Friday, August 26, 2011

റിബല്സ്- ഒരു മ്യൂസിക്ക് ആല്‍ബത്തിന്റെ പിറവി.

ഒരു ഹര്‍ത്താല്‍ ദിവസം രമേശന്‍ പട്ടിണി കിടന്നു നരകിച്ചു...(പട്ടിണി അവനു ശീലമായത് കൊണ്ട് വലിയ കുഴപ്പം ഉണ്ടായില്ല. )
ഒരു ഹര്‍ത്താലിന് ആദിയുടെ ബൈക്കിനു ആരോ കല്ലെറിഞ്ഞു..
കര്‍ഫ്യൂ ദിവസം എന്നെ പോലിസ് വളഞ്ഞു ഇട്ടു തല്ലി....

ഹര്‍ത്താല്‍ കാരണം വേറെയും കുറെ ദുരന്തങ്ങള്‍ അനുഭവിച്ച മൂന്നു യുവാക്കള്‍.. . മൊബൈല്‍ റീചാര്‍ജ് കിട്ടാതെ പെണ്ണിനെ വിളിക്കാന്‍ കഷ്ട്ടപ്പെട്ടവര്‍.. സിഗരറ്റ് കിട്ടാതെ ശംഭു , ഹാന്‍സ് എന്നിവ തിരുകിയവര്‍, ബീവരേജില്‍ പോകാന്‍ കഴിയാതെ ദുഖിച്ചവര്‍... അവര്‍ മൂന്നും കാസര്‍കോട് കടപ്പുറത്ത് വട്ടം കൂടി നിന്ന് ,കടലിനെ നോക്കി, കടല കൊറിച് കൊണ്ട് അമര്‍ത്തി അമര്‍ത്തി മൂളി. നാടിന്റെ ദുരവസ്ഥ ഓര്‍ത്ത് അവരുടെ കണ്ണില്‍ വെള്ളം നിറഞ്ഞു.. എന്തിനു ഏതിനും ഹര്‍ത്താല്‍...

പനി വന്നാല്‍...
മഴ പെയ്താല്‍...
മഴ പെയ്തില്ലെങ്കില്‍..
അമേരിക്കയില്‍ റോഡില്‍ ആരെങ്കിലും മൂത്രമൊഴിച്ചാല്‍...
സദാമിനെ തൂക്കിയതില്‍ പ്രതിഷേധിച്
അങ്ങനെ എന്തിനും ഏതിനും ഹര്‍ത്താല്‍...

"നമുക്ക് ഒന്ന് ഇതിനെതിരെ പ്രതികരിക്കണമല്ലോ " ആദി പെട്ടന്ന് പറഞ്ഞു. രമേശന്‍ അത് കേള്‍ക്കാത്ത പോലെ കടല വായിലേക്കിട്ടു അമര്‍ത്തി കടിച്ചു. കടിച്ചത് ഒരു കല്ലില്‍ ആയിരുന്നു..അവന്റെ ക്ലോസ് അപ് വെച്ച തേക്കാത്ത പല്ലില്‍ ഒരു പ്രകമ്പനം.അവന്‍ അത് പുറത്തേക്ക് നീട്ടി തുപ്പി.

" മൈ ** "
"മെല്ലെ തിന്നെടാ... " ഞാന്‍ പറഞ്ഞു...

ആദി എന്നെയും രമേശനെയും നോക്കി , കല്ലില്‍ നിന്നും എഴുന്നേറ്റു.
" വിന്ദാ,രാമാ ഞാന്‍ പറയുന്നത് കേള്‍ക്ക് , ഞാന്‍ തമാശ പറയുകയല്ല.. നമുക്ക് ഇതിനെതിരെ ഒന്ന് പ്രതികരിക്കണം. "
രംഗ് ദേ ബസന്തിയില്‍ മാധവന്റെ കഥാപാത്രം മരിച്ച ശേഷം കൂട്ടം കൂടി എങ്ങനെ മന്ത്രിക്കെതിരെ പ്രതികരിക്കണം എന്ന് എല്ലാവരും ആലോചിക്കുമ്പോള്‍ സോഹ അലി ഖാന്‍ ചെയ്യുന്ന കഥാപാത്രം പറയുന്ന ഒരുഡയലോഗുണ്ട്
" മാര്‍ ഡാലോ ഉസെ " ഏകദേശം ആ ഒരു ഫീല്‍ ആയിരുന്നു പെട്ടന്ന് അവിടെ ഉണ്ടായത്..

ഞാനും രാമനും മുഖാ മുഖം നോക്കി.. പിന്നെ ആദിയുടെ മുഖത്തേക്കും. അവന്‍ കണ്ണട ഊരി, ഷര്‍ട്ടില്‍ ഒന്ന് തുടച്, ചുണ്ട് ഒന്ന് കടിച്ചു. സീരിയസ് കാര്യങ്ങള്‍ സംസാരിക്കുമ്പോഴേ അവന്‍ അങ്ങനെ ചെയ്യാറുള്ളു. എനിക്ക് അവന്‍ സീരിയസ് ആണെന്ന് മനസിലായി.

രാമന്‍ പെട്ടന്ന് ചിരിച്ചു.
"പ്രതികരിക്കാനാ ?"
" രാമാ, ചിരിക്കല്ല..കാര്യം പറഞ്ഞതാണ് ഞാന്‍... നമുക്ക് എന്തെങ്കിലും ചെയ്യണം.. ഒരു ചെറു വിരലെങ്കിലും അനക്കണം നമുക്ക് ഇതിനെതിരെ "

ഞാന്‍ റാമിനെ തോണ്ടി, ചെറു വിരല്‍ അനക്കി കാണിച്ചു. രാമന്‍ വീണ്ടും ചിരിച്ചു. ആദിക്കും ചിരി വന്നു. പക്ഷെ അവന്‍ ചിരി അടക്കി ഞങ്ങളെ നോക്കി..

" പ്ലീസ് സ്റ്റോപ്പ്‌ ലൂസ് ടോക്സ്, അയാം സീരിയസ്.. "
ചുണ്ട് കടിച്ചു ,
ഇംഗ്ലീഷും വന്നു...
അവന്‍ പക്കാ സീരിയസാണ്.

"നമ്മള്‍ എങ്ങനെ പ്രതികരിക്കുമെന്നാ പറയുന്നത് ? സമരം നടത്തുമോ ? അതോ ഹര്‍ത്താല്‍ ദിവസം ഇറങ്ങി നടന്നു ഹര്‍ത്താല്‍ നടത്തുന്നവരെ തല്ലണോ ? " ഞാന്‍ പറഞ്ഞു.

രാമന്‍ അപ്പോഴും കടലയും തിന്നു കൊണ്ട്, മിതുനത്തിലെ ഇന്നസെന്റിനെ പോലെ മൈന്റ് ചെയ്യാതെ , കടലിനെ നോക്കി നിന്നു. ആദിക്ക് അത് തീരെ പിടിച്ചില്ല. എന്റെ തോളില്‍ പിടിച്ച വലിച് അവന്‍ പറഞ്ഞു ,

"നീ കാറില്‍ കയറ്, അവന്‍ കടലയും തിന്നു കൊണ്ട് കടലിനെയും നോക്കി ഇരിക്കട്ടെ..വാ " അവന്‍ നടന്നു , പിറകെ ഞാനും..
ഒരു നിമിഷം കഴിഞ്ഞ് " ഞാനും ഉണ്ടെടാ എന്നും പറഞ്ഞു അവന്‍ പിറകെ ഓടി വന്നു.

ആദി തന്നെയാണ് കാറില്‍ വരുമ്പോള്‍ അവന്റെ മനസിലെ ഐഡിയ പറഞ്ഞത്. നമ്മുടെ കൈയ്യില്‍ ഉള്ള സ്രോതസുകള്‍ വെച് ചെയ്യാന്‍ കഴിയുന്ന സാധനം.
ആദി :" നീ പാസ് ആയില്ലെങ്കിലും മ്യൂസിക് കോളജില്‍ പോയി ചെരച്ചതല്ലേ കുറെ കാലം ?"
രാമന്‍ : കലാകാരന്‍ പരീക്ഷയില്‍ പാസ് ആവണമെന്നില്ല...
ഞാന്‍: നീ കലാ കാരന്‍ അല്ലല്ലോ?
രാമന്‍: നീ വല്ല്യ എഴുത്ത് കാരന്‍ ആണെങ്കില്‍ ഞാന്‍ മ്യുസിഷ്യന്‍ ആണെടാ...
ആദി: നിങ്ങള്‍ രണ്ട് പേരും മ്യുസിഷനും എഴുത്ത് കാരനും ആണെങ്കില്‍ ഞാന്‍ ......
റാം : ടി.ജി രവി
അവന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്പ് റാം കയറി കമന്റി.

അവന്‍ കാര്യം പറഞ്ഞു , നമ്മള്‍ ഒരു ആല്‍ബം ചെയ്യുന്നു. ആല്‍ബമോ ? താജുദീവ് വടകര, കൊല്ലം ഷാഫി , അത് പോലെ കുറെ ആള്‍ക്കാര്‍ക്കിടയില്‍ എന്ത് കാണിക്കാന്‍ ?

" ഡാ കൂതറ ഫാസില, ജമീല അത് പോലത്തെ സംഭവം അല്ല, നമ്മള്‍ ഹര്‍ത്താലിന് എതിരെ ഒരു ആല്‍ബം ചെയ്യാന്‍ ആണ് പോകുന്നത് . അത് ഹിറ്റ്‌ ആയാല്‍ നമ്മള്‍ എല്ലാവരും വില്ല്യം, സംഗീത് എന്നിവരെ പോലെ സ്റാര്‍ ആകും... ഇവിടെ ഹര്‍ത്താല്‍ ഇല്ലാതാകും..കേരളം ന ന്നാകും,.. "

ഏത് കാര്യത്തിലും അവന്‍ കാണിക്കുന്ന ധൈര്യം പലപ്പോഴും എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. ആലോചനകള്‍ക്ക് ഒടുവില്‍ തീരുമാനമായി..
ആലബം ചെയ്യുന്നു..റാം അതിന്റെ മ്യൂസിക്ക് ചെയ്യുന്നു. ഞാന്‍ പാട്ട് എഴുതുന്നു. പിന്നെ ഷൂട്ട്‌ ചെയ്യുന്നു. ഇറക്കുന്നു. ഹിറ്റ്‌ ആക്കുന്നു.കല്യാണത്തിന് മുന്‍പേ ജനിക്കാന്‍ പോകുന്ന കുഞ്ഞിനു പേര് തീരുമാനിക്കുന്ന കാമുകി കാമുകന്‍ മാരെ പോലെ ഞങ്ങള്‍ ആല്‍ബത്തിന് പേരും തീരുമാനിച്ചു.

"റിബല്സ് "

ആര് പ്രൊഡ്യൂസ് ചെയ്യും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആരും ഒന്നും മിണ്ടിയില്ല. അതും ആലോചിച് ഞങ്ങള്‍ കുറെ വട്ടം തിരിഞ്ഞു. നാട്ടിലെ പ്രമുഖന്മ്മാരെ കണ്ടാലോ എന്നൊക്കെ ആലോചിച് ആദിയുടെ വീട്ടില്‍ ഇരിക്കുമ്പോള്‍ താഴെ നിന്ന് ആദിയുടെ അച്ഛന്‍ വിളിച്ചു.
" ബാവെ, "
ഞങ്ങള്‍ മുഖാ മുഖം നോക്കി.അത് പ്രൊഡ്യൂസറിന്റെ ശബ്ദമായിരുന്നു.

ഇത് വരെ ആരും പരീക്ഷിക്കാത്ത ഒരു സമ്പ്രദായമാണ് പിന്നെ നടന്നത്. ആദ്യം സ്ക്രിപ്റ്റ് എഴുതുക. പിന്നീട് സ്ക്രിപ്ടിനു അനുസരിച് മ്യൂസിക്ക്, പിന്നീട് വരികള്‍. രാമിന്റെ നിര്‍ബന്ധം കൊണ്ടാണ് അങ്ങനെ ചെയ്തത്. അത് അവന്റെ രീതിയാണത്രെ.ആദ്യം മ്യൂസിക്ക് ചെയ്യാന്‍ പറഞ്ഞിട്ടും അവന്‍ അനങ്ങിയില്ല.ഒടുവില്‍ അവന്റെ വാശി ജയിച്ചു.

വിഷ്വല്‍ എഴുതാന്‍ ഞങ്ങള്‍ തീരുമാനിച്ചു.. ഞാനും ആദിയും വിഷ്വല്‍ എഴുതുമ്പോള്‍ രാമന്‍, താളം, ഈണം എന്നിവ ആലോചിച് , വാ തുറന്ന് ,കൂര്‍ക്കം വലിച് , ഉമിനീരും ഒലിപ്പിച് കിടന്നുറങ്ങി. അവന്റെ ഉറക്കം ഞാന്‍ കാണാന്‍ തുടങ്ങീട്ടു ഇന്നേക്ക് 13 വര്ഷം കഴിഞ്ഞിരിക്കുന്നു, ഇത്ര അധികം ആത്മാര്‍ഥതയോടെ വേറെ ഒന്നും അവന്‍ ചെയ്യുന്നത് ഞാന്‍ കണ്ടില്ല.
സ്ക്രിപ്റ്റ് എഴുതിയപ്പോള്‍ ഞാന്‍ എന്നത്തെയും പോലെ മൂത്രം, തീട്ടം, പിച്ചക്കാരി, ഗര്‍ഭിണി , ക്ഷയ രോഗി , എന്നിവരെ സ്ക്രിപ്റ്റില്‍ കൊണ്ട് വന്നു. ആദിക്ക് അത് തീരെ ദഹിച്ചില്ല.

ആദി :"പത്മരാജന്‍ സിനിമയല്ല ഇത്... ഇത് ഒരു ഒരു സ്റ്റാലോന്‍ പടം ആവണം..അല്ലെങ്കില്‍ ഒരു പുരി ജഗനാഥ് പടം, അതുമല്ലെങ്കില്‍ മിനിമം അമല്‍ നീരദ് പടം "
ഞാന്‍ : " നീരദ് പടം പോലെ ആക്കി എന്നെക്കൊണ്ട് വെയിലത്തും മഴയത്തും നടക്കാന്‍ വയ്യ
ആദി: അതിനു നിന്നെ ആര് അഭിനയിപ്പിക്കുന്നു ?

എനിക്ക് പെട്ടന്ന് ദേഷ്യം വന്നു. ഞാന്‍ ഉറക്കെ പറഞ്ഞു ..
"ത്രില്‍സ് , ആക്ഷന്‍ ഒന്നും എന്നെക്കൊണ്ട് പറ്റില്ല... വേണമെങ്കില്‍ മാക്സിമം ഒരു ഡാന്‍സ് സ്ക്രിപ്റ്റ് ഉണ്ടാക്കാം.. "
ആദി: ദ്വിമുദ്രേം മറ്റും കാണിക്കാനല്ലേ ? ത്രില്ലിംഗ് ആയിരിക്കണം... എനര്‍ജി അങ്ങ് നിറയണം... ഒരു ഖൂന്‍ ചലാ സ്റ്റൈലില്‍ വരണം..അല്ലാണ്ട്..


ഉറങ്ങുക ആയിരുന്ന റാം പെട്ടന്ന് പറഞ്ഞു.
" ത്രില്‍സ് വേണോ , എങ്കില്‍ ഋഷിയെ കൊണ്ട് വരണം. ത്രില്‍സ് വേണമെങ്കില്‍ അവന്‍ തന്നെ വരണം.. "

എന്റെ മനസ്സില്‍ പെട്ടന്ന് ദില്‍വാലെയിലെ കോയി ന കോയി ചാഹിയെ എന്നാ പാട്ട് ഓര്മ വന്നു. ബൈക്കില്‍ പാഞ്ഞു വരുന്ന ഷാരുക് ഖാനും. ഋഷിയുടെയും മുഖം മനസ്സില്‍ തെളിഞ്ഞു. എന്റെ സ്ഥാനം തെറിപ്പിക്കാന്‍ ആണല്ലോ ആ തെണ്ടി വരാന്‍ പോകുന്നത് ? എന്തിലും ഏതിലും ത്രില്‍ ആണവന്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ നമ്മളൊക്കെ മൂത്രം ഒഴിക്കാന്‍ മുട്ടുമ്പോള്‍ ആണ് മൂത്രമൊഴിക്കുന്നത് ,അവന്‍ അങ്ങനെ അല്ല . മൂത്രം വന്നാലും പിടിച്ച നിര്‍ത്തും , പിന്നെ മുട്ടി മുട്ടി പിടിച്ച നില്‍ക്കാന്‍ പറ്റാതെ ആകുമ്പോള്‍ ഒരു ലക്‌ഷ്യം വെച്ച അവന്‍ ഓടും..ഓടി അവിടെ എത്തിയെ അവന്‍ മൂത്രമൊഴിക്കൂ , ..

ആദ്യ രാത്രിയില്‍ ഓട് പൊളിച് മണിയറയിലേക്ക് കയറണം എന്നത് അവന്റെ ഒരു കുഞ്ഞു ആഗ്രഹം മാത്രം.. അങ്ങനെ എല്ലാത്തിലും ത്രില്‍..ത്രില്ലോട് ത്രില്‍..

"ഋഷി ഋഷി... അവനെ വിളിക്ക്... എന്നാലെ ഈ തീട്ടവും, മൂത്രവുമൊക്കെ ഇതീന്ന് പോകു "
ഞാന്‍ ചവുട്ടി കുലുക്കി പുറത്തേക്ക നടന്നു.

പിറ്റേന്ന് രാവിലെ ഋഷി ആദിയുടെ വീട്ടിലെക്കെതി. കക്ഷത്തില്‍ ഒരു കവര്‍, കൈയ്യില്‍ പ്രസാദം. യാത്രക്കാരുടെ ശ്രദ്ധയ്ക്കിലെ ശ്രീനിവാസനെ പോലെ അവന്‍ പുഞ്ചിരിച് കയറി വന്ന്, എല്ലാവര്ക്കും പ്രസാദം വിതരണം ചെയ്തു..എനിക്കവനെ എന്തോ അത്ര പിടിച്ചില്ല..

ആദി :" ഇതെന്താ കവറില്‍? "
ഋഷി :"ഹാള്‍ ടിക്കറ്റും നോട്ടും "
ഞാന്‍: എന്ത് ഹാള്‍ ടിക്കറ്റ് ?
ഋഷി : ഇന്നെന്റെ ബി ടെക് സപ്ലി ആണ്.
എല്ലാവരും ഒന്ന് ഞെട്ടി. അവന്റെ ആത്മാര്‍ഥത കണ്ടപ്പോള്‍ അവനോടുള്ള എന്റെ ദേഷ്യം അലിഞ്ഞു ഇല്ലാതായി.. എന്റെ കണ്ണ് നിറഞ്ഞു... സപ്ലി ഒഴിവാക്കി , ഞങ്ങളോടൊപ്പം കൂടാന്‍ വന്ന ഈ പ്രാണിയോടാണല്ലോ ഞാന്‍ അസൂയപ്പെട്ടത്..

ആദി : ഉച്ചയ്ക്കായിരിക്കും അല്ലെ പരീക്ഷ ? എന്നാല്‍ വേഗം വാ , നമുക്ക് പെട്ടന്ന് സ്ക്രിപ് റെഡി ആക്കണം..
ഋഷി : എനിക്ക് തിരക്കില്ല..
ആദി: അതെന്താ ? എക്സാമിന് പോകണ്ടേ? ഉച്ചയ്ക്ക് ?
ഋഷി : എക്സാം...അതൊരു തരം പ്രഹേളിക ആണ്..ഞാന്‍ എഴുതുന്നില്ല. പരീക്ഷാ ഇപ്പൊ അവിടെ തുടങ്ങി കാണും , ഞാന്‍ പോകുന്നില്ല..വേറെ പണിയില്ലേ ? പരീക്ഷ തൂ...
അതോടെ അവനോട് എനിക്ക് പ്രേമമായി.

ഞങ്ങള്‍ വീടിനകത്തേക്ക്, അല്ല ഡിസ്കഷന്‍ റൂമിലേക്ക് പോയി.
ആലോചനയ്ക്ക് ഒടുവില്‍ സ്ക്രിപ്റ്റ് തയ്യാറാക്കി...
റാമിനെ വിളിച്ചു.. ആദി ഒരു കീ ബോര്‍ഡ് ആലിസ് മാമിന്റെ വീട്ടിന്നു ഒപ്പിച്ചു കൊണ്ട് വന്നു.. റാം അതിന്റെ മുന്‍പില്‍ ഇരുന്നു. അവന്‍ അതിനെ തൊട്ടു തലോടി, നമസ്ക്കരിച്ചു..വണങ്ങി..മുട്ട് കുത്തി ഇരുന്നു ഏതം ഇട്ടു. പിന്നെ മുരടനക്കി അതിന്റെ മുന്‍പില്‍ ഇരുന്നു.
ഇപ്പൊ പാട്ട് വരും എന്ന് പ്രതീക്ഷിച് ഞങ്ങള്‍ മൂന്നു പേര്‍ അവനെ നോക്കി ഇരുന്നു...

ഒന്ന്
രണ്ട്
മൂന്നു
നാല്
അഞ്ച്

ഇത് ഞങ്ങള്‍ എണ്ണിയതല്ല , ദിവസങ്ങള്‍ പോയ കണക്കാണ് അത്..പാട്ടും വന്നില്ല , ഒരു ഈണം പോലും വന്നില്ല. രാവിലെ അമ്മ ഉണ്ടാക്കി തന്ന ഭക്ഷണം കഴിച് അവനും ഞങ്ങളും കീ ബോര്‍ഡിന്റെ മുന്‍പില്‍ ഇരിക്കും. റാമും ഇരിക്കും.
ഉച്ചയ്ക്ക് ഉണ്ണാന്‍ എണീക്കും
വൈകീട്ട് ചായക്ക്
രാത്രി ഡിന്നറിനു..
പക്ഷെ പാട്ട് മാത്രം വന്നില്ല.. ഞങ്ങള്‍ എന്തെങ്കിലും പറയുമ്പോള്‍ അവന്‍ പറഞ്ഞു.

" ഇതൊരു ഗ്രൂപ്പ് വര്‍ക്ക് ആണ് ,എന്നെകൊണ്ട് ഒറ്റയ്ക്ക് പാട്ട് ഉണ്ടാക്കാന്‍ പറ്റില്ല..നിങ്ങളും മ്യൂസിക്ക് ആലോചിക്ക്. " 10 ദിവസം റാം ഇങ്ങനെ പ്രതികരിച്ചു.
ഞങ്ങള്‍ മൂന്നു പേരും നെറ്റി ചുളിച് മുഖാമുഖം നോക്കി..

അവസാനം റോക്ക് ആന്‍ഡ്‌ റോളിലെ മഹാരാജയെ പോലെ കത്തി , അടി, തെറി ,ഇടി ഒക്കെ വേണ്ടി വന്നു അവനെ കൊണ്ട് പാട്ട് ഉണ്ടാക്കിപ്പിക്കാന്‍. അവസാനം അവന്‍ പാട്ട് ഉണ്ടാക്കി.
വരികള്‍ ഞാന്‍ ഒപ്പിച് എഴുതി,..
അവസാനം ഒരു പാതിരാത്രി പാട്ടിന്റെ പ്രസവ വേദന നിന്നു .പാട്ട് ജനിച്ചു.

ഞങ്ങളുടെ ആത്മ സുഹൃത്ത് സജാസിന്റെ സഹായത്തോടെ അതിനിടയില്‍ കണ്ണൂരിലെ ഹര്‍ത്താല്‍ വിരുദ്ധ മുന്നണിയിലെ സുശാന്ത്, ചന്ദ്രബാബു എന്നിവരെ ഞങ്ങള്‍ കണ്ടു, സംസാരിച് ഞങ്ങളുടെ ആശയം പറഞ്ഞു. എല്ലാ രീതിയിലും മാനസിക പിന്തുണ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായി.

കോഴിക്കൊടെക്ക് , രാജിവേട്ടനെ കണ്ടു. എസ് കുമാറിന്റെ അസിസ്റ്റന്റ്റ് ക്യാമറ മാന്‍. റാമിന്റെ സുഹൃത്ത്. കാര്യം പറഞ്ഞപ്പോള്‍ ഈ പ്രോജക്റ്റ് രാജിവേട്ടന്‍ ചെയ്യാമെന്ന് ഏറ്റു ,അതും അഞ്ച് പൈസ വാങ്ങാതെ. അന്ന് അവിടെ നിന്നും ഇറങ്ങുമ്പോള്‍ റാമിനെ ഞങ്ങള്‍ ,സന്തോഷത്തോടെ ആദ്യമായ് കെട്ടിപിടിച്ചു.

സ്ലീപ്പര്‍ ബസില്‍ തിരുവനന്തപുരതേക്ക്‌ . പ്രൊഡ്യൂസറിന്റെ , അതായത് ആദിയുടെ നിക്കര്‍ കീറുന്നത് ഞാന്‍ മാത്രം അന്ന് ബസില്‍ നിന്നും കണ്ടു. ഇതൊന്നുമറിയാതെ റാമും ഋഷിയും വിനോദയാത്ര കണ്ട് പൊട്ടിച്ചിരിച്ച് കൊണ്ടിരുന്നു.

തിരുവനന്തപുരം..
ബാഗില്‍ ഒരുപാട് സ്വപ്നങ്ങളും നിറച് പ്രഭാതതോടൊപ്പം ഞങ്ങള്‍ തമ്പാനൂരില്‍ ബസ് ഇറങ്ങി. ഒരു ചായ, സിഗരറ്റ് എന്നിവ അകത്താക്കി ഉള്ളൂരിലെക്ക്.ഉള്ളൂര്‍ സി.ഡി.എസില്‍ കുഞ്ഞിയുടെ മുറിയില്‍ നിന്നും കുളിയും ജപവും കഴിഞ്ഞ് പോത്തന്‍കോടിലെക്ക് , റെമി ചേട്ടന്റെ മ്യൂസിക്ക് സ്റുടിയോയിലെക്ക് , സ്റ്റുഡിയോ കണ്ടപ്പോ റാമിന്റെയും ആദിയുടെയും കണ്ണില്‍ നിന്നും വെള്ളം വന്നു. ഒരുത്തന്‍ ആദ്യമായി പാട്ട് റിക്കാര്‍ഡ് ചെയ്യാന്‍ പോകുന്നതിന്റെയും , മറ്റവന്‍ പൈസ പോകുന്നതിന്റെയും ദെണ്ണത്തിലും ആയിരുന്നു കണ്ണീര്‍ പൊഴിച്ചത്.

റാമിന്റെ മ്യൂസിക്കിനു റാം തന്നെ പാടി, കോറസ് ആയി ഞാനും ഋഷിയും.. പിറ്റേന്ന് പാട്ട് ഉണ്ടായി..വീണ്ടും ഞങ്ങള്‍ കെട്ടിപിടിച്ചു. അവന്‍ ശരിക്കും ഒരു മ്യുസിഷന്‍ ആണെന്ന് ഞങ്ങള്‍ ഉറപ്പിച്ചു.

ചാല മാര്‍ക്കറ്റ് , വേളി കടപ്പുറം, തൈക്കാട് മ്യൂസിക്ക് കോളജില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ജീവിതത്തിലെ ആദ്യ ഷൂട്ടിംഗ് അനുഭവം. ജോണ്‍ ,ഷിജു എന്നിവര്‍ ആയിരുന്നു രാജിവേട്ടന്റെ അസിസ്റ്റന്റ്റ് . ജീവിതത്തില്‍ ആദ്യമായി ഞാന്‍ യോ യോ വസ്ത്രം ധരിച്ചു. അറ്റ്‌ലസ് രാമചന്ദ്രനെ പോലെ വാടയ്ക്ക് എടുത്ത കോട്ടുമായി ആദിയും വന്നു. റാമും ഋഷിയും യോ യോ വസ്ത്രങ്ങള്‍ നേരത്തെ കരുതിയിരുന്നു.

ഷൂട്ടിംഗ് കഴിഞ്ഞു തളര്‍ന്നു ഉറങ്ങിയ ഒരു രാത്രിയുടെ അവസാനം ഞങ്ങള്‍ പരശുരാമില്‍ കാസര്കൊടെക്ക് തിരിച്ചു.
കാത്തിരിപ്പ്...
ലേബര്‍ റൂമിന്റെ മുന്‍പില്‍ ഭാര്യയുടെ കന്നി പ്രസവം കാത്തിരിക്കുന്ന ആള്‍ക്കാരെ പോലെ ഞങ്ങള്‍ തെക്ക് വടക്ക് നടന്നു..
ഒരു ആഴ്ച ഒരു ദിവസം പോലെ കടന്നു പോയി..
ഒരു രാത്രി മലബാര്‍ എക്സ്പ്രസ് ലോക്കോ പൈലറ്റ്‌ , ആള്‍ക്കാരോടൊപ്പം ഞങ്ങളുടെ സി.ഡി യുമായി വന്നു.
ഋഷിയുടെ വീട്ടില്‍ നിന്നും അത് കണ്ട് വീണ്ടും ഞങ്ങള്‍ കെട്ടിപ്പിടിച് കരഞ്ഞു.

ഗാന ഗന്ധര്‍വനെ കണ്ട് പ്രകാശനം ചെയ്യാന്‍ പറ്റുമോ എന്ന് പറഞ്ഞപ്പോള്‍ 100 വട്ടം സമ്മതം. സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവാക്കള്‍ എന്ന് അദേഹം ഞങ്ങളെ പുകഴ്ത്തി. രാഹുല്‍ ഈശ്വറും ചടങ്ങിനു വരം എന്ന് ഏറ്റു. അതിനിടയില്‍ ആല്‍ബത്തിന്റെ പുറകെ നടന്ന് രാജ് മോഹന്റെ ജോലി തെറിച്ചു. ഞങ്ങള്‍ക്ക് തെറിക്കാന്‍ ജോലി ഇല്ലാത്തത് കൊണ്ട് ആ പ്രശ്നം ഉണ്ടായില്ല..

2008 സെപ്ടംപര്‍ 30 നു തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച് അതിന്റെ പ്രകാശനം നടന്നു. ചുറ്റും ചാനല്‍ ആള്‍ക്കാര്‍.. ഇന്റര്‍വ്യൂ , ഫോടോ ഷൂട്ട്‌ ..ഞങ്ങള്‍ ആനന്ദ കണ്ണീര്‍ ഒഴുക്കി..
ടി വി ചാനലുകള്‍..
പത്രങ്ങള്‍...
മാസികകള്‍ ഒക്കെ ഹര്‍ത്താല്‍ വിരുദ്ധ ആല്‍ബത്തെ പ്രകീര്‍ത്തിച്ചു..
അങ്ങനെ ഒരു ആല്‍ബം ജനിച്ചു..
പ്രതീഷിച്ചത്ര ഹിറ്റ്‌ ആയില്ലെങ്കിലും കാണുന്നവര്‍ നല്ല വാക്കുകള്‍ മാത്രമേ പറഞ്ഞുള്ളൂ. രണ്ട് അവാര്‍ഡും കിട്ടി.. ആദിയുടെ പോയ ഒരു ലക്ഷത്തിനു മാത്രം കണക്കില്ല.. :(

വാല്‍ക്കഷണം : മാര്‍ക്കറ്റ് ചെയ്യാന്‍ അറിയാത്തവര്‍ ആല്‍ബം പിടിക്കാന്‍ ഇറങ്ങരുത്.

11 comments:

  1. "ജീവിതത്തില്‍ ആദ്യമായി ഞാന്‍ യോ യോ വസ്ത്രം ധരിച്ചു." << എവിടുന്നൊപ്പിച്ചു? സുമോ ഗുസ്തിക്കാരെ ആരെയെങ്കിലും പരിചയമുണ്ടായിരുന്നോ കടം മേടിക്കാന്‍? :P

    ReplyDelete
  2. വായിക്കാന്‍ രസം ഒണ്ടു ....................
    നര്‍മത്തില്‍ ഒരു ദുഃഖം ഒളിപ്പിച്ചു അല്ലെ ....................

    ReplyDelete
  3. kollam nannayittundu...

    Innalu PSC pareekshaykku oru chodyamundarunnu hartal nirthalakkiyatharennu...

    ningalarunnalle athu...Ethayalum nannayi...

    ReplyDelete
  4. good craft and narration.. plus its a good effort tat u have taken up... i'm happy for you.. :) :) :)

    ReplyDelete
  5. Social networking site vazhi albathinte marketing, unnatheyum urangatheyum cheytha Mr. Purushuvinte peru ee blogil paramarshikkathathu oru valiya chathiayi njan kanunnu....avante dedicationanu nee oru vilayum koduthillalo?.....

    ReplyDelete
  6. Awesum blog , made me burst into laughter 4 d eternity ... it wz like witnessing a movie on the screen ... nothing censored , candid description abt incidents n people , keep up :)

    Regarding d vid , gud team work , Botmline : standard ... kudos 2 the people who put in sincere efforts :)

    ReplyDelete
  7. @ ajith purushunte karyam marannu poyi :)

    @ shanat thanks yaa :))

    ReplyDelete
  8. അത് ആദ്യമായി രാജീവിന്റെ ഫ്ലാറ്റില്‍ നിന്നും കേട്ടത് ഇന്നും ഓര്‍ക്കുന്നു. ബൈകില്‍ യാത്ര ചെയ്യുംപോഴൊക്കെ ഇപ്പോഴും ആ ഈണം ഞാന്‍ ആവേശത്തോടെ മൂളാറുണ്ട്‌..........., ന്യൂ ജെനെരെഷന്‍ വിപ്ലവ ഗാനങ്ങളുടെ പ്രിഡസെസ്സര്‍ എന്ന് വേണമെങ്കില്‍ ഐ ആം ഫെഡ് അപിനെ വിളിക്കാം

    ReplyDelete