Sunday, August 14, 2011

സ്വാതന്ത്ര്യം = മധുരം


പായസം ഒക്കെ വളരെ അപൂര്‍വമായി ലഭിക്കുമായിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റെത് .90 കാലഘട്ടങ്ങളില്‍ ഞങ്ങളുടെ നാട്ടിലൊക്കെ പായസം വിശേഷ ദിവസങ്ങളില്‍ മാത്രം ഉണ്ടാക്കുന്ന ഒരു സാധനമായിരുന്നു.വല്ല ഓണമോ, വിഷുവോ വരണം പായസം കുടിക്കാന്‍.പിറന്നാളുകള്‍ ആഘോഷിക്കുന്ന ശീലം വീട്ടില്‍ പണ്ടേ ഇല്ല.അത് കൊണ്ട് ആ ദിവസങ്ങളിലും പായസം ഉണ്ടാക്കാറില്ല.. ഇന്നും കോളി ചാലിലും പരിസര പ്രദേശങ്ങളിലും അങ്ങനെ തന്നെ ആണ്.ഇടയ്ക്ക് പായസം വെച് കുടിക്കുന്നത് ഇന്നും ആടംഭരമാണ് ഞങ്ങളുടെ നാട്ടില്‍.ഇടയ്ക്കൊരു ദിവസം പായസം വെച്ചതിനു രാഘവേട്ടനെ ഭൂര്‍ഷ്വ ആക്കി മാറ്റിയവ രുണ്ട് അവിടെ.

ഇക്കാലത് പായസം കുടിക്കാന്‍ തോന്നിയാല്‍ അമ്മയോട് പറഞ്ഞാല്‍ ഉണ്ടാക്കുകയും ചെയ്യും.അല്ലെങ്കില്‍ ഞാന്‍ തന്നെ സേമിയ, പാല്‍, അണ്ടിപരിപ്പ് ,മുന്തിരി ,ഏലയ്ക്ക എന്നിവ വെച് ഇടക്ക് പായസമുണ്ടാക്കി കുടിക്കും.അന്ന് എന്തായാലും അത് നടക്കില്ല. തരുന്നത് കഴിക്കുക, അതെന്തായാലും..

കുഞ്ഞുനാളില്‍ എനിക്ക് പായസം ഒരു വീക്ക്നെസ്സ് ആയിരുന്നു.ഇന്ന് ആര്‍ത്തി കുറച് കുറഞ്ഞിട്ടുണ്ട് എന്നല്ലാതെ വലിയ മാറ്റമില്ല. ഒരിക്കല്‍ ഒരു അടിയന്തിരത്തിനു പോയി പായസം കഴിച്ച വന്നിട്ട് ഇപ്പോഴത്തെ താരം ടിന്റു മോനെ പോലെ അമ്മൂമ്മയോട് ചോദിച്ചിട്ടു മുണ്ട്
"അമ്മൂമ്മ എന്നാ മരിക്കുക " എന്ന്..
അതിനു വഴക്കും കൊണ്ടിട്ടുണ്ട്.അന്ന് മൊബൈലും നെറ്റും ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ ഒരു സന്തോഷ്‌ പണ്ടി റ്റോ , വിനുമോനോ മറ്റോ ആയി തീര്‍ന്നേനെ.എന്തായാലും അതുണ്ടായില്ല.

വീടിനടുത് കുര്യന്‍ ചേട്ടന്റെ പറമ്പില്‍ വലിയൊരു പാറയുണ്ട്. നല്ല വലിപ്പത്തിലും വീതിയിലും ഉള്ള ഒരു പാറ. എന്റെയും എന്റെ സമ പ്രായക്കാരുടെയും പ്രധാന കളിസ്ഥലം ആ പാറ ആയിരുന്നു. ലക്ഷ്മണനെ രക്ഷിക്കാന്‍ ഹനുമാന്‍ മലയും ചുമന്നു പറന്നു പോകുമ്പോള്‍ ഒരു കഷ്ണം വീണാണ് ആ കല്ല്‌ അവിടെ വന്നതെന്ന് ആരോ പറഞ്ഞ് ഒരു കഥ കാലാ കാലങ്ങളായി അവിടെ പരന്നിട്ടുണ്ടായിരുന്നു. അത് അവിടെ മാത്രമല്ല ഏത് നാട്ടില്‍ പോയാലും വല്ല കല്ലോ , മലയോ അസ്വഭാവികമായി ഉണ്ടായാല്‍ അത് ഹനുമാന്‍ ഇട്ടത് എന്നാണല്ലോ ?
അതിന്റെ മുകളില്‍ കയറിയാല്‍ രാജാവ് ആണെന്ന ഒരു ചിന്ത ഞങ്ങളില്‍ എല്ലാര്‍ക്കും വരുമായിരുന്നു.- ആ പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലം ആണത്. താഴെ കൂടി ജീപ്പ് പോകുന്നതും , ആള്‍ക്കാര്‍ നടന്നു പോകുന്നതും ഒക്കെ കാണാം അതില്‍ കയറി നിന്നാല്‍.ഒരു തരത്തില്‍ ഞങ്ങളുടെ ബുര്‍ജ് ഗലീഫ ആണത്. റബ്ബര്‍ തോട്ടതിനിടയില് അത് വലിയൊരു ബിംബം പോലെ നി ല്ക്കുന്നുണ്ടാകും. ഇന്നും ആ കല്ല്‌ അങ്ങനെ തന്നെയുണ്ട്.

ഞാന്‍ ഇവിടേക്ക് വരുന്ന സമയത്ത് ആ കല്ല്‌ ചെറുതായിരുന്നു എന്നും പിന്നീട് അത് വളര്ന്നതാനെന്നും പറഞ്ഞ് അച്ഛമ്മ എന്നെ പറ്റിച്ചിട്ടുണ്ട്.ആദ്യം ഒക്കെ ഞാന്‍ അത് വിശ്വസിച്ചു . പാറയുടെ പുറത്ത് ഇരിക്കുമ്പോള്‍ ആ കല്ല്‌ വളരുന്നതായും, വളര്‍ന്നു വളര്‍ന്നു വലുതാകുമ്പോള്‍ അതിന്റെ മുകളില്‍ നിന്നും താഴേക്ക് വീഴുന്നതും ഞാന്‍ സ്വപ്നം കണ്ട് കരഞ്ഞിട്ടുമുന്ദ്. കുറച് മുതിര്‍ന്നപ്പോള്‍ കല്ലുകള്‍ വളരില്ല എന്നും പറഞ്ഞ് അച്ഛമ്മയോട് തര്‍ക്കികുയും ചെയ്തു, അച്ഛമ്മ നടന്നു വരുമ്പോള്‍ ബേ എന്ന് ശബ്ദമുണ്ടാക്കി അച്ഛമ്മയെ പേടിപ്പിച്ചും ഞാന്‍ അതിനൊക്കെ പകരം വീട്ടി.

ഇന്നും രാത്രി കാലങ്ങളില്‍ ചിലപ്പോള്‍ ഒറ്റയ്ക്ക് ഞാന്‍ ആ പാറയുടെ മുകളില്‍ വന്നു , അതില്‍ മലര്‍ന്നു കിടക്കും.
ഒന്ന് കണ്ണടച്ചാല്‍ മതി എന്റെ കുട്ടിക്കാലം എന്റെ കണ്‍ മുന്നില്‍ തെളിയും..
മുരിക്ക് മരം വെട്ടി ചക്രമാക്കി , വണ്ടിയാക്കി കളിച്ചത്...
കള്ളനും പോലീസും കളിച് , എന്നും മാതൃക പോലിസ് അവാര്‍ഡ് കിട്ടുന്നത്..
അടിച്ചില്‍ (ഒരു തരം കെണി ) ഒരുക്കി പക്ഷികളെ പിടിച് കളിക്കുന്നത്.. .
ഒടുവില്‍ അവസാന യാത്ര പറയാതെ നടന്നു പോയ മണി ,ബിനുവേട്ടന്‍
മുറുക്കി ചുവപ്പിച്ച ചുണ്ട്,ഇടയ്ക്കിടെ തുടച് കഥ പറഞ്ഞ് തരുമായിരുന്ന അച്ഛമ്മ എന്നിവരെയൊക്കെ എനിക്ക് കാണാന്‍ കഴിയും.

ഇടയ്ക്കിടെ പഴയ ഞാന്‍ വന്നു എന്റെ ഇപ്പോഴത്തെ അപഥ സഞ്ചാരം കണ്ട് എന്നെ ഉപദേശിക്കുകയും ചെയ്യും..അപ്പോഴൊക്കെ പഴയ എന്നെ , ഇപ്പോഴത്തെ ഞാന്‍ എന്റെ തടി, താടി മീശ എന്നിവ കാണിച് പേടിപ്പിക്കും. എന്നിട്ടും അവന്‍ എന്നെ കുറ്റപ്പെടുത്തും.ഞാന്‍ വഴി തെറ്റി സഞ്ചരിക്കുകയാണെന്നും .അവന്‍ എന്നെ കുറ്റപ്പെടുത്തുമ്പോള്‍ ഞാന്‍ അത് ശ്രദ്ധിക്കാന്‍ പോകില്ല. കാരണം ഞാന്‍ വഴി തെറ്റി സഞ്ചരിക്കുകയല്ല, തി രഞ്ഞെടുത്ത വഴിയിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്..

അന്ന് അത് പോലെ ഒരു ദിവസം പാറപ്പുറത്ത് കളിക്കുകയായിരുന്നു ഞാന്‍.ചുറ്റുമുള്ള റബ്ബര്‍ ഒരു കടലായി ഞാന്‍ സങ്കല്‍പ്പിച്ചു.അമര്‍ ചിത്ര കഥയില്‍ നോക്കി ഏട്ടന്‍ പറഞ്ഞ് തന്ന കഥയില്‍ ഒന്നില്‍ ഒരു ചെക്കന്‍ സ്രാവിന്റെ പുറത്തിരുന്നു പോകുന്ന ചിത്രം ഓര്‍മയുണ്ട്.അത് പോലെ ഞാന്‍ ആ പാറയെ സ്രാവാക്കി ചീറി പാഞ്ഞു കൊണ്ടിരുന്നു. എന്റെ പുറകില്‍ അനിയത്തിയും .അതിനിടയിലാണ് ദൂരെ റോഡിലൂടെ ഏട്ടനും സംഘവും വരുന്നത് കണ്ടത്..

അവരെ കണ്ട അനിയത്തി പെട്ടന്ന് ചാടി ഇറങ്ങാന്‍ നോക്കി.
ചുറ്റും കടലാണ് ചാടി ഇറങ്ങരുത് , മീനിനെ കരയിലാക്കട്ടെ എന്നും പറഞ്ഞ് ഞാന്‍ അവളെ തടഞ്ഞു. എന്നത്തേയും പോലെ ആദ്യം ഏട്ടന്റെയൊക്കെ അടുത്ത ഓടിയെത്തി അവരുടെ കയ്യിലുള്ള സാധനം കൈക്കലാക്കുക എന്ന ഗൂഡ ഉദ്യേശ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നത്തേയും പോലെ അവള്‍ കരഞ്ഞു കൊണ്ട് എന്റെ പിറകെ ഓടി ഞാന്‍ ചിരിച് കൊണ്ട് മുന്‍പിലും. ഓടി അവരുടെ മുന്‍പിലെത്തിയ ഞാന്‍ മുട്ടായിക്ക് വേണ്ടി കൈ നീട്ടി.ഏട്ടന്‍ കയ്യിലെ ചോറ്റു പാത്രം എനിക്ക് നീട്ടി. കഞ്ഞി കൊണ്ട് പോകുന്ന തൂക്ക് പാത്രമായിരുന്നു അത്.ഞാന്‍ അത് വാങ്ങി, അനിയത്തിയുടെ മുന്‍പില്‍ പോയി അവളെയും കാണിച് അത് തുറന്നു, അതില്‍ നിറയെ പായസം ഉണ്ടായിരുന്നു. അതിന്റെ ഗന്ധം ഞങ്ങള്‍ ഒന്നിച് ആഞ്ഞ് വലിച്ചു ശ്വസിച്ചു.
" ഇത് ഏട്‌ന്നു പായസം ? "
" ഇന്ന് സ്വാതന്ത്ര്യ ദിനം ആണ് ?"
പായസം തോണ്ടി തിന്നുന്നതിനിടയില്‍ ഞാനും അനിയത്തിയും മുഖാമുഖം നോക്കി. പിന്നെ ഞാന്‍ ഏട്ടനെ നോക്കി ചോദിച്ചു. അതെന്ത് ? ഈ സ്വാതന്ത്ര്യം ?
ഏട്ടന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
ബ്രിട്ടിഷ് , ഗാന്ധിജി , സമരം ..ഞങ്ങള്‍ അതൊന്നും ശ്രദ്ധിച്ചില്ല. പായസം കഴിക്കുന്നതിനിടയില്‍ എന്ത് സ്വാതന്ത്ര്യം?
എന്നിരുന്നാലും സ്വാതന്ത്ര്യത്തിനു മധുരമാണ് എന്ന് ഞാന്‍ അന്ന് മനസിലാക്കി.. അതെ സ്വാതന്ത്ര്യത്തിനു മധുരം തന്നെയാണ്.....

14 comments:

  1. ഹായ് നല്ല മധുരം

    ReplyDelete
  2. nalla oru payasam kudicha madhuram....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കൊള്ളാം ..........................
    വായിക്കാന്‍ നല്ല രസമുണ്ട് ................
    ഇതുപോലുള്ള നിമിഷങ്ങള്‍ എല്ലാ വരുടയൂം ജീവിതത്തില്‍ ഉണ്ടാകും പക്ഷെ
    അതിനു വാകുകളില്‍ കൂടെ അമരത്വം കൊടുക്കാന്‍ എല്ലാര്‍ക്കും കഴിയില്ല

    ReplyDelete
  5. "സ്വാതന്ത്ര്യത്തിനു മധുരമാണ്".. സ്വാതന്ത്ര്യമെന്നതിന്റെ പ്രസക്തി തന്നെ ഇന്ന് ചോദ്യം ചെയ്യപ്പെടുമ്പോള്‍......... :(

    [Word verification എടുത്തു പള്ളയില്‍ കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    പള്ള = കാട്/പറമ്പ് അല്ലാതെ പള്ള != വയര്‍ :D ]

    ReplyDelete
  6. വാക്കുകളിലൂടെ അമരത്വം നൽകാൻ ഒരു ശ്രമം..
    കമന്റിനു നന്നി ... :)))))))

    ReplyDelete
  7. വിഷ്ണു.... എന്തൊക്കെ ആയാലും അതിനു മധുരമല്ലെ?

    ReplyDelete
  8. Swathanthram.....nalla vaakk.....njaan pandengo schoolil kettittundu....Good Athinte arthavum vaayichittundu..pakshe manasilaakkiyittilla.

    Athenganeyirikkum ....eee swathanthram...

    Pakshe ninte ezhuth ishtamaayi...nallath

    ReplyDelete
  9. :) its beautiful... keep going.... oru padu kalangalkku sesham payasam kazhicha feel.... :)

    ReplyDelete
  10. നന്നായിട്ടുണ്ട് ,ഇത് പോലെ തുടര്‍നാല്‍ നന്ന് ....അഭിനന്തനം .....

    ReplyDelete