Saturday, September 1, 2012

ഞാന്‍ കണ്ട വ്യക്തികള്‍ 1


നമ്മള്‍ ഓരോരുത്തര്‍ക്കും കോളേജ് ജീവിതത്തിലെ പ്രധാന ഭാഗം തന്നെയാണ്  ഹോസ്റ്റല്‍ ജീവിതവും. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്റെ ഹോസ്റ്റലില്‍ ഒരു മെസ്സ് ബോയ്‌ ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ചന്തുവേട്ടന്‍. ആള് ശുദ്ധന്‍ ആണ്, പക്ഷെ ശുദ്ധന്‍ ദുഷ്ട്ടന്റെ ഫലം ചെയ്യുമെന്ന് പറയുന്നത് ശരിയാണ് എന്ന് ഞാന്‍ മനസിലാക്കിയതും ചന്തുവേട്ടനിലൂടെ ആണ്.

ഒരു ദിവസം ഉറക്കം മതിയാവോളം ഉറങ്ങി തീര്‍ത്ത് ഞാന്‍ രാവിലെ 10  മണിക്ക് ന്യൂസ് പേപ്പര്‍ ടേബിളില്‍ എത്തി  . അവിടെ   കുറച്   ആള്‍ക്കാര്‍ ഇരുന്നു പത്രം വായിക്കുന്നുണ്ട്. ഉറക്കച്ചടവോടെ ഞാന്‍ അവിടെയെത്തി പത്രം മറിച്ചു നോക്കി. ഉടനെ അവിടെ ചന്തുവേട്ടന്‍ പ്രത്യക്ഷപ്പെട്ടു.

ചന്തു: മോനെ, വിനോദെ നീ സയന്‍സ് അല്ലെ പ്ലസ് ടുവിന് പഠിച്ചത് ?
 ഞാന്‍: അതെ, ഉം ??
ചന്തു: ഇതാ ഇത് കണ്ടാ???

അവിടിരുന്നു പത്രം വായിക്കുകയായിരുന്ന ഷിജുവിന്റെ കൈയില്‍ നിന്നും പത്രം ചന്തുവേട്ടന്‍ പിടിച്ചു വാങ്ങി. അവന്‍ ചന്തുവേട്ടനെ നോക്കി പേടിപ്പിച്ചു. ചന്തുവേട്ടന്‍ അവനെ നോക്കി പറഞ്ഞു,

 " ഇവിടെ പഠിക്കാന്‍ കഴിവുള്ള ഒരുത്തനെ സഹായിക്കാനാ.. നീ കുറച് കഴിഞ്ഞു വായിച്ചാ മതി. "

അതും പറഞ്ഞു മൂപര്‍ പത്രം എന്റെ മുന്‍പില്‍ നിരത്തി വെച്ചു. ഏതോ ഏവിയേഷന്‍ അക്കാദമിയില്‍ പൈലറ്റ് കോഴ്സിനു അപേക്ഷ ക്ഷണിച്   കൊണ്ടുള്ള ഒരു പരസ്യം അതില്‍ ഉണ്ടായിരുന്നു.

ചന്തു: കണ്ടാ ഇത് കണ്ടാ
ഞാന്‍ അതിലേക്ക് നോക്കി  . പൈലറ്റ് , വേറെ പണി ഒന്നുമില്ല  . ഇവിടെ കല്ലും മണ്ണും പെറുക്കി ജിയോളജി പഠിച് തന്നെ വെറുത്ത് ഇരിക്കുകയാണ്. പിന്നെയല്ലേ പൈലറ്റ്. ഞാന്‍ മനസ്സില്‍ പറഞ്ഞു.

ചന്തു: നോക്കെടാ.. ഓരോ പറക്കലിനും ലക്ഷങ്ങള്‍ ആണ് വില..നീ പോയി പടിക്ക്.. പഠിച്ചു പൈലറ്റ് ആയി  ശമ്പളം കിട്ടുമ്പോ വഴി വക്കിലോ മറ്റോ എന്നെ കണ്ടാല്‍ ഒന്ന് പുഞ്ചിരിച്ചാ മതി.

ഞാന്‍ അയാളെ നോക്കി പുഞ്ചിരിച്ചു.

ചന്തു: നിനക്കെന്താടാ ഒരു താല്‍പ്പര്യമില്ലാത്ത പോലെ ..കൊടുക്ക് നീ...കൊടുക്കെടാ..

ഞാന്‍ പതുക്കെ എഴുന്നേറ്റു.
"കൊടുക്കാം ചന്തുവേട്ട, ഞാന്‍ ഒന്ന് നോക്കട്ടെ "
ഞാന്‍ പത്രത്തിലൂടെ കണ്ണോടിച്ചു, പിന്നെ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ചന്തു: നല്ല ജോലിയാ.. പണ്ട് എനിക്കൊന്നും ഇങ്ങനെ നല്ല ബുദ്ധി പറഞ്ഞു തരാന്‍ ആരും ഉണ്ടായില്ല. അത് കൊണ്ടാ ഇപ്പോള്‍ ഇവിടെ മെസ്സ് ബോയ്‌ ആയി കഴിയേണ്ടി വന്നത്.

"അതിനെന്താ സര്‍ക്കാര്‍ ജോലിയല്ലേ ചേട്ടാ " അത് വഴി നടന്നു പോയാ ആരോ കമന്റ് പറഞ്ഞു.

ചന്തുവേട്ടന്‍ അയാളെ ഒന്ന് തറപ്പിച്ചു നോക്കി . എന്നിട്ട്   എന്നോട് പറഞ്ഞു
"നീ കൊടുക്കണം നിനക്ക് കിട്ടും എന്തായാലും "
ഞാന്‍: ശരി കൊടുക്കാം
ചന്തുവേട്ടന്‍: ഉം.. വേഗം ആവനെ അധികം വൈകാതെ കൊടുക്കണം..

ഞാന്‍ എഴുന്നേറ്റു നടന്നു നീങ്ങുന്നു. ചന്തുവേട്ടന്‍ ഞാന്‍ നടക്കുന്നതും നോക്കി നില്‍ക്കുന്നു. ഞാന്‍ മുറിക്കകത്ത് കയറുന്നു.  വാതില്‍ അടക്കുന്നു,
ചന്തുവേട്ടന്‍ മേശയില്‍ ഇരുന്നു പെട്ടന്ന് വായ്‌ പൊത്തി ചിരിക്കുന്നു. എന്നിട്ട് ചുറ്റും ഉള്ളവരോട്.
" പൈലറ്റാ   ? ഇവനാ ?? ഇവന്‍ പൈലറ്റായാല്‍ വിമാനം മൂക്കും കുത്തി ചെരിഞായിരിക്കും പോകുന്നത്.  വിമാനത്തില്‍ കയറി എണീറ്റ്‌ നടന്നാല്‍ വിമാനം ചെരിഞ്ഞു പോകും. അത് മാത്രമല്ല, വിമാനത്തില്‍  നിന്നും  ആ സ്റ്റെപ്പിലൂടെ ഇറങ്ങുമ്പോള്‍ സ്റ്റെപ്പ് പൊളിഞ്ഞു താഴെ പോകും. അങ്ങനെ ഉള്ള ഇവനാണത്രേ പൈലറ്റാകാന്‍ പോകുന്നത്.  മണ്ടന്‍, ഞാന്‍ പറഞ്ഞത് കേട്ട് ഇപ്പൊ അപേക്ഷ അയക്കാന്‍ പോവുകയായിരിക്കും."
ഇതും പറഞ്ഞു മൂപ്പര്‍ എണീറ്റ്‌ നടന്നു പോയി.. ഞാന്‍ ശശിയും ആയി...