള്‍ , ഒരു കുഞ്ഞു വളവ് തിരിഞ്ഞപ്പോള്‍ അവള്‍ അവിടിരുന്നു മൂത്രം ഒഴിക്കുക ആയിരുന്നു. എന്നെ കണ്ട അവള്‍ പെട്ടന്ന് ചാടി എഴുന്നേറ്റ് , ഷഡ്ഡി മുകളിലേക്ക് വലിച് കയറ്റി , ഞാന്‍ തല തിരിച് നടന്നു നീങ്ങി. തിരികെ ക്ലാസില്‍ വന്നപ്പോള്‍ ആരോടും പറയരുത് എന്ന് കണ്ണ് കൊണ്ട് എന്നോട് നൂറു വട്ടം പറഞ്ഞു . എന്താന്നറിയില്ല അന്നും ഇന്നും കണ്ണ് വായിക്കാന്‍ ഞാന്‍ മിടുക്കനാണ് എന്നാണു എന്റെ വിശ്വാസം
ഒരു രാത്രി സ്വപ്നത്തില്‍ അവള്‍ എന്റെ അടുത്ത വന്നു. ഞങ്ങള്‍ സംസാരിച്ചു . സംസാരിച്ചു സംസാരിച് സമയം പോയത് അറിഞ്ഞില്ല. കളിപ്പാട്ടതിനെയും മറ്റും കുറിച്ചാണ് ഞാന്‍ അന്ന് സംസാരിച്ചത്. ഇന്സെപ്ഷന്‍ എന്നാ പടം അന്ന് കണ്ടിരുന്നെങ്കില്‍ സ്വപ്നത്തെ നിയന്ത്രിച് അവളോട് കുറെ സമയം കൂടി സംസാരിക്കാമായിരുന്നു എന്നെനിക്ക് ഇപ്പോള്‍ തോന്നുന്നു. അങ്ങനെ സംസാരിച് രാത്രി ആവ്രായി , അപ്പോള്‍ അവളെയും എന്നെയും കാണാതെ അന്വേഷിച്ചു ആരൊക്കെയോ വരുന്നു. ഞങ്ങള്‍ വഴി വക്കില്‍ നിന്നും മാറി തൊട്ട് താഴെയുള്ള മുളം കൂട്ടത്തില്‍ ഒളിച്ചിരുന്നു. അവള്‍ എന്റെ കൈ പിടിച് ആണ് ഇരുന്നിരുന്നത്. അനിയത്തി മൂത്രമൊഴിച്ചത് പരന്ന് എന്റെ കാലില്‍ തൊട്ടപ്പോള്‍ അവളും നാട്ടുകാരും മുളം കാടും എല്ലാം അപ്രത്യക്ഷമായി
അഞ്ചാം ക്ലാസില്‍ നിന്നാണ് ഞാന്‍ ആദ്യമായി സ്കൂളിലേക്ക് മുണ്ട് ഉടുത്ത്. അക്കൊല്ലവും ഞാന്‍ തന്നെ ആയിരുന്നു ക്ലാസ് ലീഡര്‍.അടിയില്‍ നിക്കര്‍ ആണ് ഞാന്‍ ഇട്ടിരുന്നത്. കബഡി കളിക്കുമ്പോള്‍ മുണ്ട് ഉരിഞ്ഞു പോയപ്പോള്‍ ചിരിച്ച ആള്‍ക്കാര്‍ക്കിടയില്‍ അവളും ഉണ്ടായിരുന്നു.
ടീച്ചര്‍ തന്ന ഉത്തര പേപര്‍ കൈ മാറുമ്പോള്‍ അവള്‍ക്കു കൈ മാറുമ്പോള്‍ അവള്‍ എന്റെ കണ്ണിലേക്കു ഒന്ന് നോക്കി. പെണ്ണിന്റെ കണ്ണില്‍ തീയുണ്ടെന്ന് അന്ന് ഞാന്‍ മനസിലാക്കി. ആണിനെ ആകര്‍ഷിക്കാനുള്ള ഒരു പ്രത്യേക തരം തീ. ചൂട് കുറഞ്ഞ, തണുപ്പ് കൂടുതലുള്ള ഒരു തീ. ആ തീയും തേടി നടക്കുന്ന അന്വേഷികള്‍ ആണ് ഞാനും നീയും എല്ലാം.അതാണ് ഓര്‍മയിലെ കുഞ്ഞുനാളിലെ പ്രണയത്തിന്റെ അവസാന ചിത്രം. ശേഷം ഞാന്‍ നവോദയയില്‍ പോകുന്നു അവള്‍ അവിടെ പ്രൈമറി കഴിഞ്ഞു ഹൈ സ്കൂളിനു വേറെ എങ്ങോട്ടോ പോയി. ഇടയ്ക്ക് സുഹൃത്തുക്കളോട് അവളെ കുറിച്ച് അന്വേഷിച്ചു ഞാന്‍.. ഒരിക്കല്‍ അവളുടെ കല്ല്യാണം കഴിഞ്ഞെന്നു കേട്ടു...ഏതോ ഒരു ഗള്‍ഫ് കാരന്‍ അവളെ കല്ല്യാണം കഴിച്ചത്രേ...
ഏപ്രില്‍ മാസത്തിലെ , കോളിച്ചാല്‍ മുത്തപ്പന്‍ മടപ്പുരയിലെ ഉത്സവം. മുത്തപ്പന്റെ ദര്‍ശനത്തിനായി ഞാനും ക്യൂവില്‍ നിന്നു.സമാന്തരമായി സ്ത്രീകളുടെ ക്യൂ നീങ്ങുന്നുണ്ടായിരുന്നു. ഫോണ്‍ വന്നപ്പോള്‍ സംസാരിക്കാന്‍ മുഖം തിരിച്ചപ്പോള്‍ ........ അലുമിനിയം പെട്ടി വെളുത്ത നിറമുള്ള "റ " അവസാനമായി ഓര്‍മയിലുള്ള ആ തീ നോട്ടം.. നെല്ലിക്കാ... പുളിങ്കുരു.. ഒക്കെ എവിടെ നിന്നോ തികട്ടി വന്നു.. പിടച്ചില്‍ ശ്വാസം മുട്ട് വയറ്റില്‍ തീ ഒക്കെ എന്നെ പൊതിഞ്ഞു.. അവള്‍ അവിടെ ക്യൂവില്‍ ഇളം നീല സാരിയും ഉടുത്ത് നില്‍ക്കുന്നു. ഞാന്‍ പെട്ടന്ന് മുഖം തിരിച്ചു. ഏതെങ്കിലും പെണ്ണി ലേക്ക് ആകര്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുള്ള എന്റെ പാതിയുടെ മുഖത്തെ ഞാന്‍ പെട്ടന്ന് കണ്ണടച് ഓര്‍ത്തു. ജയഭാരതിയിലുള്ള , ഷീലയില്‍ ഇല്ലാത്ത ആ പേര് കാരിയെ ഞാന്‍ പിന്നീട് കണ്ടില്ല. ഇനിയും കാണുമായിരിക്കും.. ഭൂമി ഉരുണ്ടതാണല്ലോ... ??????
കരുനാഗപ്പള്ളി പോസ്റ്റ് ഓഫിസിനു സമീപം വെയിലും കൊണ്ട് വാടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ശബ്ദം "ഒന്ന് മാറുമോ മോനെ ?" ഞാന്‍ തിരിഞ്ഞു നോക്കി , ഒരു അമ്മൂമ്മ. ഞാന്‍ അവരെ നോക്കി സംശയിച് പിന്മ്മാറി. അവര്‍ പ്ലാസ്റ്റിക് സഞ്ചി തുറന്നു അതില്‍ നിന്നും നീല നിറത്തിലുള്ള രണ്ട് കത്തുകള്‍ പുറത്തെടുത്തു. അപ്പോഴാണ് ഞാന്‍ അവിടെ ഉണ്ടായിരുന്ന പോസ്റ്റ് ബോക്സ് കാണുന്നത്. അവര്‍ കത്തിലെക്ക് നോക്കി (ഒരു പുഞ്ചിരി അവരുടെ ചുണ്ടുകളില്‍ ഉണ്ടായിരുന്നുവോ ? ഉണ്ടായിരിക്കണം.) പതുക്കെ , ശ്രദ്ദയോടെ പോസ്റ്റ് ബോക്സിനുള്ളിലെക്ക് ഇട്ടു. എന്നിട്ട് അവര്‍ നടന്നു നീങ്ങി. സുഹൃത്തുക്കള്‍ക്കോ , ബന്ധുക്കള്‍ക്കോ , മക്കള്‍ക്കോ കത്ത് അയച് ആ അമ്മ നടന്നു നീങ്ങി. ഇനി അതിന്റെ മറുപടിക്കായുള്ള കാത്തിരിപ്പ്. ഞാന്‍ ആ അമ്മയെ നോക്കി നിന്ന് പോയി.
" എഴുതിക്കോ , ഞാന്‍ പറഞ്ഞു തരാം " ഞാന്‍ എഴുതാനും വായിക്കാനും പഠിച്ചു തുടങ്ങിയ കാലം. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണത് . എന്ജിനീയറിങ്ങ് പഠിക്കുന്ന മാമന് ഞാനും ഇളയമ്മയും ചേര്‍ന്ന് കത്ത് എഴുതുകയായിരുന്നു. കരണ്ട് അന്ന് ഞങ്ങളുടെ നാട്ടില്‍ കല്യാണങ്ങള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും ജനരേട്ടര്‍ വഴി ആയിരുന്നു ഉല്പാതിപ്പിച്ച്ചിരുന്നത്.തൊണ്ണൂറിന്റെ മധ്യ കാലം വരെ അത് തന്നെ ആയിരുന്നു അവസ്ഥ. ജനരേട്ടര്‍ വാടകയ്ക്ക് എടുക്കാന്‍ ശേഷി ഇല്ലാത്തവര്‍ പെട്രോമാക്സിന്റെ വെളിച്ചത്തിലും ആഗോഷങ്ങള്‍ നടത്തിയിരുന്നു. പെട്രോമാക്സ് വെളിച്ചം, കത്ത് എഴുത്ത് , ശരിയായ രീതിയിലുള്ള ഓണം , മരത്തില്‍ തൂങ്ങിയാടി കളിച്ച , നീ ഹിന്ദു ഞാന്‍ മുസ്ലിം നീ ചേട്ടന്‍ ( ക്രിസ്ത്യാനികളെ ഞങ്ങളുടെ നാട്ടില്‍ അങ്ങനെ ആണ് പറയാറ് ) എന്നും വേര്തിരിച് കളിക്കുമ്പോള്‍ അതില്‍ മത ചിന്ത കടന്നു കൂടാതെ കുട്ടിക്കാലം എന്നിവ ആസ്വദിച്ച അവസാന തലമുറ ഒരുപക്ഷെ ഞാന്‍ അടങ്ങുന്ന ഒരു തലമുറ ആയിരിക്കണം. " എഴുത് " ഞാന്‍ പേനയും പിടിച്, നീല കടലാസിലേക്ക് നോക്കി ഇരുന്നു. ഒരു നിമിഷം ആലോചിച് , മണ്ണെണ്ണ വെളിച്ചം പകര്‍ന്നു തരുന്ന പ്രകാശത്തില്‍ ഞാന്‍ എഴുതി തുടങ്ങി.ഇളയമ്മ പറഞ്ഞു തരുന്നു, ഞാന്‍ എഴുതുന്നു. എനിക്ക് സ്വയം എഴുതാന്‍ പറ്റാത്ത വാക്കുകള്‍ ശരിയാക്കാന്‍ ഇളയമ്മ സഹായിക്കുന്നുമുണ്ട്. ഒരു മണിക്കൂറില്‍ കൂടുതല്‍ സമയമെടുത്ത് ഞാന്‍ ആ കത്ത് പൂര്‍ത്തിയാക്കി. കത്തിലെക്ക് നോക്കി ഞാന്‍ അഭിമാനം കൊണ്ടു. നാളെ സ്കൂളില്‍ പോയി എല്ലാവരോടും പറയാനുള്ളതാണ് സ്വന്തമായി കത്ത് എഴുതിയ കാര്യം. ഞാന്‍ അതും ഓര്‍ത്തു കിടന്നു ഉറങ്ങിപോയി ( 2005 കാലത്തില്‍ മാമന്റെ മുറി വൃത്തിയാക്കാന്‍ സഹായിക്കുന്നതിനിടെ മാമന്റെ പഴയ ഡയറി ഞാന്‍ കണ്ടു. അതില്‍ ഒരു പഴക്കത്തിന്റെ കറ പുരണ്ട ഒരു കത്തും. ഞാന്‍ അത് തുറന്നു. ഈശ്വരാ... നൊസ്റ്റാള്‍ജിയ , പൊഞ്ഞാര്‍ എന്നിങ്ങനെ പറയുന്ന കാര്യങ്ങള്‍ എന്നെ അടിമുടി പിടിച് കുലച്ചു. ഞാന്‍ ആദ്യമായി എഴുതിയ കത്ത്. മാമന്‍ അതിന്നും സൂക്ഷിച് വെച്ചിരിക്കുന്നു. എനിക്കറിയാം മാമന്‍ സ്നേഹം കൊണ്ടാണ് എന്നെ പലപ്പോഴും ചീത്ത വിളിക്കുന്നതെന്ന്, എന്നാലും ആ കത്ത് കണ്ടപ്പോ എനിക്ക് മാമനോട് സ്നേഹം കൂടിപോയി. ആ കത്ത് എന്റെ കൈയില്‍ ഉണ്ടായിരുന്നു പിന്നെയും കുറച്ച കാലം. നിന്റെ ആവശ്യമില്ലാത്ത പഴയ സാധനങ്ങള്‍ ഒക്കെ കത്തിച്ചു എന്ന് പറഞ്ഞ് അമ്മ കൂളായി നടന്നു പോയപ്പോള്‍ എന്റെ ചങ്ക് കത്തിപ്പോയി. എന്റെ ആ കത്തും അമ്മയ്ക്ക് ആവശ്യമില്ലാത്ത , ഒരു പഴയ സാധനമായി പോയി. പ്രിയപ്പെട്ട ആരോ മരിച്ചത് പോലെ ആയിരുന്നു എന്റെ അവസ്ഥ അന്ന് , എന്റെ പാവം അമ്മയോട് ഞാന്‍ അതിനെപറ്റി ഒന്നും പറഞ്ഞതുമില്ല. )
പ്രൈമറി സ്കൂള്‍ കാലത്തില്‍ , അവധികാലത്ത് ഒരേ നാട്ടുകാരായ ഞങ്ങള്‍ ക്ലാസ്മെറ്റുകള്‍ , പരസ്പരം കത്ത് എഴുതി ഇരുന്നു. കാര്‍ഡില്‍ നിനക്ക് സുഖമാണെന്നു കരുതുന്നു. എനിക്കിവിടെ സുഖം തന്നെ. അവധി കഴിഞ്ഞു കാണാം എന്ന് കത്ത് എഴുതി പോസ്റ്റ് ചെയ്യുമ്പോള്‍ തൊട്ടു പിറകില്‍ സുഹൃത്ത് കഴിഞ്ഞ ആഴ്ച അയച്ച കത്തിന്റെ മറുപടി അയക്കാന്‍ ഊഴം കാത്തു നില്‍ക്കുകയാവാം. നവോദയ സ്കൂളില്‍ പോയ സമയം മുതല്‍ കത്തുകള്‍ ഒരുപാട് വേണ്ടി വന്നിരുന്നു. ഓരോ ആഴ്ചയും അമ്മയും അച്ഛനും കാണാന്‍ വരുമ്പോള്‍ കഴിക്കാന്‍ ഒന്നും ഇല്ലെങ്കിലും 2 , 3 ഇന്‍ലന്‍ട് നിര്ഭാന്ധമായും കൊണ്ട് വരാന്‍ ഞാന്‍ ചട്ടം കെട്ടിയിരുന്നു. -- ആര്‍ക്കെങ്കിലും ഞാന്‍ കത്ത് അയക്കുമായിരുന്നു. അയക്കാതിരിക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു.
പ്ലസ് റ്റു കാലഘട്ടത്തില്‍ ആണ് എനിക്ക് അവളോട് തീവ്രമായ ഒരു ഇഷ്ട്ടം അനുഭവപ്പെട്ടു തുടങ്ങിയത്. രണ്ടു വര്ഷം അവളെയും മനസ്സില്‍ ധ്യാനിച്ച് ഞാന്‍ നടന്നു നീങ്ങി. ഒരിക്കല്‍ അവളുടെ ക്ലാസ് മുറിയില്‍ ഞാനും സുഹൃത്തും കടന്നു കയറി , ധൈര്യം സംഭരിച്ച്, അവളുടെ ബുക്കില്‍ ഒരു പ്രണയ ലേഖനം ഞാന്‍ വെച്ചു. എന്റെ കോമ്പ്ലക്സുകള്‍ എന്നെ പിന്‍ വിളിച്ച് അത് അവിടെ നിന്നും എടുത്ത് മാറ്റിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഞങ്ങള്‍ പ്രണയിച് പ്രണയിച് പണ്ടാരടങ്ങി പോയേനെ എന്ന സത്യവും ഞാന്‍ പിന്നീട് മനസിലാക്കി. പക്ഷെ അപ്പോഴേക്കും എന്റെ പകുതിയെ ഞാന്‍ കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. പഴയ പ്ലസ് റ്റു എന്റെ പകുതി അല്ലായെന്നും ഞാന്‍ മനസിലാക്കി .
കോളേജ് കാലത്തില്‍ ജഗതിയുടെ കീമിയം കീമിയം കൂട്ട് പിടിച് ഒരുത്തിയെ ചാക്കിലാക്കാന്‍ വേണ്ടി ഇല്ലാത്ത ഒരു കാമുകിയുടെ പേരില്‍ ഞാന്‍ എനിക്ക് തന്നെ ഒരു കത്ത് എഴുതി, അത് പോസ്റ്റ് ചെയ്യാന്‍ 40 രൂപ മുടക്കി യാത്ര ചെയ്തിട്ടുമുണ്ട്. അവസാനം കത്ത് എന്നെത്തേടി ഹോസ്റ്റലില്‍ എത്തിയപ്പോഴേക്കും ഇക്കാര്യം ഹോസ്റ്റലില്‍ മൊത്തം പാട്ടായി കഴിഞ്ഞിരുന്നു. ഒരു മാസത്തോളം അതിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടു. ഇന്നും സുഹൃത്തുക്കള്‍ അത് ഓര്‍ത്ത് വെച് സമയാ സമയങ്ങളില്‍ പണി തരാറുണ്ട്.
കാലാ കാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നതാണ് ആശയ വിനിമയ മാര്‍ഗങ്ങള്‍, ഇന്ന് കാണുന്ന മൊബൈലും ഇന്റര്‍നെറ്റും അതിന്റേതായ രീതിയില്‍ ഇനിയും മാറുമായിരിക്കും. അപ്പോള്‍ നമുക്ക് ഇന്റര്‍നെറ്റ് എന്ന ഒരു സംഭവത്തെപ്പറ്റി കൊച്ചു മക്കളോട് പറഞ്ഞ് കൊടുക്കാനും പറ്റുമായിരിക്കും... കമ്പി ഇല്ലാ കമ്പിയോ ? അതെന്ത് എന്ന് നമ്മള്‍ മുന്‍ തലമുറയോട് ചോദിച്ചത് പോലെ , നമ്മളോട് കത്തു കളോ ? അതെന്ത് എന്ന് ചോദിക്കുന്ന തലമുറയോടൊപ്പം ആണ് നമ്മള്‍ ഇപ്പോള്‍ നടക്കുന്നത്.
ഞാനും ഇപ്പോഴും ചിലര്‍ക്ക് കത്ത് വല്ലപ്പോഴും എഴുതാറുണ്ട്. ഇടയ്ക്കിടെ എഴുതണം എന്ന് ആലോചിക്കാരുന്ടെങ്കിലും അത് പലപ്പോഴും നടക്കാറില്ല. അങ്ങനെ വല്ല ചിന്തയും തോന്നിയാല്‍ ഒരു മടിയോടെ , ഫോണ്‍ എടുത്ത് അവനെയോ അവളെയോ വിളിക്കും . സംസാരിക്കും . അതോടെ കത്തിനെ ഞാന്‍ മറക്കും. കടലാസ് കുറിപ്പുകള്‍ പിന്നീട് എടുത്ത് വായിക്കുമ്പോള്‍ ഒരു സുഖം ഉണ്ട്. പിന്നെ കത്ത് , ഇല്ലാത്തത് ഒരു തരത്തില്‍ നന്നായി എന്നും ഇടയ്ക്ക് തോന്നും, ഉര്‍വശി മിഥുനത്തില്‍ പഴയ കത്തുകള്‍ കാട്ടി ലാലെട്ടനോട് പരിഭവം പറയുന്ന സീന്‍ ഉണ്ടല്ലോ ,അത് എന്തായാലും നമ്മുടെ തലമുറയിലെ കാമുകി കാമുകന്മാര്‍ക്കു ഇടയില്‍ ഉണ്ടാവില്ല. എന്തെങ്കിലും പരിഭവം പറഞ്ഞാല്‍, ആണോ ? ഞാന്‍ അങ്ങനെ പറഞ്ഞോ ? എന്ന് ? എന്നൊക്കെ ധൈര്യമായി പറയാം അങ്ങോട്ടും ഇങ്ങോട്ടും .
ഇത് വായിച് കഴിഞ്ഞു ആര്‍ക്കെങ്കിലും കത്ത് എഴുതാന്‍ ശ്രമിക്കുക. അതൊരു രസമുള്ള അനുഭവം ആയിരിക്കും. ജീവിതത്തിലെ കൊച്ച കൊച്ച സന്തോഷങ്ങളിലേക്ക് ഒരു കത്ത് കൂടി കടന്നു വരട്ടെ ? എന്ത് പറയുന്നു ?
" വള്ളിക്കാവ്, ഓച്ചിറ " ബസ് ക്ലീനര്‍ ഉറക്കെ വിളിച് പറയുന്നത് കെട്ട് എന്റെ ചിന്തകള്‍ പോസ്റ്റ് ബോക്സിലേക്ക് കത്ത് വീണു മറയുന്നത് പോലെ മറഞ്ഞു. ഞാന്‍ ബസില്‍ കയറാന്‍ നടന്നു നീങ്ങി .
കയറി കമ്പിയില്‍ പിടിച് നിന്നു. ബസ് നീങ്ങി തുടങ്ങിയപ്പോള്‍ ഞാന്‍ ആ പോസ്റ്റ് ബോക്സിലേക്ക് തന്നെ നോക്കി നിന്നു. ബാല്യത്തില്‍ മുട്ടില്‍ ഇഴഞ്ഞ , യുവത്വത്തില്‍ ഇളകിയാടിയ , മധ്യ വയസില്‍ മുടന്തിയ ,വാര്‍ധക്യത്തില്‍ അവശനായ , മരണം കാത്തിരിക്കുന്ന ഒരു വൃദ്ദനെ പോലെ ആ പോസ്റ്റ് ബോക്സ് അവിടെ മരണം കാത്ത് ഇരിക്കുന്നു. ഞാന്‍ ബോക്സിനെ തന്നെ നോക്കി നിന്നു.
കണ്ടക്ട്ടറിനു ടിക്കറ്റ് പൈസ കൊടുത്തു തിരിഞ്ഞു നോക്കുമ്പോള്‍ " വൃദ്ധന്‍ " കണ്ണില്‍ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു.
ക്രിക്കറ്റ് കളി ഞാന്‍ ആദ്യമായി കാണുന്നതും കളിക്കുന്നതും 1996 ലെ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിലും പാകിസ്ഥാനിലും സംയുക്തമായി നടന്നപ്പോളാണ്. അതോടെ ഇന്ത്യ എന്നാല്‍ ക്രിക്കറ്റ് എന്നായി മാറി എന്നാണു എനിക്ക് തോന്നുന്നത്. ക്രിക്കറ്റിനു പുതിയ ലോക ചാമ്പ്യന്മ്മാര്‍ ഉണ്ടായി . ക്രിക്കറ്റിലെ കുറെ മഹാന്മ്മാരെ ഞാന്‍ ടി വി യില്‍ കാണുന്നതും അവരെ പറ്റി കേള്‍ക്കുന്നതും അന്ന് ആദ്യമായാണ്. സിക്സര്‍ സിദ്ധു ,സച്ചിന്‍, മഞ്ചരേക്കര്‍ അങ്ങനെ അങ്ങനെ.
എന്നിരുന്നാലും എനിക്ക് ഇഷ്ട്ടപ്പെട്ടത് ആവേശത്തോടെ കളിക്കുന്ന , എപ്പോഴും ഊര്‍ജസ്വലനായി നില്‍ക്കുന്ന ഒരു കറുത്ത് കുറുകിയ മനുഷ്യനെ ആയിരുന്നു. സെമിയില്‍ ഇന്ത്യ തോല്‍ക്കുന്നത് കണ്ട് കളിക്കിടയില്‍ കാണികള്‍ പ്രശ്നമാക്കിയപ്പോള്‍ ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപനം ഉണ്ടായി എന്നാണു ഓര്‍മ . അപ്പോള്‍ ക്രീസില്‍ നിന്നും കണ്ണീരോടെ അയാള്‍ ബാറ്റും തൂക്കിപ്പിടിച് നിരാശനായി നടന്നു നീങ്ങി. നിരാശ ബാധിച്ച ആ കണ്ണില്‍ പോരാട്ട വീര്യം അപ്പോഴും ഉണ്ടായിരുന്നു. വിനോദ് കാമ്പ്ളി ആയിരുന്നു ആ മനുഷ്യന്‍..
" എന്ത് കഷ്ട്ടം ഡാ അത്.. കാമ്പ്ളി ക്രീസില്‍ നിന്നാല്‍ ഇന്ത്യ ജയിക്കുമായിരുന്നു. " " ശേ എന്നാലും ,കാംപ്ലിക്ക് ജയിപ്പിക്കാന്‍ കഴിയുമായിരുന്നു അത് "
എന്നൊക്കെ ചുറ്റുവട്ടത്ത് നിന്നും പലരും പറഞ്ഞപ്പോള്‍ എനിക്കും അത് ശരി ആണെന്ന് തോന്നി. അനിശ്ചിതത്വത്തിന്റെ കളിയായ ക്രിക്കറ്റില്‍ എന്തും സംഭവിക്കുമായിരുന്നില്ലേ ? അറിയില്ല, എന്നിരുന്നാലും അന്ന് കാണികള്‍ അല്പം കൂടി ക്ഷമ കാണിച്ചിരുന്നെങ്കില്‍ ???
സച്ചിനോടൊപ്പം 664 റണ്ണിന്റെ പാര്‍ട്ണര്‍ ഷിപ്പ് ഉണ്ടാക്കി തുടങ്ങിയ ചരിത്രമാണ് കാംപ്ലിക്ക് , രെഞ്ചി ട്രോഫിയില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പായിച് കൊണ്ട് കാമ്പ്ലിയും സച്ചിന് പിറകെ ഇന്ത്യന്‍ ടീമിലേക്ക് നടന്നു കയറി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍ പൂര്‍ത്തിയാക്കി എന്നൊരു ഖ്യാതിയും കാമ്പ്ളി നേടിയിരുന്നു എന്ന് വായിച്ചതായി ഓര്‍ക്കുന്നു. കളിച്ച 17 ടെസ്റ്റില്‍ നിന്നും 54 .20 ശരാശരിയോടെ 1084 റണ്‍ അടിച്ചെടുത്ത ആ ശരാശരി കണ്ടാല്‍ തന്നെ അദ്ദേഹത്തിന്റെ കഴിവ് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. അതും 4 സെഞ്ച്വറി അടക്കം ,അതില്‍ രണ്ട് ഇരട്ട സെഞ്ച്വറികളും.. ഒരു ക്രിക്കറ്റ് കളിക്കാരന്‍ തന്റെ കഴിവ് തെളിയിക്കേണ്ടത് ടെസ്റ്റ് ക്രിക്കറ്റില്‍ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ വിശ്വാസവും അത് തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ കാമ്പ്ളി മഹാനായ ഒരു കളിക്കാരന്‍ തന്നെയാണ്. ലാറയ്ക്ക് ശക്തനായ ഒരു എതിരാളി ആയേനെ തീര്‍ച്ചയായും കാമ്പ്ളി.
സച്ചിനോളം, അല്ലെങ്കില്‍ അതിലും പ്രതിഭ ഉണ്ടായിരുന്നു കാംപ്ലിക്ക്. പക്ഷെ....എന്തൊക്കെ ആയാലും ആ ക്രിക്ക റ്റ് ജീ വിതത്തില്‍ എന്തൊക്കെയോ സംഭവിച്ചു. ആ പ്രതിഭ ഇല്ലാതായി, പലരും ചേര്‍ന്ന് നശിപ്പിച്ചു എന്നാണു എനിക്ക് തോന്നുന്നത്. ഉറ്റ സുഹൃത്തായ സച്ചിന് വരെ അദ്ദേഹത്തെ സഹായിക്കാന്‍ കഴിഞ്ഞില്ല (?) . ഇപ്പോള്‍ ഇതാ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കുകയും ചെയ്തു.
കാംപ്ലിയെ പോലെ ആകാന്‍ വലം കൈയന്‍ ആയ ഞാന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇടം കൈയില്‍ കളിച് പ്രാക്ടീസ് ചെയ്തതും , കളിക്കിടയില്‍ കാമ്പ്ളി ആകാന്‍ പലരും സ്വയം മത്സരിക്കുകയും ചെയ്തത് ഓര്‍മ വരുന്നു. അദ്ദേഹം ഇനി കോച് ആകാന്‍ പോകുകയാണെന്ന് കേള്‍ക്കുന്നു. എന്തൊക്കെ ആയാലും ആ പേര് ഇന്ത്യന്‍ ക്രിക്കറ്റ് നില്‍ക്കുന്ന അത്രയും കാലം നിലനില്‍ക്കും എന്ന കാര്യം ഉറപ്പാണ്. കാംപ്ലിക്കും കുടുമ്പത്തിനും എല്ലാ ഭാവുകങ്ങളും.
കാമ്പ്ളി ഇംഗ്ലണ്ടിനു എതിരെ 224 റണ്‍ അടിച്ച കൂട്ടിയ ഈ വീഡിയോ കണ്ടു നോക്കു, ആ പ്രതിഭയെ ഒന്ന് മനസാല്‍ നമിച്ചാല്‍ ഞാന്‍ കൃതാര്‍ഥനായി.
മരത്തില്‍ തൂങ്ങിയാടുമ്പോള്‍ കൈയിലൂടെ പതുക്കെ ,കണ്ണില്‍ പെടാതെ ഇഴഞ്ഞു ഇറങ്ങി എന്റെ നിക്കറിന്റെ ഇടയിലൂടെ കയറി ആസ്ഥാനത്ത് കടിച്ചപ്പോള്‍ കൈ വിട്ടു നിലത്ത് വീണതാണ് ഓര്‍മയിലെ ആദ്യ കട്ടുറുമ്പിന്റെ കടി...
പിന്നെ ഒരു പാട് തവണ കട്ടുറുമ്പ് കടിച്ചിട്ടുണ്ട്..അപ്പോഴൊക്കെ ഞാന്‍ അവയെ കടന്നു പിടിച് ഒരു ദാക്ഷിണ്യവും കൂടാതെ ഞെരിച് കൊന്നു കളഞ്ഞിട്ടുമുണ്ട്. ജിത്തുവിന്റെ ഒഫിഷ്യല്‍ പെണ്ണ് കാണലിന് ഞാനും പോയിരുന്നു. ഞാന്‍ ഇല്ലാതെ പെണ്ണ് കാണല്‍ ചടങ്ങിനു പൂര്‍ണ്ണത വരില്ലാ എന്ന് ജിത്തുവും റെമിയും പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞില്ലെങ്കിലും അതിനു ഞാന്‍ പോകുമായിരുന്നു. ഞാന്‍ ഇല്ലാതെ അവര്‍ക്ക് എന്ത് ആഘോഷം ? റെമി ചായയുമായി വന്നു , എല്ലാവരും സംസാരം തുടങ്ങി. എന്റെ തുടയിലൂടെ എന്തോ നീങ്ങുന്നു. അത് കട്ടുറുമ്പ് തന്നെയാണ്. ഞാന്‍ കാല്‍ കൂട്ടി യോജിപ്പിച് അവയെ ഞെരിച് കൊല്ലാന്‍ നോക്കി. അതിനെ കൊല്ലാനുള്ള വിഫലമായ എന്റെ ശ്രമം കട്ടുറുമ്പിന്റെ കടിയില്‍ ആണ് അവസാനിച്ചത്. വാശി തീര്‍ക്കുന്നത് പോലെ ഒരു 10 മിനുറ്റ് കട്ടുറുമ്പ് എനിക്ക് വിമ്മിഷ്ട്ടം സമ്മാനിച്ചു.
ഇതാ ഇപ്പോള്‍ വീണ്ടും ഒരു കട്ടുറുമ്പ് എന്നെ കടിച്ചിരിക്കുന്നു. ഇത്പക്ഷെ ഒരു ഒന്നൊന്നര കട്ടുറുമ്പ് ആണ്. ഇത് കടിചിരിക്കുന്നത് എന്റെ ചങ്കിലാണ്. അതിന്റെ നീറ്റല്‍ എത്ര കാലം എന്നെ പിന്തുടരും എന്ന് അറിയില്ല. സംഗീത് , രമേശ്, അനീഷ് , സുധീഷ് എന്നിവര്‍ ഒരുമിച്ച് രൂപീകരിച്ച ഗയാന്‍ എന്ന മ്യൂസിക്ക് ബാന്‍ഡ് ജന്മ്മം നല്‍കിയ സംഗീത ആല്‍ബമായ കട്ടുറുമ്പ് ആണ് കടിച്ചിരിക്കുന്നത്. നല്ല വരി, നല്ല സംഗീതം, അതിലുപരി നല്ല ഭാവം..മലയാള സംഗീതത്തിനു തീര്‍ച്ചയായും ഇത് നല്ലൊരു മുതല്‍കൂട്ട് ആകും. കേള്‍ക്കുക, കാണുക, നല്ലതാണെന്ന് തോന്നിയാല്‍ ഷെയര്‍ ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ ഷെയര്‍ ചെയ്യുമെന്ന് തന്നെയാണ് വിശ്വാസം.
കുഞ്ഞി മാമന്‍ നന്നായി പാട്ട് പാടും. നല്ല ശബ്ദമാണ്. ഇളയമ്മയും ,മാറ്റ് മാമാന്മ്മാരും കുഴപ്പമില്ലാതെ പാടും. തറവാടിലെ എല്ലാവരും നന്നായി പാടുന്ന ആള്‍ക്കാരാണ്. അമ്മൂമ്മയില്‍ നിന്നാകണം അത് എല്ലാവര്ക്കും കൈ മാറി കിട്ടിയത്. അമ്മൂമ്മ ഇടയ്ക്ക് അമിയെയും ഏഷ്യയും ഉറക്കാന്‍ പാടുന്നത് കേള്‍ക്കുമ്പോള്‍ ഞാന്‍ മിണ്ടാതെ ഇരുന്നു ചെവി കൂര്‍പ്പിക്കും..എന്നെയും അങ്ങനെ പാടി ഉറക്കിയതാണല്ലോ അമ്മൂമ്മ...
സംഗതി അതല്ല ഞാന്‍ പറഞ്ഞു വരുന്നത്..പാട്ട് കേള്‍ക്കാന്‍ അന്ന് പ്രധാനമായും ആശ്രയിച്ചിരുന്നത് റേഡിയോയെ ആയിരുന്നു. രാവിലെ തുടങ്ങി വൈകീട്ട് വരെ റേഡിയോ. ടി വി ഒക്കെ ചിത്രങ്ങളില്‍ മാത്രം കണ്ടിരുന്ന ഒരു സാധനം. ഞായറാഴ്ച ഉച്ചയ്ക്ക് റേഡിയോയില്‍ ഉള്ള രെഞ്ചിനി ആയിരുന്നു പ്രിയ പരിപാടി..
റേഡിയോയെ പറ്റിയുമല്ല ഞാന്‍ പറഞ്ഞു വരുന്നത്. ആയിടയ്ക്കാണ് എന്റെ കുഞ്ഞി മാമന്‍ ഒരു പാട്ട് സ്ഥിരമായി പാടുന്ന കാര്യം ഞാന്‍ കേട്ട് തുടങ്ങിയത്. കക്കൂസില്‍ പോയാലും, കുളിക്കുമ്പോഴും, തോട്ടത്തില്‍ തെങ്ങിന് , പാള വെച്ചുണ്ടാക്കിയ ഒരു കോരി വെച് വെള്ളം കോരി ഒഴിക്കുമ്പോഴും ഒരു പാട്ട് പാടിക്കൊണ്ടിരിക്കും...അല്ലെങ്കില്‍ അതിന്റെ ഈണ മെങ്കിലും മൂളി നടക്കും. അതേത് പാട്ടാണെന്നോ ഏത് സിനിമയിലെ പാട്ട് ആണെന്നോ എനിക്ക് അറിയില്ലായിരുന്നു. അന്നും ഇന്നും മാമനെ കാണുമ്പോ പേടിച് ശാസം പോലും വിടാതെ ഇരിക്കുന്നത് കൊണ്ട് ഞാന്‍ ചോദിച്ചതുമില്ല..
അങ്ങനെ ഇരിക്കെ ചുള്ളിക്കര മേരി ടാക്കീസില്‍ ഒരു സിനിമ കാണാന്‍ പോയി. വിശിഷ്ട വസ്തുവായ പാല്‍ ഐസ് ക്രീം നുണഞ്ഞു കൊണ്ട് തിയേറ്ററില്‍ ഇരിക്കുമ്പോള്‍ സിനിമക്ക് മുന്പ് ഒരു പാട്ട് വന്നു. അതിന്റെ വിഷ്വല്‍സും ഉണ്ടായിരുന്നു കൂടെ..എനിക്കൊന്നും മനസിലായില്ല..ഞാന്‍ കൈയിലൂടെ ഒലിച്ചിറങ്ങുന്ന ഐസ് ക്രീം നാവ് കൊണ്ട് വടിചെടുത്തു .ഞാന്‍ കഴിച് കഴിഞ്ഞാല്‍ എന്നെ കൊതിപ്പിക്കാന്‍ അനിയത്തി അവളുടെ ഐസ് ക്രീം കഴിക്കാതെ കൈയില്‍ തന്നെ പിടിച്ചു ഇരുന്നു എന്നെ നോക്കി. ആരൊക്കെയോ നേര്‍ത്ത ഇരുട്ടില്‍ ബീഡി വലിക്കുന്നു. ഞാന്‍ ഐസ് ക്രീം ഒന്ന് കൂടെ കടിച്ചു.പെട്ടന്ന് മാമന്‍ പാടാറുള്ള ആ പാട്ട് സ്ക്രീനില്‍ തെളിഞ്ഞു. ഞാന്‍ ധൃതിയില്‍ സ്ക്രീനിലേക്ക് നോക്കി. ഷര്‍ട്ട് ഇടാതെ, തലയില്‍ ഒരു തോര്‍ത്തും കെട്ടി കയില്‍ ഒരു വടിയും പിടിച് ഒരാള്‍ ആനപ്പുറത്ത് ഇരുന്നു ആ പാട്ട് പാടുന്നു.
" എന്റെ സ്വരവും
നിങ്ങളുടെ സ്വരവും
ഒത്ത് ചേര്‍ന്ന് നമ്മുടെ സ്വരമായി.. "
ഞാന്‍ മാമന്റെ മുഖത്തേക്ക് നോക്കി. മാമന്‍ ഒരു തരാം നിര്‍വൃതിയില്‍ ആ പാട്ടും കേട്ടോണ്ട് ഇരികുകയാണ്...ഞാന്‍ വീണ്ടും സ്ക്രീനിലേക്ക് നോക്കി.
നമ്മുടെ ഇന്ത്യ മഹാ രാജ്യത്ത് മൊത്തം പാടി നടന്ന , പാടി നടക്കുന്ന ഒരു ഗാനം. പാട്ട് കണ്ട എല്ലാവരിലും ഒരു നിമിഷം എങ്കിലും ദേശ സ്നേഹം വളര്‍ത്തിയ ഒരു ഗാനം..അതില്‍ കേരളത്തിന്റെ പ്രതിനിധി ആ മനുഷ്യന് ആയിരുന്നു..ഒരു പാട് പ്രശസ്തര്‍ ഉള്ള കേരളത്തില്‍, അവരെയൊക്കെ ഒഴിവാക്കി ആ പാട്ട് പാടി അഭിനയിക്കാന്‍ ഭാഗ്യം ആ മനുഷ്യന് ആയിരുന്നു..ബാക്കി ചില ഭാഷകളില്‍ പാടിയ ആള്‍ക്കാരെ തിരിച്ചറിയാന്‍ കഴിഞ്ഞു. പലരും പ്രശസ്തര്‍. അവര്‍ക്കിടയില്‍ മലയാളത്തിന്റെ പ്രതിനിധിയായി ആ മനുഷ്യനും...തീര്‍ച്ചയായുംഅദേഹത്തെ സംബന്ധിച് അഭിമാനിക്കാന്‍ ഉള്ള ഒരു നേട്ടമാണത് .
കഴിഞ്ഞ വര്ഷം ഫിര്‍ മിലേ സുര്‍ കണ്ട് വെറുത്ത് പോയപ്പോള്‍ ആ മനുഷ്യനെ വീണ്ടും ഓര്‍ത്തു..നിഷ്ക്കളങ്കമായ ചിരിയോടെ ആ പാട്ട് പാടി അഭിനയിച്ച ആ മനുഷ്യന്‍ ആരായിരിക്കും?
അയാള്‍ ഇപ്പോള്‍ എവിടെ ആയിരിക്കും ?
ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ ?
ഒരു പാട് ചോദ്യങ്ങള്‍....
എനിക്ക് അദേഹത്തെ ഒന്ന് കണ്ട് സംസാരിക്കണം എന്നുണ്ട്..ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഒന്ന് സഹായിക്കുക.. ഈ ലിങ്ക് മാക്സിമം ഷെയര്‍ ചെയ്യുക...സഹായിക്കുക...എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കുമല്ലോ? പ്ലീസ്..
ഒരു ഹര്‍ത്താല്‍ ദിവസം രമേശന്‍ പട്ടിണി കിടന്നു നരകിച്ചു...(പട്ടിണി അവനു ശീലമായത് കൊണ്ട് വലിയ കുഴപ്പം ഉണ്ടായില്ല. )
ഒരു ഹര്‍ത്താലിന് ആദിയുടെ ബൈക്കിനു ആരോ കല്ലെറിഞ്ഞു..
കര്‍ഫ്യൂ ദിവസം എന്നെ പോലിസ് വളഞ്ഞു ഇട്ടു തല്ലി....
ഹര്‍ത്താല്‍ കാരണം വേറെയും കുറെ ദുരന്തങ്ങള്‍ അനുഭവിച്ച മൂന്നു യുവാക്കള്‍.. . മൊബൈല്‍ റീചാര്‍ജ് കിട്ടാതെ പെണ്ണിനെ വിളിക്കാന്‍ കഷ്ട്ടപ്പെട്ടവര്‍.. സിഗരറ്റ് കിട്ടാതെ ശംഭു , ഹാന്‍സ് എന്നിവ തിരുകിയവര്‍, ബീവരേജില്‍ പോകാന്‍ കഴിയാതെ ദുഖിച്ചവര്‍... അവര്‍ മൂന്നും കാസര്‍കോട് കടപ്പുറത്ത് വട്ടം കൂടി നിന്ന് ,കടലിനെ നോക്കി, കടല കൊറിച് കൊണ്ട് അമര്‍ത്തി അമര്‍ത്തി മൂളി. നാടിന്റെ ദുരവസ്ഥ ഓര്‍ത്ത് അവരുടെ കണ്ണില്‍ വെള്ളം നിറഞ്ഞു.. എന്തിനു ഏതിനും ഹര്‍ത്താല്‍...
പനി വന്നാല്‍...
മഴ പെയ്താല്‍...
മഴ പെയ്തില്ലെങ്കില്‍..
അമേരിക്കയില്‍ റോഡില്‍ ആരെങ്കിലും മൂത്രമൊഴിച്ചാല്‍...
സദാമിനെ തൂക്കിയതില്‍ പ്രതിഷേധിച്
അങ്ങനെ എന്തിനും ഏതിനും ഹര്‍ത്താല്‍...
"നമുക്ക് ഒന്ന് ഇതിനെതിരെ പ്രതികരിക്കണമല്ലോ " ആദി പെട്ടന്ന് പറഞ്ഞു. രമേശന്‍ അത് കേള്‍ക്കാത്ത പോലെ കടല വായിലേക്കിട്ടു അമര്‍ത്തി കടിച്ചു. കടിച്ചത് ഒരു കല്ലില്‍ ആയിരുന്നു..അവന്റെ ക്ലോസ് അപ് വെച്ച തേക്കാത്ത പല്ലില്‍ ഒരു പ്രകമ്പനം.അവന്‍ അത് പുറത്തേക്ക് നീട്ടി തുപ്പി.
" മൈ ** "
"മെല്ലെ തിന്നെടാ... " ഞാന്‍ പറഞ്ഞു...
ആദി എന്നെയും രമേശനെയും നോക്കി , കല്ലില്‍ നിന്നും എഴുന്നേറ്റു.
" വിന്ദാ,രാമാ ഞാന്‍ പറയുന്നത് കേള്‍ക്ക് , ഞാന്‍ തമാശ പറയുകയല്ല.. നമുക്ക് ഇതിനെതിരെ ഒന്ന് പ്രതികരിക്കണം. "
രംഗ് ദേ ബസന്തിയില്‍ മാധവന്റെ കഥാപാത്രം മരിച്ച ശേഷം കൂട്ടം കൂടി എങ്ങനെ മന്ത്രിക്കെതിരെ പ്രതികരിക്കണം എന്ന് എല്ലാവരും ആലോചിക്കുമ്പോള്‍ സോഹ അലി ഖാന്‍ ചെയ്യുന്ന കഥാപാത്രം പറയുന്ന ഒരുഡയലോഗുണ്ട്
" മാര്‍ ഡാലോ ഉസെ " ഏകദേശം ആ ഒരു ഫീല്‍ ആയിരുന്നു പെട്ടന്ന് അവിടെ ഉണ്ടായത്..
ഞാനും രാമനും മുഖാ മുഖം നോക്കി.. പിന്നെ ആദിയുടെ മുഖത്തേക്കും. അവന്‍ കണ്ണട ഊരി, ഷര്‍ട്ടില്‍ ഒന്ന് തുടച്, ചുണ്ട് ഒന്ന് കടിച്ചു. സീരിയസ് കാര്യങ്ങള്‍ സംസാരിക്കുമ്പോഴേ അവന്‍ അങ്ങനെ ചെയ്യാറുള്ളു. എനിക്ക് അവന്‍ സീരിയസ് ആണെന്ന് മനസിലായി.
രാമന്‍ പെട്ടന്ന് ചിരിച്ചു.
"പ്രതികരിക്കാനാ ?"
" രാമാ, ചിരിക്കല്ല..കാര്യം പറഞ്ഞതാണ് ഞാന്‍... നമുക്ക് എന്തെങ്കിലും ചെയ്യണം.. ഒരു ചെറു വിരലെങ്കിലും അനക്കണം നമുക്ക് ഇതിനെതിരെ "
ഞാന്‍ റാമിനെ തോണ്ടി, ചെറു വിരല്‍ അനക്കി കാണിച്ചു. രാമന്‍ വീണ്ടും ചിരിച്ചു. ആദിക്കും ചിരി വന്നു. പക്ഷെ അവന്‍ ചിരി അടക്കി ഞങ്ങളെ നോക്കി..
"നമ്മള്‍ എങ്ങനെ പ്രതികരിക്കുമെന്നാ പറയുന്നത് ? സമരം നടത്തുമോ ? അതോ ഹര്‍ത്താല്‍ ദിവസം ഇറങ്ങി നടന്നു ഹര്‍ത്താല്‍ നടത്തുന്നവരെ തല്ലണോ ? " ഞാന്‍ പറഞ്ഞു.
രാമന്‍ അപ്പോഴും കടലയും തിന്നു കൊണ്ട്, മിതുനത്തിലെ ഇന്നസെന്റിനെ പോലെ മൈന്റ് ചെയ്യാതെ , കടലിനെ നോക്കി നിന്നു. ആദിക്ക് അത് തീരെ പിടിച്ചില്ല. എന്റെ തോളില്‍ പിടിച്ച വലിച് അവന്‍ പറഞ്ഞു ,
"നീ കാറില്‍ കയറ്, അവന്‍ കടലയും തിന്നു കൊണ്ട് കടലിനെയും നോക്കി ഇരിക്കട്ടെ..വാ " അവന്‍ നടന്നു , പിറകെ ഞാനും..
ഒരു നിമിഷം കഴിഞ്ഞ് " ഞാനും ഉണ്ടെടാ എന്നും പറഞ്ഞു അവന്‍ പിറകെ ഓടി വന്നു.
ആദി തന്നെയാണ് കാറില്‍ വരുമ്പോള്‍ അവന്റെ മനസിലെ ഐഡിയ പറഞ്ഞത്. നമ്മുടെ കൈയ്യില്‍ ഉള്ള സ്രോതസുകള്‍ വെച് ചെയ്യാന്‍ കഴിയുന്ന സാധനം.
ആദി :" നീ പാസ് ആയില്ലെങ്കിലും മ്യൂസിക് കോളജില്‍ പോയി ചെരച്ചതല്ലേ കുറെ കാലം ?"
രാമന്‍ : കലാകാരന്‍ പരീക്ഷയില്‍ പാസ് ആവണമെന്നില്ല...
ഞാന്‍: നീ കലാ കാരന്‍ അല്ലല്ലോ?
രാമന്‍: നീ വല്ല്യ എഴുത്ത് കാരന്‍ ആണെങ്കില്‍ ഞാന്‍ മ്യുസിഷ്യന്‍ ആണെടാ...
ആദി: നിങ്ങള്‍ രണ്ട് പേരും മ്യുസിഷനും എഴുത്ത് കാരനും ആണെങ്കില്‍ ഞാന്‍ ......
റാം : ടി.ജി രവി
അവന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്പ് റാം കയറി കമന്റി.
അവന്‍ കാര്യം പറഞ്ഞു , നമ്മള്‍ ഒരു ആല്‍ബം ചെയ്യുന്നു. ആല്‍ബമോ ? താജുദീവ് വടകര, കൊല്ലം ഷാഫി , അത് പോലെ കുറെ ആള്‍ക്കാര്‍ക്കിടയില്‍ എന്ത് കാണിക്കാന്‍ ?
" ഡാ കൂതറ ഫാസില, ജമീല അത് പോലത്തെ സംഭവം അല്ല, നമ്മള്‍ ഹര്‍ത്താലിന് എതിരെ ഒരു ആല്‍ബം ചെയ്യാന്‍ ആണ് പോകുന്നത് . അത് ഹിറ്റ് ആയാല്‍ നമ്മള്‍ എല്ലാവരും വില്ല്യം, സംഗീത് എന്നിവരെ പോലെ സ്റാര്‍ ആകും... ഇവിടെ ഹര്‍ത്താല്‍ ഇല്ലാതാകും..കേരളം ന ന്നാകും,.. "
ഏത് കാര്യത്തിലും അവന്‍ കാണിക്കുന്ന ധൈര്യം പലപ്പോഴും എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. ആലോചനകള്‍ക്ക് ഒടുവില്‍ തീരുമാനമായി..
ആലബം ചെയ്യുന്നു..റാം അതിന്റെ മ്യൂസിക്ക് ചെയ്യുന്നു. ഞാന്‍ പാട്ട് എഴുതുന്നു. പിന്നെ ഷൂട്ട് ചെയ്യുന്നു. ഇറക്കുന്നു. ഹിറ്റ് ആക്കുന്നു.കല്യാണത്തിന് മുന്‍പേ ജനിക്കാന്‍ പോകുന്ന കുഞ്ഞിനു പേര് തീരുമാനിക്കുന്ന കാമുകി കാമുകന്‍ മാരെ പോലെ ഞങ്ങള്‍ ആല്‍ബത്തിന് പേരും തീരുമാനിച്ചു.
"റിബല്സ് "
ആര് പ്രൊഡ്യൂസ് ചെയ്യും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആരും ഒന്നും മിണ്ടിയില്ല. അതും ആലോചിച് ഞങ്ങള്‍ കുറെ വട്ടം തിരിഞ്ഞു. നാട്ടിലെ പ്രമുഖന്മ്മാരെ കണ്ടാലോ എന്നൊക്കെ ആലോചിച് ആദിയുടെ വീട്ടില്‍ ഇരിക്കുമ്പോള്‍ താഴെ നിന്ന് ആദിയുടെ അച്ഛന്‍ വിളിച്ചു.
" ബാവെ, "
ഞങ്ങള്‍ മുഖാ മുഖം നോക്കി.അത് പ്രൊഡ്യൂസറിന്റെ ശബ്ദമായിരുന്നു.
ഇത് വരെ ആരും പരീക്ഷിക്കാത്ത ഒരു സമ്പ്രദായമാണ് പിന്നെ നടന്നത്. ആദ്യം സ്ക്രിപ്റ്റ് എഴുതുക. പിന്നീട് സ്ക്രിപ്ടിനു അനുസരിച് മ്യൂസിക്ക്, പിന്നീട് വരികള്‍. രാമിന്റെ നിര്‍ബന്ധം കൊണ്ടാണ് അങ്ങനെ ചെയ്തത്. അത് അവന്റെ രീതിയാണത്രെ.ആദ്യം മ്യൂസിക്ക് ചെയ്യാന്‍ പറഞ്ഞിട്ടും അവന്‍ അനങ്ങിയില്ല.ഒടുവില്‍ അവന്റെ വാശി ജയിച്ചു.
വിഷ്വല്‍ എഴുതാന്‍ ഞങ്ങള്‍ തീരുമാനിച്ചു.. ഞാനും ആദിയും വിഷ്വല്‍ എഴുതുമ്പോള്‍ രാമന്‍, താളം, ഈണം എന്നിവ ആലോചിച് , വാ തുറന്ന് ,കൂര്‍ക്കം വലിച് , ഉമിനീരും ഒലിപ്പിച് കിടന്നുറങ്ങി. അവന്റെ ഉറക്കം ഞാന്‍ കാണാന്‍ തുടങ്ങീട്ടു ഇന്നേക്ക് 13 വര്ഷം കഴിഞ്ഞിരിക്കുന്നു, ഇത്ര അധികം ആത്മാര്‍ഥതയോടെ വേറെ ഒന്നും അവന്‍ ചെയ്യുന്നത് ഞാന്‍ കണ്ടില്ല.
സ്ക്രിപ്റ്റ് എഴുതിയപ്പോള്‍ ഞാന്‍ എന്നത്തെയും പോലെ മൂത്രം, തീട്ടം, പിച്ചക്കാരി, ഗര്‍ഭിണി , ക്ഷയ രോഗി , എന്നിവരെ സ്ക്രിപ്റ്റില്‍ കൊണ്ട് വന്നു. ആദിക്ക് അത് തീരെ ദഹിച്ചില്ല.
ആദി :"പത്മരാജന്‍ സിനിമയല്ല ഇത്... ഇത് ഒരു ഒരു സ്റ്റാലോന്‍ പടം ആവണം..അല്ലെങ്കില്‍ ഒരു പുരി ജഗനാഥ് പടം, അതുമല്ലെങ്കില്‍ മിനിമം അമല്‍ നീരദ് പടം "
ഞാന്‍ : " നീരദ് പടം പോലെ ആക്കി എന്നെക്കൊണ്ട് വെയിലത്തും മഴയത്തും നടക്കാന്‍ വയ്യ
ആദി: അതിനു നിന്നെ ആര് അഭിനയിപ്പിക്കുന്നു ?
എനിക്ക് പെട്ടന്ന് ദേഷ്യം വന്നു. ഞാന്‍ ഉറക്കെ പറഞ്ഞു ..
"ത്രില്‍സ് , ആക്ഷന്‍ ഒന്നും എന്നെക്കൊണ്ട് പറ്റില്ല... വേണമെങ്കില്‍ മാക്സിമം ഒരു ഡാന്‍സ് സ്ക്രിപ്റ്റ് ഉണ്ടാക്കാം.. "
ആദി: ദ്വിമുദ്രേം മറ്റും കാണിക്കാനല്ലേ ? ത്രില്ലിംഗ് ആയിരിക്കണം... എനര്‍ജി അങ്ങ് നിറയണം... ഒരു ഖൂന്‍ ചലാ സ്റ്റൈലില്‍ വരണം..അല്ലാണ്ട്..
ഉറങ്ങുക ആയിരുന്ന റാം പെട്ടന്ന് പറഞ്ഞു.
" ത്രില്‍സ് വേണോ , എങ്കില്‍ ഋഷിയെ കൊണ്ട് വരണം. ത്രില്‍സ് വേണമെങ്കില്‍ അവന്‍ തന്നെ വരണം.. "
എന്റെ മനസ്സില്‍ പെട്ടന്ന് ദില്‍വാലെയിലെ കോയി ന കോയി ചാഹിയെ എന്നാ പാട്ട് ഓര്മ വന്നു. ബൈക്കില്‍ പാഞ്ഞു വരുന്ന ഷാരുക് ഖാനും. ഋഷിയുടെയും മുഖം മനസ്സില്‍ തെളിഞ്ഞു. എന്റെ സ്ഥാനം തെറിപ്പിക്കാന്‍ ആണല്ലോ ആ തെണ്ടി വരാന്‍ പോകുന്നത് ? എന്തിലും ഏതിലും ത്രില്‍ ആണവന്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ നമ്മളൊക്കെ മൂത്രം ഒഴിക്കാന്‍ മുട്ടുമ്പോള്‍ ആണ് മൂത്രമൊഴിക്കുന്നത് ,അവന്‍ അങ്ങനെ അല്ല . മൂത്രം വന്നാലും പിടിച്ച നിര്‍ത്തും , പിന്നെ മുട്ടി മുട്ടി പിടിച്ച നില്‍ക്കാന്‍ പറ്റാതെ ആകുമ്പോള്‍ ഒരു ലക്‌ഷ്യം വെച്ച അവന്‍ ഓടും..ഓടി അവിടെ എത്തിയെ അവന്‍ മൂത്രമൊഴിക്കൂ , ..
ആദ്യ രാത്രിയില്‍ ഓട് പൊളിച് മണിയറയിലേക്ക് കയറണം എന്നത് അവന്റെ ഒരു കുഞ്ഞു ആഗ്രഹം മാത്രം.. അങ്ങനെ എല്ലാത്തിലും ത്രില്‍..ത്രില്ലോട് ത്രില്‍..
"ഋഷി ഋഷി... അവനെ വിളിക്ക്... എന്നാലെ ഈ തീട്ടവും, മൂത്രവുമൊക്കെ ഇതീന്ന് പോകു "
ഞാന്‍ ചവുട്ടി കുലുക്കി പുറത്തേക്ക നടന്നു.
പിറ്റേന്ന് രാവിലെ ഋഷി ആദിയുടെ വീട്ടിലെക്കെതി. കക്ഷത്തില്‍ ഒരു കവര്‍, കൈയ്യില്‍ പ്രസാദം. യാത്രക്കാരുടെ ശ്രദ്ധയ്ക്കിലെ ശ്രീനിവാസനെ പോലെ അവന്‍ പുഞ്ചിരിച് കയറി വന്ന്, എല്ലാവര്ക്കും പ്രസാദം വിതരണം ചെയ്തു..എനിക്കവനെ എന്തോ അത്ര പിടിച്ചില്ല..
ആദി :" ഇതെന്താ കവറില്‍? "
ഋഷി :"ഹാള്‍ ടിക്കറ്റും നോട്ടും "
ഞാന്‍: എന്ത് ഹാള്‍ ടിക്കറ്റ് ?
ഋഷി : ഇന്നെന്റെ ബി ടെക് സപ്ലി ആണ്.
എല്ലാവരും ഒന്ന് ഞെട്ടി. അവന്റെ ആത്മാര്‍ഥത കണ്ടപ്പോള്‍ അവനോടുള്ള എന്റെ ദേഷ്യം അലിഞ്ഞു ഇല്ലാതായി.. എന്റെ കണ്ണ് നിറഞ്ഞു... സപ്ലി ഒഴിവാക്കി , ഞങ്ങളോടൊപ്പം കൂടാന്‍ വന്ന ഈ പ്രാണിയോടാണല്ലോ ഞാന്‍ അസൂയപ്പെട്ടത്..
ആദി : ഉച്ചയ്ക്കായിരിക്കും അല്ലെ പരീക്ഷ ? എന്നാല്‍ വേഗം വാ , നമുക്ക് പെട്ടന്ന് സ്ക്രിപ് റെഡി ആക്കണം..
ഋഷി : എനിക്ക് തിരക്കില്ല..
ആദി: അതെന്താ ? എക്സാമിന് പോകണ്ടേ? ഉച്ചയ്ക്ക് ?
ഋഷി : എക്സാം...അതൊരു തരം പ്രഹേളിക ആണ്..ഞാന്‍ എഴുതുന്നില്ല. പരീക്ഷാ ഇപ്പൊ അവിടെ തുടങ്ങി കാണും , ഞാന്‍ പോകുന്നില്ല..വേറെ പണിയില്ലേ ? പരീക്ഷ തൂ...
അതോടെ അവനോട് എനിക്ക് പ്രേമമായി.
ഞങ്ങള്‍ വീടിനകത്തേക്ക്, അല്ല ഡിസ്കഷന്‍ റൂമിലേക്ക് പോയി.
ആലോചനയ്ക്ക് ഒടുവില്‍ സ്ക്രിപ്റ്റ് തയ്യാറാക്കി...
റാമിനെ വിളിച്ചു.. ആദി ഒരു കീ ബോര്‍ഡ് ആലിസ് മാമിന്റെ വീട്ടിന്നു ഒപ്പിച്ചു കൊണ്ട് വന്നു.. റാം അതിന്റെ മുന്‍പില്‍ ഇരുന്നു. അവന്‍ അതിനെ തൊട്ടു തലോടി, നമസ്ക്കരിച്ചു..വണങ്ങി..മുട്ട് കുത്തി ഇരുന്നു ഏതം ഇട്ടു. പിന്നെ മുരടനക്കി അതിന്റെ മുന്‍പില്‍ ഇരുന്നു.
ഇപ്പൊ പാട്ട് വരും എന്ന് പ്രതീക്ഷിച് ഞങ്ങള്‍ മൂന്നു പേര്‍ അവനെ നോക്കി ഇരുന്നു...
ഒന്ന്
രണ്ട്
മൂന്നു
നാല്
അഞ്ച്
ഇത് ഞങ്ങള്‍ എണ്ണിയതല്ല , ദിവസങ്ങള്‍ പോയ കണക്കാണ് അത്..പാട്ടും വന്നില്ല , ഒരു ഈണം പോലും വന്നില്ല. രാവിലെ അമ്മ ഉണ്ടാക്കി തന്ന ഭക്ഷണം കഴിച് അവനും ഞങ്ങളും കീ ബോര്‍ഡിന്റെ മുന്‍പില്‍ ഇരിക്കും. റാമും ഇരിക്കും.
ഉച്ചയ്ക്ക് ഉണ്ണാന്‍ എണീക്കും
വൈകീട്ട് ചായക്ക്
രാത്രി ഡിന്നറിനു..
പക്ഷെ പാട്ട് മാത്രം വന്നില്ല.. ഞങ്ങള്‍ എന്തെങ്കിലും പറയുമ്പോള്‍ അവന്‍ പറഞ്ഞു.
" ഇതൊരു ഗ്രൂപ്പ് വര്‍ക്ക് ആണ് ,എന്നെകൊണ്ട് ഒറ്റയ്ക്ക് പാട്ട് ഉണ്ടാക്കാന്‍ പറ്റില്ല..നിങ്ങളും മ്യൂസിക്ക് ആലോചിക്ക്. " 10 ദിവസം റാം ഇങ്ങനെ പ്രതികരിച്ചു.
ഞങ്ങള്‍ മൂന്നു പേരും നെറ്റി ചുളിച് മുഖാമുഖം നോക്കി..
അവസാനം റോക്ക് ആന്‍ഡ് റോളിലെ മഹാരാജയെ പോലെ കത്തി , അടി, തെറി ,ഇടി ഒക്കെ വേണ്ടി വന്നു അവനെ കൊണ്ട് പാട്ട് ഉണ്ടാക്കിപ്പിക്കാന്‍. അവസാനം അവന്‍ പാട്ട് ഉണ്ടാക്കി.
വരികള്‍ ഞാന്‍ ഒപ്പിച് എഴുതി,..
അവസാനം ഒരു പാതിരാത്രി പാട്ടിന്റെ പ്രസവ വേദന നിന്നു .പാട്ട് ജനിച്ചു.
ഞങ്ങളുടെ ആത്മ സുഹൃത്ത് സജാസിന്റെ സഹായത്തോടെ അതിനിടയില്‍ കണ്ണൂരിലെ ഹര്‍ത്താല്‍ വിരുദ്ധ മുന്നണിയിലെ സുശാന്ത്, ചന്ദ്രബാബു എന്നിവരെ ഞങ്ങള്‍ കണ്ടു, സംസാരിച് ഞങ്ങളുടെ ആശയം പറഞ്ഞു. എല്ലാ രീതിയിലും മാനസിക പിന്തുണ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായി.
കോഴിക്കൊടെക്ക് , രാജിവേട്ടനെ കണ്ടു. എസ് കുമാറിന്റെ അസിസ്റ്റന്റ്റ് ക്യാമറ മാന്‍. റാമിന്റെ സുഹൃത്ത്. കാര്യം പറഞ്ഞപ്പോള്‍ ഈ പ്രോജക്റ്റ് രാജിവേട്ടന്‍ ചെയ്യാമെന്ന് ഏറ്റു ,അതും അഞ്ച് പൈസ വാങ്ങാതെ. അന്ന് അവിടെ നിന്നും ഇറങ്ങുമ്പോള്‍ റാമിനെ ഞങ്ങള്‍ ,സന്തോഷത്തോടെ ആദ്യമായ് കെട്ടിപിടിച്ചു.
സ്ലീപ്പര്‍ ബസില്‍ തിരുവനന്തപുരതേക്ക് . പ്രൊഡ്യൂസറിന്റെ , അതായത് ആദിയുടെ നിക്കര്‍ കീറുന്നത് ഞാന്‍ മാത്രം അന്ന് ബസില്‍ നിന്നും കണ്ടു. ഇതൊന്നുമറിയാതെ റാമും ഋഷിയും വിനോദയാത്ര കണ്ട് പൊട്ടിച്ചിരിച്ച് കൊണ്ടിരുന്നു.
തിരുവനന്തപുരം..
ബാഗില്‍ ഒരുപാട് സ്വപ്നങ്ങളും നിറച് പ്രഭാതതോടൊപ്പം ഞങ്ങള്‍ തമ്പാനൂരില്‍ ബസ് ഇറങ്ങി. ഒരു ചായ, സിഗരറ്റ് എന്നിവ അകത്താക്കി ഉള്ളൂരിലെക്ക്.ഉള്ളൂര്‍ സി.ഡി.എസില്‍ കുഞ്ഞിയുടെ മുറിയില്‍ നിന്നും കുളിയും ജപവും കഴിഞ്ഞ് പോത്തന്‍കോടിലെക്ക് , റെമി ചേട്ടന്റെ മ്യൂസിക്ക് സ്റുടിയോയിലെക്ക് , സ്റ്റുഡിയോ കണ്ടപ്പോ റാമിന്റെയും ആദിയുടെയും കണ്ണില്‍ നിന്നും വെള്ളം വന്നു. ഒരുത്തന്‍ ആദ്യമായി പാട്ട് റിക്കാര്‍ഡ് ചെയ്യാന്‍ പോകുന്നതിന്റെയും , മറ്റവന്‍ പൈസ പോകുന്നതിന്റെയും ദെണ്ണത്തിലും ആയിരുന്നു കണ്ണീര്‍ പൊഴിച്ചത്.
റാമിന്റെ മ്യൂസിക്കിനു റാം തന്നെ പാടി, കോറസ് ആയി ഞാനും ഋഷിയും.. പിറ്റേന്ന് പാട്ട് ഉണ്ടായി..വീണ്ടും ഞങ്ങള്‍ കെട്ടിപിടിച്ചു. അവന്‍ ശരിക്കും ഒരു മ്യുസിഷന്‍ ആണെന്ന് ഞങ്ങള്‍ ഉറപ്പിച്ചു.
ചാല മാര്‍ക്കറ്റ് , വേളി കടപ്പുറം, തൈക്കാട് മ്യൂസിക്ക് കോളജില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ജീവിതത്തിലെ ആദ്യ ഷൂട്ടിംഗ് അനുഭവം. ജോണ്‍ ,ഷിജു എന്നിവര്‍ ആയിരുന്നു രാജിവേട്ടന്റെ അസിസ്റ്റന്റ്റ് . ജീവിതത്തില്‍ ആദ്യമായി ഞാന്‍ യോ യോ വസ്ത്രം ധരിച്ചു. അറ്റ്‌ലസ് രാമചന്ദ്രനെ പോലെ വാടയ്ക്ക് എടുത്ത കോട്ടുമായി ആദിയും വന്നു. റാമും ഋഷിയും യോ യോ വസ്ത്രങ്ങള്‍ നേരത്തെ കരുതിയിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞു തളര്‍ന്നു ഉറങ്ങിയ ഒരു രാത്രിയുടെ അവസാനം ഞങ്ങള്‍ പരശുരാമില്‍ കാസര്കൊടെക്ക് തിരിച്ചു.
കാത്തിരിപ്പ്...
ലേബര്‍ റൂമിന്റെ മുന്‍പില്‍ ഭാര്യയുടെ കന്നി പ്രസവം കാത്തിരിക്കുന്ന ആള്‍ക്കാരെ പോലെ ഞങ്ങള്‍ തെക്ക് വടക്ക് നടന്നു..
ഒരു ആഴ്ച ഒരു ദിവസം പോലെ കടന്നു പോയി..
ഒരു രാത്രി മലബാര്‍ എക്സ്പ്രസ് ലോക്കോ പൈലറ്റ് , ആള്‍ക്കാരോടൊപ്പം ഞങ്ങളുടെ സി.ഡി യുമായി വന്നു.
ഋഷിയുടെ വീട്ടില്‍ നിന്നും അത് കണ്ട് വീണ്ടും ഞങ്ങള്‍ കെട്ടിപ്പിടിച് കരഞ്ഞു.
ഗാന ഗന്ധര്‍വനെ കണ്ട് പ്രകാശനം ചെയ്യാന്‍ പറ്റുമോ എന്ന് പറഞ്ഞപ്പോള്‍ 100 വട്ടം സമ്മതം. സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവാക്കള്‍ എന്ന് അദേഹം ഞങ്ങളെ പുകഴ്ത്തി. രാഹുല്‍ ഈശ്വറും ചടങ്ങിനു വരം എന്ന് ഏറ്റു. അതിനിടയില്‍ ആല്‍ബത്തിന്റെ പുറകെ നടന്ന് രാജ് മോഹന്റെ ജോലി തെറിച്ചു. ഞങ്ങള്‍ക്ക് തെറിക്കാന്‍ ജോലി ഇല്ലാത്തത് കൊണ്ട് ആ പ്രശ്നം ഉണ്ടായില്ല..
2008 സെപ്ടംപര്‍ 30 നു തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച് അതിന്റെ പ്രകാശനം നടന്നു. ചുറ്റും ചാനല്‍ ആള്‍ക്കാര്‍.. ഇന്റര്‍വ്യൂ , ഫോടോ ഷൂട്ട് ..ഞങ്ങള്‍ ആനന്ദ കണ്ണീര്‍ ഒഴുക്കി..
ടി വി ചാനലുകള്‍..
പത്രങ്ങള്‍...
മാസികകള്‍ ഒക്കെ ഹര്‍ത്താല്‍ വിരുദ്ധ ആല്‍ബത്തെ പ്രകീര്‍ത്തിച്ചു..
അങ്ങനെ ഒരു ആല്‍ബം ജനിച്ചു..
പ്രതീഷിച്ചത്ര ഹിറ്റ് ആയില്ലെങ്കിലും കാണുന്നവര്‍ നല്ല വാക്കുകള്‍ മാത്രമേ പറഞ്ഞുള്ളൂ. രണ്ട് അവാര്‍ഡും കിട്ടി.. ആദിയുടെ പോയ ഒരു ലക്ഷത്തിനു മാത്രം കണക്കില്ല.. :(
ഹൈവേയിലൂടെ 16 ചക്ക്രങ്ങളുള്ള ഒരു ലോറി പാഞ്ഞ് പോയി..ഓടാന്‍ വേണ്ടി നിരന്നു നില്‍ക്കുകയായിരുന്ന ഞങ്ങള്‍..ഞാന്‍, സന്ദീപ്,അന്‍സര്‍,ജോസി,സജി ഞങ്ങള്‍ അഞ്ചു പേര്‍..എല്ലാവരുടെയും കണ്ണുകള്‍ തമ്മില്‍ ഉരസി..എല്ലാരും ഓടാന്‍ തയ്യാറായി നിന്നു. കൂട്ടത്തില്‍ മിടുക്കാന്‍ സന്ദീപ് തന്നെ ആണ്..അവന്‍ ആണ് എല്ലാ വട്ടവും വൈകീട്ട് ചായയോടൊപ്പമുള്ള കടിക്ക് വേണ്ടിയുള്ള ഈ ഓട്ടത്തില്‍ ജയിക്കാറ്..ഇന്നലെയും മിനിഞ്ഞാന്നും അവന്‍ തന്നെ ആയിരുന്നു ജയീച്ചത്..ഞങ്ങളുടെ കൈകളില്‍ നിന്നും അവകാശത്തോടെ ആയിരുന്നു അവന്‍ അവലും സുഖിയനും തട്ടിപ്പറിച്ച്‌ത്..ഞങ്ങളെ നോക്കി കൊതിപ്പിച്ച് കൊണ്ട് ആണവന്‍ അത് തിന്ന് തീര്‍ത്തത്..ഇടയ്ക്ക് കേറി രണ്ടാമതും സുഖിയന്‍ വാങ്ങാന്‍ നോക്കിയ അന്‍സാറിനെ കിചന് സര്‍ പിടിക്കുകയും ചെയ്തു..സര്‍ പിടിച്ചതിലും അവന് സങ്കടമായത് നീനു അത് കണ്ടതതായിരുന്നു. അവള്‍ മുഖം പൊത്തി ചിരിചോണ്ട് പോയെന്നും അതാണു ദേഷ്യം കൂടിയതെന്നും അത് കൊണ്ട് ഇന്ന് എന്തൊക്കെ സംഭവിച്ചാലും അവനെ തോള്‍പ്പിക്കണമെന്നും ഞങ്ങള്‍ നാലു പേരും രഹസ്യമായി തീരുമാനിച്ചിരിന്നു..ഓട്ടം തുടങ്ങുമ്പോള്‍ അവന്‍റ ശ്രദ്ദ തിരിക്കുക എന്നുള്ളത് എനിക്ക് കിട്ടിയ കര്‍മ്മമായിരുന്നു ..മൂന്നു പേരും എന്നെ നോക്കി..ഞാന്‍ തലയാട്ടി..
""ഇന്നലെ സന്ദീപ് 4 മിനിറ്റ് എടുത്തു അവിടെക്കെത്താന്‍,,ഞാന്‍ അതിലും കുറച്ച് സമയത്തില്‍ അവിടെക്ക് എത്തും"" സജി പറഞ്ഞു..അവന്‍ സന്ദീപിനെ തുറിച്ച് നോക്കി..സന്ദീപ് കാണാം എന്നര്‍ഥത്തില്‍ തലയാട്ടി..സജി എന്നെ നോക്കി..ഞാന്‍ റെഡിയായി..
മഴ ചെറുതതായ് പെയ്യുന്നുണ്ടായിരുന്നു..കാറ്റടി മരങ്ങളില്‍ നിന്നും മഴ തുള്ളികള്‍ ഉറ്റ് വീഴുന്നുണ്ടായിരുന്നു. 5 പേരുടേയും മനസില്‍ വൈകീട്ടത്തെ ഉഴുന്നു വടയുടെ ചിത്രം തെളിഞ്ഞ് വന്നു..ജോസി 1,2,3 പറഞു തുടങ്ങി..സജി എന്നെ നോക്കി. ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി..അപ്പോഴാണ് ആ ലോറിയുടെ ശബ്ധം എന്റെ കാതില്‍ മുഴങ്ങിയത്. അപ്പോള്‍ തന്നെ ജോസി 3 എന്ന് പറഞ്ഞ് കഴിഞ്ഞു. ഓടാന്‍ തുടങ്ങിയ സന്ദീപിനെ ഞാന്‍ പെട്ടന്നു പിടിച്ചു..അവന്‍ കുതറാന്‍ നോക്കിയെങ്കിലും ഞാന്‍ അവനെ വീട്ടില്ലാ..അവന്‍ എന്നെ നോക്കി ഉറക്കെ പറഞ്ഞു
""എന്ത്‌റ നീ താപ്പ് ആക്കി..ഓനെല്ലാം അതാ പാഞ്ഞ് അങ്ങേത്തി..എന്റെ ഉഴുന്നു വട""
""എടാ അതാ ഞാന്‍ ഇന്നലെ പറഞ്ഞ ലോറി..16 ചക്രം ഉണ്ട് അതിന്..വേം നോക്ക്..പിന്നെ ഞാന്‍
കള്ളം പറഞ്ഞു എന്ന് ഡോര്‍മില്‍ ചെന്ന് കളിയക്കരുത്. വേം നോക്ക്..നോക്ക്‌ട വേം നോക്ക്""ഞാന്‍ ഉറക്കെ വിളിച്ച് പറഞ്ഞ് റോഡിന്റെ ഭാഗത്തേക്ക് ഓടി .ഓടുന്നതിനിടയില്‍ ഞാന്‍ തിരിഞ്ഞു നോക്കി. സന്ദീപ് എന്റെ പിറകെ ഓടി വരുന്നുണ്ടായിരുന്നു..
മെസ്സില്‍ നിന്നും ചായ കുടിക്കാതെ കായലിനു സമീപമുള്ള സുമേഷ് ഹോട്ടലില്‍ ചായ കുടിക്കാന്‍ പോയതാണ് ഞാന്‍. ഒരു കട്ടനും വാങ്ങി വരാന്തയില്‍ നിന്ന് വായും നോക്കി ഞാന്‍ ചൂട് ചായ ഊതിക്കുടിക്കുകയായിരുന്നു. കടി വേണ്ടേ എന്ന് ചേച്ചി ചോദിച്ചപ്പോ ഈ വഴിയിലൂടെ സുന്ദരിമാര്‍ നടന്നു പോകുമ്പോള്‍ എന്തിനാ കടി എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു . തൊട്ടു മുന്‍പില്‍ ബിരിയാണി വെച് അതിലേക്ക് നോക്കി പച്ചവെള്ളം കുടിച്ചാലും ഒരു സുഖം ഉണ്ടല്ലോ?
രണ്ട് സ്ത്രീകള്‍ കടയുടെ എതിര്‍ ഭാഗത്തുള്ള കുഞ്ഞ് പാലം കടന്നു വന്നു.അവരില്‍ ഒരാളുടെ കയ്യില്‍ ഒരു കുഞ്ഞ് കുട്ടിയുമുണ്ട്. ഞാന്‍ അവരെ ഒന്ന് നോക്കി. പിന്നെ ചായ കുടി തുടര്‍ന്നു. എന്റെ മുന്‍പിലൂടെ രണ്ട് മൂന്ന് പെണ്‍ പിള്ളേരും ചെക്കന്മ്മാരും കടന്നു പോയി. ഞാന്‍ ഒന്ന് നോക്കി ചായ കുടി തുടര്‍ന്നു. നടന്നു പോയ അവര്‍ ആ സ്ത്രീകളുടെ മുന്‍പില്‍ വട്ടം കൂടി.അവര്‍ കുട്ടിയെ തൊട്ടു നോക്കുന്നു.സന്ധ്യ മയങ്ങി കഴിഞ്ഞിരുന്നു .പെട്ടന്നാണ് ആ സ്ത്രീ കരയുന്നത് ഞാന്‍ കണ്ടത്.കരച്ചില്‍ ഒരു ചെറിയ നിലവിളിയായ് മാറുന്നത് കേട്ട് ആള്‍ക്കാരുടെ ശ്രദ്ധ മൊത്തം അങ്ങോട്ട് മാറി.
"എന്റെ കുഞ്ഞ് എന്റെ കുഞ്ഞ് " എന്നും പറഞ്ഞു അവര്‍ ഒച്ച വെച്ചു കരഞ്ഞു . എന്റെ മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ പെട്ടന്ന് 3 ജി സ്പീഡില്‍ മനസിലേക്ക് പാഞ്ഞു കയറി.
1984 കാലഘട്ടത്തില്‍ എന്റെ അമ്മയുടെയും അമ്മൂമ്മയുടെയും അവസ്ഥ അതായിരുന്നു. ഏത് സമയത്ത് എപ്പോള്‍ ആണെന്ന് അറിയാതെ എനിക്ക് വരുമായിരുന്ന അപസ്മാരത്തെ പേടിച് അവര്‍ കഴിഞ്ഞ സമയം. എന്റെ കൂടെ പിറപ്പായിരുന്ന ഒരു ഏട്ടനെ എനിക്ക് ഇല്ലാണ്ടാക്കിയ അസുഖം. നിസഹരായി അവര്‍ എന്നെയും കൊണ്ട് എത്ര ദൂരം ഓടിക്കാണും ?
ഒരിക്കല്‍ കുട്ടി എന്നാ ആതിര , എന്റെ ഇളയമ്മയുടെ മകള്‍ , അവളുടെ ശ്വാസ നാളിയില്‍ കടല കുടുങ്ങി പിടഞ്ഞത് എന്റെ മനസിലേക്ക് പെട്ടന്ന് ഓടി വന്നു. അന്ന് വിറച്ചത് പോലെ ,പേടിച്ചത് പോലെ ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ പേടിച് കാണില്ല.അന്ന് കുട്ടിക്ക് കുഴപ്പമൊന്നും പറ്റിയില്ല.അവള്‍ ഇപ്പോള്‍ പ്ലസ് റ്റു പഠിക്കുന്നു.
അന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്ക് , ഒരു കുട്ടികള്‍ക്കും കടല കൊടുക്കാന്‍ ഞാന്‍ സമ്മതിക്കാറില്ല. അപരിചതര്‍ ആണെങ്കില്‍ കൂടി കുട്ടികള്‍ക്ക് കടല കൊടുക്കുന്നത് കണ്ടാല്‍ ഞാന്‍ കയറി ഇടപെടും. എന്റെ ചിന്ത അമൃത സേതുവും കടന്നു കടലിലേക്കെത്തി .എന്റെ ഈശ്വര ഇനി അങ്ങനെ വല്ലതും സംഭവിച്ചോ..ഒരു നിമിഷം നോക്കി നിന്ന് , ഗ്ലാസ് അവിടെ വെച് , ഞാന്‍ പെട്ടന്ന് അങ്ങോട്ടേക് ഓടി.
ഞാന്‍ ധൃതിയില്‍ അവര്‍ടെ അടുത്തേക്ക് ഓടിയെത്തി.ഒന്ന് രണ്ട് ആള്‍ക്കാരും അവിടേക്ക് അപ്പോള്‍ എത്തിക്കഴിഞ്ഞിരുന്നു .
"എന്ത് പറ്റി ?"
"ഈശ്വര, അമ്മെ എന്റെ കുഞ്ഞ് ..."
ആ കുട്ടിയുടെ അമ്മ നിലവിളിക്കുകയായിരുന്നു. ഞാന്‍ വീണ്ടും ചോദിച്ചു എന്ത് പറ്റി. കൂടിയ ആള്‍ക്കാരൊക്കെ എന്ത് പറ്റിയെന്നു ചോദിക്കുന്നുണ്ടായിരുന്നു. അമ്മൂമ്മ ആണെന്ന് തോന്നുന്നു, അവര്‍ ഇത്തിരി ധൈര്യത്തില്‍ ആയിരുന്നു. അവര്‍ കരയുന്നില്ല.ഞാന്‍ കുഞ്ഞിനെ നോക്കി.കുഞ്ഞിന്റെ കണ്ണുകള്‍ പകുതി മുകളിലേക്ക് കയറിയിരുന്നു.വായില്‍ നിന്നും ഉമി നീര് ഒലിച്ചിറങ്ങി കൊണ്ടിരുന്നു.കുഞ്ഞ് കുഴഞ്ഞു അമ്മൂമയുടെ കൈയ്യില്‍ കിടന്നു.
"കൊച്ചിന് പനി കൂടിയതാ , കോട്ട് ആയതാ "
എനിക്കൊന്നും മനസിലായില്ല. കോട്ടോ , അതെന്ത് ?ഞാന്‍ കുട്ടിയെ ഒന്ന് തൊട്ടു നോക്കി. നല്ല ചൂടുണ്ട്.
"പെട്ടന്ന് വണ്ടി വിളിക്ക് "
അവിടെ ഉണ്ടായിരുന്ന പിള്ളേര്‍ കുറച് അപ്പുറത്തുള്ള ഓട്ടോക്കാരെ ഉറക്കെ വിളിച്ചു. വേഗം വാ വേഗം വാ എന്ന് പറഞ്ഞു...
1 ) ആരും അനങ്ങിയില്ല..
വീണ്ടും എല്ലാരും കൂട്ടത്തോടെ വിളിച്ചു..
2 ) എന്നിട്ടും ഓട്ടോക്കാര്‍ അനങ്ങിയില്ല.
അവര്‍ എന്തിനെ കുറിച്ചോ പറഞ്ഞു ചിരിക്കുകയായിരുന്നു.
അമ്മ കരച്ചില്‍..
അമ്മൂമ്മയും പേടിച് തുടങ്ങിയിരിക്കുന്നു.
ജംഗ്ഷനില്‍ നിന്നും ഒരു ഓട്ടോ കായല്‍ ഭാഗത്തേക്ക് വരുന്നുണ്ടായിരുന്നു .അപ്പോഴേക്കും അവിടെ കുറച് ആള്‍ക്കാര്‍ കൂടി. അവരൊക്കെ ആ അമ്മയെയും മകളെയും പേരെടുത്തു വിളിക്കുന്നുണ്ടായിരുന്നു.
അവര്‍ പരസ്പരം അറിയുന്ന ആള്‍ക്കാരാണ് എന്ന് അതില്‍ നിന്നും മനസിലാക്കണം . ഇത്രയായിട്ടും ഒരു ഓട്ടോ വന്നില്ല. .ജംഗ്ഷനില്‍ നിന്നും വരികയായിരുന്ന ഓട്ടോയുടെ മുന്‍പിലേക്ക് ഞാന്‍ ചാടി വീണു.ഓട്ടോക്കാരന്‍, ഓട്ടോയുടെ സുരക്ഷ ഓര്‍ത്ത് ചവുട്ടി നിറുത്തി. അവരെ ധൃതിയില്‍ ഒട്ടോയിലെക്ക് കയറ്റി. ഞാന്‍ കൂടെ കയറാന്‍ കരുതിയതാണ്. പക്ഷെ,നാട്ട്കാര്‍,അവരെ പേരെടുത്തു വിളിക്കുന്ന ആള്‍ക്കാര്‍ ഉണ്ടാകുമ്പോ വരുത്തന്‍ ആയ ഞാന്‍ ചാടി കയറണോ എന്ന് കൂടി ഒരു നിമിഷം ഓര്‍ത്തു.
പക്ഷെ ഓട്ടോയില്‍ അവരാരും കയറിയില്ല, അതിനു മുന്‍പേ ഓട്ടോ എടുക്കുകയും ചെയ്തു..
" അയ്യോ ആരും കയറിയില്ലേ ? അവരെ ഒറ്റയ്ക്ക് വിടുകാണോ ?" ഞാന്‍ പറഞ്ഞു
ആരും ഒന്നും മിണ്ടിയില്ല.ഓട്ടോ ചീറി പാഞ്ഞു പോയിരുന്നു. എനിക്ക് മനസ്സില്‍ കുറ്റ ബോധം കയറി. അത് ശരിയായില്ലല്ലോ...എനിക്കാകെ വല്ലാതായി..അവരെ ഒറ്റയ്ക്ക് വിട്ടത് ശരിയായില്ല.ആ കുഞ്ഞിന്റെ അവസ്ഥ എന്താണാവോ ?പാഞ്ഞു പോകുന്ന ഓട്ടോയെ ഞാന്‍ നോക്കി നിന്നു. ഈശ്വരാ കുഴപ്പമൊന്നും വരുത്തല്ലേ..ഞാന്‍ മുകളിലേക്ക് നോക്കി..
(ഈ സംഭവം ഒക്കെ നടന്നത് ഒരു 2 , 3 മിനുട്ടില്‍ ആയിരുന്നു. )
അതിനു ശേഷം നടന്ന സംഭാഷണങ്ങള്‍
ഒരാള്‍: നീയെന്ത പോകാത്തത് ?
മറ്റൊരാള്‍ : ഞാന്‍ ഇപ്പോ പണി കഴിഞ്ഞു വന്നതേ ഉള്ളൂ..ഞാന്‍ എങ്ങനെയാ വസ്ത്രം മാറാണ്ട് പോകുക?
ഒരാള്‍ : അവിടുത്തെ ചേട്ടനും മകനും ഇവിടില്ല.
വേറൊരാള്‍ :ഓ ഒരു കോട്ട് അല്ലെ , അതൊന്നും വല്ല്യ കാര്യമാക്കണ്ട...
ഞാന്‍ (ആത്മഗതം ): അവിടെ ആണുങ്ങള്‍ ആരുമില്ല എന്ന് നിങ്ങള്‍ക്കൊക്കെ അറിയാമല്ലേ ?എന്നിട്ടും ഒന്ന് സഹായിക്കാന്‍ തോന്നിയില്ലല്ലോ?
ഇത് ഈ നാടിന്റെ അവസ്ഥയാണോ അതോ കേരളത്തിന്റെ മൊത്തം അവസ്ഥയാണോ എന്ന് എനിക്കറിയില്ല. അതോ ഇനി എന്റെ കുഴപ്പമാണോ എന്നും അറിയില്ല, ചെലപ്പോ അതായിരിക്കാം. ആ കുട്ടിക്ക് കുഴപ്പമൊന്നും സംഭവിക്കില്ല, കുഴപ്പമില്ല എന്ന് ഊഹിച് അവര്‍ പോകാതിരുന്നതോ ആയിരിക്കാം. എന്തായാലും എനിക്ക് അവിടെ നിന്നും അനങ്ങാന്‍ തോന്നിയില്ല. ഒരു മുക്കാല്‍ മണിക്കൂര്‍ ഞാന്‍ അവിടെത്തന്നെ ട്രാന്‍സ്പോര്‍ട്ട് സ്ടാന്റില്‍ കക്കൂസ് തേടി നടക്കുന്ന ഒരാളെ പോലെ തെക്കും വടക്കും നടന്നു കൊണ്ടിരിന്നു.
അവസാനം അവര്‍ കുട്ടിയുമായി വന്നപ്പോള്‍ എനിക്ക് സമാധാനമായി.
ക്ലാസ് , ജോലി എന്നിവ കഴിഞ്ഞ് സുന്ദരിമാര്‍ പിന്നെയും അത് വഴി നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ ഒരു കട്ടന്‍ ചായയും കൂടി ഓര്‍ഡര്‍ ചെയ്തു.
"ചേച്ചി,...പഞ്ചസാര വേണ്ട... "
ഞാന്‍ അകത്തേക്ക് നോക്കി വിളിച് പറഞ്ഞു.
പായസം ഒക്കെ വളരെ അപൂര്‍വമായി ലഭിക്കുമായിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റെത് .90 കാലഘട്ടങ്ങളില്‍ ഞങ്ങളുടെ നാട്ടിലൊക്കെ പായസം വിശേഷ ദിവസങ്ങളില്‍ മാത്രം ഉണ്ടാക്കുന്ന ഒരു സാധനമായിരുന്നു.വല്ല ഓണമോ, വിഷുവോ വരണം പായസം കുടിക്കാന്‍.പിറന്നാളുകള്‍ ആഘോഷിക്കുന്ന ശീലം വീട്ടില്‍ പണ്ടേ ഇല്ല.അത് കൊണ്ട് ആ ദിവസങ്ങളിലും പായസം ഉണ്ടാക്കാറില്ല.. ഇന്നും കോളി ചാലിലും പരിസര പ്രദേശങ്ങളിലും അങ്ങനെ തന്നെ ആണ്.ഇടയ്ക്ക് പായസം വെച് കുടിക്കുന്നത് ഇന്നും ആടംഭരമാണ് ഞങ്ങളുടെ നാട്ടില്‍.ഇടയ്ക്കൊരു ദിവസം പായസം വെച്ചതിനു രാഘവേട്ടനെ ഭൂര്‍ഷ്വ ആക്കി മാറ്റിയവ രുണ്ട് അവിടെ.
ഇക്കാലത് പായസം കുടിക്കാന്‍ തോന്നിയാല്‍ അമ്മയോട് പറഞ്ഞാല്‍ ഉണ്ടാക്കുകയും ചെയ്യും.അല്ലെങ്കില്‍ ഞാന്‍ തന്നെ സേമിയ, പാല്‍, അണ്ടിപരിപ്പ് ,മുന്തിരി ,ഏലയ്ക്ക എന്നിവ വെച് ഇടക്ക് പായസമുണ്ടാക്കി കുടിക്കും.അന്ന് എന്തായാലും അത് നടക്കില്ല. തരുന്നത് കഴിക്കുക, അതെന്തായാലും..
കുഞ്ഞുനാളില്‍ എനിക്ക് പായസം ഒരു വീക്ക്നെസ്സ് ആയിരുന്നു.ഇന്ന് ആര്‍ത്തി കുറച് കുറഞ്ഞിട്ടുണ്ട് എന്നല്ലാതെ വലിയ മാറ്റമില്ല. ഒരിക്കല്‍ ഒരു അടിയന്തിരത്തിനു പോയി പായസം കഴിച്ച വന്നിട്ട് ഇപ്പോഴത്തെ താരം ടിന്റു മോനെ പോലെ അമ്മൂമ്മയോട് ചോദിച്ചിട്ടു മുണ്ട്
"അമ്മൂമ്മ എന്നാ മരിക്കുക " എന്ന്..
അതിനു വഴക്കും കൊണ്ടിട്ടുണ്ട്.അന്ന് മൊബൈലും നെറ്റും ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ ഒരു സന്തോഷ് പണ്ടി റ്റോ , വിനുമോനോ മറ്റോ ആയി തീര്‍ന്നേനെ.എന്തായാലും അതുണ്ടായില്ല.
വീടിനടുത് കുര്യന്‍ ചേട്ടന്റെ പറമ്പില്‍ വലിയൊരു പാറയുണ്ട്. നല്ല വലിപ്പത്തിലും വീതിയിലും ഉള്ള ഒരു പാറ. എന്റെയും എന്റെ സമ പ്രായക്കാരുടെയും പ്രധാന കളിസ്ഥലം ആ പാറ ആയിരുന്നു. ലക്ഷ്മണനെ രക്ഷിക്കാന്‍ ഹനുമാന്‍ മലയും ചുമന്നു പറന്നു പോകുമ്പോള്‍ ഒരു കഷ്ണം വീണാണ് ആ കല്ല് അവിടെ വന്നതെന്ന് ആരോ പറഞ്ഞ് ഒരു കഥ കാലാ കാലങ്ങളായി അവിടെ പരന്നിട്ടുണ്ടായിരുന്നു. അത് അവിടെ മാത്രമല്ല ഏത് നാട്ടില്‍ പോയാലും വല്ല കല്ലോ , മലയോ അസ്വഭാവികമായി ഉണ്ടായാല്‍ അത് ഹനുമാന്‍ ഇട്ടത് എന്നാണല്ലോ ?
അതിന്റെ മുകളില്‍ കയറിയാല്‍ രാജാവ് ആണെന്ന ഒരു ചിന്ത ഞങ്ങളില്‍ എല്ലാര്‍ക്കും വരുമായിരുന്നു.- ആ പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലം ആണത്. താഴെ കൂടി ജീപ്പ് പോകുന്നതും , ആള്‍ക്കാര്‍ നടന്നു പോകുന്നതും ഒക്കെ കാണാം അതില്‍ കയറി നിന്നാല്‍.ഒരു തരത്തില്‍ ഞങ്ങളുടെ ബുര്‍ജ് ഗലീഫ ആണത്. റബ്ബര്‍ തോട്ടതിനിടയില് അത് വലിയൊരു ബിംബം പോലെ നി ല്ക്കുന്നുണ്ടാകും. ഇന്നും ആ കല്ല് അങ്ങനെ തന്നെയുണ്ട്.
ഞാന്‍ ഇവിടേക്ക് വരുന്ന സമയത്ത് ആ കല്ല് ചെറുതായിരുന്നു എന്നും പിന്നീട് അത് വളര്ന്നതാനെന്നും പറഞ്ഞ് അച്ഛമ്മ എന്നെ പറ്റിച്ചിട്ടുണ്ട്.ആദ്യം ഒക്കെ ഞാന്‍ അത് വിശ്വസിച്ചു . പാറയുടെ പുറത്ത് ഇരിക്കുമ്പോള്‍ ആ കല്ല് വളരുന്നതായും, വളര്‍ന്നു വളര്‍ന്നു വലുതാകുമ്പോള്‍ അതിന്റെ മുകളില്‍ നിന്നും താഴേക്ക് വീഴുന്നതും ഞാന്‍ സ്വപ്നം കണ്ട് കരഞ്ഞിട്ടുമുന്ദ്. കുറച് മുതിര്‍ന്നപ്പോള്‍ കല്ലുകള്‍ വളരില്ല എന്നും പറഞ്ഞ് അച്ഛമ്മയോട് തര്‍ക്കികുയും ചെയ്തു, അച്ഛമ്മ നടന്നു വരുമ്പോള്‍ ബേ എന്ന് ശബ്ദമുണ്ടാക്കി അച്ഛമ്മയെ പേടിപ്പിച്ചും ഞാന്‍ അതിനൊക്കെ പകരം വീട്ടി.
ഇന്നും രാത്രി കാലങ്ങളില്‍ ചിലപ്പോള്‍ ഒറ്റയ്ക്ക് ഞാന്‍ ആ പാറയുടെ മുകളില്‍ വന്നു , അതില്‍ മലര്‍ന്നു കിടക്കും.
ഒന്ന് കണ്ണടച്ചാല്‍ മതി എന്റെ കുട്ടിക്കാലം എന്റെ കണ്‍ മുന്നില്‍ തെളിയും..
മുരിക്ക് മരം വെട്ടി ചക്രമാക്കി , വണ്ടിയാക്കി കളിച്ചത്...
കള്ളനും പോലീസും കളിച് , എന്നും മാതൃക പോലിസ് അവാര്‍ഡ് കിട്ടുന്നത്..
അടിച്ചില്‍ (ഒരു തരം കെണി ) ഒരുക്കി പക്ഷികളെ പിടിച് കളിക്കുന്നത്.. .
ഒടുവില്‍ അവസാന യാത്ര പറയാതെ നടന്നു പോയ മണി ,ബിനുവേട്ടന്‍
മുറുക്കി ചുവപ്പിച്ച ചുണ്ട്,ഇടയ്ക്കിടെ തുടച് കഥ പറഞ്ഞ് തരുമായിരുന്ന അച്ഛമ്മ എന്നിവരെയൊക്കെ എനിക്ക് കാണാന്‍ കഴിയും.
ഇടയ്ക്കിടെ പഴയ ഞാന്‍ വന്നു എന്റെ ഇപ്പോഴത്തെ അപഥ സഞ്ചാരം കണ്ട് എന്നെ ഉപദേശിക്കുകയും ചെയ്യും..അപ്പോഴൊക്കെ പഴയ എന്നെ , ഇപ്പോഴത്തെ ഞാന്‍ എന്റെ തടി, താടി മീശ എന്നിവ കാണിച് പേടിപ്പിക്കും. എന്നിട്ടും അവന്‍ എന്നെ കുറ്റപ്പെടുത്തും.ഞാന്‍ വഴി തെറ്റി സഞ്ചരിക്കുകയാണെന്നും .അവന്‍ എന്നെ കുറ്റപ്പെടുത്തുമ്പോള്‍ ഞാന്‍ അത് ശ്രദ്ധിക്കാന്‍ പോകില്ല. കാരണം ഞാന്‍ വഴി തെറ്റി സഞ്ചരിക്കുകയല്ല, തി രഞ്ഞെടുത്ത വഴിയിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്..
അന്ന് അത് പോലെ ഒരു ദിവസം പാറപ്പുറത്ത് കളിക്കുകയായിരുന്നു ഞാന്‍.ചുറ്റുമുള്ള റബ്ബര്‍ ഒരു കടലായി ഞാന്‍ സങ്കല്‍പ്പിച്ചു.അമര്‍ ചിത്ര കഥയില്‍ നോക്കി ഏട്ടന്‍ പറഞ്ഞ് തന്ന കഥയില്‍ ഒന്നില്‍ ഒരു ചെക്കന്‍ സ്രാവിന്റെ പുറത്തിരുന്നു പോകുന്ന ചിത്രം ഓര്‍മയുണ്ട്.അത് പോലെ ഞാന്‍ ആ പാറയെ സ്രാവാക്കി ചീറി പാഞ്ഞു കൊണ്ടിരുന്നു. എന്റെ പുറകില്‍ അനിയത്തിയും .അതിനിടയിലാണ് ദൂരെ റോഡിലൂടെ ഏട്ടനും സംഘവും വരുന്നത് കണ്ടത്..
അവരെ കണ്ട അനിയത്തി പെട്ടന്ന് ചാടി ഇറങ്ങാന്‍ നോക്കി.
ചുറ്റും കടലാണ് ചാടി ഇറങ്ങരുത് , മീനിനെ കരയിലാക്കട്ടെ എന്നും പറഞ്ഞ് ഞാന്‍ അവളെ തടഞ്ഞു. എന്നത്തേയും പോലെ ആദ്യം ഏട്ടന്റെയൊക്കെ അടുത്ത ഓടിയെത്തി അവരുടെ കയ്യിലുള്ള സാധനം കൈക്കലാക്കുക എന്ന ഗൂഡ ഉദ്യേശ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നത്തേയും പോലെ അവള്‍ കരഞ്ഞു കൊണ്ട് എന്റെ പിറകെ ഓടി ഞാന്‍ ചിരിച് കൊണ്ട് മുന്‍പിലും. ഓടി അവരുടെ മുന്‍പിലെത്തിയ ഞാന്‍ മുട്ടായിക്ക് വേണ്ടി കൈ നീട്ടി.ഏട്ടന്‍ കയ്യിലെ ചോറ്റു പാത്രം എനിക്ക് നീട്ടി. കഞ്ഞി കൊണ്ട് പോകുന്ന തൂക്ക് പാത്രമായിരുന്നു അത്.ഞാന്‍ അത് വാങ്ങി, അനിയത്തിയുടെ മുന്‍പില്‍ പോയി അവളെയും കാണിച് അത് തുറന്നു, അതില്‍ നിറയെ പായസം ഉണ്ടായിരുന്നു. അതിന്റെ ഗന്ധം ഞങ്ങള്‍ ഒന്നിച് ആഞ്ഞ് വലിച്ചു ശ്വസിച്ചു.
" ഇത് ഏട്‌ന്നു പായസം ? "
" ഇന്ന് സ്വാതന്ത്ര്യ ദിനം ആണ് ?"
പായസം തോണ്ടി തിന്നുന്നതിനിടയില്‍ ഞാനും അനിയത്തിയും മുഖാമുഖം നോക്കി. പിന്നെ ഞാന്‍ ഏട്ടനെ നോക്കി ചോദിച്ചു. അതെന്ത് ? ഈ സ്വാതന്ത്ര്യം ?
ഏട്ടന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
ബ്രിട്ടിഷ് , ഗാന്ധിജി , സമരം ..ഞങ്ങള്‍ അതൊന്നും ശ്രദ്ധിച്ചില്ല. പായസം കഴിക്കുന്നതിനിടയില്‍ എന്ത് സ്വാതന്ത്ര്യം?
എന്നിരുന്നാലും സ്വാതന്ത്ര്യത്തിനു മധുരമാണ് എന്ന് ഞാന്‍ അന്ന് മനസിലാക്കി.. അതെ സ്വാതന്ത്ര്യത്തിനു മധുരം തന്നെയാണ്.....
പകുതി തുറന്നിട്ട വിണ്ടോയിലൂടെ കാറ്റിനോടൊപ്പം കലര്‍ന്ന ജലതുള്ളികളും അകത്തേക്ക് നുഴഞ്ഞു കയറിക്കൊണ്ടിരുന്നു. ഏതാനും നിമിഷം മുന്‍പ് ഭാവി വധു ഫോണ്‍ വെച് പോയതെ ഉള്ളൂ..ഞങ്ങളുടെ സംസാരം ഇക്കാലത്ത് പെയ്യുന്ന മഴയെ പോലെയാണ്. ഏത് സമയത്ത് എപ്പോ അത് നടക്കുമെന്ന് അറിയില്ല. 20 ല്‍ താഴെ ആള്‍ക്കാരുമായി പച്ച നിറമുള്ള സര്‍ക്കാര്‍ ബസ് പാഞ്ഞു കൊണ്ടിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞു കാണും കായം കുളത്ത് നിന്നും തിരുവനന്തപുരം സൂപര്‍ എക്സ്പ്രസില്‍ കയറിയിട്ട് . എറണകുളത്ത് നിന്നും .ഋഷിയും വരുന്നുണ്ട്. തിരക്കിനിടയില്‍ പകല്‍ സഞ്ചരിക്കാന്‍ കഴിയാത്ത ദൂരം ഞാന്‍ രാത്രികളില്‍ സഞ്ചരിച് തീര്‍ത് കൊണ്ടിരുന്നു. ഇടയ്ക്കിടെയുള്ള എന്റെ ഏറണാകുളം , തിരുവനന്തപുരം യാത്രകള്‍ ഓഫിസിലെ പലര്‍ക്കും ഒരു സംശയമാണ്. രാത്രി പോകുന്നു , രാവിലെ വരുന്നു.. എന്താണ് പരിപാടി?? ഒരു രസം....അത്ര തന്നെ....സ്വയം പണിത ഒരു കൂട്ടില്‍ നിന്നും ഒരു കഴുകന്‍ ഇടയ്ക്ക് ലോ കത്തെ സ്വന്തം കണ്ണിലൂടെ കാണാന്‍ നടത്തുന്ന ഒരു യാത്ര , അങ്ങനെയാണ് രതീഷ് എന്റെ യാത്രയെ എനിക്ക് വിവരിച് തന്നത്.
തിരുവനന്തപുറത്ത് കുഞ്ഞി ഉണ്ട്, റോയ് ഉണ്ട്, ബിനു ഉണ്ട്, രാജിവേട്ടന്‍ ഉണ്ട്, ജിത്തു ഉണ്ട് പിന്നെ കുറേ ഓര്‍മകളും.. .ഇനി ഇവര്‍ ആ നഗരം ഒരിക്കല്‍ വിട്ടാലും ചാണക്യ, ഷോള , സഫാരി, എന്നിവ ഉണ്ടാകുമ്പോഴും എനിക്ക് ഇടയ്ക്ക് വരാതിരിക്കാന്‍ കഴിയില്ല..അതുമല്ലെങ്കില്‍ സിനിമ തിയേറ്ററുകള്‍ ഇവിടെ ഇല്ലേ ?ഇനി അഹങ്കരിക്കാന്‍ സ്വന്തം പത്മനാഭ സ്വാമിയും ആയില്ലേ? ...എന്തൊക്കെയായാലും , എങ്ങനെയായാലും എനിക്കീ നഗരത്തിലേക്ക് വരാതിരിക്കാന്‍ കഴിയില്ല....കാരണം അത് അങ്ങനെയാണ്..
ബസ് നല്ല നിയന്ത്രണത്തിലാണ് പോകുന്നത്.. ഞാന്‍ ഒന്ന് കിടക്കാന്‍ തീരുമാനിച്ചു. സീറ്റില്‍ നീണ്ട നിവര്‍ന്നു കിടന്നു, ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി .മെഹ്ദി ഹസന്‍ മധുരമായി ഗസല്‍ പാടി തുടങ്ങി....
കൈസേ ച്ചുപാവും യെ രാസ് ഹം...
ബീതായെ തന്‍ കോ ക്യാ കരൂം.....
ചുറ്റുമുള്ളവര്‍ ഫോണില്‍ സംസാരത്തിലും, കളിയിലും, മുഴുകി...സമയം ഒന്‍പതര കഴിഞ്ഞു കാണ ണം. ഞാന്‍ സീറ്റില്‍ മലര്‍ന്നു കിടന്നു ആകാശത്തേക്ക് നോക്കി...കണ്ണ് പകുതി അടച് ആകാശത്തേക്ക് നോക്കുമ്പോള്‍ ആകാശത്തിനെ മുകളില്‍ നിന്നും നോക്കുന്ന ഒരു പ്രതീതി...ആ നക്ഷത്രങ്ങള്‍ക്കും മഴമേഘങ്ങള്‍ക്കും താഴെ എവിടെയോ എന്റെ ഭൂമി ഉണ്ടെന്നു ഞാന്‍ വെറുതെ ഓര്‍ത്തു.കുഞ്ഞു നാളുകളില്‍ അമ്മൂമ്മ പറഞ്ഞ് തന്ന ഒരു കഥയില്‍ കിണര്‍ കുഴിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കഥ ഉണ്ടായിരുന്നു. അവര്‍ കിണര്‍ കുഴിച് കുഴിച് വെള്ളം കിട്ടുന്നേയില്ല.
മണ്ണ് കഴിഞ്ഞു...
കല്ല് കഴിഞ്ഞു...
എന്നിട്ടും വെള്ളം കിട്ടുന്നില്ല..തോല്‍വി സമ്മതിക്കാതെ അവര്‍ പിന്നെയും കുഴിച് കൊണ്ടിരുന്നു. കുഴിക്കുന്നതിനിടയില്‍ ആരൊക്കെയോ മരിച് വീണു..പലരും പെണ്ണ് കെട്ടി...അവര്‍ക്കും മക്കള്‍ ഉണ്ടായി...
അച്ഛന്മ്മാര്‍ മരിച്ചപ്പോള്‍ മക്കള്‍ ജോലി ഏറ്റെടുത്തു. എന്നിട്ടും വെള്ളം കിട്ടുന്നില്ല.അവസാനം ഒരാള്‍ ആഞ്ഞ വെട്ടിയപ്പോള്‍ ഒരു പശുവിന്റെ കരച്ചില്‍ കെട്ടു..പിറകെ ചീത്ത വിളിയും.അയാള്‍ പിക്കാസ് കൊണ്ട് വെട്ടിയത് ഒരു പശുവിന്റെ തലയില്‍ ആയിരുന്നു.അവര്‍ കുഴിച് കുഴിച് ഭൂമിക്കടിയിലൂടെ അടുത്ത ലോകത്ത് എത്തികഴിഞ്ഞിരുന്നു. അവസാനം അവിടെ നിന്നും ഭൂമിയിലെയും ഭൂമിക്കടിയിലെയും ആള്‍ക്കാര്‍ പരസ്പരം സംസാരിച് ഒരു ധാരണയിലെത്തി . പിന്നീട് കുഴിക്കുന്നവര്‍ പിന്‍ വാങ്ങി , തിരിച് കരയിലേക്ക് കയറി.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഷൂല്‍ വേണിന്റെ (ജൂള്‍സ് വെര്‍ന്നെ ) ജേര്‍ണി റ്റു ദി സെന്റര്‍ ഓഫ് ദി എര്‍ത്ത് വായിക്കുന്നതിനു മുന്പ് ഞാന്‍ ഈ കഥ കേട്ടത് കൊണ്ട് അന്ന് ആ പുസ്തകം വായിക്കുമ്പോള്‍ എനിക്ക് അമ്മൂമ്മയോട് ബഹുമാനം തോന്നി പോയി..ആ കഥ ഉണ്ടാക്കിയ എന്റെ മുന്‍ തലമുറകളോടും . നക്ഷത്രങ്ങളെ തന്നെ തുറിച് നോക്കിയിരുന്നപ്പോള്‍ നക്ഷത്രങ്ങള്‍ എന്റെ കണ്ണിനു അടുത്തേക്ക് വരുന്നത് പോലെ എനിക്ക് തോന്നി..
ബസ് ഒന്ന് കുലുങ്ങി...
കറങ്ങി കൊണ്ടിരിക്കുന്ന ചക്രം മഞ്ഞിലൂടെ തെന്നി പോകുന്ന ബസ് തെന്നി പോകുന്ന പ്രതീതി...
ഞാന്‍ സീറ്റില്‍ നിന്നും ഒന്ന് തെന്നി...
എന്തോ തകരുന്ന ശബ്ദം... കൂടെ ഒരു നിലവിളിയും...ബസിന്റെ ചക്രങ്ങള്‍ എന്തിലോ കയറി ഇറങ്ങി..
മൊബൈല്‍ തെറിച് പോയി...
ടൈറ്റാനിക്കിന്റെ അവസാന സീനുകളില്‍ കപ്പല്‍ ചെരിയുമ്പോള്‍ ആള്‍ക്കാര്‍ തെന്നി പോകുന്നത് പോലെ ഞാന്‍ കിടന്ന ഇടത്ത് നിന്നും ഒന്ന് തെന്നി താഴോട്ട്ട് നീങ്ങി. വീഴാതിരിക്കാന്‍ ഞാന്‍ കമ്പിയില്‍ മുറുക്കെ പിടിച്ചു.എന്റെ ഇടത് ഭാഗത്ത് ഇരിക്കുകയായിരുന്ന മനുഷ്യന്‍ ചാടി എഴുന്നേറ്റു. ...ബസില്‍ ബഹളം ..ഞാന്‍ തല ഉയര്‍ത്തി .ബസ് ചെരിഞ്ഞു നില്‍ക്കുന്നു...ബസ് ഒരു 25 30 ഡിഗ്രി ചെരിഞ്ഞു നില്‍ക്കുന്നു. ഞാന്‍ ആദ്യം എന്റെ മൊബൈല്‍ നോക്കി. അത് കാണുന്നില്ല.ആള്‍ക്കാരൊക്കെ പെട്ടന്ന് പുറത്തേക്ക് ഇറങ്ങാനുള്ള പുറപ്പാടിലാണ്..പുറത്ത് ഓടിക്കൂടിയ ആള്‍ക്കൂട്ടം ബസില്‍ തല്ലുന്നു . ഡ്രൈവറെ തെറി വിളിക്കുന്നു. ഞാന്‍ സഹ യാത്രികനോട് ചോദിച്ചു..
" എന്തിലാ ഇടിച്ചത് ?"
"ബൈക്ക് ആണ്.. "
"ഓഹോ..ബൈക്കില്‍ ആരാ യാത്ര ചെയ്യുന്നത് ?"
അയാളെന്നെ ഒന്ന് നോക്കി..അതിന്റെ നോട്ടം മനസിലായ ഞാന്‍ സീറ്റിനടിയില്‍ പോയ മൊബൈല്‍ എടുക്കാന്‍ കുനിഞ്ഞു.മൊബൈല്‍ എടുത്ത് എഴുന്നേറ്റപ്പോളാണ് എനിക്ക് ദുരന്തം ശരിക്കും മനസിലാക്കാന്‍ കഴിഞ്ഞത്. ബസ് ബൈക്കിനെ ഇടിച് റോഡില്‍ നില്‍ക്കുന്നു എന്നാണു ഞാന്‍ കരുതിയത്. എന്നാല്‍ അതല്ല, ബസ് റോഡില്‍ നിന്നും മാറി , ചെരിഞ്ഞ് , ഇടത്ത് വശത്തുള്ള ഒരു ചതുപ്പിലേക്ക് ചെരിഞ്ഞ് നില്‍ക്കുകയാണ്..ബസിന്റെ ഹെഡ് ലിറ്റില്‍ നിന്നും ചതുപ്പില്‍ കിടക്കുന്ന ചെളിയും , ചെടികളും കാണാന്‍ കഴിഞ്ഞു..ഞാന്‍ കരുതി ബൈക്കില്‍ ഉള്ള ആള്‍ തീര്‍ന്നു കാണും..രംഗ ബോധമില്ലാത്ത കോമാളി അയാളുമായി ബന്ധപ്പെട്ട , അയാളുടെ അച്ഛന്‍ അമ്മ ഭാര്യ മക്കള്‍ സുഹൃത്തുക്കള്‍ എന്നിവരെ നോക്കി കൊഞ്ഞാനം കുത്താന്‍ പോകുന്നു ഇനി.
ബസ് ഒന്ന് കൂടി ആടി ഉലഞ്ഞു .ആരൊക്കെയോ ബഹളം വെക്കുന്നു. എന്റെ വായില്‍ നിന്നും ഒരു വാക്ക് പുറത്തേക് തള്ളി വന്നു (അയ്യോ അയ്യോ അയ്യോ അയ്യോ പിറകെ വടിവേലുവിനെ പോലെ മുഖഭാവം വരുത്തി ഒരു കരച്ചിലുമായിരിക്കണം അത് . അറിയില്ല.. :)), പക്ഷെ അത് തൊണ്ടയില്‍ തന്നെ ഞാന്‍ നിര്‍ത്തി , പകരം വേറെ വാക്ക് പുറത്തേക്ക് ചാടി...
"ആരും പേടിക്കണ്ട... ആരും, പേടിക്കണ്ട... ബഹളം വെക്കരുത് , " (ബഹളം വെക്കുന്നത് എനിക്ക് പേടിയാ :( )
എന്നെ ഒന്ന് രണ്ടാല്‍ക്കാര്‍ തിരിഞ്ഞ നോക്കി.ഞാന്‍ ബസിന്റെ ഏറ്റവും പിറകിലാണ്.എല്ലാവരും ഇറങ്ങിയിട്ടെ എനിക്ക് ഇറങ്ങാന്‍ കഴിയൂ. ബസില്‍ നിന്നു ആള്‍ക്കാര്‍ ഇറങ്ങി തുടങ്ങി. ബസ് ഓരോ ആള്‍ക്കാര്‍ ഇറങ്ങുമ്പോഴും ആദിക്കൊണ്ടിരിക്കുകയാണ് ..ഞാന്‍ വലത് വശത്തൂടെ പുറത്തേക്ക് നോക്കി. ആള്‍ക്കൂട്ടം ബഹളം വെക്കുന്നു. ബസില്‍ തല്ലുന്നു. അവര്‍ അങ്ങനെ ചെയ്യാതിരിക്കില്ല. ഒരു മനുഷന്‍ ബസിന്നടിയില്‍ കിടക്കുകയാണ്. പ്രാണന്‍ ഉണ്ടോ ഇല്ലയോ എന്നറിയാതെ...
" ഹലോ , ഇത് കെ എല്‍ 45 ** ലെ ഡ്രൈവര്‍ ആണ്. ബസ് ഒരു ബൈക്കില്‍ തട്ടി."
"............................"
"അറിയില്ല .ബസിന്നടിയില്‍ ഉണ്ട് "
"........................"
" ആ തായോളി ഒരുമാതിരി കാലിന്റെ ഇടയിലേക്ക് കേറണ പോലെ കേറി വന്നതാ ഇതിനു നേരെ "
ഡ്രൈവര്‍ ഫോണില്‍ ആരോടോ സംസാരിക്കുകയാണ്. ഡ്രൈവറുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല ഇതില്‍. നേര്‍ വഴിയിലൂടെ ,മാന്യമായ സ്പീഡില്‍ പ്പോകുകയായിരുന്ന ബസില്‍ ബൈക്ക് ആണ് തെറ്റായ ദിശയിലൂടെ വന്നു കയറിയത്. പക്ഷെ ഇലയും മുള്ളും പോലെ ഇവിടെയും ബസ് ഡ്രൈവര്‍ ആണ് കുറ്റക്കാരന്‍.
പ്ടും
ആരോ ബസില്‍ ആഞ്ഞു ഇടിച്ചു.ഡ്രൈവറോഡ് തട്ടിക്കയറി..
"നീ അവിടിരുന്നു കൊണവധികരിക്കല്ലെടാ "
ഡ്രൈവര്‍ അയാളെ ഒന്ന് തറപ്പിച് നോക്കി ഫോണില്‍ സംസാരം തുടര്‍ന്നു.
ബസ് ഇടത് ഭാഗത്തേക് ചെരിഞ്ഞു നില്‍ക്കുകയാണ്. മുന്‍ ഭാഗത്ത് മാത്രമേ ഡോര്‍ ഉള്ളു. അതിലൂടെ എല്ലാവരും ഇറങ്ങി കൊണ്ടിരുന്നു. ഞാന്‍ തലയെണ്ണി. ഒന്ന്, രണ്ട്, മൂന്ന്, ......ഇനിയും 8 , 9 ആള്‍ക്കാര്‍ ഇറങ്ങിയാലെ എനിക്ക് ഇറങ്ങാന്‍ കഴിയൂ. ഞാന്‍ ഒന്ന് തല ചൊറിഞ്ഞു.ബസ് മറിയുമോ ? മറിയുമോ ?
ഞാന്‍ ഇടത് വശത്തേക്ക് നോക്കി.. അവിടെ മൊത്തം ചെളിയും പായലുമാണ്. ബസോ മറ്റോ അങ്ങോട്ടേക്ക് മറിഞ്ഞാല്‍ ചെളിയില്‍ കുതിര്‍ന്ന് , മൊത്തം നനഞ്ഞ് ,അയ്യേ അയ്യേ.. ചാണകത്തില്‍ വീണ സലിം കുമാറിന്റെ അവസ്ഥ ആകുമോ എന്ന് ഞാന്‍ ചിന്തിച്ചു. പെട്ടെന്ന് എനിക്ക് ചിരിയും വന്നു. പക്ഷെ ഞാന്‍ ചിരി പിടിച് നിറുത്തി. എന്റെ തൊട്ടു മുന്‍പില്‍ നില്‍ക്കുകയായിരുന്ന മനുഷ്യന്‍ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നു. അയാളുടെ പുച്ഛം. ഭയം. നിസഹായത ഒക്കെ..എന്റെയും അവസ്ഥ അത് തന്നെയാണ്.
" കല്ല്യാണം കഴിച്ചില്ല അല്ലെ?"
എന്നോട് അയാള്‍ ചോദിച്ചു. ഞാന്‍ ഇല്ലായെന്ന് തലയാട്ടി. അത് കൊണ്ടാട നീ ചിരിക്കുന്നത് എന്ന ഭാവത്തില്‍ അയാള്‍ എന്നെ ഒന്ന് കൂടി നോക്കി.
അവസാനം എന്റെ ഊഴമെത്തി. മുന്‍പില്‍ എത്തിയപ്പോഴാണ് ഞാന്‍ ബസിന്റെ ശരിക്കുള്ള അവസ്ഥ കണ്ടത്. ബസിന്റെ മുന്‍ ഭാഗം കരയിലും വെള്ളത്തിലും എന്ന അവസ്ഥയില്‍ കിടക്കുകയാണ്.അവിടെ ബസ് നല്ല വണ്ണം ചെരിഞ്ഞിരിക്കുകയാണ്.ഞാന്‍ ഒന്ന് നോക്കി. ഡ്രൈവറിന്റെ ഡോറിലൂടെ ഇറങ്ങിയാലോ? അവിടെ താഴെ ഒരു മനുഷ്യന്‍ നില്‍ക്കുന്നുണ്ട്. അയാള്‍ എന്റെ നേരെ കൈ നീട്ടി.
" ചേട്ടാ, പതുക്കെ ഇറങ്ങിക്കോ "
" കുഴപ്പമില്ലല്ലോ ?"
"ഇത്രേം ആള്‍ക്കാര്‍ ഇറങ്ങിയതല്ലേ ? ..സംസാരിക്കാന്‍ സമയമില്ല വേഗം ഇറങ്ങ് "
"ഡോയ് , അയാളോട് വേഗം ഇറങ്ങാന്‍ പറ..ഒരുത്തന്‍ ഇവിടെ പുളഞ്ഞോണ്ട് ഇരിക്കുകയാ ഇതിനടിയില്‍. വേഗം ഇറക്കെട..." ആരോ വിളിച് പറഞ്ഞു . ഞാന്‍ ഇറങ്ങുമ്പോള്‍ ബസ് പുളയുന്നതും അത് എന്റെ മുകളില്‍ വീണ് , എന്നെ അമര്‍ത്തി ശ്വാസം മുട്ടിച് , ചതച് കൊല്ലുകാന്‍ പോവുകയാണോ ? എന്റെ തെയ്യങ്ങളേയും കാരണവര്‍മ്മാരെയൊക്കെ ധ്യാനിച് ഞാന്‍ ബസില്‍ നിന്നും കാല്‍ പുറത്തേക് വെച്ചു.
ബസ് വീണില്ല.
ഒന്നും സംഭവിച്ചില്ല.
പുറത്തിറങ്ങിയാണ് ഞാന്‍ ബസിന്റെ ശരിക്കും ഉള്ള അവസ്ഥ കണ്ടത്.ഒരു മീറ്റര്‍ കൂടി മുന്പോട്റ്റ് വന്നിരുന്നെങ്കില്‍ പത്രത്തില്‍ പടവും വാര്‍ത്തയും ഒരു പക്ഷെ വന്നേനെ .
.റോഡില്‍ വാഹങ്ങളുടെ നീണ്ട നിര..
അവിടേം ഇവിടേം ചിതറി കിടക്കുന്ന ആള്‍ക്കൂട്ടം ഓരോ കമന്റ് പറയുന്നു
ബസിനെ ആരൊക്കെയോ ചേര്‍ന്ന് തള്ളി..
വീഴാന്‍ പോകുന്ന മരത്തിനെ പോലെ അത് ആടിക്കൊണ്ടിരുന്നു..
പലരും കണ്ണ് പൊത്തി. സ്ത്രീകള്‍ നില വിളികള്‍ തൊണ്ടയില്‍ ഒതുക്കി നിറുത്തി.
കുട്ടികള്‍ ആഹ്ലാദത്തോടെ നോക്കി നിന്നു..
പക്ഷെ ബസ് വീണില്ല..
ഒരു പോലിസ് ജീപ്പ് ചീറി പാഞ്ഞു വന്നു..
ബസിനടിയില്‍ നിന്നും ഒരാളെ തൂക്കിയെടുത്ത് ആള്‍ക്കാര്‍ കൊണ്ട് വന്നു ആ ജീപ്പില്‍ കയറ്റി.
" എന്തായി തീര്‍ന്നോ?"
"ഇല്ല..ജീവനുണ്ട്..."
ഞാന്‍ നെഞ്ചില്‍ കൈ വെച് ഒന്ന് കണ്ണടച്ചു .അയാളെ വികലാന്ഗന്‍ ആക്കല്ലേ ദൈവമേ....
((ഈ യാത്രക്കിടയില്‍ ഒരു പാട് കോമഡികള്‍ ഉണ്ടായി...
എന്റെ കൂടെ തിരുവനന്തപുരം വരെ യാത്ര ചെയ്യാന്‍ 4 ആള്‍ക്കാരെ എനിക്ക് കൂട്ട് കിട്ടി. ഒരു മെഡിക്കല്‍ റെപ്, സൂര്യ ടിവിയില്‍ ജോലി ചെയ്യുന്ന ഒരു യുവതി ,മുത്തൂറ്റില്‍ ജോലി ചെയ്യുന്ന വേറൊരു മനുഷ്യന്‍ , പിന്നെ മാന്യനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ , ആ കഥ വേറെ എപ്പോഴെങ്കിലും പറയാം. ) )
മുഖത് തണുത്ത കാറ്റടിച്ചപ്പോള്‍ ഞാന്‍ ഉള്ളില്‍ പുഞ്ചിരിച്ചു.
ഇതെന്റെ പ്രിയപ്പെട്ട നഗരത്തിന്റെ ഗന്ധമാണ്..
എനിക്ക് പലതും തന്ന, പല തിരിച്ചറിവുകളും തന്ന
എന്റെ സ്വന്തം നഗരത്തിന്റെ ഗന്ധം.....
തമ്പാനൂരിന്റെ ഗന്ധം...
ബസ് യൂനിവേര്‍സിറ്റി കോളേജ് കഴിഞ്ഞ് നിയമ സഭയോട് അടുക്കുകയായിരുന്നു.
അല്ലെങ്കിലും തമ്പാനൂരിലെക്കുള്ള യാത്രകളില്‍ എനിക്ക് തടസം ഉണ്ടാകില്ല.....
ഒരു കട്ടന്‍ ചായ...
റേഡിയോ പാട്ട്...
കൂടെ ഈ നഗരവും ചേരുമ്പോള്‍ അത് സ്വര്‍ഗ്ഗമാണ്...ഞാന്‍ കണ്ണ് തുറന്നു തമ്പാനൂരിനെ നോക്കി പുഞ്ചിരിച്ചു...തമ്പാനൂര്‍ എന്നെ സ്വീകരിക്കാന്‍ കൈ നീട്ടിയിരിക്കുന്നു.
2008 ലെ ഏപ്രില്‍ മാസത്തിനു ഒരു പ്രതേകതയും ഇല്ലായിരുന്നു..എല്ലാ കൊല്ലത്തെയും പോലെ ഏപ്രില്‍ ഫൂള്‍ കഴിഞ്ഞു, ആദി, ജിത്തു, ബിജു, അനുപമ എന്നിവരുടെ ജന്മമ ദിനങ്ങള്‍ കഴിഞ്ഞു.വിഷു കഴിഞ്ഞു.പിന്നെ ഒരു പ്രതെകത ഉണ്ടായത് കാലം തെറ്റി ഒരു മഴ പെയ്തു എന്നുള്ളത് മാത്രമാണ്.ജീവിതം കുഴപ്പമില്ലാതെ തട്ടിയും മുട്ടിയും കടന്നു പോവുകയായിരുന്നു.അതിനിടയില്‍ രമേശന്റെ സുഹൃത്ത് (ഇപ്പോള്‍ എന്റെയും ) ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വില്ല്യം ഐസക് ഒരു പരിപാടിക്ക് കാസര്‍കോട് വന്നത്.ഞാനും ആദിയും സജാസും കൂടി ആ രാത്രി അവന്റെ കൂടെ ആയിരുന്നു..ഉപ്പളയ്ക്കടുതായിരുന്നു പരിപാടി.അവനെ കാണാന്‍ സുന്ദരിമാര്‍ പൊതിയുന്നത് കണ്ട ഭയങ്കരമായ് അസൂയ വന്നു,അവന്റെയൊക്കെ ടൈം അളിയാ എന്ന് പറഞ്ഞ് ഞങ്ങള്‍ ഇരുണ്ട ആകാശത്തിനെ നോക്കിയിരുന്നു. ഒരു സെലബ്രിറ്റി ആകാന്‍ ഉള്ള എന്റെയും സജാസിന്റെയും ആഗ്രഹം അതോടെ കൂടുകയും ചെയ്തു. .(ആദി സെലബ്രിറ്റി അല്ലെങ്കിലും അപ്പോഴേ താരമാണ് എന്നുള്ളത് കൊണ്ട് അവന്‍ വില്യമിനെ കാണാന്‍ വന്ന പെണ്‍ പിള്ളേരെ ചാകിലാക്കി കൊണ്ടിരുന്നു ) .വില്ല്യം പാടി തുടങ്ങി. മനോഹരമായിരുന്നു അവന്റെ പാട്ട്ട്. പരിപാടിയില്‍ മുഴുകി ഇരിക്കുമ്പോള്‍ ആദിക്ക് ഒരു വിളി വന്നു, കാസര്‍കോട് ടൌണില്‍ നിന്നും വേറൊരു സുഹൃത്തായിരുന്നു വിളിച്ചത്.നല്ല വാര്‍ത്ത ആയിരുന്നില്ല അപ്പുറത് ,ടൌണില്‍ ഒരുത്തനെ കുത്തിക്കൊന്നു..അസ്വഭാവികമായി ആരെങ്കിലും കൊല്ലപ്പെടുകയോ മാറോ ചെയ്‌താല്‍ ഓരോ ഭാഗത്തും ഓരോ കാരണങ്ങളാകം പൊതുവേ നമ്മുടെ ചിന്തയില്‍ വരുന്നത്.
കണ്ണൂര്‍ ആണെങ്കില്‍ രാഷ്ട്രീയ കൊലപാതകം...
ബോംബൈ ആണെങ്കില്‍ അധോലോകങ്ങളുടെ ചേരിപ്പോര് അല്ലെങ്കില്‍ തീവ്രവാദി ആക്രമണം.
ജമ്മുവില്‍ മൈന്‍ പൊട്ടിത്തെറിച് മരണം...
അത് പോലെ കാസര്‍കോടിന്റെ ഒരു സ്വഭാവം വെച്ച് ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ഒട്ടുമിക്ക ആള്‍ക്കാരും പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്..
ഹിന്ദുവോ മുസ്ലീമോ?? ആദിയുടെയും ചോദ്യം അത് തന്നെയായിരുന്നു..
"------." അപ്പുറത്ത് നിന്നും മറുപടി വന്നു.
"ഓഹോ അപ്പോള്‍ നാളെ മുതല്‍ ആഘോഷമായിരിക്കും അല്ലെ?"
ഞാനും സജാസും ഒന്ന്മുഖാ മുഖം നോക്കി ,നേരിയ ഒരു ഭയം ആള്‍ക്കൂട്ടത്തില്‍ നിന്നും വന്നു എന്നെ പൊതിഞ്ഞതായ് തോന്നി. പക്ഷെ ആദിക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു.അവന്‍ ചിരിച്ച് കൊണ്ട് ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു.അവന്‍ കാസര്‍കോടിനെ കുഞ്ഞു നാള്‍ മുതല്‍ കാണുന്നവനാണ്.ഞാനും സജാസും വരുത്തന്മ്മാരാണല്ലോ ?അതിന്റെ ഒരു ഭയം എവിടെയോ ഉടക്കി കിടന്നിരുന്നു.
അന്ന് പരിപാടി കഴിഞ്ഞ മടങ്ങുമ്പോള്‍ മനസ്സില്‍ മൊത്തം ഭയമായിരുന്നു ചെറിയ ഒരു കാര്യത്തിനു വരെ വിറയ്ക്കുന്ന ഒരാളാണ് ഞാന്‍ .അതിനിടയിലാണ് ടൌണില്‍ ആരോ കൊല്ലപ്പെട്ടിരിക്കുനത്..സമയമാണെങ്കില്‍ രാത്രിയും,ആവശ്യമില്ലാത്ത ഒരു പേടി എന്റെ മനസ്സില്‍ നിറഞ്ഞു. കാര്‍ കുമ്പളയും കടന്നു ഇരുട്ടിനെ കീറി കാസര്‍കോട് ടൌണിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു. ആദി വില്ല്യമിനോട് എന്തൊക്കെയോ സംസാരിച് കൊണ്ടിരുന്നു, സജാസും സംസാരിക്കാന്‍ കമ്പനി കൊടുത്തു.ഞാന്‍ മാത്രം എന്തോ ഭയത്തോടെ സിഗരറ്റ് പുകച് തള്ളിക്കൊണ്ടിരുന്നു..കാറ്റത്ത് സിഗരറ്റ് വേഗത്തില്‍ എരിഞ്ഞു കൊണ്ടിരുന്നു.കാസര്‍കോട് അടുക്കുംതോറും മനസ്സില്‍ ഭയം നിറഞ്ഞു കൊണ്ടിരുന്നു..നഗരം മഞ്ഞയും ചുവപ്പും കലര്‍ന്ന നിറത്തില്‍ തെളിഞ്ഞ് നിന്നിരുന്നു. കാര്‍ കരന്ധകാട് ട്രാഫിക് സര്‍ക്കിള്‍ ചുറ്റി തിരിഞ്ഞ് വീണ്ടും മുന്പോട്ട് റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി കുതിച്ചു.
സ്റ്റെഷനെത്തി
ടിക്കറ്റെടുത്തു
വില്ല്യം കെട്ടിപ്പിടിച് യാത്ര പറഞ്ഞു.
നിഗൂഡമായ എന്തൊക്കെയോ വഹിച്ച് ശാന്തമായ് (?) ഒഴുകുന്ന ചന്ദ്രഗിരിപുഴയുടെ പാലം കടന്നു വില്യമിനെയും വഹിച്ച് പേരോര്‍മയില്ലാത്ത ഒരു തീവണ്ടി പാഞ്ഞു പോയി...
പിറ്റേന്ന് സൂര്യോദയം കുഴപ്പമില്ലാതെ കടന്നു പോയി...
കാപ്പി കഴിഞ്ഞു ആരൊക്കെയോ എവിടെയോ ഒത്തു കൂടി ഗൂഡാലോചന നടത്തി.പകരം വീട്ടണം.
ഉച്ചയ്ക്ക് മുന്പ് ഇന്നലെ രാത്രി കൊല്ലപ്പെട്ടതിന്റെ എതിര്‍ വിഭാഗത്തില്‍ പെട്ട ഒരു വക്കീല്‍ കൊല്ലപ്പെട്ടു...
കുറേ കഴിഞ്ഞു എതിര്‍ ഭാഗത്ത് ഒരു മധ്യ വയസ്ക്കന്‍.. നിര്‍ഭാഗ്യത്തിനു അതെനിക്കറിയുന്ന ഒരു സുഹൃത്തിന്റെ പിതാവായിരുന്നു..
രാത്രി ഒരു ബൈക്ക് യാത്രികന്‍..
എണ്ണം കൂടി കൂടി വന്നു, കാസര്‍കോട് കാരെ ഒരു തരം കറുത്ത മൌനം പൊതിഞ്ഞു.എന്തൊക്കെയോ പൊട്ടലും ചീറ്റലുകളും ഏത് നിമിഷവും പ്രതീഷിച് ആശങ്കയോടെ കാസര്‍കോട് നിവാസികളും.
കട കമ്പോളങ്ങള്‍ അടഞ്ഞു...
സ്കൂളുകള്‍ പൂട്ടി..
നഗരത്തില്‍ അന്ന് സന്ധ്യയോടൊപ്പം കര്‍ഫ്യൂവും പരന്നു. എവിടെ നിന്നൊക്കെയോ പോലിസ് ബറ്റാലിയന്‍ ഇറങ്ങി .കര്‍ഫ്യൂ വന്നിട്ടും കൊലയാളികള്‍ പതുങ്ങി നടന്നു ഒന്ന് രണ്ട് കൊലകള്‍ പിന്നെയും നടത്തി.
പോലിസ് ഇറങ്ങി...പട്ടാളം ഇറങ്ങി...ആര്‍ പി എഫ് , മലയാളം അറിയാത്ത .പോലിസ് കാരും കര്‍ണ്ണാടകയില്‍ നിന്നും ഇറങ്ങി . കാസര്‍കോട് നഗരത്തില്‍ താമസക്കരെക്കാളും കൂടുതല്‍ പോലിസ് നിറഞ്ഞു.പോലിസ് നിരത്തുകളും വീഥികളും കയ്യേറി. കാസര്കോട്ടുകാര്‍ മാത്രം വീടുകളില്‍ ഒതുങ്ങി കൂടി..
കര്‍ഫ്യൂ ഒന്നാം ദിവസം :
പകല്‍ ഇളയച്ഛന്റെ വീടില്‍ തന്നെ ഞാന്‍ കൂടി..അയാള്‍ വാസികളായ ഹിന്ദു മുസ്ലീങ്ങള്‍ ഒന്നിച്ചിരുന്നു വര്‍ത്തമാനം പറഞ്ഞു. അവരുടെ മക്കള്‍ ഒന്നിച്ച് പ്രതീഷിക്കാതെ കിട്ടിയ അവധി ആഘോഷിച്ച് കളിച്ച് നടന്നു..പള്ളികളില്‍ നിന്നും ബാങ്ക് വിളികളും അമ്പലങ്ങളില്‍ പൂജാദി കര്‍മ്മങ്ങളും മുടക്കമില്ലാതെ നടന്നു.ചുറ്റു വട്ടതുള്ളവര്‍ അവസ്തയോര്ത് പരിതപിച്ചു.
അന്നെനിക്ക് ഭക്ഷണം , വായു, ജലം എന്നിവ പോലെ ഒരു അവശ്യ വസ്തു ആയിരുന്നു സിഗരറ്റും. വലികാന്‍ മുട്ടിയ ഞാന്‍ അവസാനം
തൊട്ടടുത്തുള്ള കടയില്‍ സിഗരറ്റ് വലിക്കാന്‍ ചെന്നു ഞാന്‍.അവിടെ വെച്ച് വെട്ടു കത്തി പൊതിഞ്ഞു നടക്കുന്ന ഒരാളെ കണ്ടു..ഭയന്നുവെങ്കിലും അയാള്‍ വല്ല പണിയും കഴിഞ്ഞു വരികയായിരിക്കും എന്ന് സ്വയം സമാധാനിച്ചു.അന്നും പോലിസിനെയൊക്കെ വെല്ലു വിളിച്ച് ഒരാളെ കൂടി കൊലയാളികള്‍ കൊന്നു തള്ളി.
ഇളയമ്മ പിറ്റേ ദിവസം കോഴിക്കോട് പി എസ് സി പരീക്ഷയ്ക്ക് പോകേണ്ട കാര്യം ഓര്‍മിപ്പിച്ചു .സര്‍ക്കാരുദ്യോഗസ്ഥയാവാന്‍ എളേമ്മയുടെ അവസാന ശ്രമം. പോകണോ , നാളെ പോകാതിരുന്നൂടെ എന്ന് ഞാന്‍ ഒന്ന് കൂടി ചോദിച്ചു.എലെമ്മയുടെ തീരുമാനത്തില്‍ മാറ്റം ഇല്ലായിരുന്നു.കോഴിക്കോടാണ് പരീക്ഷ. ഇളയച്ച്ചന്‍ കോഴിക്കോട് മൈനിംഗ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫിസര്‍ ആണ്.എളെമ്മയെ പിറ്റേന്ന് രാവിലെ ട്രെയിന്‍ കയറ്റി വിടാന്‍ എനിക്ക് ഇളയച്ച്ചന്‍ ഉത്തരവ് തന്നതാണ്.അത് ചെയ്യാതിരിക്കാനും കഴിയില്ല. രാത്രി ആദിയെ വിളിച് സംസാരിച് ഞാന്‍ അല്പം ധൈര്യം വരുത്തി..രാവിലെ റെയില്‍വേ സ്റ്റെഷനിലെക്ക് പോകാനുള്ളതാണ്.എന്തൊക്കെയോ ഓര്‍ത്ത് ,എന്ത് തേങ്ങയാനെങ്കിലും തലയില്‍ വീഴാനുള്ളത് വീഴും എന്ന് പറഞ്ഞു ഉറങ്ങാന്‍ കിടന്നു. അന്ന് രാത്രി ഞാന്‍ ശരിക്കും ഉറങ്ങിയില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു..
കര്‍ഫ്യൂ രണ്ടാം ദിവസം :
അതി രാവിലെ ആറര മണിക്ക് തന്നെ ഇളയമ്മയും ഞാനും ഇറങ്ങി. കുട്ടി , വാവ, അഭി വീട്ടില്‍ തന്നെയുണ്ട്..ഒരു ഫോണ്‍ അവരെ ഏല്‍പ്പിച്ച് ഞങ്ങള്‍ പുറത്തേക്കിറങ്ങി..
ഉദയഗിരി എത്തിയപ്പോള്‍ ഒരു പോലിസ് വണ്ടി വന്നു. അവരുടെ ദയയില്‍ അതില്‍ കയറി ഞങ്ങള്‍ വിദ്യാനഗറില്‍ എത്തി.പോലിസ് അവിടെ നിന്നും ഞങ്ങളെ തനിച്ചാക്കി ചേര്‍ക്കള ഭാഗത്തേക്ക് പോയി.ഞങ്ങള്‍ മാത്രം അവിടെ ബസ് സ്ടാന്റില്‍ തനിച്ചായി. ഏതാനും മിനിറ്റില്‍ ഒരു ഓട്ടോ വന്ന് നിന്നു.കാര്യം പറഞ്ഞപ്പോള്‍ അയാള്‍ ഇരട്ടി ചാര്‍ജ് ആവശ്യപ്പെട്ടു..സാഹചര്യം അതായത് കൊണ്ട് ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിഞ്ഞില്ല..ഇളയമ്മയെ സ്റ്റേഷനില്‍ എത്തിച്ച് വീട്ടിലേക്ക് തിരിച്ചെത്തുക എന്നൊരു ലക്‌ഷ്യം മാത്രം മനസ്സില്‍.ഓട്ടോ പുറപ്പെട്ടു.അവിടേം ഇവിടേം ഒന്ന് രണ്ടാല്ല്ക്കാര്‍ മാത്രം.. സമയം ആറെ നാല്പത് ആവുന്നു. .ഓട്ടോ കോളേജും കടന്നു അണംകൂര്‍ എത്തി.അവിടെയൊക്കെ ഒന്ന് രണ്ട് ആള്‍ക്കാര്‍ കൂടിയിരിക്കുന്നു. അവര്‍ ഓട്ടോയെ നോക്കി. വല്ലയിടത് നിന്നും കല്ലോ മറ്റോ പറന്നു വരുന്നുണ്ടോ എന്നായിരുന്നു എന്റെ നോട്ടം. നുള്ളിപ്പാടി എത്തിയപ്പോഴും കല്ല് പ്രതീക്ഷിച്ചു. ഓട്ടോ പുതിയ ബസ് സ്ടാണ്ട് കഴിഞ്ഞു. അവിടെ പള്ളിയും അമ്പലവും മുഖാമുഖം നോക്കി താടിക്ക് കൈയും കൊടുത്ത് തല കുനിച്ചിരിക്കുന്നു.
തായലങ്ങാടി വഴി ഓട്ടോ കടന്നു പോയപ്പോള്‍ നടന്നു നീങ്ങുന്ന ആള്‍ക്കാരെ കണ്ടു.ടൌണില്‍ ചില ഭാഗത്ത് ഒന്ന് രണ്ട് പോലിസ് നില്‍ക്കുന്നുണ്ടായിരുന്നു.ഓടോ റെയില്‍വേ സ്റ്റെഷനിലെത്തി.അവിടെ പരിചയമുള്ള ഒരു ചേച്ചിയെ കണ്ടു,അവരെ ഇളയമയ്ക്ക് പരിചയപ്പെടുത്തി അതെ ഓട്ടോയില്‍ ഞാന്‍ തിരിച്ച് വരാന്‍ തീരുമാനിച്ചു. ഓട്ടോ പുറപ്പെടും മുന്പ് ഒട്ടോയിലെക്ക് രണ്ട് പേര്‍ കൈ കാണിച്ചു.ഓട്ടോക്കാരന്‍ എന്നെ തിരിഞ്ഞ് നോക്കി, ഞാന്‍ ഒന്ന് ആലോചിച്ച് അവരെ കൂടി ഓട്ടോയില്‍ കയറ്റാന്‍ തീരുമാനിച്ചു. ഓട്ടോ തിരിച്ചു വിദ്യാനഗറിലേക്ക്, ഇറങ്ങാന്‍ സൌകര്യത്തിനു ഞാന്‍ ഇടത് ഭാഗത്ത് അറ്റത്തായ് ഇരുന്നു.
ഓട്ടോ തിരിച്ച് വിദ്യാനഗരിലേക്ക്, മനസ്സില്‍ സമാധാനം കുറേശെ നിറഞ്ഞു. ഇത് വരെ പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ? പുതുതായി എനിക്ക് കിട്ടിയ സഹയാത്രികര്‍ മാന്യന്മ്മാരാണ്. കുഴപ്പമില്ല.എന്തായാലും കൂടിനു ആള്‍ക്കാരുണ്ടല്ലോ?അവരുടെ ജാതിയും മതവും ഒന്നും അപ്പോള്‍ എന്റെ മനസ്സില്‍ വന്നില്ല.ഒരു പ്രതേക ഘട്ടത്തില്‍ കൂടെ സഞ്ചരിക്കാന്‍ കിട്ടിയ മനുഷ്യര്‍.ജീവിതം അങ്ങനെയാണ് ചില അവസരങ്ങളില്‍ പുതുതായി എന്തൊക്കെയോ നമ്മെ മനസിലാക്കി തരുന്നു.ഓട്ടോ ഞങ്ങളെയും വഹിച്ച് ഓടിക്കൊണ്ടിരുന്നു. സമയം ഏഴ് ആവുന്നു..ബദരിയ ഹോട്ടലും , പോസ്റ്റ് ഓഫിസും, പ്രസ് ക്ലബ് ജംക്ഷനും കടന്നു ഓട്ടോ പുതിയ ബസ് സ്റ്റാന്റിലേക്ക് അടുത്ത് കൊണ്ടിരുന്നു.
പുതിയ ബസ് സ്റ്റാന്റ് ട്രാഫിക് സര്‍ക്കിളില്‍ ഓട്ടോ ഒന്ന് ചുറ്റി തിരിഞ്ഞു.
ദൂരെ ഞാന്‍ കണ്ടു.റോഡില്‍ നേരത്തെ പോകുമ്പോള്‍ ഇല്ലാതിരുന്ന കുറച് വണ്ടികളും, കുറേ ആള്‍ക്കാരും.വണ്ടികളുടെ നിറം കറുപ്പ് കലര്‍ന്ന നീല ആയിരുന്നു.കൂടിയിരിക്കുന്ന ആള്‍ക്കാരുടെ വേഷം കാക്കിയും.അത് പോലിസ് വണ്ടികളും പോലിസ്രുമായിരുന്നു.മിലന്‍ തിയേറ്ററിനു മുന്‍പില്‍ അവര്‍ വട്ടം കൂടി നില്‍പ്പുണ്ടായിരുന്നു.ഞാന്‍ ഓട്ടോ കാരനെ നോക്കി.
ഞാന്‍ : ഏട്ടാ,എന്താപ്പാ പോലിസ് കാര് കൂട്ടം കൂടിട്ട് നിക്കുന്നെ?
ഓട്ടോ : ആബെ...ആര്‍ക്കറിയാം..എടേലും ആരേലും രാവിലന്നെ കൊന്നിട്ടിണ്ടാകും
എന്റെ സംശയം തീരുന്നതിനു മുന്പ് പോലിസ് കാര്‍ "ആരെടാ അത് " എന്ന് അലറി ഞങ്ങളുടെ ഓട്ടോക്ക് നേരെ ഒരു കൂട്ടം പോലിസ് ഓടി വന്നു.എനിക്കൊന്നും മനസിലായില്ല. എന്താണ് സംഭവിക്കുന്നത് ? നിര്‍ത്തെടാ , ഓടെടാ, എന്നിങ്ങനെ ഉള്ള ആക്രോശങ്ങള്‍ അവര്‍ മുഴക്കുന്നുണ്ടായിരുന്നു. ഞാന്‍ സഹയാത്രികരെ നോക്കി. ഇവര്‍ ആരെയെങ്കിലും കൊന്നിട്റ്റ് വരുകയാണോ ?ഇവരെയാണോ പോലിസ് അന്വേഷിക്കുന്നത് ? ആലോചിച് തീരും മുന്പ് പോലിസ് തേനിച്ച കൂട്ടം പോലെ ഞങ്ങടെ വണ്ടിയുടെ അടുത്ത് എത്തിയിരുന്നു..അവര്‍ ഡ്യൂട്ടിക്ക് ഇറങ്ങി ആദ്യം കണ്ണില്‍ പെട്ട വണ്ടി ഞങ്ങളുടേത് ആയിരിക്കണം..അവര്‍ക്ക് നല്ല ഉത്സാഹവും ആവേശവും ആയിരുന്നു.ഓട്ടോ ഒന്ന് ആടിയുലഞ്ഞു.എന്താണെന്ന് മനസിലാകുന്നതിനു മുന്പ് പുറത്തേക്ക് തള്ളിയിരിക്കുകയായിരുന്ന എന്റെ ഇടത് തുടയില്‍ അടി വീണു. നല്ല ചൂരലിന്റെ പ്രയോഗം..കണ്ണിലൂടെ ടോം ആന്‍ഡ് ജെറിയില്‍ മാത്രം കണ്ടിട്ടുള്ള നക്ഷത്രം പാഞ്ഞു പോയി. ചെവിയിലൂടെ പുകയും പുറത്തേക് ചീറി പാഞ്ഞു അപ്പുറത്തൂടെ ഡ്രൈവര്‍ക്കും സഹയാത്രികര്‍ക്കും കണക്കിന് കിട്ടി .അതില്‍ ഒരുത്തന്റെ നിലവിളി ഓര്‍ക്കുമ്പോ എനിക്കിപ്പ്പോഴും ചിരി വരുന്നു.ആദ്യ അടി കൊണ്ട ആ നിമിഷം എന്തിരനില്‍ രജനികാന്ത് കണക്ക് കൂട്ടുന്ന പോലെ
ഒരു നിമിഷം കൊണ്ട് എന്റെ ചിന്ത എങ്ങോട്ടൊക്കെയോ പാഞ്ഞു..
പോലിസ്
അറസ്റ്റ്
ജയില്‍
കോടതി
"എങ്ങോട്ടാട " എവിടെ പോയെട ഓടെടാ എന്ന് പോലിസ് പറയുന്നുണ്ടായിരുന്നു..ഡ്രൈവര്‍ വണ്ടി നിറുത്തി.
ഞങ്ങള്‍ ചാടിയിറങ്ങി..ആദ്യം ഇറങ്ങിയത് ഞാന്‍
പുറത്ത് വീണ്ടും അടി വീണു.ഒന്നല്ല ചടപടാന്ന് അഞ്ചാറെണ്ണം..
പിന്നെ ആദ്യത്തെ അടിയില്‍ തന്നെ ബോധം പോയി പിന്നെ ഒന്നും ഞാന്‍ അറിഞ്ഞില്ല എന്ന അവസ്ഥയിലായി ഞാന്‍.ആരൊക്കെയോ ഓടി വരുന്നു. എന്നെ തല്ലുന്നു.
ഇടിക്കുന്നു.
ഞുരുക്കുന്നു
ചതയ്ക്കുന്നു..
വലിക്കുന്നു
മതിലിളകുന്നു എന്ന് ഇന്ദ്രന്‍സ് പാടിയ പോലെ ആയി എന്റെ അവസ്ഥ.
നിര്‍ത് നിര്‍ത് എവിടെയോ ഒരു പാട്ട് കേട്ടല്ലോ എന്ന് രാം ജി റാവുവില്‍ സായ്കുമാര്‍ പറഞ്ഞ പോലെ പറയാന്‍ എനിക്ക് തോന്നി.അതിനിടയ്ക്ക് മനസ്സില്‍ സാറമ്മാരെ ഒരു നൂറു വട്ടമെങ്കിലും അക്ഷരം മാറ്റി വിളിക്കുകയും ചെയ്തു.
സത്യം വിവരിക്കാന്‍ നിന്ന നില്‍പ്പില്‍ എനിക്ക് അപ്പോഴേക്കും പത്തിരുപത് അടി കിട്ടി കഴിഞ്ഞിരുന്നു.അതിനിടയില്‍ എന്റെ സഹയാത്രികരും ഒട്ടോകാരനും എങ്ങോട്ടോ ഓടി രക്ഷപ്പെട്ടു.
"ഓട്ര തടിയാ , നിന്നോട് പ്രതീകം പറയണോ..ഓടെടാ.."
ഒരു പോലിസ് അലറി..ഞാന്‍ തടിയനാനെങ്കിലും അടുത്ത സുഹൃത്തുക്കള്‍ മാത്രമേ എന്നെ അങ്ങനെ വിളിക്കുന്നത് എനിക്കിഷ്ട്ടമുള്ള്. ഞാന്‍ ആ പോലിസിനെ ക്രൂധനായ് ഒന്ന് നോക്കി.
വീണ്ടും അയാള്‍ ആക്രോശിച്ചു
"ഓട്ര നിന്നോടല്ലേ ഓടാന്‍ പറഞ്ഞത് ഓടെടാ"
ദൂരെ ചൊറിയും കുത്തി നിന്ന ഒരു പോലീസിനു നൂറു കിലോയില്‍ ഒരു ശരീരം കണ്ട കൊതി ഞാന്‍ തിരിച്ചറിഞ്ഞു . അയാള്‍ എന്നെ നോട്ടമിട്ടത് കണ്ട ഞാന്‍
" എന്നെ തല്ലാന്‍ കിട്ടൂലട തെണ്ടി "
എന്ന് മനസ്സില്‍ പറഞ്ഞ് , പണ്ട് സ്കൂളിലെ പീറ്റി മാഷ് ജോസ് സാറിനെ ധ്യാനിച്ച് ഓടി തുടങ്ങി..ഓടാന്‍ തുടങ്ങിയപ്പോഴേക്കും ഇര നഷ്ട്ടപ്പെടുന്ന ദുഖത്തോടെ അവസാന അടി എന്ന നിലയ്ക്ക് ഒരു പോലിസ് ഓടി വന്നു എന്റെ നേരെ വീണ്ടും ലാത്തി വീശി.. പക്ഷെ ഞാന്‍ ബുദ്ധിപൂര്‍വ്വം എന്നെ തല്ലാന്‍ കിട്ടില്ലെട പൂ പൂ പൂ അത് വേണ്ട പുല്ലേ എന്ന് മനസ്സില്‍ പറഞ് ഒഴിഞ്ഞു മാറി ഓടിത്തുടങ്ങി..ചുറ്റും സിനിമാ പോസ്റ്ററുകള്‍ നിറഞ്ഞു നിന്നിരുന്നു.ഏതൊക്കെയോ നടന്മ്മാര്‍, നടിമാര്‍ എന്നെ പുച്ഛത്തോടെ നോക്കുന്നതായ് എനിക്ക് തോന്നി..
ഞാന്‍ മിലന്‍ തിയേറ്റര്‍ കടന്നു..
മനസ്സില്‍ മൊത്തം ചിരിആയിരുന്നു (അമ്മയാണെ സത്യം ഞാന്‍ കരഞ്ഞില്ല ).ആവശ്യമില്ലാതെ അടി കൊണ്ട ഒരു അവസ്ഥ . അത് വല്ലാത്ത ഒരു അവസ്ഥയാണ്. ഹോ. പിന്നെ ബ്രിട്ടീഷ് കാരുടെ കയ്യീന്ന് ഒരു പാട് തല്ലു വാങ്ങിക്കൂട്ടിയ മഹാന്മ്മാരെ മനസ്സില്‍ അപ്പോള്‍ ഓര്‍ത്തു.ഞാനും ഒരിക്കല്‍ മഹാന്‍ ആവാനുള്ള ആളാണ്. അത് കൊണ്ടാണല്ലോ അടി കിട്ടിയത് ? വരാനുള്ളത് ഒന്നും വഴിയില്‍ തങ്ങില്ല എന്ന് ഞാന്‍ ഉറപ്പിച്ചു. നൂറു മീറ്റര്‍ ഓടിയ ഞാന്‍ കിതച് നടന്നു തുടങ്ങി.ശരീരവും മനസ്സും ഒരുമിച്ച് പ്രവര്‍ത്തിക്കാത്ത ഒരു അവസ്ഥ ആയിരുന്നു അത്. നുള്ളിപ്പാടിയില്‍ എത്തി ഞാന്‍.ഞാന്‍ ആഞ്ഞു നടന്നു. ഇതിനു മുന്പ് നുള്ളിപ്പാടിയിലൂടെ ഇത്രയും സ്പീഡില്‍ ഞാന്‍ നടന്നിട്ടുണ്ടാകുക നുള്ളിപ്പാടിയിലെ ബീവരേജിലെക്ക് പോകുമ്പോള്‍ ആയിരിക്കണം.പുറകില്‍ നിലവിളി ശബ്ദമിടൂ എന്ന് ജഗതി പറഞ്ഞ ആ ശബ്ദം..ഞാന്‍ തിരുഞ്ഞു നോക്കി. പോലിസ് വണ്ടി വരുന്നു..ഞാന്‍ ആഞ്ഞു നടന്നു..വണ്ടി അടുത്ത് എത്താറായി..അത് അടുത്ത് എത്തി...
വീണ്ടും നേരത്തെ കേട്ട ആ ശബ്ദം...
"നിന്നോട് ഓടാനല്ലെട തടിയാ പറഞ്ഞത്...ഓട്ര ഓട്രാ ഓടാന്‍..."
നിന്റെ അമ്മയുടെ വീടിനടുതല്ലെടാ എന്റെ വീട് ആ എന്നോട് ഇങ്ങനെ കാണിക്കനോട പുല്ലേ എന്നും പറഞ്ഞ് ഞാന്‍ വീണ്ടും ഓടി.ആ പോലിസ് വണ്ടിയുടെ വാതിലില്‍ നിന്ന് എന്നെ നോക്കി ആ പോലിസ് നില്‍പ്പുണ്ടായിരുന്നു. .ഞാന്‍ അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു.അയാള്‍ എന്നെ തുറിച്ച് നോക്കി. വണ്ടി അകലുന്നതിനോടൊപ്പം അയാളുടെ നോട്ടവും അകന്നു പോയ്ക്കൊണ്ടിരിന്നു. .
ബീവറേജസ് കടന്നു പോയി..ഞാന്‍ ആ ഭാഗത്തേക്ക് നോക്കിയില്ല..ധൃതിയില്‍ ,ജീവനും വഹിച് പോകുമ്പോള്‍ ആര് ആരാധാനലയത്തെ മാനിക്കുന്നു ?
ആയുര്‍വേദ ആശുപത്രി കടന്നു പോയി.
അവിടെ വെച്ച് ഞാന്‍ ഹൈവേ വഴി പോകാതെ ഇടത് ഭാഗത്തുള്ള കുരുക്ക് വഴി കയറി. വഴി വക്കില്‍ നിന്നും ആരെങ്കിലും കത്തിയുമായ് എന്റെ മുകളില്‍ ചാടി വീഴുമോ എന്നൊരു ഭയം ഉള്ളില്‍ ഉണ്ടായിരുന്നു .അണംകൂര്‍ അവസാനം ഞാന്‍ കടന്നു. അപ്പോഴേക്കും എന്റെ ആത്മ സുഹൃത്ത് ഋഷിയുടെ വിളി വന്നു.
.
"എടാ തടീ , നീ എവിടെയുണ്ട് ?"
" ഞാന്‍ കാസര്‍കോട് തന്നെയാണെഡാ "
:അവിടെ പ്രശനമോന്നുമില്ലല്ലോ ?"
" ഹേയ്, ഒരു പ്രശ്നവുമില്ലട.." ഞാന്‍ എന്റെ കൈ നോക്കി.വലത് കൈ തണ്ടയില്‍ ഒരു കല്ലിച്ച പാട് പടര്‍ന്നു തുടങ്ങിയിരിക്കുന്നു. അസ്തമനത്തിനു മുന്പ്, രാത്രി , കടലില്‍ നിന്നും ഉണര്‍ന്നു വരുന്നത് പോലെ ഒരു കറുപ്പ് രാശി പടരുന്നു.ശരീരം കാറുതതായത്
കൊണ്ട് ആ പാട് അധികം മനസിലാകുന്നുമില്ല.
"നീ ഇതെവിടെയ പുറത്താണോ ?"
അവന്റെ അടുത്ത ചോദ്യം.
"അല്ലടാ.. ഞാന്‍ നടക്കുകയാണ്.." സത്യം ഞാന്‍ മറച്ച് വെച്ചു..എനികീ കാര്യം ആരോടെങ്കിലും പറഞ്ഞ് പൊട്ടിച്ചിരിക്കനമെന്നുന്ദായിരുന്നു.അവനോട് കഥ പിന്നീട് പറയാമെന്നോര്ത് ഞാന്‍ നടന്നു. നടക്കുകയായിരുന്നില്ല ചെറിയ രീതിയില്‍ ഞാന്‍ ഓടുകയായിരുന്നു.വെല്‍ വിഷര്‍ ലോഡ്ജ്, നവോദയ ഹോട്ടല്‍, പി ആന്‍ഡ് റ്റി ക്വാട്ടെര്സ് കടന്നു കോളേജ് കോമ്പൌണ്ടില്‍ എത്തിയപ്പോള്‍ എനിക്ക് ആശ്വാസം തോന്നി. സ്വന്തം വീട്ട്ട് മുറ്റത്ത് എത്തിയ ഒരു പ്രതീതി.അവിടെ മൈതാനത് ഞാന്‍ ഒന്ന് ഇരുന്നു. ശരീരം മൊത്തം വിയര്‍ത് കുതിര്‍ന്നിരിക്കുന്നു. കൈകളില്‍ അവിടെയും ഇവിടെയുമൊക്കെ പാടുകള്‍ കാണാം. ഞാന്‍ അപ്പോഴും ചിരിക്കുകയായിരുന്നു. തണുത്ത കാറ്റ് വീശി. വിയര്‍പ്പ് ഒന്ന് തുടച് ഞാന്‍ എഴുന്നേറ്റ് നടന്നു തുടങ്ങി.
-------------------------------------------------------------------------------------
വാതിലില്‍ മുട്ടിയപ്പോള്‍ കുറുപ്പ് സര്‍ വാതില്‍ തുറന്നു.
സാറിന്റെ മുഖത് ഉറക്കച്ചടവുണ്ടായിരുന്നു. ഞാന്‍ എന്റെ സ്ത്ഹിരം പുഞ്ചിരി സാറിനു കൊടുത്തു.
"എന്താടാ രാവിലെ തന്നെ , ഇമ്മാതിരി ദിവസമെങ്കിലും നിനക്ക് അടങ്ങി ഇരുന്നൂടെ? കടകള്‍ ഒന്നും തുറക്കാതത് കൊണ്ട് രാവിലെ തന്നെ കൊണ്ട് സിഗരറ്റ് ഓസാന്‍ വന്നതാവും അല്ലെ ?..വാ വാ കയറ്.. "
ഞാന്‍ പുഞ്ചിരിച്ച് അകത്തേക്ക് കയറി.പുറത്ത് റോഡിലൂടെ ഒരു പോലിസ് വാഹനം ചീറി പാഞ്ഞു പോയി..അവര്‍ നിയമ പാലകരാനല്ലോ?? മൊബൈല്‍ എടുത്ത് കുട്ടിയെ വിളിച് കൊണ്ട് ഞാന്‍ സാറിന്റെ വീടിനുള്ളിലേക്ക് കയറി.
" അവളെ അറിയിക്കാത്ത എന്റെ പ്രണയം മൂത്രമൊഴിക്കാന്‍ മുട്ടുന്ന പോലെ വിങ്ങുന്നു .."
"അവള്‍ക്ക് മാത്രല്ലേ അറിയാത്തതായുള്ളൂ . ബാക്കി ഈ കോളേജിലെ എല്ലാ ചെറ്റകള്‍ക്കും അതറിയാലോ?"
ഹൈവേയുടെ സമീപത്തുള്ള മരത്തണലിലിരുന്നു എന്നത്തേയും പോലെ അവന്‍ എന്നോട് പറഞ്ഞു.ഹൈവേയിലൂടെ അപകട സൈറന്‍ മുഴക്കി ഒരു ഫയര്‍ വണ്ടി പാഞ്ഞു പോയി.. മധു (ഹാൻസ് ) തിരുകിയതിന്റെ ഫലമായ് വായില്‍ നിറഞ്ഞ തുപ്പലുകള്‍ ഞങ്ങള്‍ കാക്കകളും പ്രാവുകളും തൂറിയിട്ടതിനോടൊപ്പം തുപ്പിയിട്ടത് കൊണ്ട് ആരും തിരിച്ചറിയാന്‍ സാധ്യത ഇല്ല.
കോളേജില്‍ നിന്നും എല്ലാവരും പൊയ്ക്കഴിഞ്ഞിരുന്നു..അവസാനത്തെ കുളി കഴിഞ്ഞ ശവത്തെ പോലെ എല്ലാവരും യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.ഇനി പരീക്ഷ എന്ന കൊള്ളിവെപ്പ് മാത്രം ബാക്കി... അതും കൂടി കഴിഞ്ഞാല്‍ ജീവിതമെന്ന പട്ടടയില്‍ കത്തിയെരിയാനുള്ളതാണ്.
ഇന്നും എല്ലാവരും ഓടോഗ്രഫ് എഴുതുന്നുണ്ടായിരുന്നു..പലകാമുകി കാമുകന്മ്മാരും അവസാനത്തെ ചുംബനവും കൈ മാറി, കണ്ണീരു തുടച് പുഞ്ചിരിയോടെ നടന്നകന്നു.രാഷ്ട്രീയക്കാര്‍ ഇനിയീ വരാന്തകള്‍ അനാഥമാകും എന്നോര്‍ത് അവസാനമായി വരാന്തയിലൂടെ നടന്നു നീങ്ങി..സ്പോര്‍ട്സ് താരങ്ങള്‍ മൈതാനത്തില്‍ സ്വപ്നത്തെ തട്ടി കളിച് നടന്നു..പഠിപ്പിസ്റ്റുകള്‍ വകുപ്പ് ലൈബ്രറിയില്‍ ഒരു വട്ടം കൂടി കയറാന്‍ ശ്രമിച് കൊണ്ടിരുന്നു.. പവിയെട്ടന്റെ കടയിലെ സമൂസ ഇന്ന് കാണാനേ കിട്ടിയില്ല. എല്ലാവരും പോയ്ക്കഴിഞ്ഞ ശേഷം സര്‍വകലാശാലയിലെ ലാലേട്ടനെ പോലെ കോളേജ് വരാന്ത മൊത്തം ഒറ്റയ്ക്ക് നടന്നു തീര്‍ത്തു.
പുറത്തേക്ക് ഇറങ്ങുമ്പോഴാണ് എന്റെ ആത്മാവിനെ കണ്ടത്.അവനും എന്നെ പോലെ അലയുകയായിരുന്നു കൊളെജിലൂടെ, ഗിരിഷ്..അവിടുന്ന് നടന്നു ഞങ്ങള്‍ മര തണലിലെത്തിയത് . ഞങ്ങളുടെ മൌനത്തിനിടയിലൂടെ ബഹളമുണ്ടാക്കി റോഡിലൂടെ ഒരു ബൈക്ക് ചീറി പാഞ്ഞു പോയി ..
മേഗരാജ് ബാറിലേക്ക് ഓട്ടോ കയറുന്നതിനു മുന്പ് ഞാന്‍ ഒന്ന് കൂടി കോളേജിനെ തിരിഞ്ഞ് നോക്കി..
ഇവിടെ ഞാന്‍ രാഷ്ട്രീയക്കാരനയിരുന്നു..
നാടകകാരനായിരുന്നു..
മിമിക്രികാരനായിരുന്നു..
പലര്‍ക്കും
പലരുടെയും നല്ല ചങ്ങാതിയായിരുന്നു
പക്ഷെ ഒരിക്കലും നല്ലൊരു വിദ്യാര്‍ഥിയായിരുന്നില്ല
ഒന്ന് കൂടി തിരിഞ്ഞ് നോക്കി ഞാന്‍ ഓട്ടോയില്‍ കയറി...
(ഡയറി കുറിപ്പ് 2006 ഏപ്രില്‍ 12 ) .