Saturday, September 24, 2011

കാംപ്ലി- കാംപ്ലി- കാംപ്ലി = കാംപ്ലി


ക്രിക്കറ്റ് കളി ഞാന്‍ ആദ്യമായി കാണുന്നതും കളിക്കുന്നതും 1996 ലെ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിലും പാകിസ്ഥാനിലും സംയുക്തമായി നടന്നപ്പോളാണ്. അതോടെ ഇന്ത്യ എന്നാല്‍ ക്രിക്കറ്റ് എന്നായി മാറി എന്നാണു എനിക്ക് തോന്നുന്നത്. ക്രിക്കറ്റിനു പുതിയ ലോക ചാമ്പ്യന്മ്മാര്‍ ഉണ്ടായി . ക്രിക്കറ്റിലെ കുറെ മഹാന്മ്മാരെ ഞാന്‍ ടി വി യില്‍ കാണുന്നതും അവരെ പറ്റി കേള്‍ക്കുന്നതും അന്ന് ആദ്യമായാണ്‌. സിക്സര്‍ സിദ്ധു ,സച്ചിന്‍, മഞ്ചരേക്കര്‍ അങ്ങനെ അങ്ങനെ.

എന്നിരുന്നാലും എനിക്ക് ഇഷ്ട്ടപ്പെട്ടത് ആവേശത്തോടെ കളിക്കുന്ന , എപ്പോഴും ഊര്‍ജസ്വലനായി നില്‍ക്കുന്ന ഒരു കറുത്ത് കുറുകിയ മനുഷ്യനെ ആയിരുന്നു. സെമിയില്‍ ഇന്ത്യ തോല്‍ക്കുന്നത് കണ്ട് കളിക്കിടയില്‍ കാണികള്‍ പ്രശ്നമാക്കിയപ്പോള്‍ ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപനം ഉണ്ടായി എന്നാണു ഓര്‍മ . അപ്പോള്‍ ക്രീസില്‍ നിന്നും കണ്ണീരോടെ അയാള്‍ ബാറ്റും തൂക്കിപ്പിടിച് നിരാശനായി നടന്നു നീങ്ങി. നിരാശ ബാധിച്ച ആ കണ്ണില്‍ പോരാട്ട വീര്യം അപ്പോഴും ഉണ്ടായിരുന്നു.
വിനോദ് കാമ്പ്ളി ആയിരുന്നു ആ മനുഷ്യന്‍..

" എന്ത് കഷ്ട്ടം ഡാ അത്.. കാമ്പ്ളി ക്രീസില്‍ നിന്നാല്‍ ഇന്ത്യ ജയിക്കുമായിരുന്നു. "
" ശേ എന്നാലും ,കാംപ്ലിക്ക് ജയിപ്പിക്കാന്‍ കഴിയുമായിരുന്നു അത് "

എന്നൊക്കെ ചുറ്റുവട്ടത്ത് നിന്നും പലരും പറഞ്ഞപ്പോള്‍ എനിക്കും അത് ശരി ആണെന്ന് തോന്നി. അനിശ്ചിതത്വത്തിന്റെ കളിയായ ക്രിക്കറ്റില്‍ എന്തും സംഭവിക്കുമായിരുന്നില്ലേ ? അറിയില്ല, എന്നിരുന്നാലും അന്ന് കാണികള്‍ അല്പം കൂടി ക്ഷമ കാണിച്ചിരുന്നെങ്കില്‍ ???

സച്ചിനോടൊപ്പം 664 റണ്ണിന്റെ പാര്‍ട്ണര്‍ ഷിപ്പ് ഉണ്ടാക്കി തുടങ്ങിയ ചരിത്രമാണ് കാംപ്ലിക്ക് , രെഞ്ചി ട്രോഫിയില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പായിച് കൊണ്ട് കാമ്പ്ലിയും സച്ചിന് പിറകെ ഇന്ത്യന്‍ ടീമിലേക്ക് നടന്നു കയറി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍ പൂര്‍ത്തിയാക്കി എന്നൊരു ഖ്യാതിയും കാമ്പ്ളി നേടിയിരുന്നു എന്ന് വായിച്ചതായി ഓര്‍ക്കുന്നു. കളിച്ച 17 ടെസ്റ്റില്‍ നിന്നും 54 .20 ശരാശരിയോടെ 1084 റണ്‍ അടിച്ചെടുത്ത ആ ശരാശരി കണ്ടാല്‍ തന്നെ അദ്ദേഹത്തിന്റെ കഴിവ് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. അതും 4 സെഞ്ച്വറി അടക്കം ,അതില്‍ രണ്ട് ഇരട്ട സെഞ്ച്വറികളും.. ഒരു ക്രിക്കറ്റ് കളിക്കാരന്‍ തന്റെ കഴിവ് തെളിയിക്കേണ്ടത് ടെസ്റ്റ്‌ ക്രിക്കറ്റില്‍ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ വിശ്വാസവും അത് തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ കാമ്പ്ളി മഹാനായ ഒരു കളിക്കാരന്‍ തന്നെയാണ്. ലാറയ്ക്ക് ശക്തനായ ഒരു എതിരാളി ആയേനെ തീര്‍ച്ചയായും കാമ്പ്ളി.

സച്ചിനോളം, അല്ലെങ്കില്‍ അതിലും പ്രതിഭ ഉണ്ടായിരുന്നു കാംപ്ലിക്ക്. പക്ഷെ....എന്തൊക്കെ ആയാലും ആ ക്രിക്ക റ്റ് ജീ വിതത്തില്‍ എന്തൊക്കെയോ സംഭവിച്ചു. ആ പ്രതിഭ ഇല്ലാതായി, പലരും ചേര്‍ന്ന് നശിപ്പിച്ചു എന്നാണു എനിക്ക് തോന്നുന്നത്. ഉറ്റ സുഹൃത്തായ സച്ചിന് വരെ അദ്ദേഹത്തെ സഹായിക്കാന്‍ കഴിഞ്ഞില്ല (?) . ഇപ്പോള്‍ ഇതാ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കുകയും ചെയ്തു.

കാംപ്ലിയെ പോലെ ആകാന്‍ വലം കൈയന്‍ ആയ ഞാന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇടം കൈയില്‍ കളിച് പ്രാക്ടീസ് ചെയ്തതും , കളിക്കിടയില്‍ കാമ്പ്ളി ആകാന്‍ പലരും സ്വയം മത്സരിക്കുകയും ചെയ്തത് ഓര്‍മ വരുന്നു. അദ്ദേഹം ഇനി കോച് ആകാന്‍ പോകുകയാണെന്ന് കേള്‍ക്കുന്നു. എന്തൊക്കെ ആയാലും ആ പേര് ഇന്ത്യന്‍ ക്രിക്കറ്റ് നില്‍ക്കുന്ന അത്രയും കാലം നിലനില്‍ക്കും എന്ന കാര്യം ഉറപ്പാണ്. കാംപ്ലിക്കും കുടുമ്പത്തിനും എല്ലാ ഭാവുകങ്ങളും.

കാമ്പ്ളി ഇംഗ്ലണ്ടിനു എതിരെ 224 റണ്‍ അടിച്ച കൂട്ടിയ ഈ വീഡിയോ കണ്ടു നോക്കു, ആ പ്രതിഭയെ ഒന്ന് മനസാല്‍ നമിച്ചാല്‍ ഞാന്‍ കൃതാര്‍ഥനായി.



http://www.youtube.com/watch?v=6VxrCN-jgis

No comments:

Post a Comment