
കരുനാഗപ്പള്ളി പോസ്റ്റ് ഓഫിസിനു സമീപം വെയിലും കൊണ്ട് വാടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ശബ്ദം
"ഒന്ന് മാറുമോ മോനെ ?"
ഞാന്‍ തിരിഞ്ഞു നോക്കി , ഒരു അമ്മൂമ്മ. ഞാന്‍ അവരെ നോക്കി സംശയിച് പിന്മ്മാറി. അവര്‍ പ്ലാസ്റ്റിക് സഞ്ചി തുറന്നു അതില്‍ നിന്നും നീല നിറത്തിലുള്ള രണ്ട് കത്തുകള്‍ പുറത്തെടുത്തു. അപ്പോഴാണ് ഞാന്‍ അവിടെ ഉണ്ടായിരുന്ന പോസ്റ്റ് ബോക്സ് കാണുന്നത്. അവര്‍ കത്തിലെക്ക് നോക്കി (ഒരു പുഞ്ചിരി അവരുടെ ചുണ്ടുകളില്‍ ഉണ്ടായിരുന്നുവോ ? ഉണ്ടായിരിക്കണം.) പതുക്കെ , ശ്രദ്ദയോടെ പോസ്റ്റ് ബോക്സിനുള്ളിലെക്ക് ഇട്ടു. എന്നിട്ട് അവര്‍ നടന്നു നീങ്ങി. സുഹൃത്തുക്കള്‍ക്കോ , ബന്ധുക്കള്‍ക്കോ , മക്കള്‍ക്കോ കത്ത് അയച് ആ അമ്മ നടന്നു നീങ്ങി. ഇനി അതിന്റെ മറുപടിക്കായുള്ള കാത്തിരിപ്പ്. ഞാന്‍ ആ അമ്മയെ നോക്കി നിന്ന് പോയി.
" എഴുതിക്കോ , ഞാന്‍ പറഞ്ഞു തരാം "
ഞാന്‍ എഴുതാനും വായിക്കാനും പഠിച്ചു തുടങ്ങിയ കാലം. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണത് . എന്ജിനീയറിങ്ങ് പഠിക്കുന്ന മാമന് ഞാനും ഇളയമ്മയും ചേര്‍ന്ന് കത്ത് എഴുതുകയായിരുന്നു. കരണ്ട് അന്ന് ഞങ്ങളുടെ നാട്ടില്‍ കല്യാണങ്ങള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും ജനരേട്ടര്‍ വഴി ആയിരുന്നു ഉല്പാതിപ്പിച്ച്ചിരുന്നത്.തൊണ്ണൂറിന്റെ മധ്യ കാലം വരെ അത് തന്നെ ആയിരുന്നു അവസ്ഥ. ജനരേട്ടര്‍ വാടകയ്ക്ക് എടുക്കാന്‍ ശേഷി ഇല്ലാത്തവര്‍ പെട്രോമാക്സിന്റെ വെളിച്ചത്തിലും ആഗോഷങ്ങള്‍ നടത്തിയിരുന്നു. പെട്രോമാക്സ് വെളിച്ചം, കത്ത് എഴുത്ത് , ശരിയായ രീതിയിലുള്ള ഓണം , മരത്തില്‍ തൂങ്ങിയാടി കളിച്ച , നീ ഹിന്ദു ഞാന്‍ മുസ്ലിം നീ ചേട്ടന്‍ ( ക്രിസ്ത്യാനികളെ ഞങ്ങളുടെ നാട്ടില്‍ അങ്ങനെ ആണ് പറയാറ് ) എന്നും വേര്തിരിച് കളിക്കുമ്പോള്‍ അതില്‍ മത ചിന്ത കടന്നു കൂടാതെ കുട്ടിക്കാലം എന്നിവ ആസ്വദിച്ച അവസാന തലമുറ ഒരുപക്ഷെ ഞാന്‍ അടങ്ങുന്ന ഒരു തലമുറ ആയിരിക്കണം.
" എഴുത് "
ഞാന്‍ പേനയും പിടിച്, നീല കടലാസിലേക്ക് നോക്കി ഇരുന്നു. ഒരു നിമിഷം ആലോചിച് , മണ്ണെണ്ണ വെളിച്ചം പകര്‍ന്നു തരുന്ന പ്രകാശത്തില്‍ ഞാന്‍ എഴുതി തുടങ്ങി.ഇളയമ്മ പറഞ്ഞു തരുന്നു, ഞാന്‍ എഴുതുന്നു. എനിക്ക് സ്വയം എഴുതാന്‍ പറ്റാത്ത വാക്കുകള്‍ ശരിയാക്കാന്‍ ഇളയമ്മ സഹായിക്കുന്നുമുണ്ട്. ഒരു മണിക്കൂറില്‍ കൂടുതല്‍ സമയമെടുത്ത് ഞാന്‍ ആ കത്ത് പൂര്‍ത്തിയാക്കി. കത്തിലെക്ക് നോക്കി ഞാന്‍ അഭിമാനം കൊണ്ടു. നാളെ സ്കൂളില്‍ പോയി എല്ലാവരോടും പറയാനുള്ളതാണ് സ്വന്തമായി കത്ത് എഴുതിയ കാര്യം. ഞാന്‍ അതും ഓര്‍ത്തു കിടന്നു ഉറങ്ങിപോയി
( 2005 കാലത്തില്‍ മാമന്റെ മുറി വൃത്തിയാക്കാന്‍ സഹായിക്കുന്നതിനിടെ മാമന്റെ പഴയ ഡയറി ഞാന്‍ കണ്ടു. അതില്‍ ഒരു പഴക്കത്തിന്റെ കറ പുരണ്ട ഒരു കത്തും. ഞാന്‍ അത് തുറന്നു. ഈശ്വരാ... നൊസ്റ്റാള്‍ജിയ , പൊഞ്ഞാര്‍ എന്നിങ്ങനെ പറയുന്ന കാര്യങ്ങള്‍ എന്നെ അടിമുടി പിടിച് കുലച്ചു. ഞാന്‍ ആദ്യമായി എഴുതിയ കത്ത്. മാമന്‍ അതിന്നും സൂക്ഷിച് വെച്ചിരിക്കുന്നു. എനിക്കറിയാം മാമന്‍ സ്നേഹം കൊണ്ടാണ് എന്നെ പലപ്പോഴും ചീത്ത വിളിക്കുന്നതെന്ന്, എന്നാലും ആ കത്ത് കണ്ടപ്പോ എനിക്ക് മാമനോട് സ്നേഹം കൂടിപോയി. ആ കത്ത് എന്റെ കൈയില്‍ ഉണ്ടായിരുന്നു പിന്നെയും കുറച്ച കാലം. നിന്റെ ആവശ്യമില്ലാത്ത പഴയ സാധനങ്ങള്‍ ഒക്കെ കത്തിച്ചു എന്ന് പറഞ്ഞ് അമ്മ കൂളായി നടന്നു പോയപ്പോള്‍ എന്റെ ചങ്ക് കത്തിപ്പോയി. എന്റെ ആ കത്തും അമ്മയ്ക്ക് ആവശ്യമില്ലാത്ത , ഒരു പഴയ സാധനമായി പോയി. പ്രിയപ്പെട്ട ആരോ മരിച്ചത് പോലെ ആയിരുന്നു എന്റെ അവസ്ഥ അന്ന് , എന്റെ പാവം അമ്മയോട് ഞാന്‍ അതിനെപറ്റി ഒന്നും പറഞ്ഞതുമില്ല. )
പ്രൈമറി സ്കൂള്‍ കാലത്തില്‍ , അവധികാലത്ത് ഒരേ നാട്ടുകാരായ ഞങ്ങള്‍ ക്ലാസ്മെറ്റുകള്‍ , പരസ്പരം കത്ത് എഴുതി ഇരുന്നു. കാര്‍ഡില്‍ നിനക്ക് സുഖമാണെന്നു കരുതുന്നു. എനിക്കിവിടെ സുഖം തന്നെ. അവധി കഴിഞ്ഞു കാണാം എന്ന് കത്ത് എഴുതി പോസ്റ്റ് ചെയ്യുമ്പോള്‍ തൊട്ടു പിറകില്‍ സുഹൃത്ത് കഴിഞ്ഞ ആഴ്ച അയച്ച കത്തിന്റെ മറുപടി അയക്കാന്‍ ഊഴം കാത്തു നില്‍ക്കുകയാവാം. നവോദയ സ്കൂളില്‍ പോയ സമയം മുതല്‍ കത്തുകള്‍ ഒരുപാട് വേണ്ടി വന്നിരുന്നു. ഓരോ ആഴ്ചയും അമ്മയും അച്ഛനും കാണാന്‍ വരുമ്പോള്‍ കഴിക്കാന്‍ ഒന്നും ഇല്ലെങ്കിലും 2 , 3 ഇന്‍ലന്‍ട് നിര്ഭാന്ധമായും കൊണ്ട് വരാന്‍ ഞാന്‍ ചട്ടം കെട്ടിയിരുന്നു. -- ആര്‍ക്കെങ്കിലും ഞാന്‍ കത്ത് അയക്കുമായിരുന്നു. അയക്കാതിരിക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു.
പ്ലസ് റ്റു കാലഘട്ടത്തില്‍ ആണ് എനിക്ക് അവളോട് തീവ്രമായ ഒരു ഇഷ്ട്ടം അനുഭവപ്പെട്ടു തുടങ്ങിയത്. രണ്ടു വര്ഷം അവളെയും മനസ്സില്‍ ധ്യാനിച്ച് ഞാന്‍ നടന്നു നീങ്ങി. ഒരിക്കല്‍ അവളുടെ ക്ലാസ് മുറിയില്‍ ഞാനും സുഹൃത്തും കടന്നു കയറി , ധൈര്യം സംഭരിച്ച്, അവളുടെ ബുക്കില്‍ ഒരു പ്രണയ ലേഖനം ഞാന്‍ വെച്ചു. എന്റെ കോമ്പ്ലക്സുകള്‍ എന്നെ പിന്‍ വിളിച്ച് അത് അവിടെ നിന്നും എടുത്ത് മാറ്റിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഞങ്ങള്‍ പ്രണയിച് പ്രണയിച് പണ്ടാരടങ്ങി പോയേനെ എന്ന സത്യവും ഞാന്‍ പിന്നീട് മനസിലാക്കി. പക്ഷെ അപ്പോഴേക്കും എന്റെ പകുതിയെ ഞാന്‍ കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. പഴയ പ്ലസ് റ്റു എന്റെ പകുതി അല്ലായെന്നും ഞാന്‍ മനസിലാക്കി .
കോളേജ് കാലത്തില്‍ ജഗതിയുടെ കീമിയം കീമിയം കൂട്ട് പിടിച് ഒരുത്തിയെ ചാക്കിലാക്കാന്‍ വേണ്ടി ഇല്ലാത്ത ഒരു കാമുകിയുടെ പേരില്‍ ഞാന്‍ എനിക്ക് തന്നെ ഒരു കത്ത് എഴുതി, അത് പോസ്റ്റ് ചെയ്യാന്‍ 40 രൂപ മുടക്കി യാത്ര ചെയ്തിട്ടുമുണ്ട്. അവസാനം കത്ത് എന്നെത്തേടി ഹോസ്റ്റലില്‍ എത്തിയപ്പോഴേക്കും ഇക്കാര്യം ഹോസ്റ്റലില്‍ മൊത്തം പാട്ടായി കഴിഞ്ഞിരുന്നു. ഒരു മാസത്തോളം അതിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടു. ഇന്നും സുഹൃത്തുക്കള്‍ അത് ഓര്‍ത്ത് വെച് സമയാ സമയങ്ങളില്‍ പണി തരാറുണ്ട്.
കാലാ കാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നതാണ് ആശയ വിനിമയ മാര്‍ഗങ്ങള്‍, ഇന്ന് കാണുന്ന മൊബൈലും ഇന്റര്‍നെറ്റും അതിന്റേതായ രീതിയില്‍ ഇനിയും മാറുമായിരിക്കും. അപ്പോള്‍ നമുക്ക് ഇന്റര്‍നെറ്റ് എന്ന ഒരു സംഭവത്തെപ്പറ്റി കൊച്ചു മക്കളോട് പറഞ്ഞ് കൊടുക്കാനും പറ്റുമായിരിക്കും... കമ്പി ഇല്ലാ കമ്പിയോ ? അതെന്ത് എന്ന് നമ്മള്‍ മുന്‍ തലമുറയോട് ചോദിച്ചത് പോലെ , നമ്മളോട് കത്തു കളോ ? അതെന്ത് എന്ന് ചോദിക്കുന്ന തലമുറയോടൊപ്പം ആണ് നമ്മള്‍ ഇപ്പോള്‍ നടക്കുന്നത്.
ഞാനും ഇപ്പോഴും ചിലര്‍ക്ക് കത്ത് വല്ലപ്പോഴും എഴുതാറുണ്ട്. ഇടയ്ക്കിടെ എഴുതണം എന്ന് ആലോചിക്കാരുന്ടെങ്കിലും അത് പലപ്പോഴും നടക്കാറില്ല. അങ്ങനെ വല്ല ചിന്തയും തോന്നിയാല്‍ ഒരു മടിയോടെ , ഫോണ്‍ എടുത്ത് അവനെയോ അവളെയോ വിളിക്കും . സംസാരിക്കും . അതോടെ കത്തിനെ ഞാന്‍ മറക്കും. കടലാസ് കുറിപ്പുകള്‍ പിന്നീട് എടുത്ത് വായിക്കുമ്പോള്‍ ഒരു സുഖം ഉണ്ട്. പിന്നെ കത്ത് , ഇല്ലാത്തത് ഒരു തരത്തില്‍ നന്നായി എന്നും ഇടയ്ക്ക് തോന്നും, ഉര്‍വശി മിഥുനത്തില്‍ പഴയ കത്തുകള്‍ കാട്ടി ലാലെട്ടനോട് പരിഭവം പറയുന്ന സീന്‍ ഉണ്ടല്ലോ ,അത് എന്തായാലും നമ്മുടെ തലമുറയിലെ കാമുകി കാമുകന്മാര്‍ക്കു ഇടയില്‍ ഉണ്ടാവില്ല. എന്തെങ്കിലും പരിഭവം പറഞ്ഞാല്‍, ആണോ ? ഞാന്‍ അങ്ങനെ പറഞ്ഞോ ? എന്ന് ? എന്നൊക്കെ ധൈര്യമായി പറയാം അങ്ങോട്ടും ഇങ്ങോട്ടും .
ഇത് വായിച് കഴിഞ്ഞു ആര്‍ക്കെങ്കിലും കത്ത് എഴുതാന്‍ ശ്രമിക്കുക. അതൊരു രസമുള്ള അനുഭവം ആയിരിക്കും. ജീവിതത്തിലെ കൊച്ച കൊച്ച സന്തോഷങ്ങളിലേക്ക് ഒരു കത്ത് കൂടി കടന്നു വരട്ടെ ? എന്ത് പറയുന്നു ?
" വള്ളിക്കാവ്, ഓച്ചിറ " ബസ് ക്ലീനര്‍ ഉറക്കെ വിളിച് പറയുന്നത് കെട്ട് എന്റെ ചിന്തകള്‍ പോസ്റ്റ് ബോക്സിലേക്ക് കത്ത് വീണു മറയുന്നത് പോലെ മറഞ്ഞു. ഞാന്‍ ബസില്‍ കയറാന്‍ നടന്നു നീങ്ങി .
കയറി കമ്പിയില്‍ പിടിച് നിന്നു.
ബസ് നീങ്ങി തുടങ്ങിയപ്പോള്‍ ഞാന്‍ ആ പോസ്റ്റ് ബോക്സിലേക്ക് തന്നെ നോക്കി നിന്നു. ബാല്യത്തില്‍ മുട്ടില്‍ ഇഴഞ്ഞ , യുവത്വത്തില്‍ ഇളകിയാടിയ , മധ്യ വയസില്‍ മുടന്തിയ ,വാര്‍ധക്യത്തില്‍ അവശനായ , മരണം കാത്തിരിക്കുന്ന ഒരു വൃദ്ദനെ പോലെ ആ പോസ്റ്റ് ബോക്സ് അവിടെ മരണം കാത്ത് ഇരിക്കുന്നു. ഞാന്‍ ബോക്സിനെ തന്നെ നോക്കി നിന്നു.
കണ്ടക്ട്ടറിനു ടിക്കറ്റ് പൈസ കൊടുത്തു തിരിഞ്ഞു നോക്കുമ്പോള്‍ " വൃദ്ധന്‍ " കണ്ണില്‍ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു.