Saturday, October 1, 2011

ചുട്ട പുളിങ്കുരുവും അവളും പിന്നെ കുറച് ഓര്‍മകളും


അണ്ണാന്‍ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണ്ടാ എന്നാ പഴം ചൊല്ല് ശരിയാണെന്ന് തെളിയിച് കൊണ്ട് എനിക്ക് മൂന്നാം ക്ലാസില്‍ നിന്നും അവളോട് ഒരു ഇഷ്ട്ടം ( പ്രണയം ?) തോന്നി. അവളുടെ പേര് ജയഭാരതിയിലുണ്ട്, ഷീലയില്‍ ഇല്ല. ക്ലാസിലെ പഠിപ്പിസ്റ്റ് ആയിരുന്ന എനിക്ക് എന്റെ മുഖ്യ ശത്രുവിനോട് തോന്നിയ ഒരു തരം ഇഷ്ട്ടം ആയിരുന്നു അത്. മുടി ചീകി ഒതുക്കി , തലയില്‍ "റ " യും വെച് മുടി ഒതുക്കി , കണ്ണെഴുതി , പൊട്ടു തൊട്ട് ,അലുമിനിയം കൊണ്ട് ഉണ്ടാക്കിയ ഒരു പെട്ടിയും തൂക്കി ആയിരുന്നു അവള്‍ സ്കൂളിലേക്ക് വന്നിരുന്നത്. മിക്കവാറും അവളുടെ വായില്‍ എന്തെങ്കിലും കാണും . മിട്ടായി , നെല്ലിക്ക , ചുട്ട പുളിങ്കുരു , അതും ഇല്ലെങ്കില്‍ തുണി എങ്കിലും അവള്‍ കടിച് കൊണ്ടിരിക്കും.

ചന്ദ്രനും , സുധാകരനും ശ്രീജിത്തുമൊക്കെ അവളുടെ കൂടെ കളിക്കുമ്പോള്‍ എനിക്ക് കുശുംബ്‌ അനുഭവപ്പെട്ടു . ഒരു തരം പിടച്ചില്‍ എന്റെ ചങ്കില്‍ അപ്പോഴൊക്കെ ഉണ്ടായിരുന്നു. അതൊക്കെ ആരോടും പറയാതെ ഞാന്‍ അനുഭവിച് തീര്‍ത്തു.
അവളുടെ മുന്‍പില്‍ ആളാകാന്‍ ഞാന്‍ ചന്തയില്‍ നിന്നും വാങ്ങിയ നീല നിറമുള്ള കൂളിംഗ് ഗ്ലാസ് ഇട്ടു നടന്നിട്ടുണ്ട്.
ജീന്‍സ് പാന്റ് അച്ഛനോട് വഴക്കിട്ടു വാങ്ങി ച്ചിട്ടുണ്ട്.
രാംജി റാവു സ്പീകിംഗ് , ചിത്രം എന്നിവയിലെ പാട്ടുകള്‍ പാടി നടന്നിട്ടുണ്ട്..
കിലുക്കം സിനിമയില്‍ ലാലേട്ടന്‍ നിലത്ത് കിടന്നു , വടിയും പിടിച് കറങ്ങി കൊണ്ട് , ഗുണ്ടകളെ അടിക്കുന്ന സീന്‍ അഭിനയിച് കാണിച്ചിട്ടുണ്ട്..
അവള്‍ മിണ്ടിയാല്‍ മനപൂര്‍വം ക്ലാസ് ലീഡര്‍ ആയ ഞാന്‍ അവളുടെ പേര് എഴുതാതെ ഇരുന്നിട്ടുണ്ട്..
എന്നും തീപ്പെട്ടി ചിത്രങ്ങള്‍ കുറെ ശേഖരിച് ആളായിട്ടു ണ്ട്
കഞ്ഞി ക്കുള്ള ക്യൂവില്‍ എല്ലാവരും തിരക്ക് പിടിച് അടി കൂടുമ്പോള്‍ ഞാന്‍ മാത്രം മാന്യനായി ക്യൂവില്‍ പുറകില്‍ നിന്നിട്ടുണ്ട്..
എന്നും ചിരട്ട കത്തിച്ച് ,വസ്ത്രം ഇസ്തിരി ഇട്ടു , ധരിച് സ്കൂളിലേക്ക് വന്നിട്ടുണ്ട്..
അവള്‍ പോകുന്ന വഴിയിലുള്ള അമ്മയുടെ (ശരിക്കും എന്റെ മാമിയാണ്. അച്ഛന്‍ പെങ്ങള്‍. പക്ഷെ ഞാന്‍ അമ്മ എന്നാണു വിളിക്കാറ് ) വീട്ടിലേക്ക് ഇഷ്ട്ടമില്ലാഞ്ഞിട്ടും ഇടയ്ക്കിടെ പോയിട്ടുണ്ട്.
പക്ഷെ എന്റെ പ്രാന്തര്‍കാവ് സ്കൂള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ മിണ്ടിയിട്ടില്ല.., സ്കൂള്‍ പോയിട്ട്, ഇന്നേ വരെ ഞാന്‍ അവളോട് മിണ്ടിയിട്ടില്ല..

ഒരിക്കല്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ സ്കൂളിന്റെ പുറകിലുള്ള കുഞ്ഞു ചാലില്‍ നിന്നും പാത്രം കഴുകി ഞാന്‍ നടന്നു വരികയായിരുന്നു. ചരുമ്പ പുല്ല് (ദര്‍ഭ പുല്ല് ? ) ഒരു പാട് വളര്‍ന്നു കിടക്കുന്ന വഴി ആണ് അത്. പുളി മാവ് കടന്നു വരുമ്പോള്‍ നിലത്ത് വീണു കിടക്കുന്ന പഴുത്ത ഒരു പുളി എടുത്ത് അത് വായിലിട്ടു നുണഞ്ഞു കൊണ്ട് നടക്കുകയായിരുന്നു ഞാന്‍ . അവിടുത്തെ പുളിയുടെയും സ്കൂള്‍ മുറ്റത്തുള്ള കാട്ടു മാങ്ങയുടെയും രുചി ഓര്‍ക്കുമ്പോള്‍ അറിയാതെ ഞാന്‍ ആ പഴയ മുന്നയന്‍ ആകാറുണ്ട്. അന്ന് അങ്ങനെ പുളിയും നുണഞ്ഞു കൊണ്ട് വരുമ്പോള്‍ , ഒരു കുഞ്ഞു വളവ് തിരിഞ്ഞപ്പോള്‍ അവള്‍ അവിടിരുന്നു മൂത്രം ഒഴിക്കുക ആയിരുന്നു. എന്നെ കണ്ട അവള്‍ പെട്ടന്ന് ചാടി എഴുന്നേറ്റ് , ഷഡ്ഡി മുകളിലേക്ക് വലിച് കയറ്റി , ഞാന്‍ തല തിരിച് നടന്നു നീങ്ങി. തിരികെ ക്ലാസില്‍ വന്നപ്പോള്‍ ആരോടും പറയരുത് എന്ന് കണ്ണ് കൊണ്ട് എന്നോട് നൂറു വട്ടം പറഞ്ഞു . എന്താന്നറിയില്ല അന്നും ഇന്നും കണ്ണ് വായിക്കാന്‍ ഞാന്‍ മിടുക്കനാണ് എന്നാണു എന്റെ വിശ്വാസം

ഒരു രാത്രി സ്വപ്നത്തില്‍ അവള്‍ എന്റെ അടുത്ത വന്നു. ഞങ്ങള്‍ സംസാരിച്ചു . സംസാരിച്ചു സംസാരിച് സമയം പോയത് അറിഞ്ഞില്ല. കളിപ്പാട്ടതിനെയും മറ്റും കുറിച്ചാണ് ഞാന്‍ അന്ന് സംസാരിച്ചത്. ഇന്സെപ്ഷന്‍ എന്നാ പടം അന്ന് കണ്ടിരുന്നെങ്കില്‍ സ്വപ്നത്തെ നിയന്ത്രിച് അവളോട്‌ കുറെ സമയം കൂടി സംസാരിക്കാമായിരുന്നു എന്നെനിക്ക് ഇപ്പോള്‍ തോന്നുന്നു. അങ്ങനെ സംസാരിച് രാത്രി ആവ്രായി , അപ്പോള്‍ അവളെയും എന്നെയും കാണാതെ അന്വേഷിച്ചു ആരൊക്കെയോ വരുന്നു. ഞങ്ങള്‍ വഴി വക്കില്‍ നിന്നും മാറി തൊട്ട് താഴെയുള്ള മുളം കൂട്ടത്തില്‍ ഒളിച്ചിരുന്നു. അവള്‍ എന്റെ കൈ പിടിച് ആണ് ഇരുന്നിരുന്നത്. അനിയത്തി മൂത്രമൊഴിച്ചത് പരന്ന് എന്റെ കാലില്‍ തൊട്ടപ്പോള്‍ അവളും നാട്ടുകാരും മുളം കാടും എല്ലാം അപ്രത്യക്ഷമായി

അഞ്ചാം ക്ലാസില്‍ നിന്നാണ് ഞാന്‍ ആദ്യമായി സ്കൂളിലേക്ക് മുണ്ട് ഉടുത്ത്. അക്കൊല്ലവും ഞാന്‍ തന്നെ ആയിരുന്നു ക്ലാസ് ലീഡര്‍.അടിയില്‍ നിക്കര്‍ ആണ് ഞാന്‍ ഇട്ടിരുന്നത്. കബഡി കളിക്കുമ്പോള്‍ മുണ്ട് ഉരിഞ്ഞു പോയപ്പോള്‍ ചിരിച്ച ആള്‍ക്കാര്‍ക്കിടയില്‍ അവളും ഉണ്ടായിരുന്നു.

ടീച്ചര്‍ തന്ന ഉത്തര പേപര്‍ കൈ മാറുമ്പോള്‍ അവള്‍ക്കു കൈ മാറുമ്പോള്‍ അവള്‍ എന്റെ കണ്ണിലേക്കു ഒന്ന് നോക്കി. പെണ്ണിന്റെ കണ്ണില്‍ തീയുണ്ടെന്ന് അന്ന് ഞാന്‍ മനസിലാക്കി. ആണിനെ ആകര്‍ഷിക്കാനുള്ള ഒരു പ്രത്യേക തരം തീ. ചൂട് കുറഞ്ഞ, തണുപ്പ് കൂടുതലുള്ള ഒരു തീ. ആ തീയും തേടി നടക്കുന്ന അന്വേഷികള്‍ ആണ് ഞാനും നീയും എല്ലാം.അതാണ്‌ ഓര്‍മയിലെ കുഞ്ഞുനാളിലെ പ്രണയത്തിന്റെ അവസാന ചിത്രം.
ശേഷം ഞാന്‍ നവോദയയില്‍ പോകുന്നു
അവള്‍ അവിടെ പ്രൈമറി കഴിഞ്ഞു ഹൈ സ്കൂളിനു വേറെ എങ്ങോട്ടോ പോയി.
ഇടയ്ക്ക് സുഹൃത്തുക്കളോട് അവളെ കുറിച്ച് അന്വേഷിച്ചു ഞാന്‍..
ഒരിക്കല്‍ അവളുടെ കല്ല്യാണം കഴിഞ്ഞെന്നു കേട്ടു...ഏതോ ഒരു ഗള്‍ഫ് കാരന്‍ അവളെ കല്ല്യാണം കഴിച്ചത്രേ...

ഏപ്രില്‍ മാസത്തിലെ , കോളിച്ചാല്‍ മുത്തപ്പന്‍ മടപ്പുരയിലെ ഉത്സവം.
മുത്തപ്പന്റെ ദര്‍ശനത്തിനായി ഞാനും ക്യൂവില്‍ നിന്നു.സമാന്തരമായി സ്ത്രീകളുടെ ക്യൂ നീങ്ങുന്നുണ്ടായിരുന്നു.
ഫോണ്‍ വന്നപ്പോള്‍ സംസാരിക്കാന്‍ മുഖം തിരിച്ചപ്പോള്‍ ........
അലുമിനിയം പെട്ടി
വെളുത്ത നിറമുള്ള "റ "
അവസാനമായി ഓര്‍മയിലുള്ള ആ തീ നോട്ടം..
നെല്ലിക്കാ...
പുളിങ്കുരു..
ഒക്കെ എവിടെ നിന്നോ തികട്ടി വന്നു..
പിടച്ചില്‍
ശ്വാസം മുട്ട്
വയറ്റില്‍ തീ
ഒക്കെ എന്നെ പൊതിഞ്ഞു..
അവള്‍ അവിടെ ക്യൂവില്‍ ഇളം നീല സാരിയും ഉടുത്ത് നില്‍ക്കുന്നു. ഞാന്‍ പെട്ടന്ന് മുഖം തിരിച്ചു. ഏതെങ്കിലും പെണ്ണി ലേക്ക് ആകര്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുള്ള എന്റെ പാതിയുടെ മുഖത്തെ ഞാന്‍ പെട്ടന്ന് കണ്ണടച് ഓര്‍ത്തു. ജയഭാരതിയിലുള്ള , ഷീലയില്‍ ഇല്ലാത്ത ആ പേര് കാരിയെ ഞാന്‍ പിന്നീട് കണ്ടില്ല. ഇനിയും കാണുമായിരിക്കും.. ഭൂമി ഉരുണ്ടതാണല്ലോ... ??????

9 comments:

  1. Nice....Aaa pazhaya kalangalokke ormma vannu...thanks vinodetta..

    ReplyDelete
  2. :))))))))
    thanks vecho.. adhyam chemp edu... chemp

    ReplyDelete
  3. കൊള്ളാം..................
    എനിക്ക് അങ്ങനെ പ്രിത്യകിചോന്നും ഓര്‍ക്കാന്‍ ഇല്ലെങ്കിലും ഇതു വായിച്ചപോള്‍ എന്തോ മിസ്സ്ച്ചയൂന്ന പോലെ

    ReplyDelete
  4. നന്നായിട്ടുണ്ട്..."Balyam" is always missing...

    ReplyDelete
  5. കലക്കി വിന്ദാ......

    http://smithinsundar.blogspot.com/

    ormmakale pati njanum kuthi kurikkaarund idaykenkilum :)

    ഓര്‍മ്മകള്‍ ....
    കാത്തിരുന്നു പെയ്ത ഏതോ വേനല്‍ മഴയില്‍ ഓര്‍മ്മകളുടെ വരണ്ട മുറ്റത്തേക്ക് ഒരു കരിയില പോലെ ...ചേതനയയറ്റ് ...ജീവസ്സറ്റ്,,, ലക്‌ഷ്യം മറന്നു വന്നു വീണ ഒരു നിറം മങ്ങിയ ഓര്‍മ്മ ...
    ഒരിക്കല്‍ ജീവന്റെ ചില്ലയില്‍ തളിര്‍ത്തു നിന്ന പല ഓര്‍മ്മകളും ഇന്ന് കാലത്തിന്റെ ചടുലമായ കാലടികള്‍ക്കൊപ്പം എങ്ങോ പൊയ് മറഞ്ഞു..
    ചിലത് അറിയാതെ ആയിരുന്നെങ്കില്‍ മറ്റ് ചിലത് മനസ്സിനെ ആകേ പിടിച്ചുലയ്ച്ചു കൊണ്ട്....ചിലതിനു ബാല്യത്തിന്റെ നിറമുണ്ടായിരുന്നു ...ചിലതിനു വാത്സല്യത്തിന്റെ ചൂട് ...ചിലതിന് കൌമാരത്തിന്റെ ആകുലതകള്‍ ...എന്നാല്‍ ചിലതിന് ബന്ധങ്ങളുടെ മുറിപ്പാടുകള്‍....ഇനിയും ചിലതിന് നഷ്ട്ടപ്പെട്ടു പോയ പലതിനായും ഒഴുക്കിയ കണ്ണുനീരിന്റെ ഉപ്പും...
    ഓര്‍മ്മകള്‍ പലപ്പോഴും എന്നെ വിസ്മയിപ്പിക്കാറുണ്ട് ...അന്ന് നൊമ്പരപ്പെട്ടതിനെ ഓര്‍ത്തു ഇന്ന് ഊറി ചിരിക്കാറുണ്ട്....അന്ന് ആഹ്ലാദിച്ച പലതും ഇന്ന് നൊമ്പരപ്പെടുത്താറുമുണ്ട് ... ഓര്‍മ്മകള്‍ അങ്ങനെ ആവാം അല്ലെ???ചിലത് മിന്നി മാഞ്ഞു പോവും..... ചിലത് മായാതെ ഒരു നിഴല്‍ പോലെ നമ്മെ പിന്തുടരും ....ചേതനയയറ്റു പോയെന്നു കരുതിയ പലതും പ്രതീക്ഷയുടെ പുതുമഴയില്‍ വീണ്ടും പൊടിച്ചു വളരാന്‍ തുടങ്ങും...മറവി കട്ടെടുക്കാതെ ഒരു ചെപ്പിലെന്ന പോലെ കാത്തു സൂക്ഷിച്ച പലതും കാലം എപ്പോഴോകവര്‍ന്നെടുത്തു.....
    ചിലത് മാത്രം നമ്മോടൊപ്പം മറ്റൊരു ലോകത്തേക്ക് കൈ പിടിച്ചു കൂടെ ഉണ്ടാവും .....
    .....അത്രയ്ക്ക് പ്രിയപ്പെട്ടവ ...
    .....നമുക്ക് പിരിയാന്‍ കഴിയാത്തവ....
    .........നമ്മെ പിരിയാന്‍ കഴിയാത്തവ....
    ............മറവി കട്ടെടുക്കാതവ .....
    ...............മനസ്സിന്റെ ആര്‍ദ്രത ഉള്‍ക്കൊണ്ടവ.....
    ...................അങ്ങനെ ചിലത്.....

    അതെ ഓര്‍മ്മകള്‍ ......
    അവ എന്നും എന്നെ വിസ്മയിപ്പിക്കാറുണ്ട്........

    ReplyDelete