Wednesday, July 27, 2011

കര്‍ഫ്യൂ രണ്ടാം ദിവസം


2008 ലെ ഏപ്രില്‍ മാസത്തിനു ഒരു പ്രതേകതയും ഇല്ലായിരുന്നു..എല്ലാ കൊല്ലത്തെയും പോലെ ഏപ്രില്‍ ഫൂള്‍ കഴിഞ്ഞു, ആദി, ജിത്തു, ബിജു, അനുപമ എന്നിവരുടെ ജന്മമ ദിനങ്ങള്‍ കഴിഞ്ഞു.വിഷു കഴിഞ്ഞു.പിന്നെ ഒരു പ്രതെകത ഉണ്ടായത് കാലം തെറ്റി ഒരു മഴ പെയ്തു എന്നുള്ളത് മാത്രമാണ്.ജീവിതം കുഴപ്പമില്ലാതെ തട്ടിയും മുട്ടിയും കടന്നു പോവുകയായിരുന്നു.അതിനിടയില്‍ രമേശന്റെ സുഹൃത്ത് (ഇപ്പോള്‍ എന്റെയും ) ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വില്ല്യം ഐസക് ഒരു പരിപാടിക്ക് കാസര്‍കോട് വന്നത്.ഞാനും ആദിയും സജാസും കൂടി ആ രാത്രി അവന്റെ കൂടെ ആയിരുന്നു..ഉപ്പളയ്ക്കടുതായിരുന്നു പരിപാടി.അവനെ കാണാന്‍ സുന്ദരിമാര്‍ പൊതിയുന്നത് കണ്ട ഭയങ്കരമായ് അസൂയ വന്നു,അവന്റെയൊക്കെ ടൈം അളിയാ എന്ന് പറഞ്ഞ് ഞങ്ങള്‍ ഇരുണ്ട ആകാശത്തിനെ നോക്കിയിരുന്നു. ഒരു സെലബ്രിറ്റി ആകാന്‍ ഉള്ള എന്റെയും സജാസിന്റെയും ആഗ്രഹം അതോടെ കൂടുകയും ചെയ്തു. .(ആദി സെലബ്രിറ്റി അല്ലെങ്കിലും അപ്പോഴേ താരമാണ് എന്നുള്ളത് കൊണ്ട് അവന്‍ വില്യമിനെ കാണാന്‍ വന്ന പെണ്‍ പിള്ളേരെ ചാകിലാക്കി കൊണ്ടിരുന്നു ) .വില്ല്യം പാടി തുടങ്ങി. മനോഹരമായിരുന്നു അവന്റെ പാട്ട്ട്. പരിപാടിയില്‍ മുഴുകി ഇരിക്കുമ്പോള്‍ ആദിക്ക് ഒരു വിളി വന്നു, കാസര്‍കോട് ടൌണില്‍ നിന്നും വേറൊരു സുഹൃത്തായിരുന്നു വിളിച്ചത്.നല്ല വാര്‍ത്ത ആയിരുന്നില്ല അപ്പുറത് ,ടൌണില്‍ ഒരുത്തനെ കുത്തിക്കൊന്നു..അസ്വഭാവികമായി ആരെങ്കിലും കൊല്ലപ്പെടുകയോ മാറോ ചെയ്‌താല്‍ ഓരോ ഭാഗത്തും ഓരോ കാരണങ്ങളാകം പൊതുവേ നമ്മുടെ ചിന്തയില്‍ വരുന്നത്.
കണ്ണൂര്‍ ആണെങ്കില്‍ രാഷ്ട്രീയ കൊലപാതകം...
ബോംബൈ ആണെങ്കില്‍ അധോലോകങ്ങളുടെ ചേരിപ്പോര് അല്ലെങ്കില്‍ തീവ്രവാദി ആക്രമണം.
ജമ്മുവില്‍ മൈന്‍ പൊട്ടിത്തെറിച് മരണം...
അത് പോലെ കാസര്‍കോടിന്റെ ഒരു സ്വഭാവം വെച്ച് ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ഒട്ടുമിക്ക ആള്‍ക്കാരും പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്..
ഹിന്ദുവോ മുസ്ലീമോ?? ആദിയുടെയും ചോദ്യം അത് തന്നെയായിരുന്നു..
"------." അപ്പുറത്ത് നിന്നും മറുപടി വന്നു.
"ഓഹോ അപ്പോള്‍ നാളെ മുതല്‍ ആഘോഷമായിരിക്കും അല്ലെ?"
ഞാനും സജാസും ഒന്ന്മുഖാ മുഖം നോക്കി ,നേരിയ ഒരു ഭയം ആള്‍ക്കൂട്ടത്തില്‍ നിന്നും വന്നു എന്നെ പൊതിഞ്ഞതായ് തോന്നി. പക്ഷെ ആദിക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു.അവന്‍ ചിരിച്ച് കൊണ്ട് ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു.അവന്‍ കാസര്‍കോടിനെ കുഞ്ഞു നാള്‍ മുതല്‍ കാണുന്നവനാണ്.ഞാനും സജാസും വരുത്തന്മ്മാരാണല്ലോ ?അതിന്റെ ഒരു ഭയം എവിടെയോ ഉടക്കി കിടന്നിരുന്നു.

അന്ന് പരിപാടി കഴിഞ്ഞ മടങ്ങുമ്പോള്‍ മനസ്സില്‍ മൊത്തം ഭയമായിരുന്നു ചെറിയ ഒരു കാര്യത്തിനു വരെ വിറയ്ക്കുന്ന ഒരാളാണ് ഞാന്‍ .അതിനിടയിലാണ് ടൌണില്‍ ആരോ കൊല്ലപ്പെട്ടിരിക്കുനത്..സമയമാണെങ്കില്‍ രാത്രിയും,ആവശ്യമില്ലാത്ത ഒരു പേടി എന്റെ മനസ്സില്‍ നിറഞ്ഞു. കാര്‍ കുമ്പളയും കടന്നു ഇരുട്ടിനെ കീറി കാസര്‍കോട് ടൌണിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു. ആദി വില്ല്യമിനോട് എന്തൊക്കെയോ സംസാരിച് കൊണ്ടിരുന്നു, സജാസും സംസാരിക്കാന്‍ കമ്പനി കൊടുത്തു.ഞാന്‍ മാത്രം എന്തോ ഭയത്തോടെ സിഗരറ്റ് പുകച് തള്ളിക്കൊണ്ടിരുന്നു..കാറ്റത്ത് സിഗരറ്റ് വേഗത്തില്‍ എരിഞ്ഞു കൊണ്ടിരുന്നു.കാസര്‍കോട് അടുക്കുംതോറും മനസ്സില്‍ ഭയം നിറഞ്ഞു കൊണ്ടിരുന്നു..നഗരം മഞ്ഞയും ചുവപ്പും കലര്‍ന്ന നിറത്തില്‍ തെളിഞ്ഞ് നിന്നിരുന്നു. കാര്‍ കരന്ധകാട് ട്രാഫിക് സര്‍ക്കിള്‍ ചുറ്റി തിരിഞ്ഞ് വീണ്ടും മുന്പോട്ട് റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി കുതിച്ചു.
സ്റ്റെഷനെത്തി
ടിക്കറ്റെടുത്തു
വില്ല്യം കെട്ടിപ്പിടിച് യാത്ര പറഞ്ഞു.
നിഗൂഡമായ എന്തൊക്കെയോ വഹിച്ച് ശാന്തമായ് (?) ഒഴുകുന്ന ചന്ദ്രഗിരിപുഴയുടെ പാലം കടന്നു വില്യമിനെയും വഹിച്ച് പേരോര്‍മയില്ലാത്ത ഒരു തീവണ്ടി പാഞ്ഞു പോയി...

പിറ്റേന്ന് സൂര്യോദയം കുഴപ്പമില്ലാതെ കടന്നു പോയി...
കാപ്പി കഴിഞ്ഞു ആരൊക്കെയോ എവിടെയോ ഒത്തു കൂടി ഗൂഡാലോചന നടത്തി.പകരം വീട്ടണം.
ഉച്ചയ്ക്ക് മുന്പ് ഇന്നലെ രാത്രി കൊല്ലപ്പെട്ടതിന്റെ എതിര്‍ വിഭാഗത്തില്‍ പെട്ട ഒരു വക്കീല്‍ കൊല്ലപ്പെട്ടു...
കുറേ കഴിഞ്ഞു എതിര്‍ ഭാഗത്ത് ഒരു മധ്യ വയസ്ക്കന്‍.. നിര്‍ഭാഗ്യത്തിനു അതെനിക്കറിയുന്ന ഒരു സുഹൃത്തിന്റെ പിതാവായിരുന്നു..
രാത്രി ഒരു ബൈക്ക് യാത്രികന്‍..
എണ്ണം കൂടി കൂടി വന്നു, കാസര്‍കോട് കാരെ ഒരു തരം കറുത്ത മൌനം പൊതിഞ്ഞു.എന്തൊക്കെയോ പൊട്ടലും ചീറ്റലുകളും ഏത് നിമിഷവും പ്രതീഷിച് ആശങ്കയോടെ കാസര്‍കോട് നിവാസികളും.
കട കമ്പോളങ്ങള്‍ അടഞ്ഞു...
സ്കൂളുകള്‍ പൂട്ടി..
നഗരത്തില്‍ അന്ന് സന്ധ്യയോടൊപ്പം കര്‍ഫ്യൂവും പരന്നു. എവിടെ നിന്നൊക്കെയോ പോലിസ് ബറ്റാലിയന്‍ ഇറങ്ങി .കര്‍ഫ്യൂ വന്നിട്ടും കൊലയാളികള്‍ പതുങ്ങി നടന്നു ഒന്ന് രണ്ട് കൊലകള്‍ പിന്നെയും നടത്തി.

പോലിസ് ഇറങ്ങി...പട്ടാളം ഇറങ്ങി...ആര്‍ പി എഫ് , മലയാളം അറിയാത്ത .പോലിസ് കാരും കര്‍ണ്ണാടകയില്‍ നിന്നും ഇറങ്ങി . കാസര്‍കോട് നഗരത്തില്‍ താമസക്കരെക്കാളും കൂടുതല്‍ പോലിസ് നിറഞ്ഞു.പോലിസ് നിരത്തുകളും വീഥികളും കയ്യേറി. കാസര്കോട്ടുകാര്‍ മാത്രം വീടുകളില്‍ ഒതുങ്ങി കൂടി..

കര്‍ഫ്യൂ ഒന്നാം ദിവസം :

പകല്‍ ഇളയച്ഛന്റെ വീടില്‍ തന്നെ ഞാന്‍ കൂടി..അയാള്‍ വാസികളായ ഹിന്ദു മുസ്ലീങ്ങള്‍ ഒന്നിച്ചിരുന്നു വര്‍ത്തമാനം പറഞ്ഞു. അവരുടെ മക്കള്‍ ഒന്നിച്ച് പ്രതീഷിക്കാതെ കിട്ടിയ അവധി ആഘോഷിച്ച് കളിച്ച് നടന്നു..പള്ളികളില്‍ നിന്നും ബാങ്ക് വിളികളും അമ്പലങ്ങളില്‍ പൂജാദി കര്‍മ്മങ്ങളും മുടക്കമില്ലാതെ നടന്നു.ചുറ്റു വട്ടതുള്ളവര്‍ അവസ്തയോര്ത് പരിതപിച്ചു.
അന്നെനിക്ക് ഭക്ഷണം , വായു, ജലം എന്നിവ പോലെ ഒരു അവശ്യ വസ്തു ആയിരുന്നു സിഗരറ്റും. വലികാന്‍ മുട്ടിയ ഞാന്‍ അവസാനം
തൊട്ടടുത്തുള്ള കടയില്‍ സിഗരറ്റ് വലിക്കാന്‍ ചെന്നു ഞാന്‍.അവിടെ വെച്ച് വെട്ടു കത്തി പൊതിഞ്ഞു നടക്കുന്ന ഒരാളെ കണ്ടു..ഭയന്നുവെങ്കിലും അയാള്‍ വല്ല പണിയും കഴിഞ്ഞു വരികയായിരിക്കും എന്ന് സ്വയം സമാധാനിച്ചു.അന്നും പോലിസിനെയൊക്കെ വെല്ലു വിളിച്ച് ഒരാളെ കൂടി കൊലയാളികള്‍ കൊന്നു തള്ളി.
ഇളയമ്മ പിറ്റേ ദിവസം കോഴിക്കോട് പി എസ് സി പരീക്ഷയ്ക്ക് പോകേണ്ട കാര്യം ഓര്‍മിപ്പിച്ചു .സര്‍ക്കാരുദ്യോഗസ്ഥയാവാന്‍ എളേമ്മയുടെ അവസാന ശ്രമം. പോകണോ , നാളെ പോകാതിരുന്നൂടെ എന്ന് ഞാന്‍ ഒന്ന് കൂടി ചോദിച്ചു.എലെമ്മയുടെ തീരുമാനത്തില്‍ മാറ്റം ഇല്ലായിരുന്നു.കോഴിക്കോടാണ് പരീക്ഷ. ഇളയച്ച്ചന്‍ കോഴിക്കോട് മൈനിംഗ് ആന്‍ഡ്‌ ജിയോളജി ജില്ലാ ഓഫിസര്‍ ആണ്.എളെമ്മയെ പിറ്റേന്ന് രാവിലെ ട്രെയിന്‍ കയറ്റി വിടാന്‍ എനിക്ക് ഇളയച്ച്ചന്‍ ഉത്തരവ് തന്നതാണ്.അത് ചെയ്യാതിരിക്കാനും കഴിയില്ല. രാത്രി ആദിയെ വിളിച് സംസാരിച് ഞാന്‍ അല്പം ധൈര്യം വരുത്തി..രാവിലെ റെയില്‍വേ സ്റ്റെഷനിലെക്ക് പോകാനുള്ളതാണ്.എന്തൊക്കെയോ ഓര്‍ത്ത് ,എന്ത് തേങ്ങയാനെങ്കിലും തലയില്‍ വീഴാനുള്ളത് വീഴും എന്ന് പറഞ്ഞു ഉറങ്ങാന്‍ കിടന്നു. അന്ന് രാത്രി ഞാന്‍ ശരിക്കും ഉറങ്ങിയില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു..

കര്‍ഫ്യൂ രണ്ടാം ദിവസം :
അതി രാവിലെ ആറര മണിക്ക് തന്നെ ഇളയമ്മയും ഞാനും ഇറങ്ങി. കുട്ടി , വാവ, അഭി വീട്ടില്‍ തന്നെയുണ്ട്..ഒരു ഫോണ്‍ അവരെ ഏല്‍പ്പിച്ച് ഞങ്ങള്‍ പുറത്തേക്കിറങ്ങി..
ഉദയഗിരി എത്തിയപ്പോള്‍ ഒരു പോലിസ് വണ്ടി വന്നു. അവരുടെ ദയയില്‍ അതില്‍ കയറി ഞങ്ങള്‍ വിദ്യാനഗറില്‍ എത്തി.പോലിസ് അവിടെ നിന്നും ഞങ്ങളെ തനിച്ചാക്കി ചേര്‍ക്കള ഭാഗത്തേക്ക് പോയി.ഞങ്ങള്‍ മാത്രം അവിടെ ബസ് സ്ടാന്റില്‍ തനിച്ചായി. ഏതാനും മിനിറ്റില്‍ ഒരു ഓട്ടോ വന്ന് നിന്നു.കാര്യം പറഞ്ഞപ്പോള്‍ അയാള്‍ ഇരട്ടി ചാര്‍ജ് ആവശ്യപ്പെട്ടു..സാഹചര്യം അതായത് കൊണ്ട് ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിഞ്ഞില്ല..ഇളയമ്മയെ സ്റ്റേഷനില്‍ എത്തിച്ച് വീട്ടിലേക്ക് തിരിച്ചെത്തുക എന്നൊരു ലക്‌ഷ്യം മാത്രം മനസ്സില്‍.ഓട്ടോ പുറപ്പെട്ടു.അവിടേം ഇവിടേം ഒന്ന് രണ്ടാല്ല്ക്കാര്‍ മാത്രം.. സമയം ആറെ നാല്പത് ആവുന്നു. .ഓട്ടോ കോളേജും കടന്നു അണംകൂര്‍ എത്തി.അവിടെയൊക്കെ ഒന്ന് രണ്ട് ആള്‍ക്കാര്‍ കൂടിയിരിക്കുന്നു. അവര്‍ ഓട്ടോയെ നോക്കി. വല്ലയിടത് നിന്നും കല്ലോ മറ്റോ പറന്നു വരുന്നുണ്ടോ എന്നായിരുന്നു എന്റെ നോട്ടം. നുള്ളിപ്പാടി എത്തിയപ്പോഴും കല്ല്‌ പ്രതീക്ഷിച്ചു. ഓട്ടോ പുതിയ ബസ് സ്ടാണ്ട് കഴിഞ്ഞു. അവിടെ പള്ളിയും അമ്പലവും മുഖാമുഖം നോക്കി താടിക്ക് കൈയും കൊടുത്ത് തല കുനിച്ചിരിക്കുന്നു.
തായലങ്ങാടി വഴി ഓട്ടോ കടന്നു പോയപ്പോള്‍ നടന്നു നീങ്ങുന്ന ആള്‍ക്കാരെ കണ്ടു.ടൌണില്‍ ചില ഭാഗത്ത് ഒന്ന് രണ്ട് പോലിസ് നില്‍ക്കുന്നുണ്ടായിരുന്നു.ഓടോ റെയില്‍വേ സ്റ്റെഷനിലെത്തി.അവിടെ പരിചയമുള്ള ഒരു ചേച്ചിയെ കണ്ടു,അവരെ ഇളയമയ്ക്ക് പരിചയപ്പെടുത്തി അതെ ഓട്ടോയില്‍ ഞാന്‍ തിരിച്ച് വരാന്‍ തീരുമാനിച്ചു. ഓട്ടോ പുറപ്പെടും മുന്പ് ഒട്ടോയിലെക്ക് രണ്ട് പേര്‍ കൈ കാണിച്ചു.ഓട്ടോക്കാരന്‍ എന്നെ തിരിഞ്ഞ് നോക്കി, ഞാന്‍ ഒന്ന് ആലോചിച്ച് അവരെ കൂടി ഓട്ടോയില്‍ കയറ്റാന്‍ തീരുമാനിച്ചു. ഓട്ടോ തിരിച്ചു വിദ്യാനഗറിലേക്ക്, ഇറങ്ങാന്‍ സൌകര്യത്തിനു ഞാന്‍ ഇടത് ഭാഗത്ത് അറ്റത്തായ് ഇരുന്നു.

ഓട്ടോ തിരിച്ച് വിദ്യാനഗരിലേക്ക്, മനസ്സില്‍ സമാധാനം കുറേശെ നിറഞ്ഞു. ഇത് വരെ പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ? പുതുതായി എനിക്ക് കിട്ടിയ സഹയാത്രികര്‍ മാന്യന്മ്മാരാണ്. കുഴപ്പമില്ല.എന്തായാലും കൂടിനു ആള്‍ക്കാരുണ്ടല്ലോ?അവരുടെ ജാതിയും മതവും ഒന്നും അപ്പോള്‍ എന്റെ മനസ്സില്‍ വന്നില്ല.ഒരു പ്രതേക ഘട്ടത്തില്‍ കൂടെ സഞ്ചരിക്കാന്‍ കിട്ടിയ മനുഷ്യര്‍.ജീവിതം അങ്ങനെയാണ് ചില അവസരങ്ങളില്‍ പുതുതായി എന്തൊക്കെയോ നമ്മെ മനസിലാക്കി തരുന്നു.ഓട്ടോ ഞങ്ങളെയും വഹിച്ച് ഓടിക്കൊണ്ടിരുന്നു. സമയം ഏഴ് ആവുന്നു..ബദരിയ ഹോട്ടലും , പോസ്റ്റ്‌ ഓഫിസും, പ്രസ് ക്ലബ് ജംക്ഷനും കടന്നു ഓട്ടോ പുതിയ ബസ് സ്റ്റാന്റിലേക്ക് അടുത്ത് കൊണ്ടിരുന്നു.
പുതിയ ബസ് സ്റ്റാന്റ് ട്രാഫിക് സര്‍ക്കിളില്‍ ഓട്ടോ ഒന്ന് ചുറ്റി തിരിഞ്ഞു.
ദൂരെ ഞാന്‍ കണ്ടു.റോഡില്‍ നേരത്തെ പോകുമ്പോള്‍ ഇല്ലാതിരുന്ന കുറച് വണ്ടികളും, കുറേ ആള്‍ക്കാരും.വണ്ടികളുടെ നിറം കറുപ്പ് കലര്‍ന്ന നീല ആയിരുന്നു.കൂടിയിരിക്കുന്ന ആള്‍ക്കാരുടെ വേഷം കാക്കിയും.അത് പോലിസ് വണ്ടികളും പോലിസ്രുമായിരുന്നു.മിലന്‍ തിയേറ്ററിനു മുന്‍പില്‍ അവര്‍ വട്ടം കൂടി നില്‍പ്പുണ്ടായിരുന്നു.ഞാന്‍ ഓട്ടോ കാരനെ നോക്കി.

ഞാന്‍ : ഏട്ടാ,എന്താപ്പാ പോലിസ് കാര് കൂട്ടം കൂടിട്ട് നിക്കുന്നെ?
ഓട്ടോ : ആബെ...ആര്‍ക്കറിയാം..എടേലും ആരേലും രാവിലന്നെ കൊന്നിട്ടിണ്ടാകും

എന്റെ സംശയം തീരുന്നതിനു മുന്പ് പോലിസ് കാര്‍ "ആരെടാ അത് " എന്ന് അലറി ഞങ്ങളുടെ ഓട്ടോക്ക് നേരെ ഒരു കൂട്ടം പോലിസ് ഓടി വന്നു.എനിക്കൊന്നും മനസിലായില്ല. എന്താണ് സംഭവിക്കുന്നത് ? നിര്‍ത്തെടാ , ഓടെടാ, എന്നിങ്ങനെ ഉള്ള ആക്രോശങ്ങള്‍ അവര്‍ മുഴക്കുന്നുണ്ടായിരുന്നു. ഞാന്‍ സഹയാത്രികരെ നോക്കി. ഇവര്‍ ആരെയെങ്കിലും കൊന്നിട്റ്റ് വരുകയാണോ ?ഇവരെയാണോ പോലിസ് അന്വേഷിക്കുന്നത് ? ആലോചിച് തീരും മുന്പ് പോലിസ് തേനിച്ച കൂട്ടം പോലെ ഞങ്ങടെ വണ്ടിയുടെ അടുത്ത് എത്തിയിരുന്നു..അവര്‍ ഡ്യൂട്ടിക്ക് ഇറങ്ങി ആദ്യം കണ്ണില്‍ പെട്ട വണ്ടി ഞങ്ങളുടേത് ആയിരിക്കണം..അവര്‍ക്ക് നല്ല ഉത്സാഹവും ആവേശവും ആയിരുന്നു.ഓട്ടോ ഒന്ന് ആടിയുലഞ്ഞു.എന്താണെന്ന് മനസിലാകുന്നതിനു മുന്പ് പുറത്തേക്ക്‌ തള്ളിയിരിക്കുകയായിരുന്ന എന്റെ ഇടത് തുടയില്‍ അടി വീണു. നല്ല ചൂരലിന്റെ പ്രയോഗം..കണ്ണിലൂടെ ടോം ആന്‍ഡ്‌ ജെറിയില്‍ മാത്രം കണ്ടിട്ടുള്ള നക്ഷത്രം പാഞ്ഞു പോയി. ചെവിയിലൂടെ പുകയും പുറത്തേക് ചീറി പാഞ്ഞു അപ്പുറത്തൂടെ ഡ്രൈവര്‍ക്കും സഹയാത്രികര്‍ക്കും കണക്കിന് കിട്ടി .അതില്‍ ഒരുത്തന്റെ നിലവിളി ഓര്‍ക്കുമ്പോ എനിക്കിപ്പ്പോഴും ചിരി വരുന്നു.ആദ്യ അടി കൊണ്ട ആ നിമിഷം എന്തിരനില്‍ രജനികാന്ത് കണക്ക് കൂട്ടുന്ന പോലെ
ഒരു നിമിഷം കൊണ്ട് എന്റെ ചിന്ത എങ്ങോട്ടൊക്കെയോ പാഞ്ഞു..
പോലിസ്
അറസ്റ്റ്
ജയില്‍
കോടതി
"എങ്ങോട്ടാട " എവിടെ പോയെട ഓടെടാ എന്ന് പോലിസ് പറയുന്നുണ്ടായിരുന്നു..ഡ്രൈവര്‍ വണ്ടി നിറുത്തി.
ഞങ്ങള്‍ ചാടിയിറങ്ങി..ആദ്യം ഇറങ്ങിയത് ഞാന്‍
പുറത്ത് വീണ്ടും അടി വീണു.ഒന്നല്ല ചടപടാന്ന് അഞ്ചാറെണ്ണം..

"സര്‍ ഞാന്‍ റെയില്‍വേ സ്റ്റേഷന്‍..."
പതക്കോ പതക്കോ
"സാര്‍ ഞാന്‍ "
പ്ടും പ്ടും
"സാര്‍ ഞാന്‍ തെറ്റൊന്നും ചെയ്തില്ല"
ടപ്പേ ടപ്പേ

പിന്നെ ആദ്യത്തെ അടിയില്‍ തന്നെ ബോധം പോയി പിന്നെ ഒന്നും ഞാന്‍ അറിഞ്ഞില്ല എന്ന അവസ്ഥയിലായി ഞാന്‍.ആരൊക്കെയോ ഓടി വരുന്നു. എന്നെ തല്ലുന്നു.
ഇടിക്കുന്നു.
ഞുരുക്കുന്നു
ചതയ്ക്കുന്നു..
വലിക്കുന്നു
മതിലിളകുന്നു എന്ന് ഇന്ദ്രന്‍സ് പാടിയ പോലെ ആയി എന്റെ അവസ്ഥ.
നിര്‍ത് നിര്‍ത് എവിടെയോ ഒരു പാട്ട് കേട്ടല്ലോ എന്ന് രാം ജി റാവുവില്‍ സായ്കുമാര്‍ പറഞ്ഞ പോലെ പറയാന്‍ എനിക്ക് തോന്നി.അതിനിടയ്ക്ക് മനസ്സില്‍ സാറമ്മാരെ ഒരു നൂറു വട്ടമെങ്കിലും അക്ഷരം മാറ്റി വിളിക്കുകയും ചെയ്തു.
സത്യം വിവരിക്കാന്‍ നിന്ന നില്‍പ്പില്‍ എനിക്ക് അപ്പോഴേക്കും പത്തിരുപത് അടി കിട്ടി കഴിഞ്ഞിരുന്നു.അതിനിടയില്‍ എന്റെ സഹയാത്രികരും ഒട്ടോകാരനും എങ്ങോട്ടോ ഓടി രക്ഷപ്പെട്ടു.
"ഓട്ര തടിയാ , നിന്നോട് പ്രതീകം പറയണോ..ഓടെടാ.."
ഒരു പോലിസ് അലറി..ഞാന്‍ തടിയനാനെങ്കിലും അടുത്ത സുഹൃത്തുക്കള്‍ മാത്രമേ എന്നെ അങ്ങനെ വിളിക്കുന്നത് എനിക്കിഷ്ട്ടമുള്ള്. ഞാന്‍ ആ പോലിസിനെ ക്രൂധനായ് ഒന്ന് നോക്കി.
വീണ്ടും അയാള്‍ ആക്രോശിച്ചു
"ഓട്ര നിന്നോടല്ലേ ഓടാന്‍ പറഞ്ഞത് ഓടെടാ"
ദൂരെ ചൊറിയും കുത്തി നിന്ന ഒരു പോലീസിനു നൂറു കിലോയില്‍ ഒരു ശരീരം കണ്ട കൊതി ഞാന്‍ തിരിച്ചറിഞ്ഞു . അയാള്‍ എന്നെ നോട്ടമിട്ടത് കണ്ട ഞാന്‍
" എന്നെ തല്ലാന്‍ കിട്ടൂലട തെണ്ടി "
എന്ന് മനസ്സില്‍ പറഞ്ഞ് , പണ്ട് സ്കൂളിലെ പീറ്റി മാഷ്‌ ജോസ് സാറിനെ ധ്യാനിച്ച് ഓടി തുടങ്ങി..ഓടാന്‍ തുടങ്ങിയപ്പോഴേക്കും ഇര നഷ്ട്ടപ്പെടുന്ന ദുഖത്തോടെ അവസാന അടി എന്ന നിലയ്ക്ക് ഒരു പോലിസ് ഓടി വന്നു എന്റെ നേരെ വീണ്ടും ലാത്തി വീശി.. പക്ഷെ ഞാന്‍ ബുദ്ധിപൂര്‍വ്വം എന്നെ തല്ലാന്‍ കിട്ടില്ലെട പൂ പൂ പൂ അത് വേണ്ട പുല്ലേ എന്ന് മനസ്സില്‍ പറഞ് ഒഴിഞ്ഞു മാറി ഓടിത്തുടങ്ങി..ചുറ്റും സിനിമാ പോസ്റ്ററുകള്‍ നിറഞ്ഞു നിന്നിരുന്നു.ഏതൊക്കെയോ നടന്മ്മാര്‍, നടിമാര്‍ എന്നെ പുച്ഛത്തോടെ നോക്കുന്നതായ് എനിക്ക് തോന്നി..
ഞാന്‍ മിലന്‍ തിയേറ്റര്‍ കടന്നു..
മനസ്സില്‍ മൊത്തം ചിരിആയിരുന്നു (അമ്മയാണെ സത്യം ഞാന്‍ കരഞ്ഞില്ല ).ആവശ്യമില്ലാതെ അടി കൊണ്ട ഒരു അവസ്ഥ . അത് വല്ലാത്ത ഒരു അവസ്ഥയാണ്. ഹോ. പിന്നെ ബ്രിട്ടീഷ് കാരുടെ കയ്യീന്ന് ഒരു പാട് തല്ലു വാങ്ങിക്കൂട്ടിയ മഹാന്മ്മാരെ മനസ്സില്‍ അപ്പോള്‍ ഓര്‍ത്തു.ഞാനും ഒരിക്കല്‍ മഹാന്‍ ആവാനുള്ള ആളാണ്‌. അത് കൊണ്ടാണല്ലോ അടി കിട്ടിയത് ? വരാനുള്ളത് ഒന്നും വഴിയില്‍ തങ്ങില്ല എന്ന് ഞാന്‍ ഉറപ്പിച്ചു. നൂറു മീറ്റര്‍ ഓടിയ ഞാന്‍ കിതച് നടന്നു തുടങ്ങി.ശരീരവും മനസ്സും ഒരുമിച്ച് പ്രവര്‍ത്തിക്കാത്ത ഒരു അവസ്ഥ ആയിരുന്നു അത്. നുള്ളിപ്പാടിയില്‍ എത്തി ഞാന്‍.ഞാന്‍ ആഞ്ഞു നടന്നു. ഇതിനു മുന്പ് നുള്ളിപ്പാടിയിലൂടെ ഇത്രയും സ്പീഡില്‍ ഞാന്‍ നടന്നിട്ടുണ്ടാകുക നുള്ളിപ്പാടിയിലെ ബീവരേജിലെക്ക് പോകുമ്പോള്‍ ആയിരിക്കണം.പുറകില്‍ നിലവിളി ശബ്ദമിടൂ എന്ന് ജഗതി പറഞ്ഞ ആ ശബ്ദം..ഞാന്‍ തിരുഞ്ഞു നോക്കി. പോലിസ് വണ്ടി വരുന്നു..ഞാന്‍ ആഞ്ഞു നടന്നു..വണ്ടി അടുത്ത് എത്താറായി..അത് അടുത്ത് എത്തി...
വീണ്ടും നേരത്തെ കേട്ട ആ ശബ്ദം...
"നിന്നോട് ഓടാനല്ലെട തടിയാ പറഞ്ഞത്...ഓട്ര ഓട്രാ ഓടാന്‍..."
നിന്റെ അമ്മയുടെ വീടിനടുതല്ലെടാ എന്റെ വീട് ആ എന്നോട് ഇങ്ങനെ കാണിക്കനോട പുല്ലേ എന്നും പറഞ്ഞ് ഞാന്‍ വീണ്ടും ഓടി.ആ പോലിസ് വണ്ടിയുടെ വാതിലില്‍ നിന്ന് എന്നെ നോക്കി ആ പോലിസ് നില്‍പ്പുണ്ടായിരുന്നു. .ഞാന്‍ അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു.അയാള്‍ എന്നെ തുറിച്ച് നോക്കി. വണ്ടി അകലുന്നതിനോടൊപ്പം അയാളുടെ നോട്ടവും അകന്നു പോയ്ക്കൊണ്ടിരിന്നു. .
ബീവറേജസ് കടന്നു പോയി..ഞാന്‍ ആ ഭാഗത്തേക്ക് നോക്കിയില്ല..ധൃതിയില്‍ ,ജീവനും വഹിച് പോകുമ്പോള്‍ ആര് ആരാധാനലയത്തെ മാനിക്കുന്നു ?
ആയുര്‍വേദ ആശുപത്രി കടന്നു പോയി.
അവിടെ വെച്ച് ഞാന്‍ ഹൈവേ വഴി പോകാതെ ഇടത് ഭാഗത്തുള്ള കുരുക്ക് വഴി കയറി. വഴി വക്കില്‍ നിന്നും ആരെങ്കിലും കത്തിയുമായ്‌ എന്റെ മുകളില്‍ ചാടി വീഴുമോ എന്നൊരു ഭയം ഉള്ളില്‍ ഉണ്ടായിരുന്നു .അണംകൂര്‍ അവസാനം ഞാന്‍ കടന്നു. അപ്പോഴേക്കും എന്റെ ആത്മ സുഹൃത്ത് ഋഷിയുടെ വിളി വന്നു.
.
"എടാ തടീ , നീ എവിടെയുണ്ട് ?"
" ഞാന്‍ കാസര്‍കോട് തന്നെയാണെഡാ "
:അവിടെ പ്രശനമോന്നുമില്ലല്ലോ ?"
" ഹേയ്, ഒരു പ്രശ്നവുമില്ലട.." ഞാന്‍ എന്റെ കൈ നോക്കി.വലത് കൈ തണ്ടയില്‍ ഒരു കല്ലിച്ച പാട് പടര്‍ന്നു തുടങ്ങിയിരിക്കുന്നു. അസ്തമനത്തിനു മുന്പ്, രാത്രി , കടലില്‍ നിന്നും ഉണര്‍ന്നു വരുന്നത് പോലെ ഒരു കറുപ്പ് രാശി പടരുന്നു.ശരീരം കാറുതതായത്
കൊണ്ട് ആ പാട് അധികം മനസിലാകുന്നുമില്ല.
"നീ ഇതെവിടെയ പുറത്താണോ ?"
അവന്റെ അടുത്ത ചോദ്യം.
"അല്ലടാ.. ഞാന്‍ നടക്കുകയാണ്.." സത്യം ഞാന്‍ മറച്ച് വെച്ചു..എനികീ കാര്യം ആരോടെങ്കിലും പറഞ്ഞ് പൊട്ടിച്ചിരിക്കനമെന്നുന്ദായിരുന്നു.അവനോട് കഥ പിന്നീട് പറയാമെന്നോര്ത് ഞാന്‍ നടന്നു. നടക്കുകയായിരുന്നില്ല ചെറിയ രീതിയില്‍ ഞാന്‍ ഓടുകയായിരുന്നു.വെല്‍ വിഷര്‍ ലോഡ്ജ്, നവോദയ ഹോട്ടല്‍, പി ആന്‍ഡ്‌ റ്റി ക്വാട്ടെര്സ് കടന്നു കോളേജ് കോമ്പൌണ്ടില്‍ എത്തിയപ്പോള്‍ എനിക്ക് ആശ്വാസം തോന്നി. സ്വന്തം വീട്ട്ട് മുറ്റത്ത് എത്തിയ ഒരു പ്രതീതി.അവിടെ മൈതാനത് ഞാന്‍ ഒന്ന് ഇരുന്നു. ശരീരം മൊത്തം വിയര്‍ത് കുതിര്‍ന്നിരിക്കുന്നു. കൈകളില്‍ അവിടെയും ഇവിടെയുമൊക്കെ പാടുകള്‍ കാണാം. ഞാന്‍ അപ്പോഴും ചിരിക്കുകയായിരുന്നു. തണുത്ത കാറ്റ് വീശി. വിയര്‍പ്പ് ഒന്ന് തുടച് ഞാന്‍ എഴുന്നേറ്റ് നടന്നു തുടങ്ങി.
-------------------------------------------------------------------------------------
വാതിലില്‍ മുട്ടിയപ്പോള്‍ കുറുപ്പ് സര്‍ വാതില്‍ തുറന്നു.
സാറിന്റെ മുഖത് ഉറക്കച്ചടവുണ്ടായിരുന്നു. ഞാന്‍ എന്റെ സ്ത്ഹിരം പുഞ്ചിരി സാറിനു കൊടുത്തു.
"എന്താടാ രാവിലെ തന്നെ , ഇമ്മാതിരി ദിവസമെങ്കിലും നിനക്ക് അടങ്ങി ഇരുന്നൂടെ? കടകള്‍ ഒന്നും തുറക്കാതത് കൊണ്ട് രാവിലെ തന്നെ കൊണ്ട് സിഗരറ്റ് ഓസാന്‍ വന്നതാവും അല്ലെ ?..വാ വാ കയറ്.. "
ഞാന്‍ പുഞ്ചിരിച്ച് അകത്തേക്ക് കയറി.പുറത്ത് റോഡിലൂടെ ഒരു പോലിസ് വാഹനം ചീറി പാഞ്ഞു പോയി..അവര്‍ നിയമ പാലകരാനല്ലോ?? മൊബൈല്‍ എടുത്ത് കുട്ടിയെ വിളിച് കൊണ്ട് ഞാന്‍ സാറിന്റെ വീടിനുള്ളിലേക്ക് കയറി.

Friday, July 22, 2011

കലാലയ സ്മരണകള്‍ 1


" അവളെ അറിയിക്കാത്ത എന്റെ പ്രണയം മൂത്രമൊഴിക്കാന്‍ മുട്ടുന്ന പോലെ വിങ്ങുന്നു .."
"അവള്‍ക്ക് മാത്രല്ലേ അറിയാത്തതായുള്ളൂ . ബാക്കി ഈ കോളേജിലെ എല്ലാ ചെറ്റകള്‍ക്കും അതറിയാലോ?"

ഹൈവേയുടെ സമീപത്തുള്ള മരത്തണലിലിരുന്നു എന്നത്തേയും പോലെ അവന്‍ എന്നോട് പറഞ്ഞു.ഹൈവേയിലൂടെ അപകട സൈറന്‍ മുഴക്കി ഒരു ഫയര്‍ വണ്ടി പാഞ്ഞു പോയി.. മധു (ഹാൻസ് ) തിരുകിയതിന്റെ ഫലമായ് വായില്‍ നിറഞ്ഞ തുപ്പലുകള്‍ ഞങ്ങള്‍ കാക്കകളും പ്രാവുകളും തൂറിയിട്ടതിനോടൊപ്പം തുപ്പിയിട്ടത് കൊണ്ട് ആരും തിരിച്ചറിയാന്‍ സാധ്യത ഇല്ല.

കോളേജില്‍ നിന്നും എല്ലാവരും പൊയ്ക്കഴിഞ്ഞിരുന്നു..അവസാനത്തെ കുളി കഴിഞ്ഞ ശവത്തെ പോലെ എല്ലാവരും യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.ഇനി പരീക്ഷ എന്ന കൊള്ളിവെപ്പ് മാത്രം ബാക്കി... അതും കൂടി കഴിഞ്ഞാല്‍ ജീവിതമെന്ന പട്ടടയില്‍ കത്തിയെരിയാനുള്ളതാണ്.
ഇന്നും എല്ലാവരും ഓടോഗ്രഫ് എഴുതുന്നുണ്ടായിരുന്നു..പലകാമുകി കാമുകന്മ്മാരും അവസാനത്തെ ചുംബനവും കൈ മാറി, കണ്ണീരു തുടച് പുഞ്ചിരിയോടെ നടന്നകന്നു.രാഷ്ട്രീയക്കാര്‍ ഇനിയീ വരാന്തകള്‍ അനാഥമാകും എന്നോര്‍ത് അവസാനമായി വരാന്തയിലൂടെ നടന്നു നീങ്ങി..സ്പോര്‍ട്സ് താരങ്ങള്‍ മൈതാനത്തില്‍ സ്വപ്നത്തെ തട്ടി കളിച് നടന്നു..പഠിപ്പിസ്റ്റുകള്‍ വകുപ്പ് ലൈബ്രറിയില്‍ ഒരു വട്ടം കൂടി കയറാന്‍ ശ്രമിച് കൊണ്ടിരുന്നു.. പവിയെട്ടന്റെ കടയിലെ സമൂസ ഇന്ന് കാണാനേ കിട്ടിയില്ല. എല്ലാവരും പോയ്ക്കഴിഞ്ഞ ശേഷം സര്‍വകലാശാലയിലെ ലാലേട്ടനെ പോലെ കോളേജ് വരാന്ത മൊത്തം ഒറ്റയ്ക്ക് നടന്നു തീര്‍ത്തു.

പുറത്തേക്ക്‌ ഇറങ്ങുമ്പോഴാണ് എന്റെ ആത്മാവിനെ കണ്ടത്.അവനും എന്നെ പോലെ അലയുകയായിരുന്നു കൊളെജിലൂടെ, ഗിരിഷ്..അവിടുന്ന് നടന്നു ഞങ്ങള്‍ മര തണലിലെത്തിയത് . ഞങ്ങളുടെ മൌനത്തിനിടയിലൂടെ ബഹളമുണ്ടാക്കി റോഡിലൂടെ ഒരു ബൈക്ക് ചീറി പാഞ്ഞു പോയി ..
മേഗരാജ് ബാറിലേക്ക് ഓട്ടോ കയറുന്നതിനു മുന്പ് ഞാന്‍ ഒന്ന് കൂടി കോളേജിനെ തിരിഞ്ഞ് നോക്കി..
ഇവിടെ ഞാന്‍ രാഷ്ട്രീയക്കാരനയിരുന്നു..
നാടകകാരനായിരുന്നു..
മിമിക്രികാരനായിരുന്നു..
പലര്‍ക്കും
പലരുടെയും നല്ല ചങ്ങാതിയായിരുന്നു
പക്ഷെ ഒരിക്കലും നല്ലൊരു വിദ്യാര്‍ഥിയായിരുന്നില്ല
ഒന്ന് കൂടി തിരിഞ്ഞ് നോക്കി ഞാന്‍ ഓട്ടോയില്‍ കയറി...
(ഡയറി കുറിപ്പ് 2006 ഏപ്രില്‍ 12 ) .