Wednesday, April 11, 2012

വിഷു സ്മരണകള്‍....

ഓര്‍മയിലെ ആദ്യ വിഷുക്കോടി ഒരു ഒരു ജീന്‍സ് പാന്റ് ആണ്... പ്രാന്തര്‍ കാവ് തയ്യില്‍ അപ്പച്ചന്റെ കടയില്‍ നിന്നും അച്ചന്‍ വാങ്ങിയ ഒരു ജീന്‍സ്...ഞാന്‍ അന്ന് രണ്ടാം ക്ലാസ് കഴിഞ്ഞു നില്‍ക്കണ സമയമായിരിക്കണം.. അതും ഇട്ടു ഞാന്‍ വല്ല്യ ആളായി നടന്നു..കാരണം ഞങ്ങളുടെ പ്രദേശത്ത് കുട്ടികളുടെ ഇടയില്‍ അന്ന് ജീന്സിടുന്ന ഒരേ ഒരുവന്‍ ഞാന്‍ ആയിരുന്നു. അമ്മൂമ്മക്ക് മലമ്പനി ഉണ്ടായപ്പോള്‍ അമ്മൂമ്മയും ഞാനും 30 കിലോമീറ്റര്‍ സഞ്ചരിച് കാഞ്ഞങ്ങാട് ആശുപത്രിയില്‍ വന്നു, അമ്മൂമ്മയെ അവിടെ അഡ്മിറ്റ്‌ ചെയ്യുമ്പോള്‍ എന്റെ വേഷം ആ ജീന്‍സും ഷര്‍ട്ടും ആയിരുന്നു. അന്ന് ഒരു നേഴ്സ് അമ്മൂമ്മയോട് പറഞ്ഞു " അമ്മ എന്തിനാ പേടിക്കുന്നത്, ജീന്സോക്കെ ഇട്ട ആളില്ലേ കൂടെ ? " പിന്നെ അവര്‍ എന്നെ നോക്കി "അല്ലെ മോനെ " എന്നും അവര്‍ പറഞ്ഞു . ഞാന്‍ അതെയെന്ന്‍ തലയാട്ടി .

വീട്ടില്‍ നിന്നും അമ്മൂമ്മ അഞ്ച് രൂപയോ രണ്ട് രൂപയോ ഒരു രൂപയോ അമ്പത് പൈസയോ ഒക്കെ കൈ നീട്ടം തരുമായിരുന്നു. അച്ഛന്റെ കുടുമ്പത്തില്‍ എന്നെക്കാള്‍ മുതിര്‍ന്ന 6 പേര്‍ വേറെയും ഉണ്ട്. അത് കൊണ്ട് ഏഴാമന്‍ ആയ എനിക്ക് മിക്കവാറും അന്‍പത് പൈസ ആയിരിക്കും കിട്ടുക.. അനിയത്തിക്കും മിക്കവാറും അന്‍പത് തന്നെ... കൈ നീട്ടം തന്നിരുന്ന അമ്മൂമ്മ ഇന്നില്ല.. തന്നിരുന്ന കൈ നീട്ടത്തിനേക്കാള്‍ വലിയ കൈ നീട്ടമായ കഥ പറയാനുള്ള കഴിവ് എന്നില്‍ വിതച്ചിട്ടാണ് അമ്മൂമ്മ പോയത്.. കഥ പറച്ചില് കാരന്‍ അആകാന്‍ ആഗ്രഹിക്കുന്ന എനിക്ക് അതിലും വലിയ കൈ നീട്ടം വേറെ എന്താണ് അമ്മൂമ്മയില്‍ നിന്നും കിട്ടേണ്ടത് ?

വിഷു ദിനത്തില്‍ തെയ്യങ്ങളുടെ ദൈവ സ്ഥാനത് ദൈവങ്ങള്‍ക്കും മണ്ണടിഞ്ഞു പോയ പിതാ മഹാന്മ്മാര്‍ക്കും കാഴ്ച വെയ്ക്കും.. എല്ലാ ബന്ധുക്കളും അന്ന് അവിടെ വന്നു കൂടും. ഓരോരുത്തരും അവരുടെ പരാതികളും സങ്കടങ്ങളും കാഴ്ച്ചയുടെ മുന്‍പില്‍ നിന്ന് ബോധിപ്പിക്കും.. അന്ന് കൌതുകത്തോടെ അതൊക്കെ നോക്കി നിന്ന കുട്ടി ആയിരുന്ന എനിക്ക് ഇന്നും ആ കുട്ടിയില്‍ നിന്നും വല്ല്യ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല... ദൈവസ്ഥാനത് കോഴിയെ അറുക്കുമ്പോള്‍ ഞാന്‍ കണ്ണടച് നില്‍ക്കും. ഏട്ടനും സംഘങ്ങളും കോഴി പിടയുന്നത് കണ്ട് രസിക്കുമ്പോള്‍ ഞാന്‍ നോട്ടം വേറെ എങ്ങോട്ടെങ്കിലും മാറ്റും. അപ്പോള്‍ പിടയുന്ന കോഴിയോട് തോന്നുന്ന സഹതാപം പക്ഷെ കോഴി കറിയോട് എനിക്കെന്തോ ഉണ്ടാകാറില്ല.. ഈ വിഷുവിനും എന്നത്തേയും പോലെ അവിടെ കാഴ്ച ഉണ്ടാകും...

പൊട്ടിച് ബാക്കി വന്ന പടക്കം വൈകീട്ട് ആരും കാണാതെ ഒറ്റയ്ക്ക് പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ പൊള്ളിയത് ഒരു വിഷുക്കാലത്ത് തന്നെ ആയിരുന്നു. പടക്കം പൊട്ടിച് വിഷു ആഘോഷിക്കുന്നതിനോട് എനിക്ക് എന്തോ ഇഷ്ട്ടം ആയിരുന്നില്ല പണ്ട് തൊട്ടേ.. ബഹളങ്ങളോടുള്ള എന്റെ വിരക്തി ആയിരിക്കാം അതിനു കാരണം.

ഞാന്‍ ആദ്യമായി മുണ്ട് ഉടുത് യാത്ര നടത്തിയതും ഒരു വിഷുവിനു ആയിരുന്നു. അതും നാലിലോ അഞ്ചിലോ പഠിക്കുന്ന സമയത്ത്. വഴി വക്കില്‍ ഉണ്ടായിരുന്ന പരിചയക്കാരൊക്കെ എന്നെ നോക്കി പുഞ്ചിരിച്ചു. കൊള്ളാം എന്ന് പറഞ്ഞു... കൊളിചാലില്‍ നിന്നും പൂടം കല്ലിലെക്കുള്ള ആ യാത്രയില്‍ ഞാന്‍ മുതിര്‍ന്ന ഒരാള്‍ ആയെന്നു എനിക്ക് തോന്നിയിരുന്നു. പക്ഷെ പ്രായ പൂര്‍ത്തിയായി പത്ത്‌ വര്ഷം കഴിഞ്ഞിട്ടും എനിക്ക് പ്രായ പൂര്‍ത്തി ആയില്ല എന്നാണു തോന്നുന്നത്...

വിഷു എന്നാല്‍ വീട്ടിലേക്കുള്ള യാത്ര എന്നാ മട്ടില്‍ ഏഴു വര്‍ഷങ്ങള്‍...നവോദയ സ്കൂളിലെ ജീവിതത്തില്‍ മേയ് ജൂണ്‍ മാസത്തില്‍ ആയിരുന്നു അവധി. അത് കൊണ്ട് വിഷു എനിക്കും നവോദയയിലെ മറ്റു കുട്ടികള്‍ക്കും വലിയ പരോളിനു മുന്‍പുള്ള ഒരു കുഞ്ഞു പരോള്‍ ആയിരുന്നു.

കോളേജ് ജീവിതത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോയതും ഒരു വിഷു തലേന്ന് ആയിരുന്നു. ഉണ്ടായിരുന്ന 100 രൂപ സുഹൃത്തിനു വീട്ടില്‍ പോകാന്‍ കൊടുത്ത് ഞാന്‍ ത്യാഗിയായി. കാസര്‍കോടുള്ള ഇളയമ്മയോട് വീട്ടില്‍ പോകാന്‍ പൈസ വാങ്ങാം എന്നാണു ഞാന്‍ കരുതിയത്. പക്ഷെ എനിക്ക് മുന്‍പേ അവര്‍ നാട്ടിലേക്ക് പോയത് ഞാന്‍ അറിഞ്ഞപ്പോള്‍ എന്നിലെ ത്യാഗിയെ ഞാന്‍ ശപിച്ചു. ഒറ്റയ്ക്ക് ആകുമ്പോഴൊക്കെ കൂട്ട് ഉണ്ടാവാറുള്ള കോളേജ് മൈതാനം അന്നും എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. ആകാശത് നക്ഷത്രം എണ്ണി കിടന്നപ്പോള്‍ പടക്കതിന്റെയും മറ്റും ശബ്ദം എന്നില്‍ ഉണ്ടാക്കിയ അസ്വസ്ഥത ഭീകരമായിരുന്നു. മൊബൈലും മറ്റും സാര്‍വത്രികം അല്ലാതിരുന്ന അന്ന് ആരെയും ബന്ധപ്പെടാന്‍ കഴിയാത്തത് കൊണ്ട് അവസാനം കോളെജിനു മുന്‍പിലെ ഇച്ച (ഇക്ക ) ആണ് എനിക്ക് വണ്ടി കാശ് തന്നത്. കാശ് കടം വാങ്ങിയതിനോടൊപ്പം ഒരു ഫില്‍ട്ടര്‍ സിഗരട്റ്റ് കൂടി കടം ചോദിച്ചപ്പോള്‍ ഇപ്പോഴും ഗൌരവം ഉണ്ടാകാറുള്ള ആ മുഖത് പുഞ്ചിരി നിറഞ്ഞു.

ഞാനും അധീഷും ബബിയും സുനിലും രാധേഷും സുനീഷും ശ്രീജിത്തും അടങ്ങിയ എഷ് വി മിമിക്സ് ട്രൂപ് നെലക്കളയില്‍ വിഷു പരിപാടി നടത്തുന്നതിന് മുന്പ് അധീഷ് പടക്കം പൊട്ടിച്ചപ്പോള്‍ പടക്കം ഹൈവയിലെക്ക് പോയതും അത് വഴി വന്ന ജീപ്പ് നിയന്ത്രണം വിട്ടു ലോറിയില്‍ ഇടിക്കാന്‍ പോയതും എല്ലാവരും കൂടി അധീഷിനെ ഇടിക്കാന്‍ വന്നതും ഒരു വിഷു തലേന്ന് തന്നെ ആയിരുന്നു.

ബാംഗ്ലൂരില്‍ നിന്നും അധീഷും ഞാനും കാസര്‍കോടെക്ക് ഒരു വിഷു തലേന്ന് ആണ് പുറപ്പെട്ടത്. രാവിലെ ഞാന്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ സൂര്യന്‍ എഴുന്നേറ്റു നടന്നു തുടങ്ങിയിരുന്നു. പോക്കറ്റില്‍ നിന്നും 100 രൂപ എടുത്ത് തൊട്ടടുത്ത് ഇരുന്നു ഉറങ്ങുന്ന അധീഷിനെ കുലുക്കി ഉണര്‍ത്തി അവനു ഞാന്‍ പണം കണി കാണിച്ചു കൊടുത്തു.. ഉറക്കം പോയതിന്റെ ദേഷ്യം അവന്റെ മുഖത് ഉണ്ടായിരുന്നു എങ്കിലും കണി കണ്ട സന്തോഷം അവന്‍ മറച്ചു വെച്ചില്ല..

രമേശന്റെ വീട്ടില്‍ വിഷുവിനെതുന്ന മാവേലി ആയിരുന്നു ഞാന്‍.. വിഷു തലേന്ന് ഞാന്‍ അവന്റെ വീട്ടില്‍ എത്തും. അമ്മയും അവനും മാത്രമേ അവിടെ ഉണ്ടാകൂ. രാത്രി ഭക്ഷണം കഴിഞ്ഞു അവന്റെ നീണ്ടു ഇടുങ്ങിയ മുറിയില്‍ ഓഡിയോ കാസറ്റുകള്‍ അടുക്കി വെച്ചിരിക്കുന്ന ബോക്സില്‍ നിന്നും കാസറ്റുകള്‍ തപ്പി എടുത്ത് പാട്ട് വെക്കും, തമാശകള്‍ പറഞ്ഞു ചിരിക്കും, രാത്രി എപ്പോഴെങ്കിലും ഉറങ്ങി പോകും.. രാവിലെ അമ്മ വിളിച്ചുണര്‍ത്തും. വിഷു കണി കണ്ട് കഴിയുമ്പോള്‍ അമ്മ കൈ നീട്ടം തരും. അങ്ങനെ അമ്മ തന്ന കൈനീട്ടത്തിന്റെ , സ്നേഹത്തിന്റെ കടം ഇപ്പോഴും ബാക്കിയുണ്ട്. രമേശന് കിട്ടാനുള്ള കൈ നീട്ടം എനിക്കും കൂടി പങ്കിടുന്നതിന്റെ നീരസം അവന്റെ മുഖത് ഉണ്ടാകാരുണ്ടെങ്കിലും അവനു ഒരേയൊരു വിന്ദന്‍ മാത്രമല്ലേ ഉള്ളൂ എന്ന് കരുതി അവന്‍ അത് ക്ഷമിച് കൊണ്ടിരിക്കും..

ഒരു വിഷുവിനു അവള്‍ തിരുവനന്തപുരത്ത് നിന്നും എറണാകുളതെക്ക് വണ്ടി കയറിയപ്പോള്‍ എനിക്ക് നെഞ്ചിന്റെ ഉള്ളില്‍ തോന്നിയ ഒരു പിടച്ചിലില്‍ നിന്നാണ് എനിക്ക് അവളോട്‌ പ്രണയം തുടങ്ങിയിരിക്കുന്നു എന്ന സത്യം ഞാന്‍ മനസിലാക്കിയത്. പ്രണയിച് തുടങ്ങിയപ്പോഴേക്കും ദൂരം,വിദ്യാഭ്യാസം, ജോലി ഇല്ലായ്മ എന്നീ കുറവുകള്‍ കണ്ടു പിടിച് അവളുടെ വീട്ട്കാര്‍ ഞങ്ങളുടെ പ്രണയത്തിനു വിരാമം ഇട്ടു. പക്ഷെ അതൊരു അര്‍ദ്ധ വിരാമം മാത്രമാണെന്ന് എനിക്ക് മനസിലാകാന്‍ ഒരു വിഷുക്കാലം തന്നെ വേണ്ടി വന്നു. വീണ്ടും ഒരു വിഷു കൈ നീട്ടമെന്നോണം " എനിക്ക് മറക്കാന്‍ കഴിയില്ല " എന്നും പറഞ്ഞു അവള്‍ കഴിഞ്ഞ വിഷുവിനു വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നു. ഇനി തട്ടി പോകുന്നത് വരെ ആ കൈ നീട്ടം ഞാന്‍ ഒരാള്‍ക്കും കൊടുക്കില്ല.

2007 ലെ വിഷുവിനു തൊട്ടു മുന്‍പായിരുന്നു അനിയത്തിയുടെ കല്ല്യാണം. അവള്‍ കയറി യാത്രയായ വാഹനം പൊടി പറത്തി കൊണ്ട് പോയപ്പോള്‍ " മുടിഞ്ഞ പൊടി " എന്ന് പറഞ്ഞു ഞാന്‍ തിരുമ്മി. പൊടിയോടൊപ്പം കലര്‍ന്ന എന്റെ കണ്ണീര്‍ ആരും കണ്ടില്ല.

അപ്പൂപ്പന്‍ മരിച്ച ശേഷം വന്ന വിഷു ഞങ്ങള്‍ ആഘോഷിച്ചില്ല . അപ്പൂപ്പന്റെ പ്രിയപ്പെട്ട ബീഡി ഞാന്‍ അസ്ഥി തറയുടെ ഒരു വശത്ത് ആരും കാണാതെ കൊണ്ട് വന്നു വെച്ചു. അപ്പൂപ്പന്‍ വന്നു അതെടുത്ത് കത്തിച് പുകയൂതി വിട്ടു എന്നെ നോക്കി ചിരിച് തോളില്‍ തട്ടി, "നീ എല്ലാവരെക്കാളും മിടുക്കന്‍ ആകുമെടാ, നിന്നെ ഹരിശ്രീ എഴുതിപ്പിച്ചത് ഞാനാ, ഇപ്പോള്‍ നടക്കുന്നത് ഒന്നും കണ്ടു നീ പേടിക്കണ്ട " എന്ന് പറയുമെന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു... ഇന്നും അപ്പൂപ്പന്റെ ആ വാക്കുകള്‍ ആണ് എന്റെ ധൈര്യം..

അടുത്തിടെ തിരുവനന്തപുരം പോയി തിരിച് വരുമ്പോള്‍ വഴി വക്കില്‍ മൊത്തം കൊന്നകള്‍ പൂത്തിരിക്കുന്നുണ്ടായിരുന്നു. സമൃദ്ധിയോടെ ഐശ്വര്യത്തോടെ അവ വിരിഞ്ഞു പുഞ്ചിരിച് നില്‍ക്കുന്നുണ്ടായിരുന്നു. വിഷു വരികയാണെന്ന് നമ്മളെ ഓര്‍മിപ്പിക്കാന്‍ കൊന്നകള്‍ വിരിയേണ്ട കാലമാണിത്...
എല്ലാവര്ക്കും വിഷു ആശംസകള്‍....

4 comments:

  1. വിനോദ്‌ നന്നായിരിക്കുന്നു ഒരു പദ്മരജെന്‍ ടച്ച്‌ ഉണ്ട്,,,,,,,,,,ഇതിനു,,,,

    ReplyDelete
  2. ബെടിപൊട്ടുന്ന ഓര്‍മ്മകള്‍ ..!! നന്നായിട്ടുണ്ട് ..വിന്ദാ..!!

    ReplyDelete
  3. നന്നായിരിക്കുന്നു വിനോദേട്ടാ ... കുറെ ഓര്‍മകളില്‍ കൂടിയുള്ള മനോഹരമായ ഒരു യാത്ര ...

    ReplyDelete
  4. ബഹളങ്ങളോടുള്ള എന്റെ വിരക്തി ആയിരിക്കാം അതിനു കാരണം...................ഹയ്യട മനമേ.................... അങ്ങനെ ഉള്ളവര്‍ കുടിക്കില്ല മാഷെ........................ഇങ്ങനെ പുളു അടികരുത്

    ReplyDelete