Monday, August 8, 2011

9.20 വെള്ളി രാത്രി 05.08.2011


പകുതി തുറന്നിട്ട വിണ്ടോയിലൂടെ കാറ്റിനോടൊപ്പം കലര്‍ന്ന ജലതുള്ളികളും അകത്തേക്ക് നുഴഞ്ഞു കയറിക്കൊണ്ടിരുന്നു. ഏതാനും നിമിഷം മുന്‍പ് ഭാവി വധു ഫോണ്‍ വെച് പോയതെ ഉള്ളൂ..ഞങ്ങളുടെ സംസാരം ഇക്കാലത്ത് പെയ്യുന്ന മഴയെ പോലെയാണ്. ഏത് സമയത്ത് എപ്പോ അത് നടക്കുമെന്ന് അറിയില്ല. 20 ല്‍ താഴെ ആള്‍ക്കാരുമായി പച്ച നിറമുള്ള സര്‍ക്കാര്‍ ബസ് പാഞ്ഞു കൊണ്ടിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞു കാണും കായം കുളത്ത് നിന്നും തിരുവനന്തപുരം സൂപര്‍ എക്സ്പ്രസില്‍ കയറിയിട്ട് . എറണകുളത്ത് നിന്നും .ഋഷിയും വരുന്നുണ്ട്. തിരക്കിനിടയില്‍ പകല്‍ സഞ്ചരിക്കാന്‍ കഴിയാത്ത ദൂരം ഞാന്‍ രാത്രികളില്‍ സഞ്ചരിച് തീര്‍ത് കൊണ്ടിരുന്നു. ഇടയ്ക്കിടെയുള്ള എന്റെ ഏറണാകുളം , തിരുവനന്തപുരം യാത്രകള്‍ ഓഫിസിലെ പലര്‍ക്കും ഒരു സംശയമാണ്. രാത്രി പോകുന്നു , രാവിലെ വരുന്നു.. എന്താണ് പരിപാടി?? ഒരു രസം....അത്ര തന്നെ....സ്വയം പണിത ഒരു കൂട്ടില്‍ നിന്നും ഒരു കഴുകന്‍ ഇടയ്ക്ക് ലോ കത്തെ സ്വന്തം കണ്ണിലൂടെ കാണാന്‍ നടത്തുന്ന ഒരു യാത്ര , അങ്ങനെയാണ് രതീഷ്‌ എന്റെ യാത്രയെ എനിക്ക് വിവരിച് തന്നത്.

തിരുവനന്തപുറത്ത് കുഞ്ഞി ഉണ്ട്, റോയ് ഉണ്ട്, ബിനു ഉണ്ട്, രാജിവേട്ടന്‍ ഉണ്ട്, ജിത്തു ഉണ്ട് പിന്നെ കുറേ ഓര്‍മകളും.. .ഇനി ഇവര്‍ ആ നഗരം ഒരിക്കല്‍ വിട്ടാലും ചാണക്യ, ഷോള , സഫാരി, എന്നിവ ഉണ്ടാകുമ്പോഴും എനിക്ക് ഇടയ്ക്ക് വരാതിരിക്കാന്‍ കഴിയില്ല..അതുമല്ലെങ്കില്‍ സിനിമ തിയേറ്ററുകള്‍ ഇവിടെ ഇല്ലേ ?ഇനി അഹങ്കരിക്കാന്‍ സ്വന്തം പത്മനാഭ സ്വാമിയും ആയില്ലേ? ...എന്തൊക്കെയായാലും , എങ്ങനെയായാലും എനിക്കീ നഗരത്തിലേക്ക് വരാതിരിക്കാന്‍ കഴിയില്ല....കാരണം അത് അങ്ങനെയാണ്..

ബസ് നല്ല നിയന്ത്രണത്തിലാണ് പോകുന്നത്.. ഞാന്‍ ഒന്ന് കിടക്കാന്‍ തീരുമാനിച്ചു. സീറ്റില്‍ നീണ്ട നിവര്‍ന്നു കിടന്നു, ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി .മെഹ്ദി ഹസന്‍ മധുരമായി ഗസല്‍ പാടി തുടങ്ങി....
കൈസേ ച്ചുപാവും യെ രാസ് ഹം...
ബീതായെ തന്‍ കോ ക്യാ കരൂം.....


ചുറ്റുമുള്ളവര്‍ ഫോണില്‍ സംസാരത്തിലും, കളിയിലും, മുഴുകി...സമയം ഒന്‍പതര കഴിഞ്ഞു കാണ ണം. ഞാന്‍ സീറ്റില്‍ മലര്‍ന്നു കിടന്നു ആകാശത്തേക്ക് നോക്കി...കണ്ണ് പകുതി അടച് ആകാശത്തേക്ക് നോക്കുമ്പോള്‍ ആകാശത്തിനെ മുകളില്‍ നിന്നും നോക്കുന്ന ഒരു പ്രതീതി...ആ നക്ഷത്രങ്ങള്‍ക്കും മഴമേഘങ്ങള്‍ക്കും താഴെ എവിടെയോ എന്റെ ഭൂമി ഉണ്ടെന്നു ഞാന്‍ വെറുതെ ഓര്‍ത്തു.കുഞ്ഞു നാളുകളില്‍ അമ്മൂമ്മ പറഞ്ഞ് തന്ന ഒരു കഥയില്‍ കിണര്‍ കുഴിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കഥ ഉണ്ടായിരുന്നു. അവര്‍ കിണര്‍ കുഴിച് കുഴിച് വെള്ളം കിട്ടുന്നേയില്ല.
മണ്ണ് കഴിഞ്ഞു...
കല്ല്‌ കഴിഞ്ഞു...
എന്നിട്ടും വെള്ളം കിട്ടുന്നില്ല..തോല്‍വി സമ്മതിക്കാതെ അവര്‍ പിന്നെയും കുഴിച് കൊണ്ടിരുന്നു. കുഴിക്കുന്നതിനിടയില്‍ ആരൊക്കെയോ മരിച് വീണു..പലരും പെണ്ണ് കെട്ടി...അവര്‍ക്കും മക്കള്‍ ഉണ്ടായി...
അച്ഛന്മ്മാര്‍ മരിച്ചപ്പോള്‍ മക്കള്‍ ജോലി ഏറ്റെടുത്തു. എന്നിട്ടും വെള്ളം കിട്ടുന്നില്ല.അവസാനം ഒരാള്‍ ആഞ്ഞ വെട്ടിയപ്പോള്‍ ഒരു പശുവിന്റെ കരച്ചില്‍ കെട്ടു..പിറകെ ചീത്ത വിളിയും.അയാള്‍ പിക്കാസ് കൊണ്ട് വെട്ടിയത് ഒരു പശുവിന്റെ തലയില്‍ ആയിരുന്നു.അവര്‍ കുഴിച് കുഴിച് ഭൂമിക്കടിയിലൂടെ അടുത്ത ലോകത്ത് എത്തികഴിഞ്ഞിരുന്നു. അവസാനം അവിടെ നിന്നും ഭൂമിയിലെയും ഭൂമിക്കടിയിലെയും ആള്‍ക്കാര്‍ പരസ്പരം സംസാരിച് ഒരു ധാരണയിലെത്തി . പിന്നീട് കുഴിക്കുന്നവര്‍ പിന്‍ വാങ്ങി , തിരിച് കരയിലേക്ക് കയറി.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഷൂല്‍ വേണിന്റെ (ജൂള്‍സ് വെര്‍ന്നെ ) ജേര്‍ണി റ്റു ദി സെന്റര്‍ ഓഫ് ദി എര്‍ത്ത് വായിക്കുന്നതിനു മുന്പ് ഞാന്‍ ഈ കഥ കേട്ടത് കൊണ്ട് അന്ന് ആ പുസ്തകം വായിക്കുമ്പോള്‍ എനിക്ക് അമ്മൂമ്മയോട് ബഹുമാനം തോന്നി പോയി..ആ കഥ ഉണ്ടാക്കിയ എന്റെ മുന്‍ തലമുറകളോടും . നക്ഷത്രങ്ങളെ തന്നെ തുറിച് നോക്കിയിരുന്നപ്പോള്‍ നക്ഷത്രങ്ങള്‍ എന്റെ കണ്ണിനു അടുത്തേക്ക് വരുന്നത് പോലെ എനിക്ക് തോന്നി..

ബസ് ഒന്ന് കുലുങ്ങി...
കറങ്ങി കൊണ്ടിരിക്കുന്ന ചക്രം മഞ്ഞിലൂടെ തെന്നി പോകുന്ന ബസ് തെന്നി പോകുന്ന പ്രതീതി...
ഞാന്‍ സീറ്റില്‍ നിന്നും ഒന്ന് തെന്നി...
എന്തോ തകരുന്ന ശബ്ദം... കൂടെ ഒരു നിലവിളിയും...ബസിന്റെ ചക്രങ്ങള്‍ എന്തിലോ കയറി ഇറങ്ങി..
മൊബൈല്‍ തെറിച് പോയി...
ടൈറ്റാനിക്കിന്റെ അവസാന സീനുകളില്‍ കപ്പല്‍ ചെരിയുമ്പോള്‍ ആള്‍ക്കാര്‍ തെന്നി പോകുന്നത് പോലെ ഞാന്‍ കിടന്ന ഇടത്ത്‌ നിന്നും ഒന്ന് തെന്നി താഴോട്ട്ട് നീങ്ങി. വീഴാതിരിക്കാന്‍ ഞാന്‍ കമ്പിയില്‍ മുറുക്കെ പിടിച്ചു.എന്റെ ഇടത് ഭാഗത്ത് ഇരിക്കുകയായിരുന്ന മനുഷ്യന്‍ ചാടി എഴുന്നേറ്റു. ...ബസില്‍ ബഹളം ..ഞാന്‍ തല ഉയര്‍ത്തി .ബസ് ചെരിഞ്ഞു നില്‍ക്കുന്നു...ബസ് ഒരു 25 30 ഡിഗ്രി ചെരിഞ്ഞു നില്‍ക്കുന്നു. ഞാന്‍ ആദ്യം എന്റെ മൊബൈല്‍ നോക്കി. അത് കാണുന്നില്ല.ആള്‍ക്കാരൊക്കെ പെട്ടന്ന് പുറത്തേക്ക്‌ ഇറങ്ങാനുള്ള പുറപ്പാടിലാണ്..പുറത്ത് ഓടിക്കൂടിയ ആള്‍ക്കൂട്ടം ബസില്‍ തല്ലുന്നു . ഡ്രൈവറെ തെറി വിളിക്കുന്നു. ഞാന്‍ സഹ യാത്രികനോട് ചോദിച്ചു..
" എന്തിലാ ഇടിച്ചത് ?"
"ബൈക്ക് ആണ്.. "
"ഓഹോ..ബൈക്കില്‍ ആരാ യാത്ര ചെയ്യുന്നത് ?"
അയാളെന്നെ ഒന്ന് നോക്കി..അതിന്റെ നോട്ടം മനസിലായ ഞാന്‍ സീറ്റിനടിയില്‍ പോയ മൊബൈല്‍ എടുക്കാന്‍ കുനിഞ്ഞു.മൊബൈല്‍ എടുത്ത് എഴുന്നേറ്റപ്പോളാണ് എനിക്ക് ദുരന്തം ശരിക്കും മനസിലാക്കാന്‍ കഴിഞ്ഞത്. ബസ് ബൈക്കിനെ ഇടിച് റോഡില്‍ നില്‍ക്കുന്നു എന്നാണു ഞാന്‍ കരുതിയത്. എന്നാല്‍ അതല്ല, ബസ് റോഡില്‍ നിന്നും മാറി , ചെരിഞ്ഞ് , ഇടത്ത്‌ വശത്തുള്ള ഒരു ചതുപ്പിലേക്ക് ചെരിഞ്ഞ് നില്‍ക്കുകയാണ്..ബസിന്റെ ഹെഡ് ലിറ്റില്‍ നിന്നും ചതുപ്പില്‍ കിടക്കുന്ന ചെളിയും , ചെടികളും കാണാന്‍ കഴിഞ്ഞു..ഞാന്‍ കരുതി ബൈക്കില്‍ ഉള്ള ആള്‍ തീര്‍ന്നു കാണും..രംഗ ബോധമില്ലാത്ത കോമാളി അയാളുമായി ബന്ധപ്പെട്ട , അയാളുടെ അച്ഛന്‍ അമ്മ ഭാര്യ മക്കള്‍ സുഹൃത്തുക്കള്‍ എന്നിവരെ നോക്കി കൊഞ്ഞാനം കുത്താന്‍ പോകുന്നു ഇനി.

ബസ് ഒന്ന് കൂടി ആടി ഉലഞ്ഞു .ആരൊക്കെയോ ബഹളം വെക്കുന്നു. എന്റെ വായില്‍ നിന്നും ഒരു വാക്ക് പുറത്തേക് തള്ളി വന്നു (അയ്യോ അയ്യോ അയ്യോ അയ്യോ പിറകെ വടിവേലുവിനെ പോലെ മുഖഭാവം വരുത്തി ഒരു കരച്ചിലുമായിരിക്കണം അത് . അറിയില്ല.. :)), പക്ഷെ അത് തൊണ്ടയില്‍ തന്നെ ഞാന്‍ നിര്‍ത്തി , പകരം വേറെ വാക്ക് പുറത്തേക്ക്‌ ചാടി...
"ആരും പേടിക്കണ്ട... ആരും, പേടിക്കണ്ട... ബഹളം വെക്കരുത് , " (ബഹളം വെക്കുന്നത് എനിക്ക് പേടിയാ :( )
എന്നെ ഒന്ന് രണ്ടാല്‍ക്കാര്‍ തിരിഞ്ഞ നോക്കി.ഞാന്‍ ബസിന്റെ ഏറ്റവും പിറകിലാണ്.എല്ലാവരും ഇറങ്ങിയിട്ടെ എനിക്ക് ഇറങ്ങാന്‍ കഴിയൂ. ബസില്‍ നിന്നു ആള്‍ക്കാര്‍ ഇറങ്ങി തുടങ്ങി. ബസ് ഓരോ ആള്‍ക്കാര്‍ ഇറങ്ങുമ്പോഴും ആദിക്കൊണ്ടിരിക്കുകയാണ് ..ഞാന്‍ വലത് വശത്തൂടെ പുറത്തേക്ക്‌ നോക്കി. ആള്‍ക്കൂട്ടം ബഹളം വെക്കുന്നു. ബസില്‍ തല്ലുന്നു. അവര്‍ അങ്ങനെ ചെയ്യാതിരിക്കില്ല. ഒരു മനുഷന്‍ ബസിന്നടിയില്‍ കിടക്കുകയാണ്. പ്രാണന്‍ ഉണ്ടോ ഇല്ലയോ എന്നറിയാതെ...


" ഹലോ , ഇത് കെ എല്‍ 45 ** ലെ ഡ്രൈവര്‍ ആണ്. ബസ് ഒരു ബൈക്കില്‍ തട്ടി."
"............................"
"അറിയില്ല .ബസിന്നടിയില്‍ ഉണ്ട് "
"........................"
" ആ തായോളി ഒരുമാതിരി കാലിന്റെ ഇടയിലേക്ക് കേറണ പോലെ കേറി വന്നതാ ഇതിനു നേരെ "
ഡ്രൈവര്‍ ഫോണില്‍ ആരോടോ സംസാരിക്കുകയാണ്. ഡ്രൈവറുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല ഇതില്‍. നേര്‍ വഴിയിലൂടെ ,മാന്യമായ സ്പീഡില്‍ പ്പോകുകയായിരുന്ന ബസില്‍ ബൈക്ക് ആണ് തെറ്റായ ദിശയിലൂടെ വന്നു കയറിയത്. പക്ഷെ ഇലയും മുള്ളും പോലെ ഇവിടെയും ബസ് ഡ്രൈവര്‍ ആണ് കുറ്റക്കാരന്‍.


പ്ടും
ആരോ ബസില്‍ ആഞ്ഞു ഇടിച്ചു.ഡ്രൈവറോഡ്‌ തട്ടിക്കയറി..
"നീ അവിടിരുന്നു കൊണവധികരിക്കല്ലെടാ "
ഡ്രൈവര്‍ അയാളെ ഒന്ന് തറപ്പിച് നോക്കി ഫോണില്‍ സംസാരം തുടര്‍ന്നു.
ബസ് ഇടത് ഭാഗത്തേക് ചെരിഞ്ഞു നില്‍ക്കുകയാണ്. മുന്‍ ഭാഗത്ത് മാത്രമേ ഡോര്‍ ഉള്ളു. അതിലൂടെ എല്ലാവരും ഇറങ്ങി കൊണ്ടിരുന്നു. ഞാന്‍ തലയെണ്ണി. ഒന്ന്, രണ്ട്‌, മൂന്ന്, ......ഇനിയും 8 , 9 ആള്‍ക്കാര്‍ ഇറങ്ങിയാലെ എനിക്ക് ഇറങ്ങാന്‍ കഴിയൂ. ഞാന്‍ ഒന്ന് തല ചൊറിഞ്ഞു.ബസ് മറിയുമോ ? മറിയുമോ ?
ഞാന്‍ ഇടത് വശത്തേക്ക് നോക്കി.. അവിടെ മൊത്തം ചെളിയും പായലുമാണ്. ബസോ മറ്റോ അങ്ങോട്ടേക്ക് മറിഞ്ഞാല്‍ ചെളിയില്‍ കുതിര്‍ന്ന് , മൊത്തം നനഞ്ഞ് ,അയ്യേ അയ്യേ.. ചാണകത്തില്‍ വീണ സലിം കുമാറിന്റെ അവസ്ഥ ആകുമോ എന്ന് ഞാന്‍ ചിന്തിച്ചു. പെട്ടെന്ന് എനിക്ക് ചിരിയും വന്നു. പക്ഷെ ഞാന്‍ ചിരി പിടിച് നിറുത്തി. എന്റെ തൊട്ടു മുന്‍പില്‍ നില്‍ക്കുകയായിരുന്ന മനുഷ്യന്‍ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നു. അയാളുടെ പുച്ഛം. ഭയം. നിസഹായത ഒക്കെ..എന്റെയും അവസ്ഥ അത് തന്നെയാണ്.

" കല്ല്യാണം കഴിച്ചില്ല അല്ലെ?"
എന്നോട് അയാള്‍ ചോദിച്ചു. ഞാന്‍ ഇല്ലായെന്ന് തലയാട്ടി. അത് കൊണ്ടാട നീ ചിരിക്കുന്നത് എന്ന ഭാവത്തില്‍ അയാള്‍ എന്നെ ഒന്ന് കൂടി നോക്കി.

അവസാനം എന്റെ ഊഴമെത്തി. മുന്‍പില്‍ എത്തിയപ്പോഴാണ് ഞാന്‍ ബസിന്റെ ശരിക്കുള്ള അവസ്ഥ കണ്ടത്. ബസിന്റെ മുന്‍ ഭാഗം കരയിലും വെള്ളത്തിലും എന്ന അവസ്ഥയില്‍ കിടക്കുകയാണ്.അവിടെ ബസ് നല്ല വണ്ണം ചെരിഞ്ഞിരിക്കുകയാണ്.ഞാന്‍ ഒന്ന് നോക്കി. ഡ്രൈവറിന്റെ ഡോറിലൂടെ ഇറങ്ങിയാലോ? അവിടെ താഴെ ഒരു മനുഷ്യന്‍ നില്‍ക്കുന്നുണ്ട്. അയാള്‍ എന്റെ നേരെ കൈ നീട്ടി.
" ചേട്ടാ, പതുക്കെ ഇറങ്ങിക്കോ "
" കുഴപ്പമില്ലല്ലോ ?"
"ഇത്രേം ആള്‍ക്കാര്‍ ഇറങ്ങിയതല്ലേ ? ..സംസാരിക്കാന്‍ സമയമില്ല വേഗം ഇറങ്ങ് "

"ഡോയ് , അയാളോട് വേഗം ഇറങ്ങാന്‍ പറ..ഒരുത്തന്‍ ഇവിടെ പുളഞ്ഞോണ്ട് ഇരിക്കുകയാ ഇതിനടിയില്‍. വേഗം ഇറക്കെട..." ആരോ വിളിച് പറഞ്ഞു . ഞാന്‍ ഇറങ്ങുമ്പോള്‍ ബസ് പുളയുന്നതും അത് എന്റെ മുകളില്‍ വീണ് , എന്നെ അമര്‍ത്തി ശ്വാസം മുട്ടിച് , ചതച് കൊല്ലുകാന്‍ പോവുകയാണോ ? എന്റെ തെയ്യങ്ങളേയും കാരണവര്‍മ്മാരെയൊക്കെ ധ്യാനിച് ഞാന്‍ ബസില്‍ നിന്നും കാല്‍ പുറത്തേക് വെച്ചു.

ബസ് വീണില്ല.
ഒന്നും സംഭവിച്ചില്ല.
പുറത്തിറങ്ങിയാണ് ഞാന്‍ ബസിന്റെ ശരിക്കും ഉള്ള അവസ്ഥ കണ്ടത്.ഒരു മീറ്റര്‍ കൂടി മുന്പോട്റ്റ് വന്നിരുന്നെങ്കില്‍ പത്രത്തില്‍ പടവും വാര്‍ത്തയും ഒരു പക്ഷെ വന്നേനെ .
.റോഡില്‍ വാഹങ്ങളുടെ നീണ്ട നിര..
അവിടേം ഇവിടേം ചിതറി കിടക്കുന്ന ആള്‍ക്കൂട്ടം ഓരോ കമന്റ് പറയുന്നു
ബസിനെ ആരൊക്കെയോ ചേര്‍ന്ന് തള്ളി..
വീഴാന്‍ പോകുന്ന മരത്തിനെ പോലെ അത് ആടിക്കൊണ്ടിരുന്നു..
പലരും കണ്ണ് പൊത്തി. സ്ത്രീകള്‍ നില വിളികള്‍ തൊണ്ടയില്‍ ഒതുക്കി നിറുത്തി.
കുട്ടികള്‍ ആഹ്ലാദത്തോടെ നോക്കി നിന്നു..
പക്ഷെ ബസ് വീണില്ല..
ഒരു പോലിസ് ജീപ്പ് ചീറി പാഞ്ഞു വന്നു..
ബസിനടിയില്‍ നിന്നും ഒരാളെ തൂക്കിയെടുത്ത് ആള്‍ക്കാര്‍ കൊണ്ട് വന്നു ആ ജീപ്പില്‍ കയറ്റി.
" എന്തായി തീര്‍ന്നോ?"
"ഇല്ല..ജീവനുണ്ട്..."
ഞാന്‍ നെഞ്ചില്‍ കൈ വെച് ഒന്ന് കണ്ണടച്ചു .അയാളെ വികലാന്ഗന്‍ ആക്കല്ലേ ദൈവമേ....

((ഈ യാത്രക്കിടയില്‍ ഒരു പാട് കോമഡികള്‍ ഉണ്ടായി...
എന്റെ കൂടെ തിരുവനന്തപുരം വരെ യാത്ര ചെയ്യാന്‍ 4 ആള്‍ക്കാരെ എനിക്ക് കൂട്ട് കിട്ടി. ഒരു മെഡിക്കല്‍ റെപ്, സൂര്യ ടിവിയില്‍ ജോലി ചെയ്യുന്ന ഒരു യുവതി ,മുത്തൂറ്റില്‍ ജോലി ചെയ്യുന്ന വേറൊരു മനുഷ്യന്‍ , പിന്നെ മാന്യനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ , ആ കഥ വേറെ എപ്പോഴെങ്കിലും പറയാം. ) )

മുഖത് തണുത്ത കാറ്റടിച്ചപ്പോള്‍ ഞാന്‍ ഉള്ളില്‍ പുഞ്ചിരിച്ചു.
ഇതെന്റെ പ്രിയപ്പെട്ട നഗരത്തിന്റെ ഗന്ധമാണ്..
എനിക്ക് പലതും തന്ന, പല തിരിച്ചറിവുകളും തന്ന
എന്റെ സ്വന്തം നഗരത്തിന്റെ ഗന്ധം.....
തമ്പാനൂരിന്റെ ഗന്ധം...
ബസ് യൂനിവേര്‍സിറ്റി കോളേജ് കഴിഞ്ഞ് നിയമ സഭയോട് അടുക്കുകയായിരുന്നു.
അല്ലെങ്കിലും തമ്പാനൂരിലെക്കുള്ള യാത്രകളില്‍ എനിക്ക് തടസം ഉണ്ടാകില്ല.....

ഒരു കട്ടന്‍ ചായ...
റേഡിയോ പാട്ട്...

 കൂടെ ഈ നഗരവും ചേരുമ്പോള്‍ അത് സ്വര്‍ഗ്ഗമാണ്...ഞാന്‍ കണ്ണ് തുറന്നു തമ്പാനൂരിനെ നോക്കി പുഞ്ചിരിച്ചു...തമ്പാനൂര്‍ എന്നെ സ്വീകരിക്കാന്‍ കൈ നീട്ടിയിരിക്കുന്നു.






8 comments:

  1. നന്നായി വരുന്നുണ്ട്...

    ReplyDelete
  2. കൊള്ളാം................
    ഒരു സൃഷ്ടി എന്ന് പറഞ്ഞാല്‍ ഇത് തന്നെ
    കല്പനകളെ കാള്‍ യാദാര്‍ത്ഥ്യം ത്തിനു ഭംഗി കൂടും

    ReplyDelete
  3. അനീജ
    കമന്റിനു നന്ദി...
    ഇനിയും എഴുതാം...
    സഹിക്കാന്‍ തയ്യാരാണല്ലോ?

    ReplyDelete
  4. Kollaamedo njaan ithrayum expect cheythilla
    keep it up dude......

    ReplyDelete
  5. da busil nivarnnu kidannu pathi kannadachu mukalilekku nokkiyal businte top alle kanan pattu...ne engane akasham kandu...nashatrangale kandu...NANNAYITTUNDU..BHAVI MT/CHETAN BHAGATINE NJAN NINNIL KANUNNU...KEEP GOING..

    ReplyDelete
  6. ajith....just look out through window...your eyes can turn na?????

    ReplyDelete