Wednesday, December 14, 2011

ഡിസംബര്‍


പ്രണയിനിയെ കയറ്റി യാത്രയാകുന്ന അവസാന ബസിനെ പോലെ ഡിസംബര്‍ മഞ്ഞിനിടയില്‍ മറയാന്‍ പോകുന്നു.. പുലര്കാലങ്ങളില്‍ എന്നും അവള്‍ക്ക് ജനുവരി യുടെ സൌരഭ്യം ആയിരുന്നു..ഉച്ചയ്ക്ക് അവളുടെ കഴുത്തില്‍ പൊടിഞ്ഞ വിയര്‍പ്പ് ചുണ്ടുകളില്‍ ഒപ്പിയെടുക്കുമ്പോള്‍ ഏപ്രില്‍ മാസത്തിലെ ഉഷ്ണവും സന്ധ്യക്ക് കൈകള്‍ കോര്‍ക്കുമ്പോള്‍ വരാന്‍ പോകുന്ന വിരഹത്തെ ഓര്‍ത്തു കൈകളില്‍ നിറയുന്ന മഴക്കാല തണുപ്പും .. അവസാനം അടുത്ത കൂടിക്കാഴ്ചയ്ക്ക് മുന്‍പുള്ള ആ യാത്ര പറച്ചിലും...ഇനിയും കാണുമെന്നു അറിയാമെങ്കിലും ഞങ്ങളില്‍ എന്നും ഒരു തുള്ളി കണ്ണീര്‍ അത് വീഴ്ത്തിയിരുന്നു... എന്തിനോ , വിരഹ വേദന അനുഭവിക്കുമ്പോള്‍ ഒക്കെ അവളെ ഞാന്‍ ഡിസംബര്‍ എന്ന് വിളിക്കുമായിരുന്നു.....ഓരോ വട്ടം കണ്ട് പിരിയുമ്പോഴും അവള്‍ കണ്ണ് നിറയ്ക്കും , ഞാന്‍ എന്റെ കണ്ണീര്‍ ഒളിപ്പിക്കാനും ..അപ്പോഴൊക്കെ ഞങ്ങളെ പൊതിഞ്ഞിരിക്കുന്ന ഡിസംബറിലെ മഞ്ഞ് ഞങ്ങള്‍ക്ക് എന്നും ഒരു അനുഗ്രഹമായിരുന്നു .

ഡിസംബര്‍ കടന്നു പോകുമ്പോള്‍ എന്തൊക്കെ വിചാരങ്ങളിലൂടെയാവും മനുഷ്യ മനസ് കടന്നു പോവുക ? ഏതൊക്കെ ഓര്‍മ്മകള്‍ ആയിരിക്കും മനസ്സില്‍ കോട മഞ്ഞു മൂടുന്നത് പോലെ വന്നു നിറയുന്നത് ???
കുറെ മുഖങ്ങള്‍... സന്തോഷിപ്പിച്ചവര്‍, കരയിപ്പിച്ചവര്‍, കൂടെ നടന്നവര്‍, അകന്നു പോയവര്‍, ഒരിക്കലും തിരിച്ച വരാത്ത യാത്രയ്ക്ക് പോയവര്‍ ...
പൊട്ടിചിരിക്കവസാനം കണ്ണീര്‍ വരുന്ന തരത്തിലുള്ള നിമിഷങ്ങള്‍, വിങ്ങി വിങ്ങി കരയാതെ കരഞ്ഞ നിമിഷങ്ങള്‍, വിജയാഹ്ലാദങ്ങള്‍ , പരാജയത്തിന്റെ നിരാശ , സ്വപ്നം കൈകളില്‍ നിന്നും ഊര്‍ന്നു പോയ , സ്വപ്നങ്ങളെ കയ്യടക്കിയ സന്ദര്‍ഭങ്ങള്‍...

ആദ്യമായി ഒരാള്‍ ഇഷ്ട്ടപ്പെട്ട...
ആദ്യമായി നിങ്ങള്‍ സമ്പാദിച്ച
ആദ്യമായി നിങ്ങള്‍ ചുമ്പിച്ച...
ആദ്യമായി നിങ്ങള്‍ തല ഉയര്‍ത്തി നിന്ന..
ആദ്യമായി നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങളും ഏതെങ്കിലും ഒരു വര്‍ഷത്തിനു അവകാശപ്പെട്ടതായിരിക്കും...ആ കാര്യം അത് എന്തും ആവട്ടെ ഡിസംബര്‍ മാസത്തെ അവസാന രാത്രിയില്‍ , നിങ്ങള്‍ പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ നിങ്ങള്‍ അത് ഓര്‍ക്കും.. മനസ് കൊണ്ടെങ്കിലും ഈ വര്ഷം തീരാതെ പോയിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചിരിക്കും...കൊതിച്ചിരിക്കും ...
ഒരു പക്ഷെ ആ സമയത്ത് നിങ്ങള്‍ ഡിസംബറിനെ കുറ്റം പറഞ്ഞേക്കാം ,എന്നിരുന്നാലും ഡിസംബറിനെ നിങ്ങള്‍ക്ക് വെറുക്കാനാവില്ല...


ഡിസംബര്‍ ഒരു മാലിന്യ കൂമ്പാരമാണ്... നിങ്ങളുടെ പാപങ്ങള്‍ എല്ലാം ഏറ്റു പറഞ്ഞ് , ഇറക്കി വെച് ഇനി മുതല്‍ പുതിയൊരു മനുഷ്യന്‍ ആയിരിക്കും എന്ന് നിങ്ങള്‍ ചെയ്യുന്ന കള്ള പ്രതിന്ജ, അതിനു മൂക സാക്ഷി ആവാനുള്ള വിധിയും ഡിസംബറിനു തന്നെയാണ്..ഒരു കറക്കം കറങ്ങി തിരിഞ്ഞു വീണ്ടും ഒരു ഡിസംബര്‍ എത്തുമ്പോള്‍ ഡിസംബര്‍ വീണ്ടും നിങ്ങളുടെ ചെവിയില്‍ മന്ത്രിക്കാന്‍ കൊതിക്കുന്നുണ്ടാകും , ദയവായി കള്ള പ്രതിന്ജ എടുക്കരുത് എന്ന് , എന്നിരുന്നാലും കുമ്പസാരിക്കാന്‍ വീണ്ടും വീണ്ടും വരുന്ന കള്ളനെ ആര്‍ക്കും കാണിച് കൊടുക്കാതെ കുമ്പസാര രഹസ്യം രഹസ്യമായി സൂക്ഷിക്കുന്ന പള്ളീലച്ചനെ പോലെ ഡിസംബര്‍ വേദനകള്‍ സ്വയം ഏറ്റു വാങ്ങി പിടയുന്നുണ്ടാവില്ലേ ???

യാത്ര പറയുന്നകലുന്ന ഒരു വര്‍ഷത്തെ വികാര്‍ദ്രമാക്കാന്‍ വേണ്ടിയാവണം സമയവും കാലവും നിശ്ചയിച്ചവര്‍ ഡിസംബറിനെ മഞ്ഞ് കാലത്ത് തന്നെ ആക്കിയത്, അല്ലെങ്കില്‍ മഞ്ഞില്‍ കുതിര്‍ന്ന ഒരു ഓര്‍മയുമായി ഒരു വര്‍ഷാവസാനം നമുക്ക് ഉണ്ടാവില്ലായിരുന്നു..... മഴവെള്ളത്തില്‍ കുതിര്‍ന്ന , അല്ലെങ്കില്‍ ഉഷ്ണത്തില്‍ വിയര്‍ത് ഒലിച്ച ഒരു വര്‍ഷാവസാനം ആണ് നമുക്ക് ഉണ്ടായിരുന്നതെങ്കില്‍ ...എന്തായാലും അത് ഒരിക്കലും ഈ മഞ്ഞിന്റെ സൌരഭ്യതോളം വരില്ലാ എന്നുറപ്പ്...

ഡിസംബര്‍ എന്നും ഒരു കവാടമാണ്.. മഞ്ഞില്‍ പൊതിഞ്ഞ ഒരു കവാടം...ആ കവാടം കടന്നു നമ്മള്‍ പോകുന്നത് ഒരു പുതു ജീവിതതിലേക്കാണ്.. പുതിയ സ്വപ്നങ്ങളുമായി, പ്രതീക്ഷകളുമായി ..അപ്പോഴൊക്കെ നേര്‍ത്ത മഞ്ഞു നിങ്ങളെ പൊതിഞ്ഞു , നിങ്ങളെ ചുറ്റി പൊതിയുന്നുണ്ടാകാം...ആ മഞ്ഞു ഒരു പ്രതീകമാണ് ..ഒരു വര്‍ഷത്തിന്റെ ഓര്‍മകളുടെ പ്രതീകം. നല്ലതിനെ ഹൃദയത്തില്‍ ചേര്‍ത്ത് വെച്ചും മോശം അനുഭവങ്ങളെ മറന്നും യാത്ര തുടരാന്‍ ആ മഞ്ഞു നമ്മളെ പ്രചോദിപ്പിക്കും...

യാത്ര തുടരുക....
വെയിലും മഴയും കൊണ്ട് നീണ്ട വഴിത്താരയിലൂടെ യാത്ര തുടരുക...
മറ്റു മാസങ്ങള്‍ നിങ്ങളെ നിഷ്ക്കുരണം പിന്തള്ളി കടന്നു പോകുമ്പോള്‍
നിങ്ങളെ കാണാന്‍ ,
നിങ്ങളുടെ വേദനയില്‍ കൂടെ കരയാന്‍
സന്തോഷത്തില്‍ പങ്ക് ചേരാന്‍....
അമ്മയെ പോലെ..
ആത്മാര്‍ത്ഥ സുഹൃത്തിനെ പോലെ ,
കാമുകിയെ പോലെ,
ഡിസംബര്‍ വഴിയുടെ അറ്റത്ത് ഒരു കുമ്പിള്‍ മഞ്ഞുമായി നിങ്ങളെയും കാത്ത് നില്‍പ്പുണ്ടാകും....
എന്നുമെന്നും...