Wednesday, December 14, 2011

ഡിസംബര്‍


പ്രണയിനിയെ കയറ്റി യാത്രയാകുന്ന അവസാന ബസിനെ പോലെ ഡിസംബര്‍ മഞ്ഞിനിടയില്‍ മറയാന്‍ പോകുന്നു.. പുലര്കാലങ്ങളില്‍ എന്നും അവള്‍ക്ക് ജനുവരി യുടെ സൌരഭ്യം ആയിരുന്നു..ഉച്ചയ്ക്ക് അവളുടെ കഴുത്തില്‍ പൊടിഞ്ഞ വിയര്‍പ്പ് ചുണ്ടുകളില്‍ ഒപ്പിയെടുക്കുമ്പോള്‍ ഏപ്രില്‍ മാസത്തിലെ ഉഷ്ണവും സന്ധ്യക്ക് കൈകള്‍ കോര്‍ക്കുമ്പോള്‍ വരാന്‍ പോകുന്ന വിരഹത്തെ ഓര്‍ത്തു കൈകളില്‍ നിറയുന്ന മഴക്കാല തണുപ്പും .. അവസാനം അടുത്ത കൂടിക്കാഴ്ചയ്ക്ക് മുന്‍പുള്ള ആ യാത്ര പറച്ചിലും...ഇനിയും കാണുമെന്നു അറിയാമെങ്കിലും ഞങ്ങളില്‍ എന്നും ഒരു തുള്ളി കണ്ണീര്‍ അത് വീഴ്ത്തിയിരുന്നു... എന്തിനോ , വിരഹ വേദന അനുഭവിക്കുമ്പോള്‍ ഒക്കെ അവളെ ഞാന്‍ ഡിസംബര്‍ എന്ന് വിളിക്കുമായിരുന്നു.....ഓരോ വട്ടം കണ്ട് പിരിയുമ്പോഴും അവള്‍ കണ്ണ് നിറയ്ക്കും , ഞാന്‍ എന്റെ കണ്ണീര്‍ ഒളിപ്പിക്കാനും ..അപ്പോഴൊക്കെ ഞങ്ങളെ പൊതിഞ്ഞിരിക്കുന്ന ഡിസംബറിലെ മഞ്ഞ് ഞങ്ങള്‍ക്ക് എന്നും ഒരു അനുഗ്രഹമായിരുന്നു .

ഡിസംബര്‍ കടന്നു പോകുമ്പോള്‍ എന്തൊക്കെ വിചാരങ്ങളിലൂടെയാവും മനുഷ്യ മനസ് കടന്നു പോവുക ? ഏതൊക്കെ ഓര്‍മ്മകള്‍ ആയിരിക്കും മനസ്സില്‍ കോട മഞ്ഞു മൂടുന്നത് പോലെ വന്നു നിറയുന്നത് ???
കുറെ മുഖങ്ങള്‍... സന്തോഷിപ്പിച്ചവര്‍, കരയിപ്പിച്ചവര്‍, കൂടെ നടന്നവര്‍, അകന്നു പോയവര്‍, ഒരിക്കലും തിരിച്ച വരാത്ത യാത്രയ്ക്ക് പോയവര്‍ ...
പൊട്ടിചിരിക്കവസാനം കണ്ണീര്‍ വരുന്ന തരത്തിലുള്ള നിമിഷങ്ങള്‍, വിങ്ങി വിങ്ങി കരയാതെ കരഞ്ഞ നിമിഷങ്ങള്‍, വിജയാഹ്ലാദങ്ങള്‍ , പരാജയത്തിന്റെ നിരാശ , സ്വപ്നം കൈകളില്‍ നിന്നും ഊര്‍ന്നു പോയ , സ്വപ്നങ്ങളെ കയ്യടക്കിയ സന്ദര്‍ഭങ്ങള്‍...

ആദ്യമായി ഒരാള്‍ ഇഷ്ട്ടപ്പെട്ട...
ആദ്യമായി നിങ്ങള്‍ സമ്പാദിച്ച
ആദ്യമായി നിങ്ങള്‍ ചുമ്പിച്ച...
ആദ്യമായി നിങ്ങള്‍ തല ഉയര്‍ത്തി നിന്ന..
ആദ്യമായി നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങളും ഏതെങ്കിലും ഒരു വര്‍ഷത്തിനു അവകാശപ്പെട്ടതായിരിക്കും...ആ കാര്യം അത് എന്തും ആവട്ടെ ഡിസംബര്‍ മാസത്തെ അവസാന രാത്രിയില്‍ , നിങ്ങള്‍ പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ നിങ്ങള്‍ അത് ഓര്‍ക്കും.. മനസ് കൊണ്ടെങ്കിലും ഈ വര്ഷം തീരാതെ പോയിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചിരിക്കും...കൊതിച്ചിരിക്കും ...
ഒരു പക്ഷെ ആ സമയത്ത് നിങ്ങള്‍ ഡിസംബറിനെ കുറ്റം പറഞ്ഞേക്കാം ,എന്നിരുന്നാലും ഡിസംബറിനെ നിങ്ങള്‍ക്ക് വെറുക്കാനാവില്ല...


ഡിസംബര്‍ ഒരു മാലിന്യ കൂമ്പാരമാണ്... നിങ്ങളുടെ പാപങ്ങള്‍ എല്ലാം ഏറ്റു പറഞ്ഞ് , ഇറക്കി വെച് ഇനി മുതല്‍ പുതിയൊരു മനുഷ്യന്‍ ആയിരിക്കും എന്ന് നിങ്ങള്‍ ചെയ്യുന്ന കള്ള പ്രതിന്ജ, അതിനു മൂക സാക്ഷി ആവാനുള്ള വിധിയും ഡിസംബറിനു തന്നെയാണ്..ഒരു കറക്കം കറങ്ങി തിരിഞ്ഞു വീണ്ടും ഒരു ഡിസംബര്‍ എത്തുമ്പോള്‍ ഡിസംബര്‍ വീണ്ടും നിങ്ങളുടെ ചെവിയില്‍ മന്ത്രിക്കാന്‍ കൊതിക്കുന്നുണ്ടാകും , ദയവായി കള്ള പ്രതിന്ജ എടുക്കരുത് എന്ന് , എന്നിരുന്നാലും കുമ്പസാരിക്കാന്‍ വീണ്ടും വീണ്ടും വരുന്ന കള്ളനെ ആര്‍ക്കും കാണിച് കൊടുക്കാതെ കുമ്പസാര രഹസ്യം രഹസ്യമായി സൂക്ഷിക്കുന്ന പള്ളീലച്ചനെ പോലെ ഡിസംബര്‍ വേദനകള്‍ സ്വയം ഏറ്റു വാങ്ങി പിടയുന്നുണ്ടാവില്ലേ ???

യാത്ര പറയുന്നകലുന്ന ഒരു വര്‍ഷത്തെ വികാര്‍ദ്രമാക്കാന്‍ വേണ്ടിയാവണം സമയവും കാലവും നിശ്ചയിച്ചവര്‍ ഡിസംബറിനെ മഞ്ഞ് കാലത്ത് തന്നെ ആക്കിയത്, അല്ലെങ്കില്‍ മഞ്ഞില്‍ കുതിര്‍ന്ന ഒരു ഓര്‍മയുമായി ഒരു വര്‍ഷാവസാനം നമുക്ക് ഉണ്ടാവില്ലായിരുന്നു..... മഴവെള്ളത്തില്‍ കുതിര്‍ന്ന , അല്ലെങ്കില്‍ ഉഷ്ണത്തില്‍ വിയര്‍ത് ഒലിച്ച ഒരു വര്‍ഷാവസാനം ആണ് നമുക്ക് ഉണ്ടായിരുന്നതെങ്കില്‍ ...എന്തായാലും അത് ഒരിക്കലും ഈ മഞ്ഞിന്റെ സൌരഭ്യതോളം വരില്ലാ എന്നുറപ്പ്...

ഡിസംബര്‍ എന്നും ഒരു കവാടമാണ്.. മഞ്ഞില്‍ പൊതിഞ്ഞ ഒരു കവാടം...ആ കവാടം കടന്നു നമ്മള്‍ പോകുന്നത് ഒരു പുതു ജീവിതതിലേക്കാണ്.. പുതിയ സ്വപ്നങ്ങളുമായി, പ്രതീക്ഷകളുമായി ..അപ്പോഴൊക്കെ നേര്‍ത്ത മഞ്ഞു നിങ്ങളെ പൊതിഞ്ഞു , നിങ്ങളെ ചുറ്റി പൊതിയുന്നുണ്ടാകാം...ആ മഞ്ഞു ഒരു പ്രതീകമാണ് ..ഒരു വര്‍ഷത്തിന്റെ ഓര്‍മകളുടെ പ്രതീകം. നല്ലതിനെ ഹൃദയത്തില്‍ ചേര്‍ത്ത് വെച്ചും മോശം അനുഭവങ്ങളെ മറന്നും യാത്ര തുടരാന്‍ ആ മഞ്ഞു നമ്മളെ പ്രചോദിപ്പിക്കും...

യാത്ര തുടരുക....
വെയിലും മഴയും കൊണ്ട് നീണ്ട വഴിത്താരയിലൂടെ യാത്ര തുടരുക...
മറ്റു മാസങ്ങള്‍ നിങ്ങളെ നിഷ്ക്കുരണം പിന്തള്ളി കടന്നു പോകുമ്പോള്‍
നിങ്ങളെ കാണാന്‍ ,
നിങ്ങളുടെ വേദനയില്‍ കൂടെ കരയാന്‍
സന്തോഷത്തില്‍ പങ്ക് ചേരാന്‍....
അമ്മയെ പോലെ..
ആത്മാര്‍ത്ഥ സുഹൃത്തിനെ പോലെ ,
കാമുകിയെ പോലെ,
ഡിസംബര്‍ വഴിയുടെ അറ്റത്ത് ഒരു കുമ്പിള്‍ മഞ്ഞുമായി നിങ്ങളെയും കാത്ത് നില്‍പ്പുണ്ടാകും....
എന്നുമെന്നും...

Friday, October 14, 2011

ഇന്ത്യന്‍ റുപീ

ഇന്ത്യന്‍ റുപീ കണ്ടു..യുവത്വത്തിന്റെ കഥ തന്നെയാണിത്. ഒരു പാട് സ്വപ്‌നങ്ങള്‍ കാണുന്ന , ഒരുപാട് ആശിക്കുന്ന , ആശിച്ചത് നേടി എടുക്കാന്‍ എന്തും ചെയ്യുന്ന യുവത്വത്തിന്റെ കഥ. സിനിമയിലെ നായകനെ പോലെ തന്നെയാണ് ഒട്ടുമിക്ക ചെറുപ്പക്കാരുടെയും കഥ. അവസാനം കുടുംബം തന്നെയാണ് വലുത് , കുടുംബത്തിനു വേണ്ടി , കുടുംബത്തോടൊപ്പം , കുടുംബത്തിന്റെ കുഞ്ഞു ലോകത്ത് ജീവിച്ചാല്‍ മതി എന്ന് പറയുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയാണ് ഇതിലെ നായകന്‍.

സിനിമ കാണുമ്പോള്‍ പല സ്ഥലങ്ങളിലും എനിക്ക് എന്നെ തന്നെ കാണാന്‍ കഴിഞ്ഞു. അത് തന്നെയാണ് ഒരു സിനിമയുടെ വിജയവും. ഒരു സിനിമ വിജയിക്കുന്നത് , സിനിമയിലെ ഒരു കഥാ പാത്രമെങ്കിലും ഞാന്‍ തന്നെയാണ് എന്ന ഒരു ഫീലിംഗ് പ്രേക്ഷകന് ലഭിക്കുമ്പോഴാണ്. ആ അര്‍ത്ഥത്തില്‍ ഈ സിനിമ എന്നേ വിജയിച്ചിരിക്കുന്നു.

രഞ്ജിത് തന്റെ പ്രതിഭയോട് എന്നത്തേയും പോലെ നീതി പുലര്‍ത്തി. എല്ലാവരും കൂടി നായകനെ ഒതുക്കാന്‍ നോക്കുമ്പോള്‍ , ജെ .പി (പ്രിത്വിരാജ് ) അവരോട മറുപടി പറയുന്ന ഒരു സീന്‍ ഉണ്ട്. അവിടെ ഞാന്‍ ഒരു രാവണപ്രഭുവോ , നരസിംഹമോ ,വല്ല്യേ ട്ടനെയൊക്കെ പ്രതീക്ഷിച്ചതാണ്. പക്ഷെ അത് ഉണ്ടായില്ല. മൊത്തത്തില്‍ മനോഹരമായ ഒരു സിനിമ.പിന്നെ പണം സഞ്ചരിക്കുന്ന വഴി കാണിച്ച തന്നിരിക്കുന്നു. രേവതിയുടെ കഥാപാത്രത്തിനെ പറ്റിച് ജെ.പി കൈക്കലാക്കിയ പണം ,കറങ്ങി തിരിഞ്ഞു അവസാനം അത് അവിടേക്ക് തന്നെ എത്തുന്നു.

മലയാള സിനിമയുടെ കാരണവര്‍ ഞാന്‍ തന്നെയാണ് എന്ന് വീണ്ടും വീണ്ടും തിലകന്‍ തെളിയിച് കൊണ്ടിരിക്കുന്നു. വിലക്കാന്‍ നോക്കിയാ എല്ലാ ജാഡ തെണ്ടികളുടെയും മുഖത്തേക്ക് ഒരു പുഞ്ചിരിയുമായി തിരിച് വരാന്‍ തിലകന്റെ കൈ പിടിച്ച രഞ്ജിത് താന്‍ ശരിക്കും ഒരു പ്രാഞ്ചിയെട്ടന്‍ ആണെന്ന് തെളിയിച്ചിരിക്കുന്നു.

മലയാള സിനിമയുടെ ഉപ്പ് , ശ്രീ ജഗതിയെ കുറിച് എന്ത് പറയാന്‍ ? എനിക്ക് വാക്കുകളില്ല , ആ പ്രതിഭയെ മനസാ നമിച് നമിച് ഇപ്പോള്‍ അദ്ദേഹത്തെ സ്ക്രീനില്‍ കാണുമ്പോഴേ ബഹുമാനം കൊണ്ട് തല താഴുന്നു.


പ്രിത്വിരാജ്, തന്റെ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ട് ജെ. പിയെ അദ്ദേഹം ഉഗ്രനാക്കി. ഫ്ലെക്സിബിലിറ്റി ഇല്ലായ്മ അദ്ദേഹത്തെ അലട്ടുന്നുണ്ട്. അമാനുഷ കഥാപാത്രങ്ങളില്‍ നിന്നും ഒഴിഞ്ഞ് ഇത് പോലുള്ള സിനിമകള്‍ ഇനിയും ഒരു അഞ്ച് വര്ഷം കൂടി അവതരിപ്പിക്കുക. എങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഭാവിയില്‍ ഇന്ത്യയിലെ തന്നെ ഒന്നാം കിട താരങ്ങളില്‍ ഒരാള്‍ ആകും. പിന്നെ മുഖം കോടിയുള്ള ആ ചിരി , അത് അദ്ദേഹത്തിന്റെ ജന്മ്മാവകാശം ആയിരിക്കും, അതും കൂടെ മാറ്റിയാല്‍ താങ്കളെ പുചിക്കുന്ന എല്ലാ തെണ്ടികളും നിങ്ങളുടെ ആരാധകര്‍ ആയി മാറും വീണ്ടും. ആദ്യ സീനില്‍ പ്രിത്വിയെ കണ്ടപ്പോള്‍ കൂവിയ , എന്റെ അടുത്തിരുന്ന പ്രേക്ഷകര്‍ പിന്നീട് ഉള്ള സീനുകളില്‍ കൈയടിച്ചതും അതാണ്‌ സൂചിപ്പിക്കുന്നത്. ഗുഡ് ലക്ക് പ്രിത്വി.

ടിനി ടോം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു . ബാബുരാജ് സോള്‍ട്ട് ആന്‍ഡ് പെ പ്പറില്‍ തന്ന ഷോക്ക് വീണ്ടും ആവര്‍ത്തിക്കുന്നു ടിനിയിലൂടെ.. നമ്മുടെ മലയാളി നടീ നടന്മ്മാര്‍ അപാര കഴിവുള്ളവര്‍ തന്നെ. ടിനി ഇനിയും പ്രതീക്ഷിക്കുന്നു.

റീമ കല്ലിങ്കല്‍ നന്നായിട്ടുണ്ട്.

സുരാജ് ,ബിജുക്കുട്ടന്‍ എന്നിവരില്ല...
ആക്ഷന്‍ രംഗങ്ങളില്ലബോറടിപ്പിക്കുന്ന ഒരു സീന്‍ പോലുമില്ല എന്നതൊക്കെ ഈ സിനിമയുടെ നേട്ടങ്ങളാണ്..

കല്ലുകടികള്‍ :1 കോടികള്‍ കൈമാറി കളിക്കുന്ന പാപ്പച്ചന്റെ വീട്ടില്‍ പണം എന്നാണുള്ള മെഷീന്‍ ഇല്ലാത്തത് മോശമായി പോയി. അത് ഉണ്ടായാല്‍ കള്ളനോട്ട് കൈ മാറുമ്പോള്‍ തന്നെ ജെ.പിയെ അദ്ദേഹത്തിനു പിടിക്കാമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.ആകെ മൊത്തം കണ്ടിരിക്കാവുന്ന നല്ലൊരു സിനിമയാണ് ഇന്ത്യന്‍ റുപീ..

Saturday, October 1, 2011

ചുട്ട പുളിങ്കുരുവും അവളും പിന്നെ കുറച് ഓര്‍മകളും


അണ്ണാന്‍ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണ്ടാ എന്നാ പഴം ചൊല്ല് ശരിയാണെന്ന് തെളിയിച് കൊണ്ട് എനിക്ക് മൂന്നാം ക്ലാസില്‍ നിന്നും അവളോട് ഒരു ഇഷ്ട്ടം ( പ്രണയം ?) തോന്നി. അവളുടെ പേര് ജയഭാരതിയിലുണ്ട്, ഷീലയില്‍ ഇല്ല. ക്ലാസിലെ പഠിപ്പിസ്റ്റ് ആയിരുന്ന എനിക്ക് എന്റെ മുഖ്യ ശത്രുവിനോട് തോന്നിയ ഒരു തരം ഇഷ്ട്ടം ആയിരുന്നു അത്. മുടി ചീകി ഒതുക്കി , തലയില്‍ "റ " യും വെച് മുടി ഒതുക്കി , കണ്ണെഴുതി , പൊട്ടു തൊട്ട് ,അലുമിനിയം കൊണ്ട് ഉണ്ടാക്കിയ ഒരു പെട്ടിയും തൂക്കി ആയിരുന്നു അവള്‍ സ്കൂളിലേക്ക് വന്നിരുന്നത്. മിക്കവാറും അവളുടെ വായില്‍ എന്തെങ്കിലും കാണും . മിട്ടായി , നെല്ലിക്ക , ചുട്ട പുളിങ്കുരു , അതും ഇല്ലെങ്കില്‍ തുണി എങ്കിലും അവള്‍ കടിച് കൊണ്ടിരിക്കും.

ചന്ദ്രനും , സുധാകരനും ശ്രീജിത്തുമൊക്കെ അവളുടെ കൂടെ കളിക്കുമ്പോള്‍ എനിക്ക് കുശുംബ്‌ അനുഭവപ്പെട്ടു . ഒരു തരം പിടച്ചില്‍ എന്റെ ചങ്കില്‍ അപ്പോഴൊക്കെ ഉണ്ടായിരുന്നു. അതൊക്കെ ആരോടും പറയാതെ ഞാന്‍ അനുഭവിച് തീര്‍ത്തു.
അവളുടെ മുന്‍പില്‍ ആളാകാന്‍ ഞാന്‍ ചന്തയില്‍ നിന്നും വാങ്ങിയ നീല നിറമുള്ള കൂളിംഗ് ഗ്ലാസ് ഇട്ടു നടന്നിട്ടുണ്ട്.
ജീന്‍സ് പാന്റ് അച്ഛനോട് വഴക്കിട്ടു വാങ്ങി ച്ചിട്ടുണ്ട്.
രാംജി റാവു സ്പീകിംഗ് , ചിത്രം എന്നിവയിലെ പാട്ടുകള്‍ പാടി നടന്നിട്ടുണ്ട്..
കിലുക്കം സിനിമയില്‍ ലാലേട്ടന്‍ നിലത്ത് കിടന്നു , വടിയും പിടിച് കറങ്ങി കൊണ്ട് , ഗുണ്ടകളെ അടിക്കുന്ന സീന്‍ അഭിനയിച് കാണിച്ചിട്ടുണ്ട്..
അവള്‍ മിണ്ടിയാല്‍ മനപൂര്‍വം ക്ലാസ് ലീഡര്‍ ആയ ഞാന്‍ അവളുടെ പേര് എഴുതാതെ ഇരുന്നിട്ടുണ്ട്..
എന്നും തീപ്പെട്ടി ചിത്രങ്ങള്‍ കുറെ ശേഖരിച് ആളായിട്ടു ണ്ട്
കഞ്ഞി ക്കുള്ള ക്യൂവില്‍ എല്ലാവരും തിരക്ക് പിടിച് അടി കൂടുമ്പോള്‍ ഞാന്‍ മാത്രം മാന്യനായി ക്യൂവില്‍ പുറകില്‍ നിന്നിട്ടുണ്ട്..
എന്നും ചിരട്ട കത്തിച്ച് ,വസ്ത്രം ഇസ്തിരി ഇട്ടു , ധരിച് സ്കൂളിലേക്ക് വന്നിട്ടുണ്ട്..
അവള്‍ പോകുന്ന വഴിയിലുള്ള അമ്മയുടെ (ശരിക്കും എന്റെ മാമിയാണ്. അച്ഛന്‍ പെങ്ങള്‍. പക്ഷെ ഞാന്‍ അമ്മ എന്നാണു വിളിക്കാറ് ) വീട്ടിലേക്ക് ഇഷ്ട്ടമില്ലാഞ്ഞിട്ടും ഇടയ്ക്കിടെ പോയിട്ടുണ്ട്.
പക്ഷെ എന്റെ പ്രാന്തര്‍കാവ് സ്കൂള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ മിണ്ടിയിട്ടില്ല.., സ്കൂള്‍ പോയിട്ട്, ഇന്നേ വരെ ഞാന്‍ അവളോട് മിണ്ടിയിട്ടില്ല..

ഒരിക്കല്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ സ്കൂളിന്റെ പുറകിലുള്ള കുഞ്ഞു ചാലില്‍ നിന്നും പാത്രം കഴുകി ഞാന്‍ നടന്നു വരികയായിരുന്നു. ചരുമ്പ പുല്ല് (ദര്‍ഭ പുല്ല് ? ) ഒരു പാട് വളര്‍ന്നു കിടക്കുന്ന വഴി ആണ് അത്. പുളി മാവ് കടന്നു വരുമ്പോള്‍ നിലത്ത് വീണു കിടക്കുന്ന പഴുത്ത ഒരു പുളി എടുത്ത് അത് വായിലിട്ടു നുണഞ്ഞു കൊണ്ട് നടക്കുകയായിരുന്നു ഞാന്‍ . അവിടുത്തെ പുളിയുടെയും സ്കൂള്‍ മുറ്റത്തുള്ള കാട്ടു മാങ്ങയുടെയും രുചി ഓര്‍ക്കുമ്പോള്‍ അറിയാതെ ഞാന്‍ ആ പഴയ മുന്നയന്‍ ആകാറുണ്ട്. അന്ന് അങ്ങനെ പുളിയും നുണഞ്ഞു കൊണ്ട് വരുമ്പോള്‍ , ഒരു കുഞ്ഞു വളവ് തിരിഞ്ഞപ്പോള്‍ അവള്‍ അവിടിരുന്നു മൂത്രം ഒഴിക്കുക ആയിരുന്നു. എന്നെ കണ്ട അവള്‍ പെട്ടന്ന് ചാടി എഴുന്നേറ്റ് , ഷഡ്ഡി മുകളിലേക്ക് വലിച് കയറ്റി , ഞാന്‍ തല തിരിച് നടന്നു നീങ്ങി. തിരികെ ക്ലാസില്‍ വന്നപ്പോള്‍ ആരോടും പറയരുത് എന്ന് കണ്ണ് കൊണ്ട് എന്നോട് നൂറു വട്ടം പറഞ്ഞു . എന്താന്നറിയില്ല അന്നും ഇന്നും കണ്ണ് വായിക്കാന്‍ ഞാന്‍ മിടുക്കനാണ് എന്നാണു എന്റെ വിശ്വാസം

ഒരു രാത്രി സ്വപ്നത്തില്‍ അവള്‍ എന്റെ അടുത്ത വന്നു. ഞങ്ങള്‍ സംസാരിച്ചു . സംസാരിച്ചു സംസാരിച് സമയം പോയത് അറിഞ്ഞില്ല. കളിപ്പാട്ടതിനെയും മറ്റും കുറിച്ചാണ് ഞാന്‍ അന്ന് സംസാരിച്ചത്. ഇന്സെപ്ഷന്‍ എന്നാ പടം അന്ന് കണ്ടിരുന്നെങ്കില്‍ സ്വപ്നത്തെ നിയന്ത്രിച് അവളോട്‌ കുറെ സമയം കൂടി സംസാരിക്കാമായിരുന്നു എന്നെനിക്ക് ഇപ്പോള്‍ തോന്നുന്നു. അങ്ങനെ സംസാരിച് രാത്രി ആവ്രായി , അപ്പോള്‍ അവളെയും എന്നെയും കാണാതെ അന്വേഷിച്ചു ആരൊക്കെയോ വരുന്നു. ഞങ്ങള്‍ വഴി വക്കില്‍ നിന്നും മാറി തൊട്ട് താഴെയുള്ള മുളം കൂട്ടത്തില്‍ ഒളിച്ചിരുന്നു. അവള്‍ എന്റെ കൈ പിടിച് ആണ് ഇരുന്നിരുന്നത്. അനിയത്തി മൂത്രമൊഴിച്ചത് പരന്ന് എന്റെ കാലില്‍ തൊട്ടപ്പോള്‍ അവളും നാട്ടുകാരും മുളം കാടും എല്ലാം അപ്രത്യക്ഷമായി

അഞ്ചാം ക്ലാസില്‍ നിന്നാണ് ഞാന്‍ ആദ്യമായി സ്കൂളിലേക്ക് മുണ്ട് ഉടുത്ത്. അക്കൊല്ലവും ഞാന്‍ തന്നെ ആയിരുന്നു ക്ലാസ് ലീഡര്‍.അടിയില്‍ നിക്കര്‍ ആണ് ഞാന്‍ ഇട്ടിരുന്നത്. കബഡി കളിക്കുമ്പോള്‍ മുണ്ട് ഉരിഞ്ഞു പോയപ്പോള്‍ ചിരിച്ച ആള്‍ക്കാര്‍ക്കിടയില്‍ അവളും ഉണ്ടായിരുന്നു.

ടീച്ചര്‍ തന്ന ഉത്തര പേപര്‍ കൈ മാറുമ്പോള്‍ അവള്‍ക്കു കൈ മാറുമ്പോള്‍ അവള്‍ എന്റെ കണ്ണിലേക്കു ഒന്ന് നോക്കി. പെണ്ണിന്റെ കണ്ണില്‍ തീയുണ്ടെന്ന് അന്ന് ഞാന്‍ മനസിലാക്കി. ആണിനെ ആകര്‍ഷിക്കാനുള്ള ഒരു പ്രത്യേക തരം തീ. ചൂട് കുറഞ്ഞ, തണുപ്പ് കൂടുതലുള്ള ഒരു തീ. ആ തീയും തേടി നടക്കുന്ന അന്വേഷികള്‍ ആണ് ഞാനും നീയും എല്ലാം.അതാണ്‌ ഓര്‍മയിലെ കുഞ്ഞുനാളിലെ പ്രണയത്തിന്റെ അവസാന ചിത്രം.
ശേഷം ഞാന്‍ നവോദയയില്‍ പോകുന്നു
അവള്‍ അവിടെ പ്രൈമറി കഴിഞ്ഞു ഹൈ സ്കൂളിനു വേറെ എങ്ങോട്ടോ പോയി.
ഇടയ്ക്ക് സുഹൃത്തുക്കളോട് അവളെ കുറിച്ച് അന്വേഷിച്ചു ഞാന്‍..
ഒരിക്കല്‍ അവളുടെ കല്ല്യാണം കഴിഞ്ഞെന്നു കേട്ടു...ഏതോ ഒരു ഗള്‍ഫ് കാരന്‍ അവളെ കല്ല്യാണം കഴിച്ചത്രേ...

ഏപ്രില്‍ മാസത്തിലെ , കോളിച്ചാല്‍ മുത്തപ്പന്‍ മടപ്പുരയിലെ ഉത്സവം.
മുത്തപ്പന്റെ ദര്‍ശനത്തിനായി ഞാനും ക്യൂവില്‍ നിന്നു.സമാന്തരമായി സ്ത്രീകളുടെ ക്യൂ നീങ്ങുന്നുണ്ടായിരുന്നു.
ഫോണ്‍ വന്നപ്പോള്‍ സംസാരിക്കാന്‍ മുഖം തിരിച്ചപ്പോള്‍ ........
അലുമിനിയം പെട്ടി
വെളുത്ത നിറമുള്ള "റ "
അവസാനമായി ഓര്‍മയിലുള്ള ആ തീ നോട്ടം..
നെല്ലിക്കാ...
പുളിങ്കുരു..
ഒക്കെ എവിടെ നിന്നോ തികട്ടി വന്നു..
പിടച്ചില്‍
ശ്വാസം മുട്ട്
വയറ്റില്‍ തീ
ഒക്കെ എന്നെ പൊതിഞ്ഞു..
അവള്‍ അവിടെ ക്യൂവില്‍ ഇളം നീല സാരിയും ഉടുത്ത് നില്‍ക്കുന്നു. ഞാന്‍ പെട്ടന്ന് മുഖം തിരിച്ചു. ഏതെങ്കിലും പെണ്ണി ലേക്ക് ആകര്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുള്ള എന്റെ പാതിയുടെ മുഖത്തെ ഞാന്‍ പെട്ടന്ന് കണ്ണടച് ഓര്‍ത്തു. ജയഭാരതിയിലുള്ള , ഷീലയില്‍ ഇല്ലാത്ത ആ പേര് കാരിയെ ഞാന്‍ പിന്നീട് കണ്ടില്ല. ഇനിയും കാണുമായിരിക്കും.. ഭൂമി ഉരുണ്ടതാണല്ലോ... ??????

Wednesday, September 28, 2011

തപാല്‍



കരുനാഗപ്പള്ളി പോസ്റ്റ്‌ ഓഫിസിനു സമീപം വെയിലും കൊണ്ട് വാടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ശബ്ദം
"ഒന്ന് മാറുമോ മോനെ ?"
ഞാന്‍ തിരിഞ്ഞു നോക്കി , ഒരു അമ്മൂമ്മ. ഞാന്‍ അവരെ നോക്കി സംശയിച് പിന്മ്മാറി. അവര്‍ പ്ലാസ്റ്റിക് സഞ്ചി തുറന്നു അതില്‍ നിന്നും നീല നിറത്തിലുള്ള രണ്ട് കത്തുകള്‍ പുറത്തെടുത്തു. അപ്പോഴാണ്‌ ഞാന്‍ അവിടെ ഉണ്ടായിരുന്ന പോസ്റ്റ് ബോക്സ് കാണുന്നത്. അവര്‍ കത്തിലെക്ക് നോക്കി (ഒരു പുഞ്ചിരി അവരുടെ ചുണ്ടുകളില്‍ ഉണ്ടായിരുന്നുവോ ? ഉണ്ടായിരിക്കണം.) പതുക്കെ , ശ്രദ്ദയോടെ പോസ്റ്റ് ബോക്സിനുള്ളിലെക്ക് ഇട്ടു. എന്നിട്ട് അവര്‍ നടന്നു നീങ്ങി. സുഹൃത്തുക്കള്‍ക്കോ , ബന്ധുക്കള്‍ക്കോ , മക്കള്‍ക്കോ കത്ത് അയച് ആ അമ്മ നടന്നു നീങ്ങി. ഇനി അതിന്റെ മറുപടിക്കായുള്ള കാത്തിരിപ്പ്. ഞാന്‍ ആ അമ്മയെ നോക്കി നിന്ന് പോയി.

" എഴുതിക്കോ , ഞാന്‍ പറഞ്ഞു തരാം "
ഞാന്‍ എഴുതാനും വായിക്കാനും പഠിച്ചു തുടങ്ങിയ കാലം. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണത് . എന്ജിനീയറിങ്ങ് പഠിക്കുന്ന മാമന് ഞാനും ഇളയമ്മയും ചേര്‍ന്ന് കത്ത് എഴുതുകയായിരുന്നു. കരണ്ട് അന്ന് ഞങ്ങളുടെ നാട്ടില്‍ കല്യാണങ്ങള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും ജനരേട്ടര്‍ വഴി ആയിരുന്നു ഉല്പാതിപ്പിച്ച്ചിരുന്നത്.തൊണ്ണൂറിന്റെ മധ്യ കാലം വരെ അത് തന്നെ ആയിരുന്നു അവസ്ഥ. ജനരേട്ടര്‍ വാടകയ്ക്ക് എടുക്കാന്‍ ശേഷി ഇല്ലാത്തവര്‍ പെട്രോമാക്സിന്റെ വെളിച്ചത്തിലും ആഗോഷങ്ങള്‍ നടത്തിയിരുന്നു. പെട്രോമാക്സ് വെളിച്ചം, കത്ത് എഴുത്ത് , ശരിയായ രീതിയിലുള്ള ഓണം , മരത്തില്‍ തൂങ്ങിയാടി കളിച്ച , നീ ഹിന്ദു ഞാന്‍ മുസ്ലിം നീ ചേട്ടന്‍ ( ക്രിസ്ത്യാനികളെ ഞങ്ങളുടെ നാട്ടില്‍ അങ്ങനെ ആണ് പറയാറ് ) എന്നും വേര്തിരിച് കളിക്കുമ്പോള്‍ അതില്‍ മത ചിന്ത കടന്നു കൂടാതെ കുട്ടിക്കാലം എന്നിവ ആസ്വദിച്ച അവസാന തലമുറ ഒരുപക്ഷെ ഞാന്‍ അടങ്ങുന്ന ഒരു തലമുറ ആയിരിക്കണം.
" എഴുത് "
ഞാന്‍ പേനയും പിടിച്, നീല കടലാസിലേക്ക് നോക്കി ഇരുന്നു. ഒരു നിമിഷം ആലോചിച് , മണ്ണെണ്ണ വെളിച്ചം പകര്‍ന്നു തരുന്ന പ്രകാശത്തില്‍ ഞാന്‍ എഴുതി തുടങ്ങി.ഇളയമ്മ പറഞ്ഞു തരുന്നു, ഞാന്‍ എഴുതുന്നു. എനിക്ക് സ്വയം എഴുതാന്‍ പറ്റാത്ത വാക്കുകള്‍ ശരിയാക്കാന്‍ ഇളയമ്മ സഹായിക്കുന്നുമുണ്ട്. ഒരു മണിക്കൂറില്‍ കൂടുതല്‍ സമയമെടുത്ത് ഞാന്‍ ആ കത്ത് പൂര്‍ത്തിയാക്കി. കത്തിലെക്ക് നോക്കി ഞാന്‍ അഭിമാനം കൊണ്ടു. നാളെ സ്കൂളില്‍ പോയി എല്ലാവരോടും പറയാനുള്ളതാണ് സ്വന്തമായി കത്ത് എഴുതിയ കാര്യം. ഞാന്‍ അതും ഓര്‍ത്തു കിടന്നു ഉറങ്ങിപോയി
( 2005 കാലത്തില്‍ മാമന്റെ മുറി വൃത്തിയാക്കാന്‍ സഹായിക്കുന്നതിനിടെ മാമന്റെ പഴയ ഡയറി ഞാന്‍ കണ്ടു. അതില്‍ ഒരു പഴക്കത്തിന്റെ കറ പുരണ്ട ഒരു കത്തും. ഞാന്‍ അത് തുറന്നു. ഈശ്വരാ... നൊസ്റ്റാള്‍ജിയ , പൊഞ്ഞാര്‍ എന്നിങ്ങനെ പറയുന്ന കാര്യങ്ങള്‍ എന്നെ അടിമുടി പിടിച് കുലച്ചു. ഞാന്‍ ആദ്യമായി എഴുതിയ കത്ത്. മാമന്‍ അതിന്നും സൂക്ഷിച് വെച്ചിരിക്കുന്നു. എനിക്കറിയാം മാമന്‍ സ്നേഹം കൊണ്ടാണ് എന്നെ പലപ്പോഴും ചീത്ത വിളിക്കുന്നതെന്ന്, എന്നാലും ആ കത്ത് കണ്ടപ്പോ എനിക്ക് മാമനോട് സ്നേഹം കൂടിപോയി. ആ കത്ത് എന്റെ കൈയില്‍ ഉണ്ടായിരുന്നു പിന്നെയും കുറച്ച കാലം. നിന്റെ ആവശ്യമില്ലാത്ത പഴയ സാധനങ്ങള്‍ ഒക്കെ കത്തിച്ചു എന്ന് പറഞ്ഞ് അമ്മ കൂളായി നടന്നു പോയപ്പോള്‍ എന്റെ ചങ്ക് കത്തിപ്പോയി. എന്റെ ആ കത്തും അമ്മയ്ക്ക് ആവശ്യമില്ലാത്ത , ഒരു പഴയ സാധനമായി പോയി. പ്രിയപ്പെട്ട ആരോ മരിച്ചത് പോലെ ആയിരുന്നു എന്റെ അവസ്ഥ അന്ന് , എന്റെ പാവം അമ്മയോട് ഞാന്‍ അതിനെപറ്റി ഒന്നും പറഞ്ഞതുമില്ല. )

പ്രൈമറി സ്കൂള്‍ കാലത്തില്‍ , അവധികാലത്ത് ഒരേ നാട്ടുകാരായ ഞങ്ങള്‍ ക്ലാസ്മെറ്റുകള്‍ , പരസ്പരം കത്ത് എഴുതി ഇരുന്നു. കാര്‍ഡില്‍ നിനക്ക് സുഖമാണെന്നു കരുതുന്നു. എനിക്കിവിടെ സുഖം തന്നെ. അവധി കഴിഞ്ഞു കാണാം എന്ന് കത്ത് എഴുതി പോസ്റ്റ് ചെയ്യുമ്പോള്‍ തൊട്ടു പിറകില്‍ സുഹൃത്ത് കഴിഞ്ഞ ആഴ്ച അയച്ച കത്തിന്റെ മറുപടി അയക്കാന്‍ ഊഴം കാത്തു നില്‍ക്കുകയാവാം. നവോദയ സ്കൂളില്‍ പോയ സമയം മുതല്‍ കത്തുകള്‍ ഒരുപാട് വേണ്ടി വന്നിരുന്നു. ഓരോ ആഴ്ചയും അമ്മയും അച്ഛനും കാണാന്‍ വരുമ്പോള്‍ കഴിക്കാന്‍ ഒന്നും ഇല്ലെങ്കിലും 2 , 3 ഇന്‍ലന്‍ട്‌ നിര്ഭാന്ധമായും കൊണ്ട് വരാന്‍ ഞാന്‍ ചട്ടം കെട്ടിയിരുന്നു. -- ആര്‍ക്കെങ്കിലും ഞാന്‍ കത്ത് അയക്കുമായിരുന്നു. അയക്കാതിരിക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു.

പ്ലസ് റ്റു കാലഘട്ടത്തില്‍ ആണ് എനിക്ക് അവളോട് തീവ്രമായ ഒരു ഇഷ്ട്ടം അനുഭവപ്പെട്ടു തുടങ്ങിയത്. രണ്ടു വര്ഷം അവളെയും മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ നടന്നു നീങ്ങി. ഒരിക്കല്‍ അവളുടെ ക്ലാസ് മുറിയില്‍ ഞാനും സുഹൃത്തും കടന്നു കയറി , ധൈര്യം സംഭരിച്ച്, അവളുടെ ബുക്കില്‍ ഒരു പ്രണയ ലേഖനം ഞാന്‍ വെച്ചു. എന്റെ കോമ്പ്ലക്സുകള്‍ എന്നെ പിന്‍ വിളിച്ച് അത് അവിടെ നിന്നും എടുത്ത് മാറ്റിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഞങ്ങള്‍ പ്രണയിച് പ്രണയിച് പണ്ടാരടങ്ങി പോയേനെ എന്ന സത്യവും ഞാന്‍ പിന്നീട് മനസിലാക്കി. പക്ഷെ അപ്പോഴേക്കും എന്റെ പകുതിയെ ഞാന്‍ കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. പഴയ പ്ലസ് റ്റു എന്റെ പകുതി അല്ലായെന്നും ഞാന്‍ മനസിലാക്കി .

കോളേജ് കാലത്തില്‍ ജഗതിയുടെ കീമിയം കീമിയം കൂട്ട് പിടിച് ഒരുത്തിയെ ചാക്കിലാക്കാന്‍ വേണ്ടി ഇല്ലാത്ത ഒരു കാമുകിയുടെ പേരില്‍ ഞാന്‍ എനിക്ക് തന്നെ ഒരു കത്ത് എഴുതി, അത് പോസ്റ്റ് ചെയ്യാന്‍ 40 രൂപ മുടക്കി യാത്ര ചെയ്തിട്ടുമുണ്ട്. അവസാനം കത്ത് എന്നെത്തേടി ഹോസ്റ്റലില്‍ എത്തിയപ്പോഴേക്കും ഇക്കാര്യം ഹോസ്റ്റലില്‍ മൊത്തം പാട്ടായി കഴിഞ്ഞിരുന്നു. ഒരു മാസത്തോളം അതിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടു. ഇന്നും സുഹൃത്തുക്കള്‍ അത് ഓര്‍ത്ത് വെച് സമയാ സമയങ്ങളില്‍ പണി തരാറുണ്ട്.

കാലാ കാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നതാണ് ആശയ വിനിമയ മാര്‍ഗങ്ങള്‍, ഇന്ന് കാണുന്ന മൊബൈലും ഇന്റര്‍നെറ്റും അതിന്റേതായ രീതിയില്‍ ഇനിയും മാറുമായിരിക്കും. അപ്പോള്‍ നമുക്ക് ഇന്റര്‍നെറ്റ് എന്ന ഒരു സംഭവത്തെപ്പറ്റി കൊച്ചു മക്കളോട് പറഞ്ഞ് കൊടുക്കാനും പറ്റുമായിരിക്കും... കമ്പി ഇല്ലാ കമ്പിയോ ? അതെന്ത് എന്ന് നമ്മള്‍ മുന്‍ തലമുറയോട് ചോദിച്ചത് പോലെ , നമ്മളോട് കത്തു കളോ ? അതെന്ത് എന്ന് ചോദിക്കുന്ന തലമുറയോടൊപ്പം ആണ് നമ്മള്‍ ഇപ്പോള്‍ നടക്കുന്നത്.


ഞാനും ഇപ്പോഴും ചിലര്‍ക്ക് കത്ത് വല്ലപ്പോഴും എഴുതാറുണ്ട്. ഇടയ്ക്കിടെ എഴുതണം എന്ന് ആലോചിക്കാരുന്ടെങ്കിലും അത് പലപ്പോഴും നടക്കാറില്ല. അങ്ങനെ വല്ല ചിന്തയും തോന്നിയാല്‍ ഒരു മടിയോടെ , ഫോണ്‍ എടുത്ത് അവനെയോ അവളെയോ വിളിക്കും . സംസാരിക്കും . അതോടെ കത്തിനെ ഞാന്‍ മറക്കും. കടലാസ് കുറിപ്പുകള്‍ പിന്നീട് എടുത്ത് വായിക്കുമ്പോള്‍ ഒരു സുഖം ഉണ്ട്. പിന്നെ കത്ത് , ഇല്ലാത്തത് ഒരു തരത്തില്‍ നന്നായി എന്നും ഇടയ്ക്ക് തോന്നും, ഉര്‍വശി മിഥുനത്തില്‍ പഴയ കത്തുകള്‍ കാട്ടി ലാലെട്ടനോട് പരിഭവം പറയുന്ന സീന്‍ ഉണ്ടല്ലോ ,അത് എന്തായാലും നമ്മുടെ തലമുറയിലെ കാമുകി കാമുകന്മാര്‍ക്കു ഇടയില്‍ ഉണ്ടാവില്ല. എന്തെങ്കിലും പരിഭവം പറഞ്ഞാല്‍, ആണോ ? ഞാന്‍ അങ്ങനെ പറഞ്ഞോ ? എന്ന് ? എന്നൊക്കെ ധൈര്യമായി പറയാം അങ്ങോട്ടും ഇങ്ങോട്ടും .

ഇത് വായിച് കഴിഞ്ഞു ആര്‍ക്കെങ്കിലും കത്ത് എഴുതാന്‍ ശ്രമിക്കുക. അതൊരു രസമുള്ള അനുഭവം ആയിരിക്കും. ജീവിതത്തിലെ കൊച്ച കൊച്ച സന്തോഷങ്ങളിലേക്ക് ഒരു കത്ത് കൂടി കടന്നു വരട്ടെ ? എന്ത് പറയുന്നു ?

" വള്ളിക്കാവ്, ഓച്ചിറ " ബസ് ക്ലീനര്‍ ഉറക്കെ വിളിച് പറയുന്നത് കെട്ട് എന്റെ ചിന്തകള്‍ പോസ്റ്റ് ബോക്സിലേക്ക് കത്ത് വീണു മറയുന്നത് പോലെ മറഞ്ഞു. ഞാന്‍ ബസില്‍ കയറാന്‍ നടന്നു നീങ്ങി .

കയറി കമ്പിയില്‍ പിടിച് നിന്നു.
ബസ് നീങ്ങി തുടങ്ങിയപ്പോള്‍ ഞാന്‍ ആ പോസ്റ്റ്‌ ബോക്സിലേക്ക് തന്നെ നോക്കി നിന്നു. ബാല്യത്തില്‍ മുട്ടില്‍ ഇഴഞ്ഞ , യുവത്വത്തില്‍ ഇളകിയാടിയ , മധ്യ വയസില്‍ മുടന്തിയ ,വാര്‍ധക്യത്തില്‍ അവശനായ , മരണം കാത്തിരിക്കുന്ന ഒരു വൃദ്ദനെ പോലെ ആ പോസ്റ്റ്‌ ബോക്സ് അവിടെ മരണം കാത്ത് ഇരിക്കുന്നു. ഞാന്‍ ബോക്സിനെ തന്നെ നോക്കി നിന്നു.

കണ്ടക്ട്ടറിനു ടിക്കറ്റ് പൈസ കൊടുത്തു തിരിഞ്ഞു നോക്കുമ്പോള്‍ " വൃദ്ധന്‍ " കണ്ണില്‍ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു.

Saturday, September 24, 2011

കാംപ്ലി- കാംപ്ലി- കാംപ്ലി = കാംപ്ലി


ക്രിക്കറ്റ് കളി ഞാന്‍ ആദ്യമായി കാണുന്നതും കളിക്കുന്നതും 1996 ലെ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിലും പാകിസ്ഥാനിലും സംയുക്തമായി നടന്നപ്പോളാണ്. അതോടെ ഇന്ത്യ എന്നാല്‍ ക്രിക്കറ്റ് എന്നായി മാറി എന്നാണു എനിക്ക് തോന്നുന്നത്. ക്രിക്കറ്റിനു പുതിയ ലോക ചാമ്പ്യന്മ്മാര്‍ ഉണ്ടായി . ക്രിക്കറ്റിലെ കുറെ മഹാന്മ്മാരെ ഞാന്‍ ടി വി യില്‍ കാണുന്നതും അവരെ പറ്റി കേള്‍ക്കുന്നതും അന്ന് ആദ്യമായാണ്‌. സിക്സര്‍ സിദ്ധു ,സച്ചിന്‍, മഞ്ചരേക്കര്‍ അങ്ങനെ അങ്ങനെ.

എന്നിരുന്നാലും എനിക്ക് ഇഷ്ട്ടപ്പെട്ടത് ആവേശത്തോടെ കളിക്കുന്ന , എപ്പോഴും ഊര്‍ജസ്വലനായി നില്‍ക്കുന്ന ഒരു കറുത്ത് കുറുകിയ മനുഷ്യനെ ആയിരുന്നു. സെമിയില്‍ ഇന്ത്യ തോല്‍ക്കുന്നത് കണ്ട് കളിക്കിടയില്‍ കാണികള്‍ പ്രശ്നമാക്കിയപ്പോള്‍ ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപനം ഉണ്ടായി എന്നാണു ഓര്‍മ . അപ്പോള്‍ ക്രീസില്‍ നിന്നും കണ്ണീരോടെ അയാള്‍ ബാറ്റും തൂക്കിപ്പിടിച് നിരാശനായി നടന്നു നീങ്ങി. നിരാശ ബാധിച്ച ആ കണ്ണില്‍ പോരാട്ട വീര്യം അപ്പോഴും ഉണ്ടായിരുന്നു.
വിനോദ് കാമ്പ്ളി ആയിരുന്നു ആ മനുഷ്യന്‍..

" എന്ത് കഷ്ട്ടം ഡാ അത്.. കാമ്പ്ളി ക്രീസില്‍ നിന്നാല്‍ ഇന്ത്യ ജയിക്കുമായിരുന്നു. "
" ശേ എന്നാലും ,കാംപ്ലിക്ക് ജയിപ്പിക്കാന്‍ കഴിയുമായിരുന്നു അത് "

എന്നൊക്കെ ചുറ്റുവട്ടത്ത് നിന്നും പലരും പറഞ്ഞപ്പോള്‍ എനിക്കും അത് ശരി ആണെന്ന് തോന്നി. അനിശ്ചിതത്വത്തിന്റെ കളിയായ ക്രിക്കറ്റില്‍ എന്തും സംഭവിക്കുമായിരുന്നില്ലേ ? അറിയില്ല, എന്നിരുന്നാലും അന്ന് കാണികള്‍ അല്പം കൂടി ക്ഷമ കാണിച്ചിരുന്നെങ്കില്‍ ???

സച്ചിനോടൊപ്പം 664 റണ്ണിന്റെ പാര്‍ട്ണര്‍ ഷിപ്പ് ഉണ്ടാക്കി തുടങ്ങിയ ചരിത്രമാണ് കാംപ്ലിക്ക് , രെഞ്ചി ട്രോഫിയില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പായിച് കൊണ്ട് കാമ്പ്ലിയും സച്ചിന് പിറകെ ഇന്ത്യന്‍ ടീമിലേക്ക് നടന്നു കയറി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍ പൂര്‍ത്തിയാക്കി എന്നൊരു ഖ്യാതിയും കാമ്പ്ളി നേടിയിരുന്നു എന്ന് വായിച്ചതായി ഓര്‍ക്കുന്നു. കളിച്ച 17 ടെസ്റ്റില്‍ നിന്നും 54 .20 ശരാശരിയോടെ 1084 റണ്‍ അടിച്ചെടുത്ത ആ ശരാശരി കണ്ടാല്‍ തന്നെ അദ്ദേഹത്തിന്റെ കഴിവ് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. അതും 4 സെഞ്ച്വറി അടക്കം ,അതില്‍ രണ്ട് ഇരട്ട സെഞ്ച്വറികളും.. ഒരു ക്രിക്കറ്റ് കളിക്കാരന്‍ തന്റെ കഴിവ് തെളിയിക്കേണ്ടത് ടെസ്റ്റ്‌ ക്രിക്കറ്റില്‍ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ വിശ്വാസവും അത് തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ കാമ്പ്ളി മഹാനായ ഒരു കളിക്കാരന്‍ തന്നെയാണ്. ലാറയ്ക്ക് ശക്തനായ ഒരു എതിരാളി ആയേനെ തീര്‍ച്ചയായും കാമ്പ്ളി.

സച്ചിനോളം, അല്ലെങ്കില്‍ അതിലും പ്രതിഭ ഉണ്ടായിരുന്നു കാംപ്ലിക്ക്. പക്ഷെ....എന്തൊക്കെ ആയാലും ആ ക്രിക്ക റ്റ് ജീ വിതത്തില്‍ എന്തൊക്കെയോ സംഭവിച്ചു. ആ പ്രതിഭ ഇല്ലാതായി, പലരും ചേര്‍ന്ന് നശിപ്പിച്ചു എന്നാണു എനിക്ക് തോന്നുന്നത്. ഉറ്റ സുഹൃത്തായ സച്ചിന് വരെ അദ്ദേഹത്തെ സഹായിക്കാന്‍ കഴിഞ്ഞില്ല (?) . ഇപ്പോള്‍ ഇതാ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കുകയും ചെയ്തു.

കാംപ്ലിയെ പോലെ ആകാന്‍ വലം കൈയന്‍ ആയ ഞാന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇടം കൈയില്‍ കളിച് പ്രാക്ടീസ് ചെയ്തതും , കളിക്കിടയില്‍ കാമ്പ്ളി ആകാന്‍ പലരും സ്വയം മത്സരിക്കുകയും ചെയ്തത് ഓര്‍മ വരുന്നു. അദ്ദേഹം ഇനി കോച് ആകാന്‍ പോകുകയാണെന്ന് കേള്‍ക്കുന്നു. എന്തൊക്കെ ആയാലും ആ പേര് ഇന്ത്യന്‍ ക്രിക്കറ്റ് നില്‍ക്കുന്ന അത്രയും കാലം നിലനില്‍ക്കും എന്ന കാര്യം ഉറപ്പാണ്. കാംപ്ലിക്കും കുടുമ്പത്തിനും എല്ലാ ഭാവുകങ്ങളും.

കാമ്പ്ളി ഇംഗ്ലണ്ടിനു എതിരെ 224 റണ്‍ അടിച്ച കൂട്ടിയ ഈ വീഡിയോ കണ്ടു നോക്കു, ആ പ്രതിഭയെ ഒന്ന് മനസാല്‍ നമിച്ചാല്‍ ഞാന്‍ കൃതാര്‍ഥനായി.



http://www.youtube.com/watch?v=6VxrCN-jgis

ഒരു കട്ടുറുമ്പ് എന്നെ കടിച്ചിരിക്കുന്നു

മരത്തില്‍ തൂങ്ങിയാടുമ്പോള്‍ കൈയിലൂടെ പതുക്കെ ,കണ്ണില്‍ പെടാതെ ഇഴഞ്ഞു ഇറങ്ങി എന്റെ നിക്കറിന്റെ ഇടയിലൂടെ കയറി ആസ്ഥാനത്ത് കടിച്ചപ്പോള്‍ കൈ വിട്ടു നിലത്ത് വീണതാണ് ഓര്‍മയിലെ ആദ്യ കട്ടുറുമ്പിന്റെ കടി...

പിന്നെ ഒരു പാട് തവണ കട്ടുറുമ്പ് കടിച്ചിട്ടുണ്ട്..അപ്പോഴൊക്കെ ഞാന്‍ അവയെ കടന്നു പിടിച് ഒരു ദാക്ഷിണ്യവും കൂടാതെ ഞെരിച് കൊന്നു കളഞ്ഞിട്ടുമുണ്ട്. ജിത്തുവിന്റെ ഒഫിഷ്യല്‍ പെണ്ണ് കാണലിന് ഞാനും പോയിരുന്നു. ഞാന്‍ ഇല്ലാതെ പെണ്ണ് കാണല്‍ ചടങ്ങിനു പൂര്‍ണ്ണത വരില്ലാ എന്ന് ജിത്തുവും റെമിയും പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞില്ലെങ്കിലും അതിനു ഞാന്‍ പോകുമായിരുന്നു. ഞാന്‍ ഇല്ലാതെ അവര്‍ക്ക് എന്ത് ആഘോഷം ? റെമി ചായയുമായി വന്നു , എല്ലാവരും സംസാരം തുടങ്ങി. എന്റെ തുടയിലൂടെ എന്തോ നീങ്ങുന്നു. അത് കട്ടുറുമ്പ് തന്നെയാണ്. ഞാന്‍ കാല്‍ കൂട്ടി യോജിപ്പിച് അവയെ ഞെരിച് കൊല്ലാന്‍ നോക്കി. അതിനെ കൊല്ലാനുള്ള വിഫലമായ എന്റെ ശ്രമം കട്ടുറുമ്പിന്റെ കടിയില്‍ ആണ് അവസാനിച്ചത്. വാശി തീര്‍ക്കുന്നത് പോലെ ഒരു 10 മിനുറ്റ് കട്ടുറുമ്പ് എനിക്ക് വിമ്മിഷ്ട്ടം സമ്മാനിച്ചു.



ഇതാ ഇപ്പോള്‍ വീണ്ടും ഒരു കട്ടുറുമ്പ് എന്നെ കടിച്ചിരിക്കുന്നു. ഇത്പക്ഷെ ഒരു ഒന്നൊന്നര കട്ടുറുമ്പ് ആണ്. ഇത് കടിചിരിക്കുന്നത് എന്റെ ചങ്കിലാണ്. അതിന്റെ നീറ്റല്‍ എത്ര കാലം എന്നെ പിന്തുടരും എന്ന് അറിയില്ല. സംഗീത് , രമേശ്‌, അനീഷ്‌ , സുധീഷ്‌ എന്നിവര്‍ ഒരുമിച്ച് രൂപീകരിച്ച ഗയാന്‍ എന്ന മ്യൂസിക്ക് ബാന്‍ഡ് ജന്മ്മം നല്‍കിയ സംഗീത ആല്‍ബമായ കട്ടുറുമ്പ് ആണ് കടിച്ചിരിക്കുന്നത്. നല്ല വരി, നല്ല സംഗീതം, അതിലുപരി നല്ല ഭാവം..മലയാള സംഗീതത്തിനു തീര്‍ച്ചയായും ഇത് നല്ലൊരു മുതല്‍കൂട്ട് ആകും. കേള്‍ക്കുക, കാണുക, നല്ലതാണെന്ന് തോന്നിയാല്‍ ഷെയര്‍ ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ ഷെയര്‍ ചെയ്യുമെന്ന് തന്നെയാണ് വിശ്വാസം.

Monday, August 29, 2011

നിങ്ങള്‍ക്കെന്നെ സഹായിക്കാമോ ?



കുഞ്ഞി മാമന്‍ നന്നായി പാട്ട് പാടും. നല്ല ശബ്ദമാണ്. ഇളയമ്മയും ,മാറ്റ് മാമാന്മ്മാരും കുഴപ്പമില്ലാതെ പാടും. തറവാടിലെ എല്ലാവരും നന്നായി പാടുന്ന ആള്‍ക്കാരാണ്. അമ്മൂമ്മയില്‍ നിന്നാകണം അത് എല്ലാവര്ക്കും കൈ മാറി കിട്ടിയത്. അമ്മൂമ്മ ഇടയ്ക്ക് അമിയെയും ഏഷ്യയും ഉറക്കാന്‍ പാടുന്നത് കേള്‍ക്കുമ്പോള്‍ ഞാന്‍ മിണ്ടാതെ ഇരുന്നു ചെവി കൂര്‍പ്പിക്കും..എന്നെയും അങ്ങനെ പാടി ഉറക്കിയതാണല്ലോ അമ്മൂമ്മ...

സംഗതി അതല്ല ഞാന്‍ പറഞ്ഞു വരുന്നത്..പാട്ട് കേള്‍ക്കാന്‍ അന്ന് പ്രധാനമായും ആശ്രയിച്ചിരുന്നത് റേഡിയോയെ ആയിരുന്നു. രാവിലെ തുടങ്ങി വൈകീട്ട് വരെ റേഡിയോ. ടി വി ഒക്കെ ചിത്രങ്ങളില്‍ മാത്രം കണ്ടിരുന്ന ഒരു സാധനം. ഞായറാഴ്ച ഉച്ചയ്ക്ക് റേഡിയോയില്‍ ഉള്ള രെഞ്ചിനി ആയിരുന്നു പ്രിയ പരിപാടി..

റേഡിയോയെ പറ്റിയുമല്ല ഞാന്‍ പറഞ്ഞു വരുന്നത്. ആയിടയ്ക്കാണ് എന്റെ കുഞ്ഞി മാമന്‍ ഒരു പാട്ട് സ്ഥിരമായി പാടുന്ന കാര്യം ഞാന്‍ കേട്ട് തുടങ്ങിയത്. കക്കൂസില്‍ പോയാലും, കുളിക്കുമ്പോഴും, തോട്ടത്തില്‍ തെങ്ങിന് , പാള വെച്ചുണ്ടാക്കിയ ഒരു കോരി വെച് വെള്ളം കോരി ഒഴിക്കുമ്പോഴും ഒരു പാട്ട് പാടിക്കൊണ്ടിരിക്കും...അല്ലെങ്കില്‍ അതിന്റെ ഈണ മെങ്കിലും മൂളി നടക്കും. അതേത് പാട്ടാണെന്നോ ഏത് സിനിമയിലെ പാട്ട് ആണെന്നോ എനിക്ക് അറിയില്ലായിരുന്നു. അന്നും ഇന്നും മാമനെ കാണുമ്പോ പേടിച് ശാസം പോലും വിടാതെ ഇരിക്കുന്നത് കൊണ്ട് ഞാന്‍ ചോദിച്ചതുമില്ല..

അങ്ങനെ ഇരിക്കെ ചുള്ളിക്കര മേരി ടാക്കീസില്‍ ഒരു സിനിമ കാണാന്‍ പോയി. വിശിഷ്ട വസ്തുവായ പാല്‍ ഐസ് ക്രീം നുണഞ്ഞു കൊണ്ട് തിയേറ്ററില്‍ ഇരിക്കുമ്പോള്‍ സിനിമക്ക് മുന്പ് ഒരു പാട്ട് വന്നു. അതിന്റെ വിഷ്വല്‍സും ഉണ്ടായിരുന്നു കൂടെ..എനിക്കൊന്നും മനസിലായില്ല..ഞാന്‍ കൈയിലൂടെ ഒലിച്ചിറങ്ങുന്ന ഐസ് ക്രീം നാവ് കൊണ്ട് വടിചെടുത്തു .ഞാന്‍ കഴിച് കഴിഞ്ഞാല്‍ എന്നെ കൊതിപ്പിക്കാന്‍ അനിയത്തി അവളുടെ ഐസ് ക്രീം കഴിക്കാതെ കൈയില്‍ തന്നെ പിടിച്ചു ഇരുന്നു എന്നെ നോക്കി. ആരൊക്കെയോ നേര്‍ത്ത ഇരുട്ടില്‍ ബീഡി വലിക്കുന്നു. ഞാന്‍ ഐസ് ക്രീം ഒന്ന് കൂടെ കടിച്ചു.പെട്ടന്ന് മാമന്‍ പാടാറുള്ള ആ പാട്ട് സ്ക്രീനില്‍ തെളിഞ്ഞു. ഞാന്‍ ധൃതിയില്‍ സ്ക്രീനിലേക്ക് നോക്കി. ഷര്‍ട്ട് ഇടാതെ, തലയില്‍ ഒരു തോര്‍ത്തും കെട്ടി കയില്‍ ഒരു വടിയും പിടിച് ഒരാള്‍ ആനപ്പുറത്ത് ഇരുന്നു ആ പാട്ട് പാടുന്നു.

" എന്റെ സ്വരവും
നിങ്ങളുടെ സ്വരവും
ഒത്ത് ചേര്‍ന്ന് നമ്മുടെ സ്വരമായി.. "

ഞാന്‍ മാമന്റെ മുഖത്തേക്ക് നോക്കി. മാമന്‍ ഒരു തരാം നിര്‍വൃതിയില്‍ ആ പാട്ടും കേട്ടോണ്ട് ഇരികുകയാണ്...ഞാന്‍ വീണ്ടും സ്ക്രീനിലേക്ക് നോക്കി.

നമ്മുടെ ഇന്ത്യ മഹാ രാജ്യത്ത് മൊത്തം പാടി നടന്ന , പാടി നടക്കുന്ന ഒരു ഗാനം. പാട്ട് കണ്ട എല്ലാവരിലും ഒരു നിമിഷം എങ്കിലും ദേശ സ്നേഹം വളര്‍ത്തിയ ഒരു ഗാനം..അതില്‍ കേരളത്തിന്റെ പ്രതിനിധി ആ മനുഷ്യന്‍ ആയിരുന്നു..ഒരു പാട് പ്രശസ്തര്‍ ഉള്ള കേരളത്തില്‍, അവരെയൊക്കെ ഒഴിവാക്കി ആ പാട്ട് പാടി അഭിനയിക്കാന്‍ ഭാഗ്യം ആ മനുഷ്യന് ആയിരുന്നു..ബാക്കി ചില ഭാഷകളില്‍ പാടിയ ആള്‍ക്കാരെ തിരിച്ചറിയാന്‍ കഴിഞ്ഞു. പലരും പ്രശസ്തര്‍. അവര്‍ക്കിടയില്‍ മലയാളത്തിന്റെ പ്രതിനിധിയായി ആ മനുഷ്യനും...തീര്‍ച്ചയായുംഅദേഹത്തെ സംബന്ധിച് അഭിമാനിക്കാന്‍ ഉള്ള ഒരു നേട്ടമാണത് .

കഴിഞ്ഞ വര്ഷം ഫിര്‍ മിലേ സുര്‍ കണ്ട് വെറുത്ത് പോയപ്പോള്‍ ആ മനുഷ്യനെ വീണ്ടും ഓര്‍ത്തു..നിഷ്ക്കളങ്കമായ ചിരിയോടെ ആ പാട്ട് പാടി അഭിനയിച്ച ആ മനുഷ്യന്‍ ആരായിരിക്കും?
അയാള്‍ ഇപ്പോള്‍ എവിടെ ആയിരിക്കും ?
ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ ?
ഒരു പാട് ചോദ്യങ്ങള്‍....
എനിക്ക് അദേഹത്തെ ഒന്ന് കണ്ട് സംസാരിക്കണം എന്നുണ്ട്..ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഒന്ന് സഹായിക്കുക.. ഈ ലിങ്ക് മാക്സിമം ഷെയര്‍ ചെയ്യുക...സഹായിക്കുക...എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കുമല്ലോ? പ്ലീസ്..

contact me, vinod 9567714886